2020, ഒക്‌ടോബർ 11, ഞായറാഴ്‌ച

കൊറോണക്കുരുതി

അങ്ങനെ അതും സംഭവിച്ചു.


ഇന്നലെ ജൂൺ 29, 2020 ഞായറാഴ്ച രാവിലെ 10:23 നു ആയിരുന്നു അത് നടന്നത്.

ആദ്യമായി ഞാൻ എന്റെ ഭാര്യയുടെ മുൻപിൽ തലകുനിച്ചു...

എന്നിൽ അധഃപതനത്തിൻറെ മാനസിക സംഘർഷവും അവളുടെ ഉള്ളിൽ അധികാരത്തിന്റെ വേലിയേറ്റവും ആയിരുന്നു ഉണ്ടായിക്കൊണ്ടിരുന്നത്

ഇതിന് കാരണക്കാരനായ ശത്രു ഈ ദുഷിച്ച കൊറോണയാണ്. "എന്റെ കോറോണേ, നിന്നെ കാണാൻ പറ്റിയിരുന്നെങ്കിൽ... നിനക്കൊരു രൂപം ഉണ്ടായിരുന്നെങ്കിൽ നിന്നെ ഞാൻ പിച്ചിച്ചീന്തിയേനേ". ഈ കള്ള കൊറോണ ബാർബർമാരുടെ കഞ്ഞി കുടി മുട്ടിച്ചതിന്റെ പ്രത്യാഘാതങ്ങൾ ചെറുതൊന്നുമല്ല. കൊറോണ ഇപ്പൊ തീരും ഇപ്പൊ തീരും എന്ന് കരുതി നാൾ കുറെ കാത്തിരുന്നു.. ഈ ബാർബർ ഷോപ്പുകൾ തുറക്കാൻ. എവിടെ...? ഇതടുത്ത കാലത്തൊന്നും തുറക്കുന്ന ലക്ഷണമില്ല.

ചർമം കണ്ടാൽ പ്രായം തോന്നുമെങ്കിലും നമ്മളിപ്പോഴും ചെറുപ്പം തന്നെ. ആമസോൺ കാടുകൾ പോലെയാണ് തല. രണ്ടിടത്തും ശൂന്യത വർധിച്ചു വരുന്നു. ആമസോൺ കാടുകൾ കള്ളന്മാർ വെട്ടി വെളുപ്പിക്കുന്നു... തലയിലാകട്ടെ മൂടിക്കിടക്കുന്ന രോമങ്ങളൊക്കെ കുറെ കാലമായി അയിത്തം കല്പിച്ചു വളരാതായിരിക്കുന്നു. "കാക്കക്ക് തൻകുഞ്ഞ് പൊൻകുഞ്ഞ്" എന്ന പോലെ സ്വന്തം തലയിലുള്ള രോമം പൊൻരോമം തന്നെ.

തലമുടിക്ക് മാത്രമാണ് "നാടോടുമ്പോൾ നടുവേ ഓടണം" എന്ന ബോധം ഉള്ളത്.. വെള്ള തലമുടിയുള്ള സായിപ്പന്മാർ ഉള്ള അമേരിക്കയിൽ എത്തിയതും.. നടുവേ ഓടിയോടി തലമുടി പണ്ടേ തന്നെ  കറുപ്പിനെയുപേക്ഷിച്ച് ശാന്തിയുടെയും സമാധാനത്തിന്റെയും നിറമായ വെളുപ്പിനെ സ്വീകരിച്ചിരുന്നു. പക്ഷെ, "വെള്ള നിറമുള്ള സായിപ്പും വെള്ള മുടിയും" എന്നതിലെ നിറത്തിന്റെ ആ സമാനതയെ കവച്ചു വക്കാൻ "ബ്രൗൺ നിറമുള്ള ശരീരവും വെളുത്ത മുടിയും" കൂട്ടിയാൽ കൂടില്ല. പിന്നെ,  "നാളികേരത്തിന്റെ നാട്ടിലെനിക്കൊരു കറുത്ത നിറമുള്ള മുടീണ്ടാർന്നു" എന്ന പാട്ട് എപ്പോഴും മനസ്സിൽ അലയടിച്ചിരുന്നത് കാരണം, അങ്ങനെ തലമുടിയെ സായിപ്പിന്റെ പിന്നാലെ ഓടാൻ സമ്മതിച്ചിരുന്നില്ല... ഡൈ ചെയ്ത്... ഡൈ ചെയ്ത്... ഡൈ ആകാതെ... സ്ഥിരമായി ഡൈ ചെയ്തുകൊണ്ടിരുന്നു..  ആരെങ്കിലും ചോദിച്ചാൽ... "കറുപ്പിനഴക് ...ഓ..ഓ... കുറുപ്പിനഴക്" എന്നായിരുന്നു മറുപടി.

പക്ഷെ, 3 മാസം ഡൈ ചെയ്യാതെ മുടി വെട്ടാതിരുന്നപ്പോൾ, കറുപ്പും വെളുപ്പും ഒക്കെ കലർന്ന്... തലയുടെ ഡിസൈനും സീബ്രയുടെ ഡിസൈനും തമ്മിൽ വലിയ വ്യത്യാസം ഇല്ലാതായി. സ്ഥിരമായി എട്ടുകാലികളെ കണ്ടുകൊണ്ടിരുന്ന വീട്ടിൽ, കഴിഞ്ഞ ഒരു മാസമായി എട്ടുകാലികളുടെ എണ്ണത്തിൽ ഉണ്ടായ ഗണ്യമായ കുറവ്... "അവയൊക്കെ എന്റെ തലയിലേക്ക് താമസം മാറ്റിയോ" എന്ന തരത്തിലുള്ള അപഹാസങ്ങൾ ഒക്കെ നേരിടേണ്ടി വന്നു.. അങ്ങനെയുള്ള സാഹചര്യത്തിലാണ്... സഹധർമ്മിണിയുടെ മുൻപിൽ തല കുനിക്കേണ്ടി വന്നത്...

തൃശൂർ പൂരം വെടിക്കെട്ടിന്റെ കൂട്ടപ്പൊരിച്ചിൽ ആകുമ്പോൾ ചെവിയിൽ വിരൽ വച്ചടക്കുന്നതിന്റെ ഇരട്ടി ശക്തിയിൽ ചെവിയമർത്തിപ്പിടിച്ചിരുന്നു. കലി പൂണ്ട നാഗവല്ലി വാളുകൊണ്ട് സുരേഷ് ഗോപിയുടെ ഡമ്മിയെ കൊത്തിയരിയുന്ന പോലെ, കത്രിക തലയ്ക്കു മീതെ തലങ്ങും വിലങ്ങും ചലിച്ചു... ചെവിയും കണ്ണും ഒക്കെ അടച്ച്... ഈ കൂട്ടക്കൊല എപ്പോൾ കഴിയും എന്ന് വിചാരിച്ചുള്ള കാത്തിരിപ്പിന് യുഗങ്ങളുടെ നീളമുള്ള പോലെ തോന്നി. കണ്ണ് തുറക്കുമ്പോൾ ചെവിയോ മൂക്കോ കഴുത്തോ അതോ തല തന്നെയോ അവിടെത്തന്നെ ഉണ്ടാകുമോ എന്ന ഭീതിയോടെയുള്ള നീണ്ട കാത്തിരിപ്പ്. എങ്കിലും, ഇടയ്ക്കിടയ്ക്ക് ചെറുതായി കണ്ണ് തുറന്ന്  നോക്കുമ്പോൾ, തീവ്രവാദികൾ AK 47 പിടിച്ച് നിൽക്കുന്ന പോലെ..കത്രികയും പിടിച്ച് അവൾ അവിടെ തന്നെ നിൽപ്പുണ്ടായിരുന്നു...

ഈ ജന്മത്തിലും മുജ്ജന്മത്തിലും ഒക്കെയുള്ള ദേഷ്യങ്ങൾ ഒക്കെ എന്റെ തലയിൽ തീർത്തു.അവസാനം, "കണ്ണ് തുറന്നോളൂ" എന്ന അറിയിപ്പുണ്ടായപ്പോൾ... കണ്ണ് തുറന്നതും ഞാൻ ഓർത്തത് പൂന്താനത്തിന്റെ ജ്ഞാനപ്പാന ആയിരുന്നു... "കണ്ടു കണ്ടങ്ങിരിക്കും ജനങ്ങളെ കണ്ടില്ലെന്ന് വരുത്തുന്നതും ഭവാൻ"...  ഞെട്ടിപ്പോയി.... "കണ്ണാടിയിൽ കുറച്ച് മുൻപ് കണ്ട ഞാൻ തന്നെയാണോ ഇപ്പോൾ കാണുന്ന ഈ ഞാൻ?".  തലയിൽ അമിട്ട് വീണതാണോ അതോ ഉൽക്ക വീണതാണോ എന്ന സംശയം വേറെ...

"എങ്ങനെയുണ്ട് ചേട്ടാ?" എന്ന ചോദ്യം കേട്ടപ്പോൾ വളരെ പണ്ട് എന്റെ സുഹൃത്ത് മനോജ് രാമകൃഷ്ണൻ പറഞ്ഞ കാര്യമാണ് ഓർമ്മ വന്നത്. ഒരിക്കൽ അഭ്യസ്തവിദ്യനല്ലാത്ത ഒരു ബാർബറുടെ ഷോപ്പിൽ തല വച്ച് കൊടുത്തപ്പോൾ ഉണ്ടായ ദുരവസ്ഥ... ആ ബാർബർ തലയെ ഒരു ബാർബേറിയൻ രൂപത്തിലാക്കിത്തന്നു. മുടി വെട്ടിയ ശേഷം മനോജിനെ ആദ്യമായി കണ്ടപ്പോൾ ഉണ്ടായിരുന്ന കമന്റ്  "ഗംഭീരം ആയിട്ടുണ്ട്... മുടി വെട്ടി പൊട്ടനായിട്ടുണ്ടല്ലോ" എന്നായിരുന്നു ... പക്ഷെ ഇത് സഹധർമ്മിണിയോട് പറയാൻ പറ്റില്ലല്ലോ... ഈ കൊറോണ എത്ര കാലം ഉണ്ടാകും... എന്നാർക്കറിയാം... 2 മാസം കഴിയുമ്പോൾ വീണ്ടും തല കുനിക്കേണ്ടി വരില്ലേ?

"ഡോക്ടറുടെ അടുത്തും  വക്കീലിന്റെ അടുത്തും നുണ പറയാൻ പാടില്ല" എന്ന  പോലെ.. "മാനേജരുടെ അടുത്തും ഭാര്യയുടെ അടുത്തും സത്യം പറയാൻ പാടില്ല".. എന്ന് സോക്രട്ടീസ് പണ്ടേ പറഞ്ഞിട്ടുള്ളതാണ്. അതിനാൽ... "മുടി വെട്ടിയത് നന്നായിട്ടുണ്ട്" എന്ന എന്റെ  മറുപടിയിൽ സന്തോഷിച്ച് വാമഭാഗം അടുക്കളയിലേക്ക് മാർച്ച് ചെയ്തു...

എവിടെയോ ഒരു പാട്ടു കേട്ട പോലെ തോന്നി... "വ്യത്യസ്തയായൊരു ബാർബറാം ഭാര്യെയ സത്യത്തിൽ ഞാനും തിരിച്ചറിഞ്ഞില്ല"

ഇനിയാണെന്റെ ശരിക്കും ഉള്ള Quarantine തുടങ്ങുന്നത്... മുടി വളർന്നു വരുന്ന വരെ.

PS: ആദ്യമായിട്ടാണ് ഭാര്യയുടെ മുന്നിൽ തലകുനിക്കുന്നത് എന്നത് വെറും ഒരു ആവേശത്തിൽ എഴുതിയതാണ്. ഞാൻ ഈ എഴുതുന്നതൊന്നും അവൾ വായിക്കാറില്ല എന്നത് കൊണ്ട് മാത്രം.  ആരും ഇതൊക്കെ പോയി പറഞ്ഞു എന്റെ കഞ്ഞികുടി മുട്ടിക്കരുത്.. 

[06302020]

അഭിപ്രായങ്ങളൊന്നുമില്ല: