2008, സെപ്റ്റംബർ 14, ഞായറാഴ്‌ച

ചിന്നുവിന്റെ പട്ടുപാവാട


നഗരം ഉടുത്തൊരുങ്ങിക്കഴിഞ്ഞിരുന്നു... ഒരിക്കല്‍ കൂടി മാവേലിയെ വരവേല്‍ക്കാന്‍.

തോരണങ്ങളും അലങ്കാരങ്ങളും നിറഞ്ഞ വീഥികള്‍, കടകള്‍, തിങ്ങി നിറഞ്ഞ സിനിമ തിയറ്ററുകള്‍, "നാളെ, നാളെ" എന്ന് കൂകി വിളിച്ചു ഓണം ബംബര്‍ ലോട്ടറി വില്‍ക്കുന്ന ഏജെന്റ്സ് , ഇന്നു തന്നെ വാങ്ങിയില്ലെങ്കില്‍ തീര്‍ന്നുപോയെങ്കിലോ എന്ന ആശങ്കയില്‍ അച്ചടക്കത്തോടെ മദ്യപാനികള്‍ വരിയില്‍ നില്ക്കുന്ന ബേവെറേജ് ഷോപ്പുകള്‍..

മാവേലി പോലും ഇത്ര വലിയ സ്വീകരണം പ്രതീക്ഷിച്ചിരിക്കില്ല എന്ന് രാഘവേട്ടന്‍ മനസ്സില്‍ പറഞ്ഞു..

"ചിന്നു മോളെ ഒന്നു വേഗം വരൂ. അടുത്ത തവണ നിന്നെ കൂടെ കൊണ്ടു വരില്ല്യാ.." രാഘവേട്ടന്‍ ചിന്നുവിന്റെ കൈ മെല്ലെ പിടിച്ചു വലിച്ചു.

വര്‍ണശബളമായ നഗരത്തില്‍ കാണുന്നതെല്ലാം ഒരു പുതുമ തന്നെയായിരുന്നു ചിന്നുവിന്റെ കണ്ണുകള്‍ക്ക്‌.

തോണിയും ജീപ്പും ഒരു ബസ്സും കയറി വേണം പട്ടണത്തിലെത്താന്‍. രണ്ടോ മൂന്നോ മാസം കൂടുമ്പോഴേ രാഘവേട്ടന്‍ പട്ടണത്തില്‍ വരാറുള്ളൂ. ഇക്കൊല്ലം ഓണം ആഘോഷിക്കുന്നില്ലെങ്കിലും അത്യാവശ്യമായിട്ടുള്ള വീട്ടുസാധനങ്ങള്‍ വാങ്ങാന്‍ ഇറങ്ങിയതാണ്. പലചരക്കുകള്‍ നിറഞ്ഞ കനമേറിയ സഞ്ചികള്‍ ഒരു കയ്യിലും ചിന്നുമോള്‍ മറുകയ്യിലും ആയി നടന്നു. മറ്റൊരു കൈ കൂടി കിട്ടിയിരുന്നെങ്കില്‍ എന്ന് രാഘവേട്ടന്‍ ആഗ്രഹിക്കാത്ത ദിവസങ്ങളില്ല.

"മുത്തച്ഛാ, എനിക്കാ പട്ടുപാവാട വാങ്ങി തരാമോ?" ചിന്നു വീണ്ടും നടത്തം നിര്‍ത്തി.

"അടുത്ത പ്രാവശ്യം പോരേ മോളെ?"

ചിന്നു കരഞ്ഞു തുടങ്ങിയപ്പോള്‍ രാഘവേട്ടന്‍ കടയിലേക്ക് നോക്കി..

"അവിടെയുള്ളതൊന്നും നിനക്കു പാകമാവില്ല്യാ"

"ഇതന്ന്യാ അച്ഛനും പറയാറുള്ളത്, മുത്തച്ഛാ. എന്റെ പാകത്തിലുള്ളത് എവിടെയും കിട്ടില്ലേ?"

രാഘവേട്ടന്റെ കണ്ണ് നിറഞ്ഞു. ജീവിതത്തിലെ എല്ലാ ഭാരങ്ങളും ഇറക്കി വച്ചു വിശ്രമം നിറഞ്ഞ വാര്‍ദ്ധക്യം സ്വപ്നം കണ്ടിരുന്ന രാഘവേട്ടന്റെ രണ്ടാം ജന്മം.. മരുമകള്‍ക്കും പേരക്കുട്ടികള്‍ക്കും വേണ്ടി..

"മോനേ വേണൂ, മുകളിലിരുന്നു നീയിതു കേള്‍ക്കുന്നില്ലേ.." എന്ന് ആത്മഗതം പറഞ്ഞു.

ഇന്നേക്ക് എട്ടു മാസം ആയിരിക്കുന്നു തന്റെ ചുമതലകളെല്ലാം അച്ഛന്റെ മേല്‍ ഇട്ടെറിഞ്ഞ്‌ വേണു ഈ ലോകത്തോട്‌ വിട പറഞ്ഞിട്ട്. കാര്‍ഷികകടത്തില്‍ മുങ്ങിപ്പോയി ആത്മഹത്യ ചെയ്ത അനവധി കര്‍ഷകരില്‍ ഒരാള്‍..

പട്ടുപാവാട വാങ്ങാന്‍ വേണ്ടത്ര കാശ് കയ്യില്‍ ഇല്ലെങ്കിലും അവര്‍ ആ ചെറിയ കടയില്‍ കയറി. ചിന്നുവിന് ഇഷ്ടമായ പാവാടയൊന്നും അവളുടെ പാകത്തിനുണ്ടായിരുന്നില്ല.

"മോളെ, നിനക്കു ഈ റെഡി മെയ്ഡ് ഒന്നും ശരിയാവില്ല. അതോണ്ടാ അച്ഛനും അങ്ങിനെ പറയാറുള്ളത്. നമുക്കൊരെണ്ണം പിന്നെ തയ്പ്പിക്കാം. "

പാകമായ പാവാട ഉണ്ടായാലും എന്തെങ്കിലും പറഞ്ഞ് ചിന്നുവിന്റെ മനസ്സു മാറ്റാം എന്ന് കരുതിയിരുന്ന രാഘവേട്ടന്‍, നുണ പറയേണ്ടി വന്നില്ലല്ലോ എന്നോര്‍ത്ത് ആശ്വസിച്ചു.

ചിന്നു അപ്പോഴും തേങ്ങിക്കൊണ്ടിരുന്നു.

അവര്‍ കടയില്‍ നിന്നും ഇറങ്ങി. ചിന്നുവിനെ ആശ്വസിപ്പിക്കാന്‍ ഒരു കളിപ്പാട്ടവും അവള്‍ക്കിഷ്ടമായ അരിമുറുക്കും വാങ്ങി. പണ്ട് പണ്ട് ഓണക്കാലത്ത് പച്ചക്കറികള്‍ വില്‍ക്കാന്‍ പട്ടണത്തില്‍ വന്ന കഥകളും മറ്റും പറഞ്ഞ് പട്ടുപാവാടയില്‍ നിന്നും ചിന്നുവിന്റെ ശ്രദ്ധ മാറ്റി. പലചരക്കുകള്‍ പിന്നെയും വാങ്ങി.. രാഘവേട്ടന്റെ കയ്യിലെ ഭാരം വീണ്ടും കൂടി. ചിന്നു കാഴ്ചകള്‍ കാണാന്‍ അവിടവിടെ നില്‍ക്കുമ്പോള്‍ കൂടെ നില്‍ക്കാന്‍ തുടങ്ങി..

അവര്‍ വീണ്ടും നടന്നു..

"മുത്തച്ഛാ, അതാ പട്ടുപാവാട.. ഈ കടയില്‍ എന്തായാലും കിട്ടും" ചിന്നു വീണ്ടും നിന്നു.

രാഘവേട്ടന് തന്റെ കണ്ണുകളെ വിശ്വസിക്കാന്‍ പറ്റിയില്ല. മുമ്പൊരിക്കലും ഈ തുണിക്കട കണ്ടിട്ടില്ല. ആറ് നിലയുള്ള ഒരു കൂറ്റന്‍ കെട്ടിടം. ബലൂണുകളും തോരണങ്ങളും നിറഞ്ഞ അലങ്കാരങ്ങള്‍. ആരും ഒന്നു കൊതിച്ചു പോകും അവിടെ ഒന്നു കയറാന്‍. പക്ഷെ, അവിടുത്തെ വില എന്തായിരിക്കും എന്ന് ചിന്തിച്ചപ്പോള്‍ അവിടെയും പാകത്തിനുള്ള പാവാട ഉണ്ടാകില്ല എന്ന് പറഞ്ഞു ചിന്നുമോളെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. പക്ഷെ ചിന്നു മോള്‍ വീണ്ടും കരയാന്‍ തുടങ്ങി..

അവസാനം രാഘവേട്ടന്‍ സമ്മതിച്ചു... അവര്‍ തുണിക്കടയുടെ വാതിലിനടുത്തെത്തി.. പച്ച ഷര്‍ട്ടും പാന്റ്സും തൊപ്പിയും വച്ച പട്ടാളക്കാരനെ പോലത്തെ സെക്യൂരിറ്റി അവരെ തടഞ്ഞു. സംശയം നിറഞ്ഞ അയാളുടെ കണ്ണുകള്‍ രണ്ടു പേരേയും അടിമുടി ഒന്നു സ്കാന്‍ ചെയ്തു. അവരുടെ മുഷിഞ്ഞ ഉടുപ്പുകള്‍ ഉണ്ടാക്കിയ വെറുപ്പ്‌ അയാളുടെ മുഖത്ത് വ്യക്തമായിരുന്നു.

"എന്താ വേണ്ടത്" സെക്യൂരിറ്റി ചോദിച്ചു.

"മോള്‍ക്ക്‌ ആ പട്ടു പാവാട വാങ്ങണമായിരുന്നു", പുറത്തു തൂക്കിയിട്ടിരുന്ന പട്ടുപാവാട ചൂണ്ടിക്കാണിച്ചു രാഘവേട്ടന്‍ ഉള്ളിലേക്ക് കയറാന്‍ തുടങ്ങി.

"വല്യപ്പോ, അതിനൊക്കെ കുറെ കാശാകം" പുച്ഛം നിറഞ്ഞ വാക്കുകളോടെ സെക്യൂരിറ്റി ശബ്ദം ഉയര്‍ത്തി.

"അറിയാം, എന്നാലും ഒന്നു നോക്കട്ടെ"

സെക്യൂരിറ്റി വീണ്ടും അവരെ അടിമുടി തറപ്പിച്ചു നോക്കി

"അങ്ങിനെ അവിടെ കയറി നോക്കണ്ട. ഇതു വലിയ ആള്‍ക്കാര്‍ക്കുള്ള സ്ഥലമാണ്. നിങ്ങള് പോണം" എന്ന് പറഞ്ഞ് തള്ളി പുറത്താക്കി. രാഘവേട്ടന്‍ വീണില്ല എന്നത് ഭാഗ്യം. പക്ഷെ അത് കണ്ടു ചിന്നു കരച്ചില്‍ നിര്‍ത്തി പറഞ്ഞു

"മുത്തച്ഛാ, നമുക്കിവടന്നു പോകാം".

ചുറ്റുവട്ടത്തുള്ള കാറുകളും അതില്‍ നിന്നിറങ്ങുന്നവരെയും കണ്ടപ്പോള്‍ നഗരവും നഗരവാസികളും വളരെയധികം വളര്‍ന്നു എന്ന് രാഘവേട്ടന് തോന്നാതിരുന്നില്ല.

*****************

അവര്‍ വീണ്ടും കുറെ ദൂരം നടന്നു... ഒരു പെട്ടിക്കടയുടെ മുമ്പിലെത്തി... അവിടുത്തെ റേഡിയോയിലെ പാട്ട് ചിന്നു മോളുടെ ശ്രദ്ധ പിടിച്ചെടുത്തു

"നേര് പറയണം നേരെ പറയണം
നേരും നെറിയുമില്ലാത്ത കാലം
പച്ചവെള്ളത്തിലും ഭ്രാന്ത് കലക്കുന്ന
കച്ചവടത്തിന്റെ നഞ്ചുകാലം
ഏരിരോ ഏരിരോ ഏരിരോ ഏരിരോ
ഏരിരോ ആരിരോ ഏരിരാരോ
തിന്തകം തിന്തകം തിന്തകം തിന്തകം
തിന്തകം തെയ്യകം തിന്തകം താ”

"മുത്തച്ഛാ, എനിക്കിവിടന്നു നാരങ്ങവെള്ളം വാങ്ങിത്തരാമോ?"
"ശരി മോളെ, എനിക്കും ദാഹിക്കുന്നു”..

11 അഭിപ്രായങ്ങൾ:

puTTuNNi പറഞ്ഞു...

നഗരം ഉടുത്തൊരുങ്ങിക്കഴിഞ്ഞിരുന്നു... ഒരിക്കല്‍ കൂടി മാവേലിയെ വരവേല്‍ക്കാന്‍.
....
....

അവസാനത്തെ പാട്ട്/കവിത പളുങ്ക് എന്ന സിനിമയിലേതാണ്.
ഇവിടെ ഞെക്കിയാല്‍ മുഴുവന്‍ പാട്ടും കേള്‍ക്കാം

smitha adharsh പറഞ്ഞു...

കണ്ണ് നിറഞ്ഞല്ലോ..ചിന്നു കുട്ടിയ്ക്കു അടുത്ത കൊല്ലാതെ ഓണത്തിനെന്കിലും പട്ടുപാവാട കിട്ടട്ടെ...

ജിജ സുബ്രഹ്മണ്യൻ പറഞ്ഞു...

അതെ..ഞാനും പ്രാര്‍ഥിക്കുന്നു.അടുത്ത ഓണം ചിന്നുക്കുട്ടിക്ക് സന്തോഷത്തിന്റെ നാളുകള്‍ ആകട്ടെ.

ശ്രീ പറഞ്ഞു...

കണ്ണു നനച്ചല്ലോ മാഷേ

പ്രിയ ഉണ്ണികൃഷ്ണന്‍ പറഞ്ഞു...

വല്ലാത്തൊരു നോവായിപ്പോയല്ലോ മാഷേ

puTTuNNi പറഞ്ഞു...

സ്മിത, കാന്താരിക്കുട്ടി, ശ്രീ, പ്രിയ - വളരെ നന്ദി.

അനില്‍ ആദിത്യ പറഞ്ഞു...

നന്നായിട്ടുണ്ട് മാഷേ!!! എല്ലാം കച്ചവട കണ്ണിലൂടെ കാണുന്ന മാള് സംസ്കാരത്തില് പാര്ശ്വവല്ക്കരിക്കപ്പെടുന്നവരുടെ കൂട്ടത്തില് മനസുകൊണ്ടെങ്കിലും പലപ്പോഴും നമ്മളുമില്ലേ എന്ന് തോന്നി പോകുന്നു.

Unknown പറഞ്ഞു...

valare touching aayirunnu

puTTuNNi പറഞ്ഞു...

ശ്യാം, സംഗീത - വളരെ നന്ദി.
അനില്‍, യു ആര്‍ റൈറ്റ്.

Rajesh Shenoy പറഞ്ഞു...

നന്നായി. തമാശകള്‍ വിട്ടു സീരിയസ്സായി അല്ലെ? ങം. ഇനീം പോരട്ടെ ഇതു പോലെ നല്ലത് കുറെ എണ്ണം.

വിരല്‍ത്തുമ്പ് പറഞ്ഞു...

നല്ല തീം.... തുറന്ന് എഴുതുക ഇനിയും....
http://viralthumbu.blogspot.com/