2008, മാർച്ച് 25, ചൊവ്വാഴ്ച

പുളിങ്കറി

"ഇന്നെന്താ കറി"

ഓഫീസില്‍ നിന്നും വീട്ടില്‍ വന്നിട്ട് രണ്ടു മണിക്കൂര്‍ ആയിട്ടും ഒരു തുള്ളി വെള്ളം പോലും തരാതെ എന്നെ ഒരു മൂലക്കിരുത്തിയ ഭാര്യയോട് ഞാന്‍ ചോദിച്ചു.

"പുളിങ്കറി"

അയ്യോ... ഇന്നും പുളിങ്കറി. ആദ്യരാത്രി, ഇഷ്ടമുള്ള കറി ഏതാണെന്ന് ചോദിച്ചപ്പോള്‍ പുളിങ്കറി ആണ് എന്ന് പറഞ്ഞതിനു, സ്ഥിരമായി കിട്ടുന്ന ശിക്ഷ. കെട്ടണ സമയത്ത് കുക്കിംഗ് സ്കില്‍സ്‌ ഒക്കെ ഒന്നു ചോദിച്ചു വിലയിരുത്തേണ്ടതായിരുന്നു. അക്കാലത്ത് മനപ്പൊരുത്തം മാത്രം മതി, സ്ത്രീധനവും പെണ്ണിന്റെ കഴിവുകളും ഒന്നും നോക്കണ്ട എന്ന് പറഞ്ഞ് വെറുതെ ആദര്‍ശവാദി ആയി

"മനുഷ്യാ, പുളി കഴിഞ്ഞു. നിങ്ങളെപ്പോഴാ കടയില്‍ പോണത്?"

എന്റമ്മേ, ഇനി കടയിലും പോണോ? വിശന്നിട്ടു കുടല്‍ കരിയുന്നു.

"പുളിങ്കറി ഇന്നു തന്നെ വേണോ? നീ വല്ല ചമ്മന്തിയോ മറ്റോ ഉണ്ടാക്ക്"

"അതൊന്നും എന്നെ കൊണ്ടൊക്കത്തില്ല. ഈ ആഴ്ച പ്രൊജക്റ്റ് സബ്മിറ്റ് ചെയ്യണം. ഇന്നു കഴിഞ്ഞാല്‍ നാളെ മുതല്‍ ഞാന്‍ മുഴുവന്‍ സമയവും കമ്പ്യൂട്ടറിന്റെ മുമ്പില്‍ ആയിരിക്കും. പുളിങ്കറി ആയാല്‍ രണ്ടു മൂന്നു ദിവസം നിങ്ങള്‍ കഴിക്കൂല്ലേ?"

നാളെ അത് ചളമായ ചളിങ്കറി, മറ്റന്നാള്‍ വളിച്ച വളിങ്കറി.... അടുത്ത ഒരാഴ്ച ഇനി അത് തന്നെ എന്ന് വിചാരിച്ചതാണ്. ഭാഗ്യം, ഇപ്രാവശ്യം ഇവള്‍ ഇതു മൂന്നു ദിവസത്തേക്കേ ടാര്‍ഗറ്റ് ഇട്ടിട്ടുള്ളൂ.

"ഏതു പ്രൊജക്റ്റ്? കഴിഞ്ഞ ആഴ്ച്ചയല്ലേ ആ ബീനയും രാധികയും മരഗതവല്ലിയും ഇവിടെ കയറി നിരങ്ങി ഡാറ്റാബേസ് പ്രൊജക്റ്റ് ചെയ്തത്. ഈ ആഴ്ച ഇനി എന്ത്?"

"അത് കഴിഞ്ഞു. ഈ ആഴ്ച വെബ് ഡിസൈന്‍ ആണ് പ്രൊജക്റ്റ്"

"എവിടെയാ ഇപ്രാവശ്യം പ്രൊജക്റ്റ്, നമ്മുടെ വീട്ടില്‍ അല്ലല്ലോ?"

ഇവരൊക്കെ കൂടി രാത്രി മുഴുവന്‍ ബ്യൂട്ടി ക്രീമും, ലേറ്റസ്റ്റ് ചുരിദാര്‍ ഡിസൈനും ഒക്കെ ചര്‍ച്ച ചെയ്തും, ഭൂലോക പരദൂഷണം പറഞ്ഞും ഡാറ്റാബേസ് പ്രൊജക്റ്റ് ചെയ്ത്, എന്റെ ഉറക്കം ഗംബ്ലീറ്റ് കുളമാക്കിയ കഴിഞ്ഞ ആഴ്ച എങ്ങിനെ ഞാന്‍ മറക്കും..

"നിങ്ങള്‍ക്കെന്താ പ്രശ്നം. ഇവിടെ തന്നെ. നമ്മടെ 2 ബെഡ്റൂം അപ്പാര്‍ട്ട്മെന്റ് അല്ലേ? അവരുടെ ഒക്കെ 1 ബെഡ്റൂം അല്ലേ?"

"പ്രശ്നം ഒന്നൂല്ല്യ, കഴിഞ്ഞ ആഴ്ചത്തെ സെറ്റ് പെണ്ണുങ്ങള് തന്നെയാണോ വരണത്?

"അതെ, ഇപ്രാവശ്യം അശ്വതി കൂടെ ഉണ്ടാകും"

"കൊള്ളാം. കാക്കക്കൂട്ടത്തില്‍ ഒരാള് കൂടി, കലപില കൂട്ടാന്‍" ഇതു മനസ്സില്‍ വിചാരിച്ചു.. പക്ഷെ പറഞ്ഞില്ല.

"ഏതാ ഈ അശ്വതി. ഇതുവരെ ഇവിടെ വന്നിട്ടില്ലല്ലേ?"

"രേവതീടേം ഭരണീടേം ഇടയിലുള്ള അശ്വതി. ഒന്നു പോ മനുഷ്യാ, വിഷയം മാറ്റാതെ. എപ്പോഴാ പുളി വാങ്ങാന്‍ പോണത്?"

പെണ്ണ് കാണാന്‍ പോയ ദിവസം, കാലിന്റെ ചെറുവിരല്‍ കൊണ്ടു നിലത്തു വട്ടം വരച്ച് നാണിച്ച് നിന്നിരുന്ന കക്ഷി ആണ് ഇപ്പോള്‍ എന്റെ തലയില്‍ കയറി നിന്ന് വട്ടം വരക്കുന്നത്‌. ഹയര്‍ സ്റ്റഡീസ് ഒക്കെ കഴിഞ്ഞ പെണ്ണിനെ കെട്ടിയാ മതിയായിരിന്നു. കെട്ടിക്കഴിഞ്ഞ് പഠിപ്പിക്കാന്‍ വിടുകയും വേണം, എന്നിട്ട് അവള്‍ടെ വായിലിക്കുന്നത് കേള്‍ക്കുകയും വേണം. ഗതികേട്, വിധി, യോഗം, ഇതൊക്കെ ഓരോ ടൈംസ് എന്നൊക്കെ മനസ്സില്‍ വിചാരിച്ച് സ്വയം ആശ്വസിപ്പിച്ച് പുറത്തിറങ്ങി, പുളി വാങ്ങാന്‍....

************

ഒരുകാലത്ത് പുളിയും പുളിങ്കറിയും എന്ന് വച്ചാല്‍ ജീവനായിരുന്നു. പുളിങ്കറി കൂട്ടി രണ്ടു ചെമ്പു ചോറുണ്ണാന്‍ പറഞ്ഞാലും, "ഇത്ര ചോറേ ഉള്ളൂ" എന്ന് ചോദിച്ചിരുന്ന കാലം. സഹധര്‍മ്മണനായ എന്നെ സ്നേഹിച്ചു സ്നേഹിച്ചു പുളിങ്കറിയും ചോറും സ്ഥിരമായി തീറ്റിപ്പിച്ച്, സഹധര്‍മ്മിണി പുളിങ്കറിയോടുള്ള എന്റെ ആക്രാന്തം കുറച്ചു തന്നു.

എങ്കിലും പുളി എന്ന് കേള്‍ക്കുമ്പോള്‍ വായില്‍ കപ്പലോടും. കൂടാതെ, നാട്ടില്‍ എനിക്ക് പുളിക്കള്ളന്‍ എന്ന പേരു നേടിത്തന്ന ഒരു പബ്ലിക് സ്വോര്‍ഡിനെയും, വീടിന് മുമ്പിലെ അമ്പലത്തിന്റെ തെക്കു ഭാഗത്ത് ഉള്ള മനക്കലെ പുളിമരങ്ങളെയും, ഓര്‍മ്മ വരും.

മനക്കലെ കുഞ്ഞൂട്ടന്‍ നമ്പൂതിരി, എല്ലാ കൊല്ലവും പുളി ഉണ്ടാകുന്നതിനു മുമ്പ് തന്നെ പറമ്പിലെ പുളിമരങ്ങളില്‍ ഉണ്ടാകാന്‍ പോകുന്ന പുളിയൊക്കെ മത്തായി മാപ്ലക്ക് വിറ്റിരിക്കും. പുളി പറിക്കാന്‍ എത്തുമ്പോള്‍ മത്തായി മാപ്ല നിരാശന്‍. പുളി പോയിട്ട്‌ പുളിയുറുമ്പ് പോലും മരത്തില്‍ ഉണ്ടാകാറില്ല. ഉള്ള പുളിയെല്ലാം നാട്ടിലെ പുള്ളാരുടെ പള്ളയില്‍ എത്തിയിരിക്കും.

കുഞ്ഞൂട്ടന്‍ നമ്പൂതിരിക്ക് വേലി ചാടി ഓടാന്‍ ഉള്ള കഴിവ് കുറവായതിനാല്‍, എത്ര ഇന്‍സ്റ്റന്റ് അറ്റാക്ക്‌ ഉണ്ടായാലും, പുളിയും വാരി ട്രൌസറിന്റെ പോക്കറ്റിലിട്ടു ഓടാന്‍ ഇഷ്ടം പോലെ സമയം. അവസാനം ഞങ്ങളെ ഒതുക്കാന്‍ കുഞ്ഞൂട്ടന്‍ നമ്പൂതിരി വാടകഗുണ്ടയെ ഇറക്കി. കൊട്ടേഷന്‍ കൊടുത്തു. ഗുണ്ടയാണെങ്കില്‍, വാളിനെക്കള്‍ മൂര്‍ച്ചയുള്ള കത്തി വയ്ക്കുന്ന, അറുപതു വയസ്സായ ശിവശങ്കര “പൊതുവാള്‍” എന്ന “പബ്ലിക് (പൊതു) സ്വോര്‍ഡ് (വാള്‍)”.

ഒരു ദിവസം വളരെ ശാന്തരായി, ആരെയും പ്രകോപിപ്പിക്കാതെ പുളി പറിച്ചിരുന്ന ഞങ്ങളെ നേരിടാന്‍ കുഞ്ഞൂട്ടന്‍ നമ്പൂതിരി മെല്ലെ മെല്ലെ അടുത്ത് വന്നു. നമുക്കോ നിസ്സാര ഭാവം. ഇങ്ങേരു എന്ത് ചെയ്യാന്‍. എങ്കിലും ഞങ്ങള്‍ പുളികളെ ട്രൌസര്‍ പോക്കറ്റിലേക്ക് ലോഡ് ചെയ്ത് തുടങ്ങി.. റെഡി ടു ടേക്ക് ഓഫ് അറ്റ്‌ എനി ടൈം.

അപ്പോഴതാ നമ്മുടെ പൊതുവാള്‍ മനക്കലെ വളപ്പില്‍, കുഞ്ഞൂട്ടന്‍ നമ്പൂതിരിയുടെ പുറകില്‍ വരുന്നു. "ഈ കിളവന്‍ എന്ത് ചെയ്യാന്‍" എന്ന് എല്ലാരും ഒരേ സ്വരത്തില്‍ പറഞ്ഞു. എങ്കിലും ഞങ്ങള്‍ നാല് പേര്‍ക്ക് നേരെ രണ്ടു പേര്‍ എന്നത് ഇത്തിരി മനോധൈര്യം കുറച്ചു. എല്ലാരും മരത്തില്‍ നിന്നും ചാടിയിറങ്ങി, വേലിയുടെ അടുത്ത് വരെ നടന്ന് അവിടെ നിന്നു. പിന്നെ സ്ഥിരമായ കലാപരിപാടി തുടങ്ങി. വേലി ചാടാന്‍ പറ്റാത്ത കുഞ്ഞൂട്ടന്‍ നമ്പൂതിരിയെ വേലി ചാടിക്കാനുള്ള വെല്ലുവിളി.. "ആണാണേല്‍ ചാടെടാ" എന്ന രീതിയില്‍..

ഞങ്ങടെ വെല്ലുവിളി പൊതുവാള്‍ സ്വീകരിച്ചു.

സിക്സ്റ്റി ഇയര്‍ ഓള്‍ഡ് പൊതുവാള്‍ റാണ്‍ ലൈക്ക് എ സിക്സ്ടീന്‍ ഇയര്‍ ഓള്‍ഡ്.. ഞങ്ങള്‍ടെ മുമ്പിലൂടെ ഓടി, ഞങ്ങളെ തൊടാതെ വേലി ചാടി. ഷോക്ക്‌ അടിച്ച പോലെ നിന്ന ഞങ്ങള്‍ക്ക്, ഞങ്ങളെ ഒന്നും ചെയ്യാതെ പൊതുവാള്‍ വേലി ചാടിയതിന്റെ ഗുട്ടന്‍സ് പിടി കിട്ടിയില്ല. പക്ഷെ പത്തു സെക്കന്റിനുള്ളില്‍ എല്ലാം വ്യക്തമായി. ഒരുവശത്ത് പൊതുവാളും വേലിയും മറുവശത്ത് കുഞ്ഞൂട്ടന്‍ നമ്പൂതിരിയും. കള്ളന്മാരാണെങ്കിലും, അംജദ് ഖാന്റെ തടങ്കല്‍ പാളയത്തില്‍ പെട്ട അവസ്ഥ.

ഇത്രയും കാലം പുളി പോയ നമ്പൂതിരി പുളിയെക്കാള്‍ പുളിയുള്ള വാക്കുകള്‍ കൊണ്ടു ഞങ്ങളെ ശകാരിച്ചു. "അടിക്കാന്‍ സമയമായി" എന്ന നമ്പൂതിരിയുടെ വാക്കുകളെ കാത്തുകൊണ്ട്‌ പൊതുവാള്‍ കയ്യും കെട്ടി നിന്നു. ഞങ്ങള്‍ക്കും പൊതുവാളിനും ഇടയ്ക്ക് ഒരു മൂക സാക്ഷി പോലെ വേലിയും...

ശകാരത്തിന്റെ പുളിവെള്ളാഭിഷേകം മതിയായി എന്ന് തോന്നിയപ്പോള്‍, നമ്പൂതിരി പൊതുവാളിനോട് പറഞ്ഞു,

"പൊതുവാളേ, നല്ല പെട അങ്ങട് കൊടുക്കാ, നോം തൊട്ണില്ല ഈ വര്‍ഗ്ഗങ്ങളെ"

എന്നിട്ട് ഞങ്ങളെയും വേലിയെയും നോക്കി

"ചാടടാ കുരങ്ങന്മാരെ"

ഇത്രയും നാള്‍ കണ്ണടച്ചു ചാടാമായിരുന്ന വേലി അപ്പോള്‍ ഒരു ചൈനീസ് വന്മതില്‍ പോലെ തോന്നി. നമ്പൂതിരിയുടെ പുളിവെള്ളാഭിഷേകത്തിന് പിന്തുണയെന്ന പോലെ ഭയം കൊണ്ടുണ്ടായ മൂത്രാഭിഷേകത്തില്‍ കാലുകള്‍ കുതിര്‍ന്ന് ബലം കുറഞ്ഞു വിറച്ചു തുടങ്ങി. പൊതുവാള്‍ വീണ്ടും മനപ്പറമ്പിലേക്ക് ചാടി ഞങ്ങളെ പുറത്തേക്ക് ഇട്ടതിന് ശേഷം വളരെ ഡീസന്റ് ആയി പെരുമാറി. ഇതൊക്കെ കണ്ടു രസിച്ചു നില്‍ക്കണ കുഞ്ഞൂട്ടന്‍ നമ്പൂതിരി വീണ്ടും ചീത്ത വിളിച്ചു

"പൊതുവാളേ, വിടരുത് ഈ കള്ളന്മാരെ"

"വെറും കള്ളന്മാരല്ല തിരുമേനി, അസ്സല് പുളിക്കള്ളന്മാരാ ഇവറ്റകള്‍"

അന്ന് തല്ലിയ പൊതുവാളിനെ, നന്നാവാന്‍ തല്ലിയ അനവധി ആള്‍ക്കാരുടെ കൂട്ടത്തില്‍ പെടുത്തുന്നു. മോഷണം നിര്‍ത്താനും ഭാവിയില്‍ ഗോതമ്പുണ്ട തിന്നാതിരിക്കാനുമുള്ള സാധ്യതകള്‍ കുറച്ചു തന്ന തല്ലല്ലേ അത്?

************

കുഞ്ഞൂട്ടന്‍ നമ്പൂതിരിയുടെ ശാപമാണ് ഈ പുളിങ്കറി ശിക്ഷ എന്നോര്‍ത്ത്, പുളിയും വാങ്ങി വീട്ടിലെത്തി. വാതില്‍ തുറക്കുമ്പോള്‍ വീട്ടില്‍ ഒരു കാക്കക്കൂട്ടം. ബീനയും രാധികയും മരഗതവല്ലിയും അശ്വതിയും എത്തിയിട്ടുണ്ട്. ച്ചെടാ, നാളെ വരുമെന്ന് പറഞ്ഞിട്ടു ഇവളുമാര് ഇന്നു തന്നെ എത്തിയോ? സഹധര്‍മ്മിണി, അശ്വതിയെ പരിചയപ്പെടുത്തി. ആളുടെ രൂപവും വലിപ്പവും കണ്ടാല്‍ രേവതിയുടെയും ഭരണിയുടെയും ഇടയിലുള്ള അശ്വതി എന്നല്ല, രേവതിയുടെയും അശ്വതിയുടെയും അപ്പുറത്തുള്ള ഭരണി എന്നേ പറയൂ.. പരിചയപ്പെടുത്തലും ബാക്കി ഉള്ളവരോട് അങ്ങോട്ടുമിങ്ങോട്ടും "ഹായ്, ഹൌ ആര്‍ യു, നൈസ് ടു മീറ്റ് യു, (2 ദിവസം മുമ്പ് കണ്ടതാണെങ്കിലും) ലോങ്ങ് ടൈം നോ സീ " ഒക്കെ പറഞ്ഞു കഴിഞ്ഞു .

സഹധര്‍മ്മിണി മന്ദം മന്ദം അടുത്ത് വന്നു.

"അതേയ്, ഇവരൊക്കെ ഇന്നു തന്നെ വന്നു. ഇന്നിനി പുളിങ്കറി ഉണ്ടാക്കാനുള്ള സമയവുമില്ല, മൂടും ഇല്ല. നിങ്ങള് പോയി, രണ്ടു ലാര്‍ജ്...."

"നിങ്ങള്‍ അപ്പോള്‍ ഇന്നു രാത്രി വെള്ളമടി പാര്‍ട്ടി ആണോ?"

"തോക്കില്‍ കയറി വെടി വയ്ക്കാതെ, മനുഷ്യാ. വെള്ളമല്ല. രണ്ടു ലാര്‍ജ് pizza വാങ്ങി കൊണ്ടുവരാമോ?"

വീണ്ടും പുറത്തേക്ക്... കാലി വയറുമായി... പിസ്സയെ തേടി..

എങ്കിലും ഇനി രണ്ടു ദിവസം ചളിങ്കറിയും വളിങ്കറിയും തിന്നാതെ കഴിഞ്ഞല്ലോ..

************

പുളിങ്കറി തിന്നണ്ടോനെ പിസ്സ തീറ്റിച്ചു... തല്‍കാലം, അത്യുന്നതങ്ങളില്‍ ദൈവത്തിനു സ്തുതി.

15 അഭിപ്രായങ്ങൾ:

Manoj | മനോജ്‌ പറഞ്ഞു...

എന്റെ പുട്ടൂസേ, പുളിങ്കറി - വളങ്കറി ഇതിഹാസമൊക്കെ പരസ്യമായെഴുതി വച്ചാ‍ല്‍ പെണ്ണെഴുത്തുകാര്‍ പിടികൂടി പരസ്യമായി വിചാരണ ചെയ്യും! ജാഗ്രതൈ! :)

ശ്രീ പറഞ്ഞു...

പുളിങ്കറി വിശേഷം ചിരിപ്പിച്ചു മാഷേ...
(സഹധര്‍മ്മിണി ഇതെങ്ങാനും വായിച്ചാല്‍ ഇനി അടുത്ത ഒരാഴ്ച വളിങ്കറി അല്ല, പുളിങ്കറി തന്നെ കൂട്ടേണ്ടി വരുമെന്ന കാര്യം മറന്നിട്ടില്ലല്ലോ അല്ലേ?)
;)

konchals പറഞ്ഞു...

ഹ ഹ ഹ.....

ഇനി അടുത്ത ഒരു മാസത്തേക്കു പുളിങ്കറി തന്നെ ആവും നോക്കിക്കൊ.

ഒരു വിദ്ധ്യാര്‍ഥിയായ പാവം ഭാര്യയുടെ കഷ്ടപാടുകള്‍ ആര്‍ക്കു മനസ്സിലാവാന്‍,ഇതെങ്കിലും ഒക്കെ കിട്ടുന്നില്ലേ, അല്ലാ പിന്നെ...
(ഞാനും ഈ കാറ്റഗറി ആണേ.ഹ ഹ)

പ്രിയ ഉണ്ണികൃഷ്ണന്‍ പറഞ്ഞു...

പുളിങ്കറിപുരാണം രസിച്ചു.

ഒരൂസത്തെ ഫുഡ് അടുത്തദിവസം കൂട്ടുന്ന പരിപാടിയേ ഇല്ല എനിക്ക്. സാരല്ല്യ പാവല്ലേ നല്ലപാതി.

ഞാനുമൊരു പുളിങ്കറി ഫാനാ

puTTuNNi പറഞ്ഞു...

മനോജ്, ശ്രീ, കൊഞ്ചല്‍സ്, പ്രിയ - വായിച്ചുകമന്റിയതിനു താങ്ക്സ്

മനോജ്.. ജാഗ്രതയോടെ ഇരിക്കാം. കണ്ടാലും പറയരുത്.

ശ്രീ, ഇതുവരെ പറഞ്ഞിട്ടില്ല, സഹധര്‍മിണി അറിഞ്ഞിട്ടില്ല. തല്ക്കാലം രക്ഷപ്പെട്ടിരിക്കുന്നു.

കൊഞ്ചല്‍സ്, ഒരു മാസം പുളിങ്കറി എന്ന വയറ്റില്‍ കുത്തണ വര്‍ത്താനം പറയരുത്... ഒരേ കാറ്റഗറി ആണേല്‍ കൊഞ്ചല്‍സിന്റെ കമന്റ് വേഗം ഡിലീറ്റണല്ലോ, അല്ലേല്‍ എന്റെ സഹധര്‍മ്മിണിയും കൊഞ്ചല്‍സും കൂടി എനിക്കിട്ടു പാര പണിയുമോ?

പ്രിയ, നല്ല പാതി പാവം താന്‍. കെട്ടിയ അന്ന് തൊട്ടു പുളിങ്കറി കാരണം മസിലൊക്കെ ഒന്നു പുഷ്ടിപ്പെട്ടു, വയറിന്റെ ഭാഗത്ത് മാത്രം. ഒരു പുളിങ്കറി ഫാന്‍ കൂടി...!!!!!!

Nishedhi പറഞ്ഞു...

കേരളീയസദ്യയില്‍ വരുത്തന്‍ സാമ്പാറുള്ളതുകൊണ്ട്‌ പുളിങ്കറിയ്ക്‌ സ്ഥാനമില്ല! പക്ഷെ നല്ല പുളിങ്കറി സാമ്പാറിനേയും വെട്ടും. ചേന്ദമംഗലം പുളിങ്കറി പ്രശസ്തമാണട്ടോ. മിസ്സിങ്ങ്‌ കടച്ചക്ക പുളിങ്കറി.. കല്യാണവീടുകളില്‍ സദ്യയുടെ തലേന്ന് വയ്ക്കുന്ന വെട്ടുപുളിങ്കറിയുടെ സ്വാദ്‌ ഓര്‍ക്കുമ്പോള്‍ കൊതി വരുന്നു! എല്ലാം ഓര്‍മ്മിപ്പിച്ചതിനു നന്ദി!

Unknown പറഞ്ഞു...

സന്തോഷേ...
ഞാന്‍ ഒന്ന് പാര വച്ചാലോ..
ബെസ്റ്റ് halfinittu പാര വച്ചാല്‍ ഞങ്ങള്‍ ഒക്കേ കൂടി union ഉണ്ടാക്കും ട്ടോ....
എന്തായാലും നല്ല രസം ഉണ്ട്..വായിക്കാന്‍...അതുകൊണ്ട് ഇപ്പ്രാവശ്യം ക്ഷമിച്ചു...

puTTuNNi പറഞ്ഞു...

നിഷേധി, നിങ്ങള്‍ പറഞ്ഞതൊക്കെ പുതു അറിവ്.. ഒന്നും നിഷേധിക്കുന്നില്ല. നന്ദ്രി.
സൌദ, വായിച്ചു കമ്മന്റിയതിനു താങ്ക്സ്.. പാര വച്ച് കിട്ടുന്നതും കൂടി ഇല്ലാതാക്കരുത്.

puTTuNNi പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
അനില്‍ ആദിത്യ പറഞ്ഞു...

കാര്യം പി.ജെ.ജോസഫ്‌ കുഞ്ഞാലിക്കുട്ടിക്കു സപ്പോറ്‍ട്ട്‌ പ്രഖ്യാപിക്കുന്നതു പോലാണെങ്കിലും മുന്‍പ്‌ എനിക്കു തന്ന ഫുള്ള് സപ്പോറ്‍ട്ടില്‍ നിന്നും ഒരു പൈന്റ് സപ്പോറ്‍ട്ട്‌ ഞാന്‍ തിരിച്ചു നല്‍കുന്നു. പുരുഷാവകാശവേദിയുടെ അമേരിക്കന്‍ ചാപ്റ്ററിനെ കുറിച്ചു ഈ അവധിക്കു വരുമ്പോള്‍ ഒരു തീരുമാനമാക്കണം പുട്ടുണ്ണി.അല്ല പിന്നെ ഈ ഭാര്യമാര് ഇങ്ങനെ തുടങ്ങിയാലെന്തു ചെയ്യും ???നമുക്കും ചോദിക്കാനും പറയാനുമൊക്കെ ആളുണ്ടെന്നു ഇവരും അറിയട്ടെ !!!അപ്പ പിന്നെ നാട്ടില് വരുമ്പോള് വിളിക്കുമല്ലോ ????

അജ്ഞാതന്‍ പറഞ്ഞു...

ആദ്യമായാണിവിടെ... പുട്ടുണ്ണി... കൊള്ളാംട്ടോ.. ബോറഡി തീരെയില്ലാ, രസമുണ്ട് വായിക്കാന്‍..

ഞാനും ഒരു പുളിങ്കറി ഫാനാണേ....

- സന്ധ്യ :)

അജ്ഞാതന്‍ പറഞ്ഞു...

നല്ല രസം ഉണ്ട് വായിക്കാന്‍...
ഇനിയും എഴുതണേ............

(വൃന്ദ)

puTTuNNi പറഞ്ഞു...

അനിലേ, പൈന്റിനു താങ്ക്സ്‌. നമുക്കു സംഘടിക്കാം, ഒരുമിച്ചു പോരാടാം.
സന്ധ്യ, സ്വാഗതം & നന്ദ്രി. പുളിങ്കറി കി ജയ്..
വൃന്ദ, താങ്ക്സ്‌. ഇടക്കൊക്കെ ഈ വഴിയിലൂടെ വീണ്ടും വരിക..

കടവന്‍ പറഞ്ഞു...

ആദ്യമായാണിവിടെ... പുട്ടുണ്ണി... കൊള്ളാംട്ടോ.. ബോറഡി തീരെയില്ലാ, രസമുണ്ട് വായിക്കാന്‍..OUR KYA

കടവന്‍ പറഞ്ഞു...

വളിങ്കറി...എന്നതിലെ"ങ്ക"ക്ക് പകരം "ക്ക"യാകാഞ്ഞത് ഫാക്യം.....:-)