2017, മേയ് 16, ചൊവ്വാഴ്ച

പേര്.. പേരക്ക.. പേരിന്റെ കഥ

പണ്ട് പണ്ട് പണ്ട്.... ലോകത്തിൽ ആദ്യമായി നിറമുള്ള മുണ്ട് കണ്ടു പിടിച്ചത് ഒരു ചൈനാക്കാരൻ ആയിരുന്നു. ആളുടെ പേരാണ് KAI. മലയാളത്തിൽ എഴുതിയാൽ  "കൈ".. അയാളുടെ കുടുംബപ്പേര് അല്ലെങ്കിൽ last name അല്ലെങ്കിൽ surname  ആയിരുന്നു... LI. അയാളെ കുട്ടിക്കാലത്ത് എല്ലാവരും വിളിച്ചിരുന്നത്.. അതായത്  നീട്ടി വിളിച്ചിരുന്നത്...  "KAI...........  LI", "KAI..........  LI" എന്നായിരുന്നു. പ്രായം കൂടും തോറും കുത്തുകളുടെ എണ്ണം കുറഞ്ഞു തുടങ്ങി. 15 വയസ്സായപ്പോൾ... അത് "KAI..  LI", "KAI..  LI"എന്നായി. കുറെ നാളുകൾ കൂടി കഴിഞ്ഞപ്പോൾ അത്... കുത്തില്ലാതെ "KAILI", "KAILI", "കൈലി", "കൈലി" എന്നായി.  അങ്ങനെ "കൈലി" കണ്ടു പിടിച്ച  കളർ മുണ്ടിന് "കൈലി" എന്ന പേര് നിലവിൽ വന്നു... (സംശയം തോന്നി ആരും വിക്കി പീഡിയ പോയി തപ്പണ്ട... ഇത് ആർക്കും അറിയാത്ത ഒരു രഹസ്യമാണ്)

പേറ്റന്റ് ഒന്നും ഇല്ലാതിരുന്ന ആ കാലത്ത്, ഈ നിറമുള്ള മുണ്ടു നിർമ്മാണ വിദ്യ "ലി" (LI) ഫാമിലിയിൽ നിന്നും "കി" (KI) ഫാമിലി തട്ടിയെടുത്തു. അവരും നിറമുള്ള മുണ്ടുകൾ ഉണ്ടാക്കി വിൽക്കാൻ തുടങ്ങി. "കി" ഫാമിലിയിലെ പേര് കേട്ട ഒരാൾ ആയിരുന്നു... "ലുൻ" (LUN)... നിറമുള്ള മുണ്ട് "ലുൻ കി" (LUN KI) എന്ന പേരിലും വിറ്റഴിച്ചു.. അങ്ങനെ നിറമുള്ള മുണ്ട്  "ലുൻ കി".. ലുൻകി".. എന്നും... പിന്നീടത്  "ലുങ്കി" എന്നും വിളിക്കപ്പെട്ടു..

കൈലിയുടെയും ലുങ്കിയുടെയും കുടുംബങ്ങൾ തമ്മിലുള്ള  കുടിപ്പകയും കലഹവും ഒന്നും അല്ല ഇവിടെ പ്രതിപാദിക്കുന്നത്.

കൈലി കുടുംബത്തിലെ ഒരു പിൻഗാമി ആയിരുന്നു.. പൈലി... പണ്ട് കാലത്ത് കേരളത്തിൽ സ്ഥിരമായി കണ്ടു കൊണ്ടിരുന്ന പൈലി അല്ല... ഇത് വെറും PAI LI.

ചൈനയിൽ കുടുംബാസൂത്രണം വന്നത് ഇവർക്കൊക്കെ ഒരടിയായി. അനന്തരാവശികൾ ഉണ്ടാകുന്നത് ഒരു ആൺ തരി തന്നെ ആവണം എന്ന് അവർ കൊതിച്ചിരുന്നു.

ഒരു ദിവസം സായം സന്ധ്യക്ക്‌ സൂര്യാസ്തമനം നോക്കി നിൽക്കുമ്പോൾ,  ആരോ ഓടി വന്ന് പൈലിയോട് പറഞ്ഞു... നിങ്ങൾക്കൊരു ആൺകുഞ്ഞുണ്ടായീ ന്ന്.. പൈലി സന്തോഷം കൊണ്ട് കണ്ണുകൾ അടച്ചു.. എന്നിട്ടു പതുക്കെ തുറന്നു. ആകാശത്തിൽ ആദ്യം കണ്ടത് ഒരു ജെറ്റ് വിമാനത്തെയാണ്... അങ്ങനെ പൈലി തന്റെ കുട്ടിക്ക് JET LI എന്ന് പേരിട്ടു. ജെറ്റിനെ പോലെ വായുവിൽ പറന്ന് വില്ലന്മാരെ ഇടിച്ചു വീഴ്‌ത്തുന്ന ജെറ്റ് ലി ഈ ജെറ്റ് ലി തന്നെ ആണോ എന്ന് ഇത് വരെ തീരുമാനിച്ചിട്ടില്ല.

വർഷങ്ങൾ കഴിഞ്ഞു... പൈലി പരലോകത്തെത്തി... ജെറ്റ് ലി ഇന്ത്യയിലും എത്തി. ഒരു ദിവസം രാവിലെ ഹോട്ടലിൽ ഭക്ഷണം ഓർഡർ ചെയ്ത് വെയിറ്റ് ചെയ്തുകൊണ്ടിരിക്കുമ്പോൾ ആണ്, ജെറ്റ് ലീയുടെ അമ്മായി അപ്പന്റെ ഫോൺ.... 

"മോനെ ജെറ്റൂ... നീയൊരാൺകുഞ്ഞിന്റച്ഛനായെടാ" ന്ന് 

ജെറ്റ് ലിയും അച്ഛൻ പൈലിയെ പോലെ കണ്ണടച്ചു... കണ്ണ് തുറന്നപ്പോൾ മുമ്പിൽ കാണുന്നത്... വെയ്റ്റർ കൊണ്ടുവച്ച ഒരു പ്ളേറ്റ് ഇഡ്ഡലി.... ഉടനെ കുഞ്ഞിന് പേരിട്ടു...  ID LI...

വർഷങ്ങൾ കഴിഞ്ഞു... ഇഡ്‌ലിയുടെ കല്യാണം കഴിഞ്ഞു... ഇഡലിയും അച്ഛനാവാൻ ഇനി ദിവസങ്ങൾ മാത്രം...  ഒരു ദിവസം ഇഡ് ലി നല്ല പഴുത്ത മാങ്ങ കഴിക്കുകയായിരുന്നു. ഉടനെ ആരോ അകലെ നിന്ന് വിളിച്ചു പറഞ്ഞു... മോനെ, നീ ഇരട്ട ആൺകുട്ടികളുടെ അച്ഛൻ ആയീ ന്ന്.. 

ഇരട്ട എന്ന് കേട്ടതും, അതിയായ സന്തോഷം കൊണ്ട് ഞെട്ടിയതും, പഴുത്ത മാങ്ങ കയ്യിൽ നിന്ന് താഴെ വീണതും... മാങ്ങ "ചപ്ലി പ്ലി" ആയതും, കുട്ടികൾക്ക് CHAP LI എന്നും P LI എന്ന് പേരിട്ടതും  പെട്ടെന്നായിരുന്നു. 
.......
.......
പാവം ജാക്കി ചാൻ...
----

2017, ഫെബ്രുവരി 16, വ്യാഴാഴ്‌ച

പനിക്കഥ

ഓഫിസിൽ നിന്ന് വന്നപ്പോഴേ മേലാകെ ഒരു വേദന, മൂക്കൊലിപ്പും..

ഭാര്യയുടെ അടുത്തെത്തി പാട്ട് പാടി

"പനി വരുന്ന നേരത്ത് നീയെന്റെ അരികിൽ ഇത്തിരി നേരം ഇരിക്കണെ"

ഉടനെ മറുപടിയും വന്നു...

"പാരഡി എടുക്കില്ല... ഒറിജിനൽ പാട്ടിന്റെ കണ്ടീഷൻ ആണേൽ പരിഗണിക്കാം..."

"എന്നാലും..."

"എന്ത് എന്നാലും... എനിക്ക് ഇതുവരെ ഒരു ഗിഫ്റ്റും വാങ്ങിത്തരാത്തോണ്ട് വാലന്റൈൻ പുണ്യാളൻ അറിഞ്ഞു കൊണ്ട് തന്നതാ.. ഈ വാലന്റൈൻ ഡേയുടെ അന്ന് തന്നെ നിങ്ങൾക്ക് മേലുവേദനയും ജലദോഷവും ഒക്കെ..."

ഈ ഡയലോഗ് കേട്ടതും, മനസ്സിന് ക്ഷീണം തട്ടിയതും, തദ്വാരാ കോൾഡ് വൈറസിന് ശക്തി കൂടിയതും പെട്ടെന്നായിരുന്നു. അര മണിക്കൂറിനുള്ളിൽ വെളിച്ചപ്പാടിന്റെ തുള്ളലിനെ കവച്ചു വയ്ക്കുന്ന വിറയലോടെ പനി.. നേരെ കിടക്കയിൽ ചുരുണ്ടു കൂടി...

അപ്പോഴേക്കും ഭാര്യ അവിടെ എത്തി...

"ദാ... ചുക്ക് കാപ്പി"

പുതപ്പിനുള്ളിൽ നിന്നും ഗാനമേള തുടർന്നു

"കനലുകൾ കോരി മരവിച്ച വിരലുകൾ ഒടുവിൽ നിന്നെ തലോടി ശമിക്കുവാൻ"

"അയ്യടാ... വയ്യാണ്ട് കിടക്കുമ്പോഴും തലോടി കൊണ്ടിരിക്കാനാ മോഹം... അതങ്ങ് മനസ്സില് വച്ചാ മതി... പിന്നെ വിരലൊക്കെ മരവിച്ചത് കനല് കോരിയിട്ടല്ല... ഫുൾ ടൈം കമ്പ്യൂട്ടറും ഐപാഡും കൊട്ടീട്ടാ..."

"നീയിങ്ങടുത്തേക്ക്  വാ... പുതപ്പിന്റെ അടുത്തേക്ക് വാ..   ഒടുവിലായകത്തേക്കെടുക്കും ശ്വാസ കണികയിൽ നിന്റെ ഗന്ധമുണ്ടാകുവാൻ..."

"അതേയ്, ഞാൻ ഇത്ര അകലത്തിൽ നിന്നിട്ടുള്ള ഗന്ധം പിടിക്കലൊക്കെ മതി... എന്റെ ഗന്ധം നിങ്ങള് പിടിച്ചാലും, ഇനി രണ്ടു മൂന്ന് ദിവസം നിങ്ങടെ ഗന്ധവും കോൾഡും  എനിക്ക് പിടിക്കണം ന്ന് ല്ല്യ.."

"നീയങ്ങനെയൊന്നും  പറയല്ലേ.... ഇനി തുറക്കേണ്ടതില്ലാത്ത കൺകളിൽ പ്രിയതേ നിന്മുഖം മുങ്ങിക്കിടക്കുവാൻ.."

"ചേട്ടൻ ഇനി ഇന്ന് കണ്ണ് തുറക്കണ്ട... നല്ലവണ്ണം ഇന്ന് രാത്രി ഉറങ്ങി നാളെ രാവിലെ ആവുമ്പോൾ തുറന്നാൽ മതി.. അപ്പോഴേക്കും പനിയും ജലദോഷവും ഒക്കെ മാറീട്ടുണ്ടാവും"

"ഒരു സ്വരം പോലുമിനിയെടുക്കാത്തൊരെൻ ചെവികൾ നിൻ സ്വര മുദ്രയാൽ മൂടുവാൻ"

"ഒന്ന് മിണ്ടാണ്ട് കിടക്ക് മനുഷ്യാ... എന്നെക്കൊണ്ടൊന്നും പറയിപ്പിക്കണ്ട... ചെവിയിൽ ഞാൻ ഐ എസ് ഐ മുദ്രയാണ് വക്കാൻ പോണത്.. "

"അധരമാം ചുംബനത്തിന്റെ മുറിവ് നിൻ മധുര നാമ ജപത്തിനാൽ കൂടുവാൻ..."

"അയ്യോ.. നാമജപം എന്ന് കേട്ടപ്പോഴാ ഓർത്തത്... ഗുരുവായൂരപ്പന്റെ മുമ്പില് വിളക്ക് കത്തിച്ചിട്ടില്ല.. സമയം കുറെ  ആയി. നിങ്ങൾക്ക് രാത്രി കഞ്ഞി വേണോ ചോറ് വേണോ...?"

"പ്രണയമേ നിന്നിലേക്ക്‌ നടന്നൊരെൻ വഴികൾ ഓർത്തെന്റെ പാദം തണുക്കുവാൻ..."

"അതെ... ഇന്ന് വാലന്റൈൻ ഡേയുടെ അന്ന് തന്നെ പറയണം... പണ്ട് ഏതൊക്കെ വഴീക്കൂടെ ഒക്കെ എന്റെ പിന്നാലെ നടന്നതാ... എന്തൊക്കെ വാങ്ങി തന്നതാ... കല്യാണം കഴിഞ്ഞിട്ട് പത്താമത്തെ വാലന്റൈൻ ഡേ ആണിത്. ഇത് വരെ ഒരു ഗിഫ്റ്റ്.. പനി കൊണ്ട് പാദം മാത്രല്ല.. ദേഹം മുഴുവൻ തണുക്കട്ടെ.... ഹ്മ്മ്..ഹ്മ്മ്... എന്റെ ഒരു വിധി..."

ഛെ..കാര്യങ്ങൾ വിചാരിച്ച പോലെ ഏശണില്ലല്ലോ.. ഇവള് കരയാനും തുടങ്ങി... ഇനി ലാസ്റ്റ് വാരി പാടണ്ട... ഇങ്ങനെയൊക്കെ ആണ് ആകെ മൊത്തം കണ്ടീഷൻ എങ്കില് പുതപ്പിന്റെ അടിയിൽ നിന്ന് പുൽക്കൊടി ആയി ഉയർത്തെഴുന്നേൽക്കണ്ട... അവിടെ തന്നെ കിടക്കാം..

"രാത്രി നീ കഞ്ഞീം ചമ്മന്തീം ഉണ്ടാക്കിക്കോ..."

വാലന്റൈൻ പുണ്യാളാ.. അടുത്തകൊല്ലം മുതൽ ഭാര്യക്ക് ഗിഫ്റ്റ് വാങ്ങി കൊടുക്കാമേ...

എന്റെ ക്രോസിനാദികടകമേ... നീ താൻ തുണൈ..