2016, നവംബർ 29, ചൊവ്വാഴ്ച

കല്യാണ സദ്യ

മനസ്സിൽ അനവധി സ്വപ്നങ്ങളുമായാണ് അവിടെയെത്തിയത്. വളരെ കാലമായി പൂക്കാത്ത മാവ് പൂത്ത പോലെ... കായ്ക്കാത്ത തെങ്ങ് കായ്ച്ച പോലെ... മനസ്സിലെ ആ മോഹം പൂത്തുലഞ്ഞു... ഒരു ഗ്ളാസ് പാലട...  സദ്യക്ക് കിട്ടുന്ന പാലട.. വർഷങ്ങളായി ഒരു സദ്യക്ക് പോയിട്ട്. ആ പാലട കുടിച്ചതിനു ശേഷം മരിച്ചാലും കുഴപ്പമില്ല എന്ന രീതിയിൽ ആണ് ആ കല്യാണത്തിന് പോയത്.

കല്യാണം തകൃതിയായി നടക്കുന്നു.. അതൊക്കെ ആര് ഗൗനിക്കാൻ. ഒന്ന് കെട്ടിയതിന്റെ ക്ഷീണം ഇത് വരെ മാറിയിട്ടില്ല. നോട്ടം മുഴുവൻ പന്തലിലേക്കല്ല... ഡൈനിങ് ഹാളിലേക്കായിരുന്നു.

ആദ്യ പന്തിക്ക് ഇരിക്കാൻ നോക്കിയപ്പോൾ അവിടെ പൂരത്തിന്റെ തിരക്ക്. പണ്ടൊക്കെ വരിയിൽ ഇടിച്ചു കയറി ശീലം ഉണ്ടെങ്കിലും അമേരിക്കയിൽ പോയി വരി നിന്ന് ശീലിച്ച കാരണം, ആദ്യ പന്തിക്ക് തിക്കി തിരക്കി ഉണ്ണണ്ട എന്ന് കരുതി പതിയെ പിന്നിലോട്ടു വലിഞ്ഞു. രണ്ടാമത്തെ പന്തിക്കും ഇത് തന്നെ ഗതി.

വിശപ്പിന്റെ വിളി, വരി നിൽക്കേണ്ട സംസ്കാരത്തെ കീഴടക്കി. മൂന്നാം പന്തി ആയപ്പോഴേക്കും തിക്കി തിരക്കി ഡൈനിങ് ഹാളിന്റെ വാതിൽ വരെ എത്തി. അങ്ങനെ നാലാം പന്തിക്ക് ഡൈനിങ് ഹാളിൽ കയറി.. മനസ്സിൽ പാലട നിറഞ്ഞു... ലഡ്ഡു പൊട്ടി... വയറ്റിൽ സാമ്പാറും പപ്പടവും അവിയലും കാളനും രസവും കൂട്ടുകറിയും പുളിയിഞ്ചിയും ഓലനും നിറയുന്നതോർത്ത് വായിൽ കപ്പലോടി..

ഡൈനിങ് ഹാളിൽ കടന്നാൽ പിന്നെ എല്ലാം ഓക്കേ ആണെന്നാണ് കരുതിയത്.  ഓടി ഒരു കസേരയുടെ അടുത്തെത്തി ഇരിക്കാൻ നോക്കിയപ്പോൾ...

"ഇവ് ടെ ആള് ണ്ട് ട്ടാ" എന്നൊരു ശബ്ദം.

ഉടനെ മറ്റൊരു കസേരയുടെ അടുത്തെത്തി.. അവിടെയും ആള് ണ്ടാ യിരുന്നൂ ട്ടാ. അങ്ങനെ രണ്ടു മൂന്നു കസേരകളി കൂടി കഴിഞ്ഞപ്പോഴാണ് മനസ്സിലായത്... ഡൈനിങ് ഹാളിൽ കയറുന്നതു കല്യാണ സദ്യ കഴിക്കാനുള്ള ശ്രമത്തിന്റെ "Phase 1" മാത്രം ആയിരുന്നെന്ന്.

സ്‌കൂളിൽ പഠിക്കുന്ന കാലത്ത്, ഓടിയോടി അടുത്തെത്തുമെങ്കിലും ചാടികേറാൻ പറ്റാത്തത് കൊണ്ട് പലതവണ ഞങ്ങളെ പെരുവഴിക്കാക്കി പോയിട്ടുള്ള അമ്പിളി എന്ന പ്രൈവറ്റ് ബസ് പോലെ..... നാലാം പന്തി എനിക്കൊരിടം തരാതെ അവസാനിച്ചു.

വിഷാദയോഗത്തിലെ അർജുനനെ പോലെ അങ്ങനെ നിൽക്കുമ്പോഴാണ് അടുത്ത് നിന്നിരുന്ന ആൾ ഒരുപദേശം തന്നത്.

"ഒരെത്തും പിടിയുമില്ലാതോടുന്ന മർത്ത്യാ..
 പിടിക്കണം പിടിക്കണം... കയറി പിടിക്കണം...
 പിടിക്കണം പിടിക്കണം... കസേരയിൽ പിടിക്കണം
 സദ്യ ഉണ്ണണോ... എങ്കിൽ പിടിക്കണം
 കസേരയിൽ കയറി പിടിക്കണം.."

അതെന്റെ ഉള്ള് തുറന്നു...

"പ്രഭോ, അങ്ങയുടെ പേരെന്താണ്?"

"പാർത്ഥസാരഥി..."

ഞാൻ പാർത്ഥൻ അല്ലെങ്കിലും ഇതെന്റെ സാരഥി തന്നെ... ഇത്രയും നല്ലൊരു ഉപദേശം കൃഷ്ണന്റെ രൂപത്തിൽ വന്നു തന്നത്  ഗീതോപദേശം തന്ന പോലെ തന്നെ തോന്നി..

വിശദാശംങ്ങൾ ചോദിച്ചു മനസ്സിലാക്കി. ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്ന ആളുടെ സീറ്റ് കൈ കൊണ്ട് പിടിച്ചു വച്ചാൽ മാത്രമേ ആ സീറ്റ് നിങ്ങൾക്കുള്ളതാകുന്നുള്ളു എന്ന പ്രപഞ്ച സത്യത്തിന്റെ പൊരുൾ മനസ്സിലാക്കി. 

ഉടനെ തന്നെ നാലാം പന്തിയിൽ ഊണ് കഴിക്കുന്ന ഒരാളുടെ കസേരയിൽ കയറി പിടിച്ചു. അയാൾ കസേര മുന്നോട്ടു നീക്കുന്നു... നമ്മൾ കസേര പിന്നോട്ട് വലിക്കുന്നു... മേലാകെ തൊലിക്കൊക്കെ എന്തോ ആകുന്നത് പോലെ. കയ്യിലെ തൊലിയെ നോക്കി. മുൻപത്തെ പോലെ അല്ല.. തൊലിക്കട്ടി കൂടിയിരിക്കുന്നു...

ആ വരിയിലെ എല്ലാ ചേട്ടന്മാരും ചേച്ചിമാരും ഊണ് കഴിഞ്ഞെഴുന്നേറ്റു... പൂർവികർ സ്ഥലം വിട്ടപ്പോൾ പുതു തലമുറക്കാർ ആ സ്ഥാനം ഏറ്റെടുത്തു. എന്റെ കസേരയിലെ വ്യക്തി പാലടയിൽ മുങ്ങിത്തോർത്തി ധനുമാസ ചന്ദ്രികയെ ആലോചിച്ച്, അവിടെ തന്നെ ഇരിപ്പാണ്.

ഇത്രയും നേരം കസേര വലി കഴിഞ്ഞ്, പുതുതായി ഇരുന്നവരൊക്കെ തിരിഞ്ഞ്  എന്റെ മുഖത്തേക്ക് നോക്കി... അവരുടെ മുഖ ഭാവം  ഭാവം കണ്ടാലറിയാം... "നാണമില്ലേ ഇങ്ങനെ കസേര പിടിച്ചു വലിക്കാൻ"... എന്ന്

കാത്തിരുന്ന സമയം എത്തി... കൈപ്പത്തി തൊട്ട് കൈ മുട്ട് വരെ ഒലിച്ചിറങ്ങിയ പായസം നക്കിത്തുടച്ചു കൊണ്ട് എന്റെ കസേരാ പൂർവികൻ  എഴുന്നേറ്റു... അയാളുടെ നോട്ടം ദഹിപ്പിക്കുന്നതായിരുന്നു. അതെന്റെ  വിശപ്പ് വർധിപ്പിച്ചു...

കറികളും മറ്റും വിളമ്പി തുടങ്ങി...

മേം കരിമ്പ് തോട്ടം കാ ഹാഥി ബൻ ഗയാ...

പിന്നെ കുറെ നേരത്തിന് ശേഷം ആരോ കസേര പിന്നിലോട്ട്  വലിച്ചപ്പോഴാണ് എണീക്കണ്ട സമയം ആയീ എന്ന്  മനസ്സിലായത്...

"ചേട്ടാ... ഒരു ഗ്ലാസ് പാലട കൂടി കഴിച്ചിട്ട് എണീക്കാം... ട്ടാ"

അത് കേട്ട ഉടനെ എന്റെ പിൻഗാമി ഒന്ന് ഞെട്ടി.. തറപ്പിച്ചു നോക്കി.. ആ  നോട്ടം അതുവരെ കഴിച്ചതെല്ലാം ദഹിപ്പിച്ചു കളഞ്ഞു...

2016, നവംബർ 3, വ്യാഴാഴ്‌ച

ബാലികേറാമല

തണുപ്പ് അസ്ഥികൾക്കുള്ളിലേക്കു തുളഞ്ഞു കയറുന്നു. ഉയരം  കൂടും തോറും ശ്വാസകോശത്തിന്റെ അദ്ധ്വാനവും കൂടുന്നുണ്ട്. മൂക്കിൽ നിന്നും പൊടി പൊടിയായി രക്തം വരുന്നു.  ചുണ്ടുകൾ വരണ്ടുണങ്ങി വിണ്ടുകീറിക്കഴിഞ്ഞിരിക്കുന്നു.

മഞ്ഞ് കൊണ്ടുള്ള വെള്ളപ്പരവതാനി വിരിച്ച പാറകൾ മാത്രമാണ് ചുറ്റിലും ഉള്ളത്. സമയം പോലും മരവിച്ചിക്കുന്ന പ്രതീതി. അതുപോലത്തെ ചെങ്കുത്തായ നാല് പാറകൾ കൂടി കയറിയാൽ അത്യുന്നതത്തിലെത്താം.

സമയം ഉച്ച കഴിഞ്ഞ് നാലര മണി. കയ്യിനും കാലിനും ഉള്ള ശക്തിയൊക്കെ ചോർന്ന് വെറും ചണ്ടി പോലെ ആയിക്കഴിഞ്ഞിരുന്നു. ഇന്നിനി 30 മിനിറ്റ് കൂടി മാത്രമേ കയറാനുള്ളൂ. അത് കഴിഞ്ഞാൽ രാത്രി മുഴുവൻ വിശ്രമം. പക്ഷെ ഓരോ മിനിറ്റും ഓരോ യുഗം പോലെ തോന്നി

അവസാനം ബേസ് കാമ്പിൽ എത്തി. സ്ലീപ്പിങ് ബാഗിൽ കയറി കിടന്നപ്പോൾ ആണ് നടുവിന് ഒരാശ്വാസം തോന്നിയത്. ഒന്ന് മയങ്ങി എണീറ്റപ്പോൾ സമയം രാത്രി എട്ടു മണി.

"പതിനായിരക്കണക്കിന് അടി താഴെ അങ്ങകലെ ഉള്ള കൊച്ചുകുടിലിൽ.." അതോർത്തപ്പോൾ ഉള്ളൊന്ന് നടുങ്ങി. കണ്ണു നിറഞ്ഞു. ശരീരത്തെ വരിഞ്ഞു മുറുക്കുന്നുണ്ടെങ്കിലും, തണുപ്പിന് മനസ്സിനെയും ബുദ്ധിയെയും കീഴ്‌പ്പെടുത്താൻ പറ്റിയിട്ടില്ലെന്നോർത്തപ്പോൾ, ചെറിയ സന്തോഷം തോന്നി. ഇപ്പോൾ കുട്ടിശ്ശങ്കരൻ ഓലപ്പീപ്പി ഊതി കളിക്കുന്നുണ്ടാകും. ദാക്ഷായണി അടുക്കളയിൽ ചമ്മന്തിയോ കൂട്ടാനോ ഉണ്ടാക്കാനുള്ള തത്രപ്പാടിൽ ആയിരിക്കും. അല്ല... കുറുമ്പ് കാട്ടുന്ന കുട്ടിശ്ശങ്കരനെ സ്നേഹത്തോടെ ശകാരിക്കുന്നുണ്ടാകും. അല്ല... അവൾ എനിക്ക് വേണ്ടി, സുരക്ഷിതമായി തിരിച്ചെത്താൻ പ്രാർത്ഥിക്കുന്നുണ്ടായിരിക്കും. വീട് വിട്ടു മല കയറാൻ ഇറങ്ങുന്ന നേരത്തുണ്ടായ അവളുടെ കരച്ചിൽ മനസ്സിൽ സങ്കടത്തിന്റെ തിരമാലകൾ തുറന്നു വിട്ടു. ഈ മലകയറ്റത്തിന് വല്ല സമ്മാനപ്പണവും കിട്ടിയാൽ അത് കൊണ്ട് വേണം, ഒന്ന് ഓട് മേയാൻ... തുലാവർഷത്തിൽ മഴ കുടിലിന് അകത്താണോ അതോ പുറത്താണോ എന്നതിനൊരു അറുതി വരുത്തണ്ടേ?  തിരിച്ചെത്തിയിട്ടുവേണം കുട്ടിശ്ശങ്കരനെ സ്‌കൂളിൽ ചേർക്കാൻ.

കണ്ണുകൾ അടഞ്ഞു... കൂടെ ചിന്തകളും ഉറങ്ങി. ഉറക്കം ഒരു മാലാഖയെ പോലെ എങ്ങോട്ടോ കൊണ്ടുപോയി... പ്രതീക്ഷകളുടെ ഒരു മായാലോകത്തിലേക്ക്.

------

രാവിലെ ഉറക്കമെഴുന്നേറ്റു. ബാക്കി എല്ലാവരും ഒട്ടുമുക്കാലും തയ്യാറായികഴിഞ്ഞിരുന്നു. പുട്ടും കടലയും തിന്നാനായിരുന്നു ആഗ്രഹം എങ്കിലും കഴിക്കാൻ കിട്ടിയത് ഉണക്കമുന്തിരിയും ബദാമും ആയിരുന്നു. ഓരോ ഉണക്കമുന്തിരിയും, ദാക്ഷായണി ഉണ്ടാക്കിത്തരുന്ന പുട്ടിന്റെ ഉരുള പോലെ സങ്കൽപ്പിച്ചു കഴിച്ചു.

തലേന്ന് ഉണ്ടായ ഉന്മേഷക്കുറവൊക്കെ മാറി. "ഇന്ന് കൊടുമുടി കീഴടക്കണം.. കീഴടക്കും.." എന്നൊരു തോന്നൽ മനസ്സിനെ കീഴടക്കി.

ഗ്രാവിറ്റിയിയും മനുഷ്യമനസ്സും തമ്മിലുള്ള പോരാട്ടം.... ആദ്യത്തെ മൂന്നു പാറകൾ അതികഠിനം ആയിരുന്നു. "മേലോട്ട് കയറുന്നതിനിടയിൽ ഒരു പിടി പാളിയാൽ..." ഇത് പോലത്തെ ചിന്തകൾ വരേണ്ട സമയമല്ലിത്. ദാക്ഷായണിയേയും കുട്ടിശങ്കരനെയും ഓർത്തു. "പിടി പാളരുത്... അവർക്കു വേണ്ടി പിടി പാളരുത്..." എന്ന് പറഞ്ഞ്  മനസ്സിനെ ശാന്തമാക്കി.

ഉച്ചക്ക് രണ്ടു മണി ആയിക്കാണും... കൊടുമുടിയുടെ ഉയരത്തിലെത്താൻ ഇനി ഏതാനും അടികൾ മാത്രം... . കയ്യും കാലും ഒക്കെ തളർന്നെങ്കിലും ലക്ഷ്യത്തിലെത്താനുള്ള അതിയായ ആഗ്രഹം ഒരു ഇന്ധനമായി മാറി. അവസാനത്തെ കാൽവെയ്‌പിന്റെ സമയം ആയി... കൊടുമുടിയിൽ കാൽ വച്ചതും...അതാ അവിടെ മറ്റ് നാല് കാലുകൾ കൂടി ഒരുമിച്ചു വച്ചു...

ഞാൻ ആദ്യം എത്തേണ്ടതായിരുന്നു... എന്റെയൊപ്പം രണ്ടാളും കൂടിയോ... കൊടുമുടിയിൽ ആദ്യം കയറിയ ആൾ എന്ന് എനിക്ക് മാത്രം കിട്ടേണ്ട ബഹുമതി ഒരു കാലടിക്കുള്ളിൽ നഷ്ടപ്പെട്ടെന്നോ....?  മനസ്സൊരു നിമിഷം പതറി...

ലോകത്തിന്റെ ഏറ്റവും നെറുകയിൽ നിൽക്കുമ്പോഴും, ആദ്യം എത്താത്തതിനാൽ വീട് നന്നാക്കാനുള്ള സമ്മാനപ്പണം നഷ്ടപ്പെടുമോ എന്ന ചിന്തയായിരുന്നു മനസ്സിൽ. കഷ്ടിച്ച് ഒരാൾക്ക് നിൽക്കാനുള്ള സ്ഥലമേ അവിടുള്ളൂ. അവിടെയാണ് മൂന്നു പേരും കൂടി നിൽക്കുന്നത്. മറ്റു രണ്ടു പേരും എന്തോ കുശുകുശുക്കുന്നുണ്ടായിരുന്നു. പെട്ടെന്ന്, അതിൽ ഒരുത്തൻ തിരിഞ്ഞു ബൂട്ട്സ് കൊണ്ട് ഒറ്റ ചവിട്ട് ... അതും നെഞ്ചിൽ.... 29000 അടി താഴത്തേക്ക്... ചവിട്ടിന്റെ ഞെട്ടലിൽ നിന്ന് വിട്ടു മാറാത്ത കാരണം ഒരപ്പൂപ്പൻ താടി വീഴുന്ന പോലെ ആണ് ആദ്യം തോന്നിയത്. സുമാർ 10000 അടി താഴേക്ക് വീണിരിക്കും... അപ്പോഴാണ് മരണത്തിലേക്കുള്ള ദൂരം വളരെ കുറവാണെന്ന് ബോധം വന്നത്... അതോ ഞാൻ മരിച്ചുവോ....?

ജീവിതമെന്ന വെളിച്ചത്തിൽ നിന്നും മരണമെന്ന ഇരുട്ടിലേക്കുള്ള യാത്ര. ആ ഇരുട്ട് കണ്ണുകളിലേക്കു തുളച്ചു കയറി... പറ്റാവുന്നത്ര ശബ്ദത്തിൽ ഉറക്കെ അലറി...

"അയ്യോ... അമ്മേ.... എന്നെ രക്ഷിക്കണേ... അയ്യോ.... അയ്യോ...ആ..ആ...."

താഴത്തെത്താൻ ഇനി വെറും 100 അടി മാത്രം. തലച്ചോറും ശരീരവും താഴെയിടിച്ചു ഒരു തണ്ണിമത്തൻ നിലത്തിട്ടാൽ പൊട്ടിച്ചിതറുന്ന പോലെ ചിതറാൻ ഇനി സെക്കൻഡുകൾ മാത്രം...

"പ് ധും"

ആ വീഴ്ചയുടെ ശബ്ദവും ഞാൻ അറിഞ്ഞു. ഇപ്പോൾ ചിന്തിക്കുന്നത് എന്റെ മനസ്സോ അതോ മനസ്സിന്റെ കൂടെ ശരീരവും ഉണ്ടോ? ഒന്നും മനസ്സിലാകുന്നില്ല. കൂറ്റാക്കൂറ്റിരുട്ട്..

---

പെട്ടെന്ന് ശക്തമായ ഒരു പ്രകാശം കണ്ണുകളിൽ പതിച്ചു... സംഹാരരുദ്രയായ ഒരു സ്ത്രീ മുന്നിൽ... ഇത് കാളിയാണോ? ഞാൻ നരകത്തിലാണോ എത്തിയിരിക്കുന്നത്?

പ്രകൃതിയെ പ്രകമ്പനം കൊള്ളിക്കുമാറ് ഒരു ശബ്‍ദം...

"ഹേ മനുഷ്യാ.. എന്താണിത്? എന്തിനിവിടെ വീണു?"

"കാളീ ദേവി... കനിവുണ്ടാകണം... എന്നെ ആ എഡ്‌മണ്ട് എവറസ്റ്റിന്റെ മുകളിൽ നിന്ന് ചവിട്ടി താഴെയിട്ടു. ഞാനാണ് അവിടെ ആദ്യം കയറിയത്. "

"ഏത് എഡ്‌മണ്ട് ?" കാളീ ദേവിയുടെ ശബ്ദം കനത്തു.... ഗാംഭീര്യം കൂടി...

"എഡ്‌മണ്ട്  ഹിലാരി. കൂടെ ആ കള്ളൻ ടെൻസിങ് നോർഗെയും ഉണ്ടായിരുന്നു"

പെട്ടെന്നാണ് അതിരപ്പിള്ളി വെള്ളച്ചാട്ടം വന്നു വീണ പോലെ കുറെ വെള്ളം മുഖത്തേക്ക് വീണു... കണ്ണ് തുറന്നപ്പോഴാണ്,  അത് ദേവി മുഖത്തേക്ക് ഒഴിച്ച വെള്ളം ആണെന്ന് മനസ്സിലായത്.

"മനുഷ്യാ... എഡ്‌മണ്ട്  ഹിലാരി അല്ല... ഹിലാരി ക്ലിന്റനാണ്  നിങ്ങളെ ചവിട്ടി താഴെ ഇട്ടത്.  ഉള്ള സമയം മുഴുവൻ ഇലക്ഷൻ ഇലക്ഷൻ എന്ന് പറഞ്ഞ്  പറഞ്ഞ്  എല്ലാ ഡിബേറ്റ്സും കണ്ട് ഹിലാരിയേയും ട്രമ്പിനെയും സ്വപ്നം കണ്ടോണ്ടു കിടന്നാൽ കട്ടിലീന്ന് വീണു നടുവൊടിയും... പറഞ്ഞേക്കാം..."

"അപ്പൊ എവറസ്റ്റിൽ കയറിയില്ലേ? ദാക്ഷായണി..? കുട്ടിശ്ശങ്കരൻ? ഓല മേഞ്ഞ കുടിൽ... ങേ... ഇതൊക്കെ വെറും സ്വപ്നം ആയിരുന്നോ?" എന്ന്  പതുക്കെ  മനസ്സിൽ പറഞ്ഞു.

"ദാ... തോർത്ത്... മുഖം തുടച്ച് കയറിക്കിടക്ക്.. മനുഷ്യന്റെ ഉറക്കം ശല്യപ്പെടുത്താൻ... ഒരു എവറസ്റ്റും.. എഡ്മണ്ടും... ഹിലാരിയും..  ക്ലിന്റണും....

അങ്ങനെ പർവതാവരോഹണം കഴിഞ്ഞ്  താഴെ എത്തി, എന്ന് ബോധം വന്ന് മുഖം തുടച്ച് ലൈറ്റ് ഓഫ് ചെയ്ത് കട്ടിലിൽ കിടന്നു...

"പണ്ടേ പറഞ്ഞതാ ഹിലാരി ക്ലിന്റനെ ഓർത്ത് കാട് കയറണ്ടാ ന്ന്. എന്നിട്ടിപ്പോ ഇതാ ഇപ്പൊ കാടും കയറി, അതിന്റെ മേലെ എവറസ്റ്റും കയറി വന്നിരിക്കുന്നു"

"നീ ക്ഷമിക്ക്...ഞാനൊന്ന് പറയട്ടെ..."

"ഒന്നും പറയണ്ട.... കുറെ നേരായി പറഞ്ഞതൊക്കെ ഞാൻ കേട്ടു.  ആരാ ഈ ദാക്ഷായണീ.... പിന്നെ കുട്ടിശ്ശങ്കരനും? നിങ്ങളെ നാളെ ഞാൻ ശരി ആക്കുന്നുണ്ട്... "

"അയ്യോ..ഇതിലും ഭേദം പാതാളത്തിൽ പോയി വീണാൽ മതിയായിരുന്നു.."