2016, നവംബർ 29, ചൊവ്വാഴ്ച

കല്യാണ സദ്യ

മനസ്സിൽ അനവധി സ്വപ്നങ്ങളുമായാണ് അവിടെയെത്തിയത്. വളരെ കാലമായി പൂക്കാത്ത മാവ് പൂത്ത പോലെ... കായ്ക്കാത്ത തെങ്ങ് കായ്ച്ച പോലെ... മനസ്സിലെ ആ മോഹം പൂത്തുലഞ്ഞു... ഒരു ഗ്ളാസ് പാലട...  സദ്യക്ക് കിട്ടുന്ന പാലട.. വർഷങ്ങളായി ഒരു സദ്യക്ക് പോയിട്ട്. ആ പാലട കുടിച്ചതിനു ശേഷം മരിച്ചാലും കുഴപ്പമില്ല എന്ന രീതിയിൽ ആണ് ആ കല്യാണത്തിന് പോയത്.

കല്യാണം തകൃതിയായി നടക്കുന്നു.. അതൊക്കെ ആര് ഗൗനിക്കാൻ. ഒന്ന് കെട്ടിയതിന്റെ ക്ഷീണം ഇത് വരെ മാറിയിട്ടില്ല. നോട്ടം മുഴുവൻ പന്തലിലേക്കല്ല... ഡൈനിങ് ഹാളിലേക്കായിരുന്നു.

ആദ്യ പന്തിക്ക് ഇരിക്കാൻ നോക്കിയപ്പോൾ അവിടെ പൂരത്തിന്റെ തിരക്ക്. പണ്ടൊക്കെ വരിയിൽ ഇടിച്ചു കയറി ശീലം ഉണ്ടെങ്കിലും അമേരിക്കയിൽ പോയി വരി നിന്ന് ശീലിച്ച കാരണം, ആദ്യ പന്തിക്ക് തിക്കി തിരക്കി ഉണ്ണണ്ട എന്ന് കരുതി പതിയെ പിന്നിലോട്ടു വലിഞ്ഞു. രണ്ടാമത്തെ പന്തിക്കും ഇത് തന്നെ ഗതി.

വിശപ്പിന്റെ വിളി, വരി നിൽക്കേണ്ട സംസ്കാരത്തെ കീഴടക്കി. മൂന്നാം പന്തി ആയപ്പോഴേക്കും തിക്കി തിരക്കി ഡൈനിങ് ഹാളിന്റെ വാതിൽ വരെ എത്തി. അങ്ങനെ നാലാം പന്തിക്ക് ഡൈനിങ് ഹാളിൽ കയറി.. മനസ്സിൽ പാലട നിറഞ്ഞു... ലഡ്ഡു പൊട്ടി... വയറ്റിൽ സാമ്പാറും പപ്പടവും അവിയലും കാളനും രസവും കൂട്ടുകറിയും പുളിയിഞ്ചിയും ഓലനും നിറയുന്നതോർത്ത് വായിൽ കപ്പലോടി..

ഡൈനിങ് ഹാളിൽ കടന്നാൽ പിന്നെ എല്ലാം ഓക്കേ ആണെന്നാണ് കരുതിയത്.  ഓടി ഒരു കസേരയുടെ അടുത്തെത്തി ഇരിക്കാൻ നോക്കിയപ്പോൾ...

"ഇവ് ടെ ആള് ണ്ട് ട്ടാ" എന്നൊരു ശബ്ദം.

ഉടനെ മറ്റൊരു കസേരയുടെ അടുത്തെത്തി.. അവിടെയും ആള് ണ്ടാ യിരുന്നൂ ട്ടാ. അങ്ങനെ രണ്ടു മൂന്നു കസേരകളി കൂടി കഴിഞ്ഞപ്പോഴാണ് മനസ്സിലായത്... ഡൈനിങ് ഹാളിൽ കയറുന്നതു കല്യാണ സദ്യ കഴിക്കാനുള്ള ശ്രമത്തിന്റെ "Phase 1" മാത്രം ആയിരുന്നെന്ന്.

സ്‌കൂളിൽ പഠിക്കുന്ന കാലത്ത്, ഓടിയോടി അടുത്തെത്തുമെങ്കിലും ചാടികേറാൻ പറ്റാത്തത് കൊണ്ട് പലതവണ ഞങ്ങളെ പെരുവഴിക്കാക്കി പോയിട്ടുള്ള അമ്പിളി എന്ന പ്രൈവറ്റ് ബസ് പോലെ..... നാലാം പന്തി എനിക്കൊരിടം തരാതെ അവസാനിച്ചു.

വിഷാദയോഗത്തിലെ അർജുനനെ പോലെ അങ്ങനെ നിൽക്കുമ്പോഴാണ് അടുത്ത് നിന്നിരുന്ന ആൾ ഒരുപദേശം തന്നത്.

"ഒരെത്തും പിടിയുമില്ലാതോടുന്ന മർത്ത്യാ..
 പിടിക്കണം പിടിക്കണം... കയറി പിടിക്കണം...
 പിടിക്കണം പിടിക്കണം... കസേരയിൽ പിടിക്കണം
 സദ്യ ഉണ്ണണോ... എങ്കിൽ പിടിക്കണം
 കസേരയിൽ കയറി പിടിക്കണം.."

അതെന്റെ ഉള്ള് തുറന്നു...

"പ്രഭോ, അങ്ങയുടെ പേരെന്താണ്?"

"പാർത്ഥസാരഥി..."

ഞാൻ പാർത്ഥൻ അല്ലെങ്കിലും ഇതെന്റെ സാരഥി തന്നെ... ഇത്രയും നല്ലൊരു ഉപദേശം കൃഷ്ണന്റെ രൂപത്തിൽ വന്നു തന്നത്  ഗീതോപദേശം തന്ന പോലെ തന്നെ തോന്നി..

വിശദാശംങ്ങൾ ചോദിച്ചു മനസ്സിലാക്കി. ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്ന ആളുടെ സീറ്റ് കൈ കൊണ്ട് പിടിച്ചു വച്ചാൽ മാത്രമേ ആ സീറ്റ് നിങ്ങൾക്കുള്ളതാകുന്നുള്ളു എന്ന പ്രപഞ്ച സത്യത്തിന്റെ പൊരുൾ മനസ്സിലാക്കി. 

ഉടനെ തന്നെ നാലാം പന്തിയിൽ ഊണ് കഴിക്കുന്ന ഒരാളുടെ കസേരയിൽ കയറി പിടിച്ചു. അയാൾ കസേര മുന്നോട്ടു നീക്കുന്നു... നമ്മൾ കസേര പിന്നോട്ട് വലിക്കുന്നു... മേലാകെ തൊലിക്കൊക്കെ എന്തോ ആകുന്നത് പോലെ. കയ്യിലെ തൊലിയെ നോക്കി. മുൻപത്തെ പോലെ അല്ല.. തൊലിക്കട്ടി കൂടിയിരിക്കുന്നു...

ആ വരിയിലെ എല്ലാ ചേട്ടന്മാരും ചേച്ചിമാരും ഊണ് കഴിഞ്ഞെഴുന്നേറ്റു... പൂർവികർ സ്ഥലം വിട്ടപ്പോൾ പുതു തലമുറക്കാർ ആ സ്ഥാനം ഏറ്റെടുത്തു. എന്റെ കസേരയിലെ വ്യക്തി പാലടയിൽ മുങ്ങിത്തോർത്തി ധനുമാസ ചന്ദ്രികയെ ആലോചിച്ച്, അവിടെ തന്നെ ഇരിപ്പാണ്.

ഇത്രയും നേരം കസേര വലി കഴിഞ്ഞ്, പുതുതായി ഇരുന്നവരൊക്കെ തിരിഞ്ഞ്  എന്റെ മുഖത്തേക്ക് നോക്കി... അവരുടെ മുഖ ഭാവം  ഭാവം കണ്ടാലറിയാം... "നാണമില്ലേ ഇങ്ങനെ കസേര പിടിച്ചു വലിക്കാൻ"... എന്ന്

കാത്തിരുന്ന സമയം എത്തി... കൈപ്പത്തി തൊട്ട് കൈ മുട്ട് വരെ ഒലിച്ചിറങ്ങിയ പായസം നക്കിത്തുടച്ചു കൊണ്ട് എന്റെ കസേരാ പൂർവികൻ  എഴുന്നേറ്റു... അയാളുടെ നോട്ടം ദഹിപ്പിക്കുന്നതായിരുന്നു. അതെന്റെ  വിശപ്പ് വർധിപ്പിച്ചു...

കറികളും മറ്റും വിളമ്പി തുടങ്ങി...

മേം കരിമ്പ് തോട്ടം കാ ഹാഥി ബൻ ഗയാ...

പിന്നെ കുറെ നേരത്തിന് ശേഷം ആരോ കസേര പിന്നിലോട്ട്  വലിച്ചപ്പോഴാണ് എണീക്കണ്ട സമയം ആയീ എന്ന്  മനസ്സിലായത്...

"ചേട്ടാ... ഒരു ഗ്ലാസ് പാലട കൂടി കഴിച്ചിട്ട് എണീക്കാം... ട്ടാ"

അത് കേട്ട ഉടനെ എന്റെ പിൻഗാമി ഒന്ന് ഞെട്ടി.. തറപ്പിച്ചു നോക്കി.. ആ  നോട്ടം അതുവരെ കഴിച്ചതെല്ലാം ദഹിപ്പിച്ചു കളഞ്ഞു...

അഭിപ്രായങ്ങളൊന്നുമില്ല: