2015, ഓഗസ്റ്റ് 25, ചൊവ്വാഴ്ച

മാറ്റങ്ങൾ - 3
===========

(മാറ്റങ്ങൾ - 2 http://puttunni.blogspot.com/2015/08/2.html
മാറ്റങ്ങൾ - http://puttunni.blogspot.com/2015/08/blog-post_23.html)

പിറ്റേന്ന് രാവിലെ ആ കുട്ടികളുടെ വീട്ടിലേക്കു തമ്പുരാൻ യാത്രയായി. അകലെ നിന്ന് തന്നെ വിസ്താരമുള്ള പടിവാതിലിനിടയിലൂടെ അവരുടെ വലിയ പൂക്കളം കണ്ടു. ഓറഞ്ചും മഞ്ഞയും ഒക്കെയായി നല്ല ഒരു പൂക്കളം.

"ഹാവൂ, കുട്ടികൾക്കെങ്കിലും ഇപ്പോഴും ഇതിലൊക്കെ താല്പര്യമുണ്ട്" എന്ന് ആശ്വസിച്ചു ഒന്ന് മൂളി. അങ്ങോട്ട്‌ നടന്നു.

കുട്ടികൾ ഇപ്പോഴും പൂക്കളം പൂർത്തിയാക്കിയിട്ടില്ല.

"നല്ല പൂക്കളം. നിങ്ങള്ക്ക് നല്ലത് വരും. ഇന്നലെ ഇരുട്ടായിട്ടും നിങ്ങൾ പൂക്കൾ പറിക്കാൻ നടക്കുകയായിരുന്നില്ലേ??

"എന്തൂട്ട്... പൂ പറിക്ക്യെ? ഞങ്ങള് പൂ വാങ്ങാൻ പൂവായിരുന്നു"

"പൂ വാങ്ങ്വെ? അപ്പൊ ആ ഓറഞ്ചു കളർ പൂവേതാ?"

"അത് പൂവല്ല. ഉപ്പില് കളർ ഇട്ടതാ?"

"ങേ..? അപ്പൊ ആ മഞ്ഞയോ?"

"അതും ഉപ്പാ"

"അപ്പൊ ഇതിൽ ഇതാ പൂവ്?"

"നടുക്കിരിക്കണ ചെമ്പരത്തി ഒറിജിനലാട്ടാ"

"അപ്പൊ ഇന്നലെ പൂ വാങ്ങാൻ എന്ന് പറഞ്ഞിട്ട്.. . ഉപ്പാണോ വാങ്ങിയത്?"

"പൂ വാങ്ങാനാ പോയത്. ഭയങ്കര കാശ്. അപ്പൊ ഞങ്ങള് ഉപ്പിലൊതുക്കി. സെയിം ഉപ്പോണ്ട് ഇനി ബാക്കി ദിവസം ഒക്കെ കളം ഇടാം"

"എന്തായീ കേൾക്കണേ. ഇതൊന്നും ശരിയല്ല കുട്ടികളെ"

കുട്ടികൾക്ക് ദേഷ്യം വന്നു തുടങ്ങി..

"കുറെ നേരായല്ലോ അമ്മാവൻ.. എന്താ പ്രശ്നം? നിങ്ങൾക്കെന്താ പ്രശ്നം?"

"അല്ല ഞാൻ..."

"നിങ്ങളെ ഇവട്യോന്നും കണ്ടിട്ടില്ല്യല്ലോ. നിങ്ങളാരാ ഗഡി?"

"ഞാൻ സാക്ഷാൽ മഹാബലി തമ്പുരാൻ. ഇപ്രാവശ്യം കുറച്ചു നേരത്തെ വന്നൂന്ന് മാത്രം"

"വെറുതെ വിടല്ലേട്ടാ. മഹാബല്യാണെങ്കി ഇതിലും വലിയ കുമ്പ വേണല്ലോ.  അല്ലേടാ?" എന്ന് ഒരു കുട്ടി മറ്റേ കുട്ടിയോട്.

"അല്ല മക്കളേ.. ഞാൻ തന്നെ ശരിക്കും ഉള്ള മഹാബലി. എനിക്ക് വലിയ കുമ്പയൊന്നും ഇല്ല. നിങ്ങളൊക്കെ കൂടി എന്നെ അങ്ങനെ ആക്കി. ഇപ്പൊ കുമ്പയില്ലാത്ത എന്നെ ആർക്കും മനസ്സിലാവുന്നില്ല".

"നിങ്ങള് ശരിക്കും മഹാബല്യാണെങ്കിൽ എന്ത്നാ നേരത്തെ വന്നെ? ഇനി രണ്ടീസം കൂടീല്ലേ ഓണത്തിന്"

"പ്രജകളെ കാണാനുള്ള ഒരു തിടുക്കം.. അതുകൊണ്ട് നേരത്തെ വന്നതാ"

കുട്ടികൾ അമ്മയെ വിളിച്ചു

"അമ്മേ, ഈ നിക്കണ അമ്മാവൻ മഹാബലി ആണ് ന്ന്. ഉപ്പോണ്ട് ള്ള പൂക്കളം കണ്ടിട്ട് ഇഷ്ടായില്ലാന്ന്"

ഉടനെ സാമ്പാർ ഇളക്കുന്ന കയിലും പിടിച്ച് അമ്മ പുറത്തെത്തി... മൊഴിഞ്ഞു..

"വരണ്ട സമയത്ത് അല്ല വരണേ ന്നു വച്ചാ കാണാൻ പാടില്ലാത്തതൊക്കെ കാണും ട്ടാ. മര്യാദക്ക് പാതാളത്തിലന്നെ ഇരുന്നാ മത്യാർന്നില്ല്യെ?".

കുട്ടികൾ തുടർന്നു...

"പിന്നെ ഒരു കാര്യം മുമ്പന്നെ പറയാം.. ഞങ്ങക്ക് ടൈം ഒന്നും ഇല്ല.  ഞങ്ങൾക്ക് ലോഹം കാണാൻ പോണം. മോർണിംഗ് ഷോ. വേഗം സ്ഥലം കാല്യാക്കിക്കോ."

കുട്ടികൾ വീടിനുള്ളിലേക്ക് ഓടിപ്പോയി...

"എന്താണീ ലോഹം?" തമ്പുരാനമ്പരന്നു.

-----

തമ്പുരാൻ ആ വീടിനു വെളിയിൽ നിന്നു. കുറെ കഴിഞ്ഞപ്പോൾ കുട്ടികൾ പുറത്തിറങ്ങി. അവർ കാണാതെ അവരെ പിൻതുടർന്നു. എന്ത് ലോഹമാണെന്നറിയാൻ.

കുട്ടികൾ ആൾക്കൂട്ടമുള്ള ഒരു സ്ഥലത്തേക്ക് കയറി. അവിടെ രാംദാസ് തിയറ്റർ എന്നെഴുതിയിരുന്നു. കൂളിംഗ് ഗ്ലാസും വച്ച് പിരിച്ച മീശയുമായി ഒരാളുടെ വലിയൊരു പടവും...

തമ്പുരാൻ അതിലെ വന്നിരുന്ന ഒരു വയസ്സായ ഒരാളോട് ചോദിച്ചു.

"എന്താ അവിടെ? ആരാ ഈ പടത്തിലെ ആള്?"

"ങേ? നിങ്ങളീ നാട്ടുകാരനൊന്നും അല്ലെ? അതാണ്‌ ലാലേട്ടൻ. ലാലേട്ടന്റെ പുതിയാ സിനിമയാ ലോഹം. അതിന്നാണ് തുടങ്ങുന്നത്"

"അല്ല ഞാനിപ്പോൾ ഈ നാട്ടുകാരനല്ല"

"നിങ്ങളീ നാട്ടുകാരനല്ലെങ്കിൽ പിന്നെ... ബംഗാളോ അതോ ഒറീസ്സയോ?"

"അല്ല അവിടൊന്നൊന്നുമല്ല. അയാളെ കണ്ടിട്ട് നിങ്ങളേക്കാൾ വളരെ ചെറുപ്പമാണല്ലോ. എന്നിട്ടെന്തിനാ അയാളെ ലാലേട്ടൻ എന്ന് വിളിക്കുന്നത്?"

"എന്ത് പറയാനാ... അയാളുടെ ശരിക്കും പേര് മോഹൻലാൽ. ലാലേട്ടൻ എന്ന് വിളിച്ചില്ലെങ്കിൽ അയാളുടെ ഫാൻസ്‌ അസോസിയേഷൻ പ്രവർത്തകർ തല്ലും.."

"നിങ്ങൾക്ക് ഈ ഒരേട്ടൻ മാത്രമേ ഉള്ളൂ?"

"അല്ല. പിന്നെ ഒരു ഇക്ക ഇണ്ട്. ഇവരെയൊന്നും പേര് വിളിക്കാൻ പാടില്ല... ഓണാന്ന് പറഞ്ഞിട്ടെന്താ കാര്യം. മഹാബലിയെക്കാൾ വലിയവരാ ഇവരൊക്കെ"

---

"മതിയായി. 'മാനുഷരെല്ലാം ഒന്നുപോലെ' എന്ന കാലമൊന്നുമല്ല ഇപ്പോൾ. ഉത്രാടം ആകുമ്പോഴേക്കും പാതാളത്തിൽ  തിരിച്ചെത്തണം. ഇനി മുതൽ പ്രജകളെ കാണാൻ വരുന്നില്ല" എന്ന് തീരുമാനിച്ച് തമ്പുരാൻ നടന്നു...

പോകുന്ന വഴിക്ക് ഒരു വലിയ വീട്ടിൽ ഒരു അമ്മ കുഞ്ഞിന് മഹാബലിയുടെ കഥ പറഞ്ഞു കൊടുക്കുന്നു.... കുഞ്ഞിനു 5 വയസ്സായിക്കാണും.

തമ്പുരാന് സന്തോഷം ആയി.
"ഒരു വീട്ടിലെങ്കിലും എന്നെ ഓർക്കാൻ ആളുണ്ടല്ലോ.. "

കഥ തീരാറായിരുന്നു. അമ്മ ഇങ്ങനെ പറയുകയായിരുന്നു..

"അങ്ങനെ മഹാബലിയുടെ തലയിൽ വാമനൻ കാൽ വച്ച് ഭൂമിക്കടിയിലേക്ക് ചവുട്ടി താഴ്ത്തി. എല്ലാ കൊല്ലവും കേരളത്തിലെ ജനങ്ങളെ ഒരിക്കൽ വന്നു കാണുവാൻ ഉള്ള ഒരു വരം മഹാബലിക്കു കിട്ടിയിരുന്നു. അങ്ങനെ എല്ലാ കൊല്ലവും വരുന്ന മഹാബലിയെ സ്വീകരിക്കുന്ന ആഘോഷം ആണ് ഓണം"

 "അമ്മേ.. ഒരു സംശയം"

"എന്താ മോനേ? ചോദിക്ക്"

"മഹാബലി ബാഹുബലീടെ ബ്രദർ ആണോ?"

"നിന്റെ ഒരു ബാഹുബലി. തോറ്റു..."

"അല്ലാ...ല്ലേ.. ബ്രദർ ആയിരുന്നെങ്കിൽ ബാഹുബലി വന്നു മഹാബലിയെ രക്ഷിച്ചേനേ"

അപ്പോൾ ശാസ്ത്രജ്ഞനായ അച്ഛന്റെ ശബ്ദം

"എടീ നിനക്ക് വല്ല വട്ടും ഉണ്ടോ? ഇമ്മാതിരി ഇല്ലാത്ത കഥകളൊക്കെ പറഞ്ഞ് കുട്ടികളെ പറ്റിക്കാൻ"

"അല്ല ചേട്ടാ.. ഓണം ഇല്ലാത്ത കഥയോ?"

"അതെ... നമ്മളെ നമ്മുടെ അച്ഛനമ്മമാർ ഇതൊക്കെ പറഞ്ഞ് പറ്റിച്ചു  എന്ന് കരുതി നമ്മളും അങ്ങനെ ചെയ്യണോ?"

"ചേട്ടാ?"

"എടീ കണ്ടത് മാത്രം വിശ്വസിക്കുക.. അല്ലാത്തതെല്ലാം  വെറും കെട്ടുകഥ മാത്രം".


---

ഇല്ല. ഞാനിനി ഇങ്ങോട്ടില്ല....

തമ്പുരാൻ നടന്നകന്നു... തിരിച്ചു പാതാളത്തിലേക്ക്‌....


(സൌകര്യങ്ങൾ കൂടുമ്പോൾ പണ്ടത്തെ അത്ര ഓണപ്പൊലിമ ഇപ്പോൾ കാണുന്നില്ലല്ലോ എന്നൊരു തോന്നൽ. എല്ലാ ആഘോഷവും ഒരു ഗെറ്റ് ടുഗതർ മാത്രമോ ഒരു സ്റ്റേജ് പ്രോഗ്രാമോ മാത്രം  ആയിപ്പോകുന്നുണ്ടോ? കൈ കൊട്ടി കളിയും, ചെറിയ സംഘങ്ങളുടെ കുമ്മാട്ടിയും പുലിക്കളിയും, സ്കൂൾ വിട്ടു വന്നാൽ പൂ പറിക്കാൻ പോകുന്നതും, ഒക്കെ  ഇല്ലാതാകുന്നത്, എന്തൊക്കെയോ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു  എന്ന് തോന്നിപ്പിക്കുന്നു...  പ്രത്യേകിച്ച് നാട്ടിൽ നിന്ന് ഇത്രയും ദൂരെ ഇരിക്കുമ്പോൾ...)













2015, ഓഗസ്റ്റ് 24, തിങ്കളാഴ്‌ച

മാറ്റങ്ങൾ - 2
===========

(മാറ്റങ്ങൾ ആദ്യഭാഗം ഇവിടെ... http://puttunni.blogspot.com/2015/08/blog-post_23.html )

കുട്ടപ്പന്റെ ചവുട്ട് കിട്ടി താഴെ വീണ മഹാബലി തമ്പുരാൻ ആകെ ഒന്ന് പരിഭ്രമിച്ചു. വരിയിൽ നിന്നും സ്ഥാനം പോകും എന്ന ഭയം കാരണം ആരും തമ്പുരാനെ എണീക്കാൻ സഹായിച്ചില്ല. തനിയെ എഴുന്നേറ്റ് നിന്ന് കുട്ടപ്പനോട് ചോദിച്ചു

"കുട്ടപ്പാ,  ഞാനാണ്  മഹാബലി. ഞാൻ നിന്നോട് എന്ത് തെറ്റ് ചെയ്തു?"

"മഹാബലിയായാലും ബാഹുബലിയായാലും നമുക്ക് പുല്ലാട്ടാ"

"അപ്പൊ എന്നെ ഒട്ടും മനസ്സിലായില്ലേ?

"ഡാ ഗഡി.. നിന്നെ എനിക്ക് മനസ്സിലായി. നീയാ വടക്കേലെ സോമനല്ലേ? കടം വാങ്ങിയ കാശ് ഇത് വര്യേം തരാറായില്ലെടാ? വേഗം സ്കൂട്ടാവാൻ നോക്കിക്കോ ട്ടാ. അല്ലെങ്കിൽ ഇനി പള്ളേല് ഒരെണ്ണം കൂടി കിട്ടും. "

പുറവും തടവി കുടയും എടുത്തു തമ്പുരാൻ വരിയുടെ ഏറ്റവും പിന്നിലെത്തി. അവിടെ നിൽക്കുന്ന ഒരാളോട് ചോദിച്ചു

"എന്തിനാ ഈ വരി? എന്താ എവിടെ നടക്കുന്നത്?"

"മനസ്സിലായില്ല്യേ? എല്ലാർടേം കയ്യില് പാത്രങ്ങള് കണ്ടില്ല്യേ? ഓണസദ്യ വാങ്ങാനുള്ള ക്യൂവാണ്. നിങ്ങള് മുമ്പ് ഓർഡർ ചെയ്ത്ണ്ടാ? കയ്യില് പാത്രങ്ങളും ഇല്ല്യല്ലോ?"

"തിരുവോണം ആയിട്ടില്ലല്ലോ? അപ്പോഴേക്കും ഓണസദ്യയോ?"

"ഇപ്പെന്തു ഓണം? അല്ല... എന്നും ഓണല്ലേ? ഹർത്താലുള്ള ദിവസൊക്കെ ശരിക്കും സദ്യന്നെ. ഓണത്തിന്റെ സമയത്ത് ആ സദ്യേനെ ഓണസദ്യ എന്ന് വിളിക്കുണൂ ന്നു മാത്രം"

"എന്നാലും ഓണസദ്യ വാങ്ങുകയോ? അതൊക്കെ എല്ലാവരും അവരുടെ വീടുകളിൽ ഉണ്ടാക്കണ്ടതല്ലേ?"

അത് കേട്ടതും അയാള് തമ്പുരാനെ ഒന്ന് അടിമുടി നോക്കി...

"ചേട്ടാ, സാക്ഷാൽ മഹാബലിക്ക് വരെ അറിയാം ഒരുത്തനും ഓണസദ്യ വീട്ടില് ഇണ്ടാക്ക്ണില്ല്യാ ന്ന്."

"അല്ല, ഒരു കറിയെങ്കിലും അല്ലെങ്കിൽ ഒരു പായസമെങ്കിലും വീട്ടില് ഉണ്ടാക്കിക്കൂടെ?"

"തന്റെ കെട്ട്യോള് വര്വോ? പായസം ഉണ്ടാക്കിത്തരാൻ?"

"ഛെ... എന്നെ ആർക്കും മനസ്സിലാവുന്നില്ലല്ലോ. ഓണസദ്യയെ പറ്റി ചോദിക്കേണ്ടായിരുന്നു.  ശരിയാ... കുറെ കാലമായി പ്രജകളാരും ഓണസദ്യ ഉണ്ടാക്കുന്നത് കണ്ടിട്ടില്ല" എന്നോർത്ത് തമ്പുരാൻ വിഷമിച്ചു.

അയ്യന്തോൾ ലക്ഷ്യമാക്കി മഹാബലി തമ്പുരാൻ നടന്നു.

കുറച്ചു ദൂരം പോയപ്പോൾ ഒരാൾ കയ്യിൽ തട്ടി പിന്നിൽ നിന്നും വിളിച്ചു.

"ഹല്ലോ റപ്പായേട്ടാ. തിരുവോണം ആയിട്ട്യല്ലല്ലോ. ഇപ്രാവശ്യം നേരത്തേ തുടങ്ങ്യാ പരിപാടികള്? കഴിഞ്ഞ പ്രാവശ്യത്തേക്കാളും കുമ്പ കുറഞ്ഞൂട്ടാ. ഇപ്പൊ ശരിക്കും ബോഡി ഫിറ്റ്‌ ആയ്ണ്ട്"

"ശരി" എന്ന് മാത്രം പറഞ്ഞു തമ്പുരാൻ നടന്നു.

നടന്ന് നടന്ന് സന്ധ്യാസമയം ആയി. അപ്പോഴാണ്‌ 2 കുട്ടികൾ വളരെ സ്പീഡിൽ പോകുന്നത് കണ്ടത്.

"മക്കളെ... എങ്ങോട്ടാ ഇത്ര ധൃതിയിൽ?"

"നിക്കാൻ സമയില്ല്യ.. പൂവിനു പോവ്വാ"

കഥ തുടരും....

2015, ഓഗസ്റ്റ് 23, ഞായറാഴ്‌ച

മാറ്റങ്ങൾ
=========

അങ്ങനെ ഒരോണം കൂടി വന്നെത്തി.

മഹാബലി തമ്പുരാൻ പതിവുപോലെ എത്തിക്കഴിഞ്ഞു. ഇപ്രാവശ്യം ആദ്യം തൃശ്ശൂർ പോകാം എന്ന് തീരുമാനിച്ചു.    റൌണ്ടിലൂടെ കുടയും പിടിച്ച് നടക്കുമ്പോൾ...

അതാ വരുന്നു ഒരു കൊച്ചു ചെറുപ്പക്കാരൻ. കയ്യിലെന്തോ പിടിച്ചു കഴുത്ത് വളച്ച് നോക്കുകയും, ഇടയ്ക്കു മറ്റേ കയ്യ് കൊണ്ട് ആ പിടിച്ചിരിക്കുന്ന സാധനത്തിൽ തോണ്ടുകയും കുത്തുകയും ചെയ്യുന്നു.

"മോനേ, അയ്യന്തോളിലേക്ക് ഉള്ള വഴി പറഞ്ഞു തരാമോ? കഴിഞ്ഞ പ്രാവശ്യം വന്നപ്പോൾ കണ്ടതിൽ നിന്നും തൃശ്ശൂർ വല്ലാതെ  മാറിയിരിക്കുന്നു"

"വല്യപ്പാ.. ഒരു മിനിറ്റ് ട്ടാ. ഈ മെസ്സേജ് വിട്ടിട്ടു പറയാം.. ട്ടാ"

"ങ്ങേ... ഇവന് ഞാൻ ആരാണെന്ന് മനസ്സിലായില്ലേ?" എന്ന് തമ്പുരാൻ ആത്മഗതം പറഞ്ഞു.

മെസ്സേജ് വിട്ടിട്ടും അത് പോയി... ഇല്ല... എന്ന അവസ്ഥയിൽ നിന്ന്, പോയി എന്ന് ഉറപ്പുവരുന്നത് വരെ തല ഉയർത്താതെ പയ്യൻ ചോദിച്ചു

"എങ്ങടാ പോണ്ടേ?"

അത് പറഞ്ഞു കഴിഞ്ഞപ്പോഴേ തല മുഴുവൻ പൊങ്ങിയുള്ളൂ. അപ്പോഴേ തമ്പുരാനെ കണ്ടുള്ളൂ.

"ഇത് കലക്കീ ട്ടാ. അടിപൊളി കൊട. മേത്ത് ള്ള ആ സില്ക്ക് തുണീം കലക്കീ ട്ടാ. ഏത് നാടകം കഴിഞ്ഞിട്ട് വര്വാ? അയ്‌... തിരുവോണം ആയിട്ടില്ല്യല്ലോ. ഇപ്രാവശ്യം നാടകങ്ങള് നേരത്തെ തുടങ്ങ്യാ?"

"മോനേ, നിനക്കെന്നെ മനസ്സിലായില്ല്യേ. ഞാനാണ് മഹാബലി. പണ്ട് ഇവിടെ ഞാനാ ഭരിച്ചിരുന്നത്"

ഒരു സംശയത്തോടെ..  "പണ്ട് ന്ന് പറഞ്ഞാ...പതിനഞ്ച് കൊല്ലം വര്വോ ?"

"അല്ല മോനെ, അതിനുമൊക്കെ മുമ്പ്"

"എനിക്കറിയില്ല്യാട്ടാ...അപ്പൊ ഏതു പാർട്യാർന്നു.  ബി ജെ പ്യാണാ, അതാ കോണ്‍ഗ്രസ്സാ കമ്മ്യൂണിസ്റ്റാ?"

"എന്റെ വാമനാ.. ഞാനിനി എന്തൊക്കെ കേൾക്കണം" തമ്പുരാൻ വീണ്ടും ആത്മഗതം പറഞ്ഞു.

"മോനേ, അതിനുമൊക്കെ മുമ്പ്..."

"ഗാന്ധിജീടേം നെഹ്രൂന്റെം കാലത്താ?"

"അല്ല... മോനേ"

"അപ്പൊ.. ബാബറിന്റെ കാലത്താ? അതാ അശോകന്റ്യാ?"

"അതുക്കും മുന്നേ..."

"വല്യപ്പാ, ന്തൂട്ടാ ഈ പറേണേ.. വെറുതെ ആളെ ഫൂൾ ആക്കരുത് ട്ടാ. അപ്പൊ നേരെ സെമിത്തേരീന്നു വര്വാണാ?"

"ഇവന് ഒട്ടും ബഹുമാനം ഇല്ലല്ലോ... വളർത്തുദോഷം.."

"മോനെ, ഞാൻ മഹാബലി, എന്നെ വാമനൻ പാതാളത്തിലേക്ക്‌ ചവിട്ടി താഴ്ത്തി. അറിയില്ലേ  ആ കഥ?"

"ആ... ഇപ്പൊ ഓർമ്മ വന്നൂട്ടാ. ആ മൊട്ടത്തലയൻ കാരണം... നിങ്ങൾക്ക് വല്ല വട്ടും ണ്ടാർന്നാ.. വെറുതെ തല വച്ച് കൊടുക്കാൻ? ഇവ്ടെ ഓരോരുത്തന്മാര് ഭരിക്കാൻ കസേരേൽ കേറ്യാ പിന്നെ ഇറങ്ങണ പണീല്ല്യ".

"മോനേ അത് ആ യുഗം... ധർമ്മത്തിന്റെ കാലം.. ധർമ്മക്ഷേത്രേ കുരുക്ഷേത്രേ സംഭവാമി യുഗേ യുഗേ.. എന്നല്ലേ?"

"ഞങ്ങള് അതൊക്കെ മാറ്റി... ദീപസ്തംഭം മഹാശ്ചര്യം..എനിക്കും കിട്ടണം പണം. എന്നണിപ്പോ"

"മോന്റെ വീട് എവിടെയാണ്?"

"കോലഴി"

"എന്നിട്ടെന്താ മോന് എന്നെ കണ്ടപ്പോൾ മനസ്സിലാകാതിരുന്നത്?"

"മേം ബംഗാൾ സെ പന്ത്രഹ് സാൽ പഹലേ കേരളാ മേം ആ ഗയാ?"

"ഇതേത് ഭാഷയാ?"

"ഹിന്ദി.. ഞാൻ പതിനഞ്ച് കൊല്ലം മുമ്പ് വന്നതാ വ് ടെ. ങ്ങടെ കഥയൊന്നും എനിക്ക് ശരിക്കും അറിയില്ല്യാട്ടാ. സോറി ഗഡി ".

"പക്ഷെ തൃശ്ശൂർ ഭാഷ നന്നായി പറയുന്നണ്ടല്ലോ. "

"അങ്ങാടീലാ പണി ... നിങ്ങള് വല്ലപ്പോഴൂല്ലേ വരണ്. ഒരു രണ്ടു മാസം മതീട്ടാ ഭാഷ മാറാൻ... "

അങ്ങനെ ബംഗാളി മലയാളി പറഞ്ഞു കൊടുത്ത വഴിയിലൂടെ മഹാബലി തമ്പുരാൻ അയ്യന്തോളിലേക്ക് നടന്നു തുടങ്ങി.

കുറച്ചു നടന്നപ്പോൾ വലിയൊരു ജനക്കൂട്ടം. പ്രജകളെ കുറെ പേരെ ഒരുമിച്ചു കാണാം എന്ന സന്തോഷത്തിൽ തമ്പുരാൻ അവിടേക്ക് നടന്നു.

അടുത്ത് ചെന്നപ്പോഴാണ് അതൊരു വരി ആണെന്ന് മനസ്സിലായത്‌. ഒരാൾ അതിലേക്കു ഇടിച്ചു കയറാൻ ശ്രമിക്കുന്നു. വരിയിലുള്ളവർ ബഹളം വക്കുന്നു

"ഡാ കുട്ടപ്പാ, ്#$%^&&* വരിയിൽ കയറ്യാൽ നിന്റെ കൂമ്പ്‌  എടുക്കും"

10 മിനിറ്റ് നേരത്തെ അധ്വാനം കൊണ്ട് കുട്ടപ്പൻ വരിയിൽ കയറി. എല്ലാവരും കുട്ടപ്പനെ തെറി വിളിച്ചു. മുമ്പുള്ള പല സന്ദർശനങ്ങളിലും ആ വാക്കുകൾ കേട്ടിട്ടുള്ള കാരണം തമ്പുരാൻ കുട്ടപ്പന്റെ അടുത്ത് ചെന്നു.

"എന്താ കുട്ടപ്പാ പ്രശ്നം. എന്തിനാണ് ഈ വരിയിൽ കയറിയത്. ഇങ്ങനെ ചെയ്യുന്നത് ശരിയാണോ?"

"ഒന്ന് പോയേരാവിടന്നു. ഇപ്രാവശ്യം നേരത്തെ തന്നെ ഇറങ്ങ്യാ? നാടകത്തിലെ മഹാബലി ശരിക്കും മഹാബലി ആവണ്ടാ ട്ടാ"

"കുറച്ചു മാന്യമായി സംസാരിച്ചൂടെ കുട്ടപ്പാ?" എന്ന് പറഞ്ഞു തമ്പുരാൻ തിരിഞ്ഞു നടന്നു.

"എന്നെ മാന്യത പഠിപ്പിക്കാൻ നീയാരാടാ" എന്ന് ചോദിച്ചു കഴിഞ്ഞതും..

കട്ടപ്പ ബാഹുബലിയെ പിന്നിൽ നിന്ന് കുത്തിയ പോലെ കുട്ടപ്പൻ മഹാബലിയെ  പിന്നിൽ നിന്ന് ഒറ്റ ചവിട്ട് ..

ധിം തരികിട തോം....  മഹാബലി താഴെ കിടക്കുന്നു.... കണ്ടു നിന്ന ജനങ്ങൾ മുഴുവൻ മൂക്കത്ത് വിരൽ വച്ചു...

----

കുട്ടപ്പൻ മഹാബലിയെ എന്തിനു പിന്നിൽ നിന്നും ചവുട്ടി താഴെയിട്ടു....?

"മാറ്റങ്ങൾ - 2 കണ്‍ക്ലൂഷൻ"  2016 ഓണം റിലീസ്.

2016 ഓണം വരെ കാത്തിരിക്കുക.

കഥ തുടരും...

---------