2022, ഒക്‌ടോബർ 24, തിങ്കളാഴ്‌ച

ഒരു ദീപാവലി ദിവസം (2022)

 ജോലിത്തിരക്ക് ഇപ്പോൾ വളരെ കൂടുതലാണ്. ഒരു കാര്യം ചെയ്തുതീരുന്നതിനിടയിൽ തന്നെ മറ്റ് പല കാര്യങ്ങളും ചെയ്യേണ്ടി വരും. അങ്ങനെ ഈ ആഴ്‌ച ചെയ്യേണ്ട കാര്യങ്ങളൊക്കെ പരിശോധിക്കുന്നതിനിടയിൽ ഫോൺ റിങ്ങ് ചെയ്തു. കംപ്യൂട്ടറിൽ നിന്നും മുഖം മാറ്റാതെ യാന്ത്രികമായി വലതുകൈ കൊണ്ട് ഫോൺ എടുത്ത് ചെവിയിൽ വച്ചു. അപ്പോഴേക്കും അത് കട്ടായി. ഇത് പോലെ ഉള്ള ജങ്ക് ഫോൺകോളുകൾ സ്‌ഥിരം വരുന്നത് കൊണ്ട് caller id നോക്കിയില്ല. വീണ്ടും കംപ്യൂട്ടറിലേക്ക് ആഴത്തിൽ ഇറങ്ങിച്ചെന്നു. അതാ വീണ്ടും ഒരു ഫോൺകോൾ. അതും യാന്ത്രികമായി എടുക്കുത്തപ്പോഴേക്കും കട്ടായി. ഇതാരെടാ വീണ്ടും വിളിക്കുന്നത്.. പണ്ടത്തെ പോലെ ശ്രീമതിയുടെ ഫോൺ വിളികളൊന്നും ഓഫിസിലേക്ക് ഇപ്പോൾ വരാറില്ല. ഇന്ന് ദീപാവലി ആയത് കൊണ്ട് കാക്ക മലർന്ന് പറന്നുവോ എന്ന് നോക്കാൻ caller id നോക്കി. ഇത്  വരെ കാണാത്ത ഒരു നന്പർ. ജങ്ക് കോൾ തന്നെ എന്നുറപ്പിച്ച് വീണ്ടും ജോലിയിലേക്ക് ശ്രദ്ധ തിരിച്ചു.. അതാ വരുന്നു മൂന്നാമത്തെ ഫോൺകോൾ. "ഇതേതവനാടാ" എന്ന ചിന്തയോടെ ഫോൺ എടുത്തപ്പോൾ, അവിടന്ന് ഒരു ശബ്ദവുമില്ല.... 
 
"ഹലോ.. ഹലോ... ആരാദ്?"

"ഹലോ", അപ്പുറത്ത് നിന്ന് ആദ്യമായി ഒരു ശബ്ദം കേട്ടു.

"ഹലോ, നിങ്ങൾ ആരാണ്? എന്താണ് വേണ്ടത്?"

"ഹലോ... കേൾക്കാമോ? ഞാൻ പറയുന്നത് കേൾക്കാമോ?" അയാൾ അലറി..

"കേൾക്കാമെടോ. അലറണ്ട.. നന്നായി കേൾക്കാം. നിങ്ങളാരാ?"
 
"എന്റെ പേര് അലക്‌സാണ്ടർ തിയോഡോർ.. ഞാൻ ഗ്രീസിൽ നിന്നാണ് വിളിക്കുന്നത്"
 
ഇത് കാശ് അടിച്ച് മാറ്റാൻ ഉള്ള കോൾ തന്നെ. സാധാരണ ഇമ്മാതിരി കോൾ വന്നാൽ ഉടനെ കട്ട് ചെയ്യാറാണുള്ളത്.  പക്ഷെ.. "അലക്‌സാണ്ടർ" "ഗ്രീസ്" എന്നൊക്കെ കേട്ടപ്പോൾ ഒരു കൗതുകം.. ഇവനെങ്ങാനും അലക്‌സാണ്ടർ ചക്രവർത്തിയുടെ ആരെങ്കിലുമാണോ എന്നൊരു curiosity. 

"അലക്‌സാണ്ടറോ? നിങ്ങൾക്കെന്താണ് വേണ്ടത്?"

"ഒന്ന് സഹായിക്കാമോ?"

"എന്ത് സഹായം?"

"ചോദിക്കാൻ മടിയുണ്ട്... പക്ഷെ എന്റെ അപേക്ഷ സ്വീകരിക്കണം.. തള്ളിക്കളയരുത്?"

കാലങ്ങളായി... "അത് ചെയ്യ്", "ഇത് ചെയ്യ്" എന്ന് വീട്ടിലെ ആഭ്യന്തര മന്ത്രിയുടെ കല്പനകൾ കേട്ട് ശീലിച്ച യവ്വനത്തിൽ നിന്ന്  മദ്ധ്യവയസ്‌കതയുടെ പടിവാതിലിൽ എത്തിനിൽക്കുന്ന അവസ്ഥയിൽ, ഈ ഒരു അപേക്ഷ,  അർഹിക്കാത്തതെങ്കിലും, തനിക്കും ഈ ലോകത്ത് ഒരു പ്രാധാന്യമുണ്ടെന്ന് തോന്നിപ്പിച്ചു. 
 
"പറയൂ. നിങ്ങൾക്കെന്താണ് വേണ്ടത്?"
 
"തള്ളിക്കളയരുത്..  അങ്ങാണ് ഞങ്ങളുടെ ശരണം... ഞങ്ങൾക്ക് വേറെയാരുമില്ല.."
 
ഞാനാര്..?ദൈവമാണോ എന്ന് ഒരു സംശയം തോന്നാതിരുന്നില്ല. കയ്യിൽ ഒന്ന് പിച്ചിനോക്കി... വേദനയുണ്ട്.. ഞാൻ മനുഷ്യൻ തന്നെ.. മാറിയിട്ടില്ല.

"എടോ.. താൻ കാര്യം പറയടോ?"
 
"നിങ്ങൾക്ക് ഞങ്ങടെ പ്രസിഡന്റ് ആവാൻ പറ്റുമോ?"
 
"എവിടത്തെ പ്രസിഡന്റ്?"
 
"ഗ്രീസിന്റെ?"
 
"ങേ.. ഗ്രീസിന്റെയോ?"
 
"അതെ, നിങ്ങൾ ഞങ്ങളെ ഭരിക്കണം... ജീവിതകാലം മുഴുവനും വേണ്ടി വരുന്ന പണം തരാം.. in dollars.. I mean Singapore dollars. പിന്നെ താമസിക്കാൻ കൊട്ടാരം.. കാവൽക്കാർ.. അങ്ങനെ എല്ലാം."
 
"തനിക്ക് വട്ടുണ്ടോ...?"
 
"ഇല്ല പ്രസിഡന്റെ..... അങ്ങ് ഞങ്ങളെ രക്ഷിക്കണം"
 
5 തന്നാൽ 10 ചോദിക്കണമെന്നല്ലേ...
 
"നിങ്ങൾ ഗ്രീസ് അല്ലേ? .... ഫ്രാൻസും സ്വീഡനും ഇറ്റലിയും ജർമ്മനിയുമൊക്കെ എന്നെ കോണ്ടാക്ട് ചെയ്തിട്ടുണ്ട്... I will take the best offer"
 
"അയ്യോ രാജാവേ.. ഞങ്ങളെ കൈവിടരുത്... രക്ഷിക്കണം... അടിയൻ.. എന്ത് വേണമെങ്കിലും തരാം"
 
"എനിക്ക് ടൈമില്ല.. നോക്കട്ടെ"

"അതേയ്, ടൈമുണ്ടോ എന്നൊന്നും അറിയണ്ട... നാളികേരം ചിരകാൻ വന്നേ.."

ങേ.. ഇതേതാ വേറെ frequency.. 

കണ്ണ് തുറന്ന് നോക്കിയപ്പോൾ ഒരു ചിരവയും നാളികേരവും, അവയെ പിടിച്ച കൈപ്പത്തികളും കണ്ടു... കണ്ണ് തിരുമ്മി നോക്കിയപ്പോൾ... ദാ നിൽക്കുന്നു ആഭ്യന്തര മന്ത്രി...
 
"ങേ... അലക്‌സാണ്ടർ.. ഗ്രീസ്... പ്രസിഡന്റ്..."
 
"ഞാൻ ഒക്കെ കേട്ടു... നിങ്ങള് ഗ്രീസിലെ പ്രസിഡന്റാവാൻ പോവാണോ.. ഹി.. ഹി..ഹി.. വെറുതെ അതിനൊന്നും പോവണ്ട...  എന്റെ കാര്യം തന്നെ കഷ്ടമാ... അവരെങ്കിലും ജീവിച്ചു പോട്ടെ..."
 
"അപ്പൊ.. ഫോൺകോൾ..  പ്രസിഡന്റ്..."
 
"മനുഷ്യാ... ഞാനപ്പഴേ വിചാരിച്ചതാ... ബ്രിട്ടൻ പ്രധാനമന്ത്രി ആയി ഋഷി സുനക്ക് തിരഞ്ഞെടുക്കപ്പെട്ടു.. എന്ന വാർത്ത വായിച്ച് വായിച്ച്... ഇന്ന് രാത്രി പിച്ചും പേയും പറയുമെന്ന്.. ഇതെന്ത് പറ്റി? ഇന്ന് ട്രെയിൻ നേരത്തെയാണല്ലോ... ഉച്ചയുറക്കത്തിൽ തന്നെ തുടങ്ങിയല്ലോ"
 
"ങേ... ഞാൻ.... നീ.. അലക്‌സാണ്ടർ...."
 
"അലക്‌സാണ്ടറും ഇല്ല ഗ്രീസും ഇല്ല... പ്രസിഡണ്ട് വന്നേ.. നാളികേരം ചിരകാൻ..."
 
അങ്ങനെ വെറും ഒരു ആഭ്യന്തര മന്ത്രിയുടെ പിന്നാലെ ഒരു പ്രസിഡന്റ് ചിരവയും തേങ്ങയുമായി റൂട്ട് മാർച്ച് നടത്തി.. അടുക്കളയിലേക്ക്.. 
 
"എന്റെ ഗ്രീസുകാരെ... നിങ്ങടെ നഷ്ടമെന്നല്ലാതെ എന്ത് പറയാൻ..."
 
[10242022]

Context: Rishi Sunak became UK president..

അഭിപ്രായങ്ങളൊന്നുമില്ല: