2020, ഒക്‌ടോബർ 11, ഞായറാഴ്‌ച

ഒരു കുറ്റാന്വേഷണത്തിന്റെ അന്ത്യം

ഇപ്പോഴത്തെ തലമുറയിലെ പുള്ളാരോട് സുകുമാരക്കുറുപ്പ് ആരാണെന്ന് അറിയാമോ എന്ന് ചോദിച്ചാൽ, "ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനി ആയിരുന്നു" എന്ന മറുപടി വരാനുള്ള സാധ്യത ഉണ്ട്. കാരണം, സുകുമാരക്കുറുപ്പിനെ കാണാതായിട്ട് കൊല്ലങ്ങളായി. എങ്ങാനും അടുത്ത ആഴ്ച സുകുമാരക്കുറുപ്പിനെ പിടി കിട്ടി എന്ന് വിചാരിക്കുക... എന്തായിരിക്കും അതിന്റെ ഒരു ഇമ്പാക്ട്.. 36 വർഷങ്ങളോളം തെളിയിപ്പിക്കപ്പെടാത്ത ഒരു കേസ് തെളിയിപ്പിക്കപ്പെടുന്നു..

അത്രക്കങ്ങട് ഇല്ലെങ്കിലും.. ഏതാണ്ടൊരു ഓട്ടമുക്കാൽ അളവിൽ.. എന്റെ ജീവിതത്തിൽ നടന്ന 2 കേസുകൾ തെളിയിപ്പിക്കാനുള്ള ഒരു ക്ലൂ... ഐ മീൻ മേജർ ക്ലൂ... കിട്ടിയിട്ടുണ്ട്. പ്രതിയെ അടുത്ത് തന്നെ പൊക്കിയേക്കും.. 

ഏകദേശം 17 കൊല്ലങ്ങൾക്ക് മുൻപ് വളരെ വിലപിടിപ്പുള്ള ഒരു Dell laptop ഒരു ദിവസം ചായ കുടിച്ച സംഭവം ആണ്  ഒന്നാമത്തെ സംഭവം. എനിക്ക് വേണ്ടപ്പെട്ട ഒരാൾ ചായ കുടിക്കുന്ന സമയത്ത്, പൊരിഞ്ഞ് പണിയെടുക്കുന്ന Dell laptop നെ സഹതാപത്തോടെ നോക്കി..  കയ്യിലെ കപ്പിലിരിക്കുന്ന ചായയുടെ പകുതി.. laptop നു പകർന്നു കൊടുത്തു. ആവേശത്തോടെ കണക്കു കൂട്ടലുകൾ നടത്തി സേവനം ചെയ്തു കൊണ്ടിരുന്ന Dell laptoppil നിന്ന്, ചൂടോടെ ഇരിക്കുന്ന ദോശക്കല്ലിൽ പച്ചവെള്ളം ഒഴിച്ചാൽ ഉണ്ടാകുന്ന, ശബ്‍ദം ഉണ്ടായി... കിഡ്നിയും ലിവറും ഹൃദയവും അടിച്ചു പോയ dell laptop ന്റെ ശ്വാസകോശം സ്പോഞ്ച് പോലെ ആയി.. അതിനെ ആചാര വിധികളോടെ സംസ്കരിച്ചു... 1300 ഡോളർ കൊടുത്തു laptop വാങ്ങിയതിന്റെ തലക്കനവും കുറഞ്ഞു... പോക്കറ്റ് കാലിയായി അതിന്റെ കനവും കുറഞ്ഞു... 

ഏകദേശം 7 കൊല്ലം മുൻപാണ് രണ്ടാമത്തെ സംഭവം. അമേരിക്കയിൽ വന്നിട്ട് വളരെ വർഷങ്ങളോളം ഒരേയൊരു കാർ ഓടിച്ചാണ് ഞങ്ങൾ ജീവിച്ചിരുന്നത്. ആ കാർ ആണെങ്കിൽ സംഭവം നടന്നതിന് ഏകദേശം 13 കൊല്ലം മുൻപ് വാങ്ങിയതും. നമ്മടെ കുട്ടികൾ എത്ര വലുതായാലും അവർ നമുക്കെന്നും കുട്ടികൾ അല്ലെ.. അതെ പോലെ ആയിരുന്നു എനിക്കാ കാർ.. 13 കൊല്ലം കഴിഞ്ഞെങ്കിലും ഇടക്ക് AC വർക്ക് ചെയ്തില്ലെങ്കിലും, ഇടക്കിടക്ക് സ്റ്റാർട്ട് ആയില്ലെങ്കിലും.. ആ കാർ എനിക്കെന്നും പുതിയ കാർ ആയിരുന്നു. ഒന്നാമത്തെ സംഭവത്തിലെ വേണ്ടപ്പെട്ടയാളെ പരിചയപ്പെടുന്നതിന് മുൻപാണ് ഞാൻ ആ കാർ വാങ്ങിയിരുന്നത്. അത് കൊണ്ട് തന്നെ വേണ്ടപ്പെട്ടയാൾക്ക് ആ കാറിനോട് ഒരു രണ്ടാനമ്മ മനോഭാവം ആയിരുന്നു ഉണ്ടായിരുന്നത്. എന്നും കാറിനെ പറ്റി പരാതികൾ മാത്രം.. pulling പോരാ.. ബ്രേക്കിംഗ് പോരാ... കത്തുന്ന സ്മെല്ല്... പുക ഉള്ളിലേക്ക് വരുന്നു.. അങ്ങനെയങ്ങനെ എന്തെല്ലാം.. ഓരോ പരാതിയും, ബെയ്‌റൂട് സ്‌ഫോടനത്തിന്റെ ഇരട്ടി ശക്തിയിൽ എന്റെ ചങ്കിനെ പിടിച്ചു കുലുക്കികൊണ്ടിരുന്നു. പുതിയ കാർ വാങ്ങണമെന്നുള്ള ആവശ്യം അപേക്ഷയിൽ നിന്ന് കല്പനയിലേക്ക് എത്തിച്ചേർന്നു.. എങ്കിലും ഞാൻ പിടിച്ചു നിന്നു. അവസാനം.. അതുണ്ടായി...  ഒരു ദിവസം...വേണ്ടപ്പെട്ടയാൾ കാറുമെടുത്ത് എങ്ങോട്ടോ പോയി...   അതെ.. അതൊരു കറുത്ത വെള്ളിയാഴ്ച...ആയിരുന്നു... ആ ദിവസം.. കുറെ കഴിഞ്ഞപ്പോൾ ഒരു ഫോൺകാൾ വന്നു... ഒരു തേങ്ങൽ ആയിരുന്നു അപ്പുറത്ത്.. കുറ്റബോധത്തിന്റെ തേങ്ങൽ... മുൻപിൽ പോയിരുന്ന ഒരു അമ്മൂമ്മയുടെ കാറിന്റെ മൂട്ടിൽ എന്റെ പ്രിയപ്പെട്ട കാർ എന്തിനോ പാഞ്ഞു കയറി.. അമ്മൂമ്മയുടെ കാറിന്റെ മൂഡ് മുന്പത്തേക്കാളും പെർഫെക്റ്റ് ആയി... നമ്മടെ കാറാണെങ്കിൽ ചപ്ലാങ്കട്ട ഷേപ്പും. കാറിന്റെ മുൻപിലുള്ള തുരുന്പ് കൊണ്ടാണ് അങ്ങനെ ഉണ്ടായത് എന്നൊന്നും കരുതരുത്.... അങ്ങനെ ഞങ്ങൾ പുതിയ ഒരു കാർ വാങ്ങി...

ഈ രണ്ട് സംഭവത്തിലും വേണ്ടപ്പെട്ടയാളെ നിരപരാധി ആയിട്ടാണ് ഞാൻ കണക്കാക്കിയിരുന്നത്.. ഇപ്പോൾ സെക്രട്ടറിയേറ്റിനു തീ പിടിച്ച് ഫയലുകൾ കത്തിനശിച്ചപ്പോൾ ആണ് വലിയൊരു ക്ലൂ കിട്ടിയ പോലെ തോന്നിയിരിക്കുന്നത്...  എനിക്ക് വേണ്ടപ്പെട്ടയാൾ ഒരുWindows വിരോധിയും Apple അനുഭാവിയും ആയിരുന്നു. പണ്ടെന്നോടു ആപ്പിൾ കംപ്യൂട്ടർ വാങ്ങാൻ നിർബന്ധിച്ചിരുന്നത് ഇപ്പോൾ ഓർമ്മ വരുന്നു. Dell laptop മരണമടഞ്ഞപ്പോൾ വേണ്ടപ്പെട്ടയാൾ, എന്നെക്കൊണ്ട് Apple കംപ്യുട്ടർ ആണ് വാങ്ങിപ്പിച്ചത്. അത് പോലെ പണ്ടത്തെ accidentum... പുതിയ കാർ വാങ്ങാൻ നിർബന്ധിച്ചിരുന്നതും ഓർക്കുന്നു...  ഇത് രണ്ടും ആസൂത്രിത സംഭവങ്ങൾ ആയിരുന്നോ എന്നൊരു സംശയം...

"ഇത് ചോദിച്ചിട്ടു തന്നെ കാര്യം", "പ്രതിയെ ഇന്ന് തന്നെ പൊക്കണം" എന്നൊക്കെ വിചാരിക്കുന്നുണ്ടെങ്കിലും... ലോകത്തിലെ എന്ത് സാധനം കിട്ടാനും ചൈനയെ ആശ്രയിക്കേണ്ട ലോകരാജ്യങ്ങളുടെ ഗതികേട്... ഞാനും അനുഭവിക്കുന്നു.. അത് കൊണ്ട്.. laptop പോയാൽ പോയി... കാർ പോയാൽ പോയി... കിട്ടുന്നതും കൂടി ഇല്ലാതാക്കണോ.. 

"ചേട്ടാ... ഒന്ന് ങ് ഡ് വരൂ.. ആ നാളികേരം ചിരകി തന്നേ"....

ടൈപ്പ് ചെയ്ത് കഴിഞ്ഞില്ല....  വേണ്ടപ്പെട്ടയാളുടെ വിളി വന്നു.. ഞാൻ പോട്ടെ... ബാക്കി പിന്നെ എഴുതാം..

"നിങ്ങളാരോടും പറയരുതെൻ ഗതികേടിൻ പരമരഹസ്യം
മാലിനിയുടെ തീരങ്ങൾ തഴുകി വരും പനിനീർക്കാറ്റേ"

[08272020]


കൊറോണക്കുരുതി

അങ്ങനെ അതും സംഭവിച്ചു.


ഇന്നലെ ജൂൺ 29, 2020 ഞായറാഴ്ച രാവിലെ 10:23 നു ആയിരുന്നു അത് നടന്നത്.

ആദ്യമായി ഞാൻ എന്റെ ഭാര്യയുടെ മുൻപിൽ തലകുനിച്ചു...

എന്നിൽ അധഃപതനത്തിൻറെ മാനസിക സംഘർഷവും അവളുടെ ഉള്ളിൽ അധികാരത്തിന്റെ വേലിയേറ്റവും ആയിരുന്നു ഉണ്ടായിക്കൊണ്ടിരുന്നത്

ഇതിന് കാരണക്കാരനായ ശത്രു ഈ ദുഷിച്ച കൊറോണയാണ്. "എന്റെ കോറോണേ, നിന്നെ കാണാൻ പറ്റിയിരുന്നെങ്കിൽ... നിനക്കൊരു രൂപം ഉണ്ടായിരുന്നെങ്കിൽ നിന്നെ ഞാൻ പിച്ചിച്ചീന്തിയേനേ". ഈ കള്ള കൊറോണ ബാർബർമാരുടെ കഞ്ഞി കുടി മുട്ടിച്ചതിന്റെ പ്രത്യാഘാതങ്ങൾ ചെറുതൊന്നുമല്ല. കൊറോണ ഇപ്പൊ തീരും ഇപ്പൊ തീരും എന്ന് കരുതി നാൾ കുറെ കാത്തിരുന്നു.. ഈ ബാർബർ ഷോപ്പുകൾ തുറക്കാൻ. എവിടെ...? ഇതടുത്ത കാലത്തൊന്നും തുറക്കുന്ന ലക്ഷണമില്ല.

ചർമം കണ്ടാൽ പ്രായം തോന്നുമെങ്കിലും നമ്മളിപ്പോഴും ചെറുപ്പം തന്നെ. ആമസോൺ കാടുകൾ പോലെയാണ് തല. രണ്ടിടത്തും ശൂന്യത വർധിച്ചു വരുന്നു. ആമസോൺ കാടുകൾ കള്ളന്മാർ വെട്ടി വെളുപ്പിക്കുന്നു... തലയിലാകട്ടെ മൂടിക്കിടക്കുന്ന രോമങ്ങളൊക്കെ കുറെ കാലമായി അയിത്തം കല്പിച്ചു വളരാതായിരിക്കുന്നു. "കാക്കക്ക് തൻകുഞ്ഞ് പൊൻകുഞ്ഞ്" എന്ന പോലെ സ്വന്തം തലയിലുള്ള രോമം പൊൻരോമം തന്നെ.

തലമുടിക്ക് മാത്രമാണ് "നാടോടുമ്പോൾ നടുവേ ഓടണം" എന്ന ബോധം ഉള്ളത്.. വെള്ള തലമുടിയുള്ള സായിപ്പന്മാർ ഉള്ള അമേരിക്കയിൽ എത്തിയതും.. നടുവേ ഓടിയോടി തലമുടി പണ്ടേ തന്നെ  കറുപ്പിനെയുപേക്ഷിച്ച് ശാന്തിയുടെയും സമാധാനത്തിന്റെയും നിറമായ വെളുപ്പിനെ സ്വീകരിച്ചിരുന്നു. പക്ഷെ, "വെള്ള നിറമുള്ള സായിപ്പും വെള്ള മുടിയും" എന്നതിലെ നിറത്തിന്റെ ആ സമാനതയെ കവച്ചു വക്കാൻ "ബ്രൗൺ നിറമുള്ള ശരീരവും വെളുത്ത മുടിയും" കൂട്ടിയാൽ കൂടില്ല. പിന്നെ,  "നാളികേരത്തിന്റെ നാട്ടിലെനിക്കൊരു കറുത്ത നിറമുള്ള മുടീണ്ടാർന്നു" എന്ന പാട്ട് എപ്പോഴും മനസ്സിൽ അലയടിച്ചിരുന്നത് കാരണം, അങ്ങനെ തലമുടിയെ സായിപ്പിന്റെ പിന്നാലെ ഓടാൻ സമ്മതിച്ചിരുന്നില്ല... ഡൈ ചെയ്ത്... ഡൈ ചെയ്ത്... ഡൈ ആകാതെ... സ്ഥിരമായി ഡൈ ചെയ്തുകൊണ്ടിരുന്നു..  ആരെങ്കിലും ചോദിച്ചാൽ... "കറുപ്പിനഴക് ...ഓ..ഓ... കുറുപ്പിനഴക്" എന്നായിരുന്നു മറുപടി.

പക്ഷെ, 3 മാസം ഡൈ ചെയ്യാതെ മുടി വെട്ടാതിരുന്നപ്പോൾ, കറുപ്പും വെളുപ്പും ഒക്കെ കലർന്ന്... തലയുടെ ഡിസൈനും സീബ്രയുടെ ഡിസൈനും തമ്മിൽ വലിയ വ്യത്യാസം ഇല്ലാതായി. സ്ഥിരമായി എട്ടുകാലികളെ കണ്ടുകൊണ്ടിരുന്ന വീട്ടിൽ, കഴിഞ്ഞ ഒരു മാസമായി എട്ടുകാലികളുടെ എണ്ണത്തിൽ ഉണ്ടായ ഗണ്യമായ കുറവ്... "അവയൊക്കെ എന്റെ തലയിലേക്ക് താമസം മാറ്റിയോ" എന്ന തരത്തിലുള്ള അപഹാസങ്ങൾ ഒക്കെ നേരിടേണ്ടി വന്നു.. അങ്ങനെയുള്ള സാഹചര്യത്തിലാണ്... സഹധർമ്മിണിയുടെ മുൻപിൽ തല കുനിക്കേണ്ടി വന്നത്...

തൃശൂർ പൂരം വെടിക്കെട്ടിന്റെ കൂട്ടപ്പൊരിച്ചിൽ ആകുമ്പോൾ ചെവിയിൽ വിരൽ വച്ചടക്കുന്നതിന്റെ ഇരട്ടി ശക്തിയിൽ ചെവിയമർത്തിപ്പിടിച്ചിരുന്നു. കലി പൂണ്ട നാഗവല്ലി വാളുകൊണ്ട് സുരേഷ് ഗോപിയുടെ ഡമ്മിയെ കൊത്തിയരിയുന്ന പോലെ, കത്രിക തലയ്ക്കു മീതെ തലങ്ങും വിലങ്ങും ചലിച്ചു... ചെവിയും കണ്ണും ഒക്കെ അടച്ച്... ഈ കൂട്ടക്കൊല എപ്പോൾ കഴിയും എന്ന് വിചാരിച്ചുള്ള കാത്തിരിപ്പിന് യുഗങ്ങളുടെ നീളമുള്ള പോലെ തോന്നി. കണ്ണ് തുറക്കുമ്പോൾ ചെവിയോ മൂക്കോ കഴുത്തോ അതോ തല തന്നെയോ അവിടെത്തന്നെ ഉണ്ടാകുമോ എന്ന ഭീതിയോടെയുള്ള നീണ്ട കാത്തിരിപ്പ്. എങ്കിലും, ഇടയ്ക്കിടയ്ക്ക് ചെറുതായി കണ്ണ് തുറന്ന്  നോക്കുമ്പോൾ, തീവ്രവാദികൾ AK 47 പിടിച്ച് നിൽക്കുന്ന പോലെ..കത്രികയും പിടിച്ച് അവൾ അവിടെ തന്നെ നിൽപ്പുണ്ടായിരുന്നു...

ഈ ജന്മത്തിലും മുജ്ജന്മത്തിലും ഒക്കെയുള്ള ദേഷ്യങ്ങൾ ഒക്കെ എന്റെ തലയിൽ തീർത്തു.അവസാനം, "കണ്ണ് തുറന്നോളൂ" എന്ന അറിയിപ്പുണ്ടായപ്പോൾ... കണ്ണ് തുറന്നതും ഞാൻ ഓർത്തത് പൂന്താനത്തിന്റെ ജ്ഞാനപ്പാന ആയിരുന്നു... "കണ്ടു കണ്ടങ്ങിരിക്കും ജനങ്ങളെ കണ്ടില്ലെന്ന് വരുത്തുന്നതും ഭവാൻ"...  ഞെട്ടിപ്പോയി.... "കണ്ണാടിയിൽ കുറച്ച് മുൻപ് കണ്ട ഞാൻ തന്നെയാണോ ഇപ്പോൾ കാണുന്ന ഈ ഞാൻ?".  തലയിൽ അമിട്ട് വീണതാണോ അതോ ഉൽക്ക വീണതാണോ എന്ന സംശയം വേറെ...

"എങ്ങനെയുണ്ട് ചേട്ടാ?" എന്ന ചോദ്യം കേട്ടപ്പോൾ വളരെ പണ്ട് എന്റെ സുഹൃത്ത് മനോജ് രാമകൃഷ്ണൻ പറഞ്ഞ കാര്യമാണ് ഓർമ്മ വന്നത്. ഒരിക്കൽ അഭ്യസ്തവിദ്യനല്ലാത്ത ഒരു ബാർബറുടെ ഷോപ്പിൽ തല വച്ച് കൊടുത്തപ്പോൾ ഉണ്ടായ ദുരവസ്ഥ... ആ ബാർബർ തലയെ ഒരു ബാർബേറിയൻ രൂപത്തിലാക്കിത്തന്നു. മുടി വെട്ടിയ ശേഷം മനോജിനെ ആദ്യമായി കണ്ടപ്പോൾ ഉണ്ടായിരുന്ന കമന്റ്  "ഗംഭീരം ആയിട്ടുണ്ട്... മുടി വെട്ടി പൊട്ടനായിട്ടുണ്ടല്ലോ" എന്നായിരുന്നു ... പക്ഷെ ഇത് സഹധർമ്മിണിയോട് പറയാൻ പറ്റില്ലല്ലോ... ഈ കൊറോണ എത്ര കാലം ഉണ്ടാകും... എന്നാർക്കറിയാം... 2 മാസം കഴിയുമ്പോൾ വീണ്ടും തല കുനിക്കേണ്ടി വരില്ലേ?

"ഡോക്ടറുടെ അടുത്തും  വക്കീലിന്റെ അടുത്തും നുണ പറയാൻ പാടില്ല" എന്ന  പോലെ.. "മാനേജരുടെ അടുത്തും ഭാര്യയുടെ അടുത്തും സത്യം പറയാൻ പാടില്ല".. എന്ന് സോക്രട്ടീസ് പണ്ടേ പറഞ്ഞിട്ടുള്ളതാണ്. അതിനാൽ... "മുടി വെട്ടിയത് നന്നായിട്ടുണ്ട്" എന്ന എന്റെ  മറുപടിയിൽ സന്തോഷിച്ച് വാമഭാഗം അടുക്കളയിലേക്ക് മാർച്ച് ചെയ്തു...

എവിടെയോ ഒരു പാട്ടു കേട്ട പോലെ തോന്നി... "വ്യത്യസ്തയായൊരു ബാർബറാം ഭാര്യെയ സത്യത്തിൽ ഞാനും തിരിച്ചറിഞ്ഞില്ല"

ഇനിയാണെന്റെ ശരിക്കും ഉള്ള Quarantine തുടങ്ങുന്നത്... മുടി വളർന്നു വരുന്ന വരെ.

PS: ആദ്യമായിട്ടാണ് ഭാര്യയുടെ മുന്നിൽ തലകുനിക്കുന്നത് എന്നത് വെറും ഒരു ആവേശത്തിൽ എഴുതിയതാണ്. ഞാൻ ഈ എഴുതുന്നതൊന്നും അവൾ വായിക്കാറില്ല എന്നത് കൊണ്ട് മാത്രം.  ആരും ഇതൊക്കെ പോയി പറഞ്ഞു എന്റെ കഞ്ഞികുടി മുട്ടിക്കരുത്.. 

[06302020]

കുട്ടൻ നായരും ഹാജിയാരും പിന്നെ Big Data യും

കുട്ടൻ നായര് ചാരുകസേരയിൽ ചാഞ്ഞു കിടന്ന് പത്രം വായിക്കുകയായിരുന്നു. തുരുന്പാണോ ഇരുന്പാണോ കൂടുതൽ എന്നതിൽ ആർക്കും തർക്കം ഉണ്ടാകാൻ സാധ്യത ഇല്ലാത്ത ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ടപ്പോൾ, കുട്ടൻ നായർ പതുക്കെ പത്രത്തിൽ നിന്നും കണ്ണുകളെടുത്ത് ഗേറ്റിലേക്ക് പായിച്ചു. അത് ഹാജിയാർ ആയിരുന്നു.


ലോക്ക് ഡൌൺ തുടങ്ങിയതിന് ശേഷം എന്നും ഉള്ള കൂടിക്കാഴ്ച ആണ് കുട്ടൻ നായരുടെയും ഹാജിയാരുടെയും. സോഷ്യൽ ഡിസ്റ്റൻസിങ് ഒക്കെ പാലിച്ച് 6 അടി അകലത്തിലേ അവർ ഇരിക്കാറുള്ളൂ.

"വരൂ.. വരൂ..ഹാജിയാരെ. ഇന്ന് ഇത്തിരി നേർത്തെ ആണല്ലോ..?"

"എന്തോ ഇന്ന് പത്രം വായിച്ചതിനു ശേഷം ഇരിപ്പൊറക്കണില്ല. അതാ നേരത്തെ വന്നത്"

"എന്ത് പറ്റി?"

"അല്ല..നിങ്ങള് പത്രം വായിക്കണുള്ളൂ..ല്ലേ.."

"അതെ.. എണീറ്റപ്പോ ഇത്തിരി വൈകിപ്പോയി"

"വായിക്ക്യാ... അപ്പൊ കാണാം. ഞാൻ ഒരു വാർത്ത വായിച്ചു... ആധിയും കൂടി.. അതാ നേരത്തെ തന്നെ തന്റെ അടുത്തക്ക് ഓടി വന്നത്"

"എന്ത് വാർത്തയാടോ ?"

"നമ്മടെ ഗവൺമെന്റ് അമേരിക്കക്ക് ഡാറ്റ വിറ്റൂ.. ത്രേ. ഈ സൂക്കേട് പിടിച്ചിരിക്കണ കാലത്ത് എന്തെങ്കിലും ഒക്കെ വാങ്ങുവല്ലേ വേണ്ടത്"

"ഡാറ്റയോ.. കുരുമുളകൊക്കെ കയറ്റി അയക്കാറുണ്ട്. വിക്കാറുണ്ട് ന്നൊക്കെ കേട്ടിട്ടുണ്ട്. അതെന്താടോ ഈ ഡാറ്റ  എന്ന് പറയണ സാധനം?"

"എനിക്കറിയില്ലടോ നായരെ.. തനിക്കറിയും ന്ന് വച്ചിട്ടല്ലേ ഞാൻ വന്നത്"

"ഞാൻ കണ്ടില്ലല്ലോ മാതൃഭൂമിയിൽ. ഓ തന്റെ വീട്ടിൽ മനോരമ അല്ലെ..?"

"അതെ.. മനോരമയിൽ തന്ന്യാ കണ്ടത്"

"താൻ ശരിക്കും വായിച്ചോ? ചിലപ്പോൾ ടാറ്റ കന്പനിയെ ആയിരിക്കും വിറ്റത്"

"അല്ലല്ല.. ഡാറ്റ തന്നെ. ഞാൻ ശരിക്കും നോക്കി...കച്ചവടത്തിലെ 'ട' അല്ല..  ഗരുഡനിലെ 'ഡ' "

"ഇതെന്താണപ്പാ ഈ സാധനം. എത്ര ക്വിന്റൽ വിറ്റു ന്നോ... ക്വിന്റലിന് എത്ര വില ണ്ട് ന്നോ ക്കെ എഴുതീട്ട് ണ്ടാ?"

"ഇല്ലെടോ അതൊന്നും കണ്ടില്ല"

"ങ്ങാ.. എന്തെങ്കിലും ആകട്ടെ. ഗവൺമെന്റിന്റെ കയ്യില് കാശില്ലാത്ത കാലം അല്ലേ. നമ്മളെ ഒക്കെ നോക്കാൻ വേണ്ടി വേണ്ടത്ര പണം ഉണ്ടാക്കാൻ വിറ്റതായിരിക്കും. ആർക്കു വിറ്റൂ ന്നാ പറഞ്ഞത്?"

"അമേരിക്കക്ക്"

"അമേരിക്കക്കോ... അവര് സാമ്രാജ്യത്വത്തിന്റെ ആൾക്കാരല്ലേ?"

"അല്ല.. എനിക്ക് മനസ്സിലാകാത്തത്.. അമേരിക്കയും സൂക്കേട് കാരണം ആകെ തളർന്നിരിക്കല്ലേ? അതിനിടയിൽ അവര് കച്ചവടം നടത്താൻ നോക്കണ് ണ്ടോ, ന്നാണ് എന്റെ സംശയം"

"മുഖ്യമന്ത്രി കുറച്ച് നാൾ മുൻപ് അമേരിക്കയില് ചികിത്സക്ക് പോയപ്പോൾ ആരോടെങ്കിലും പറഞ്ഞ് വച്ചതായിരിക്കും. ഇപ്പോഴായിരിക്കും വിക്കണത്... "

"ന്നാലും ന്റെ നായരെ.. ഈ ഡാറ്റ ന്ന് പറഞ്ഞാ എന്താ സാധനം? കംപ്യൂട്ടറിന്റെ വകയിൽ പെട്ട എന്തോ സാധനം ആണെന്ന് പത്രത്തിൽ എഴുതിയിരുന്നു.."

"ഡോ.. ഇതൊക്കെ പുതിയ പിള്ളേർക്ക്  അറിയണത് വല്ലതും ആയിരിക്കും. മോനെ രാഹുലേ.. ഒന്ന് മുത്തച്ഛന്റെ അടുത്തക്ക് വാ"

രാഹുൽ മുത്തച്ഛന്റെ അടുത്തേക്ക് വന്നു

"എന്താ മുത്തച്ഛാ?"

"മോനെ... ഈ ഡാറ്റ ന്ന് പറഞ്ഞാ എന്താ?"

"ഡാറ്റ എന്ന് പറഞ്ഞാൽ... അതിപ്പോ എങ്ങന്യാ മുത്തച്ഛനോടു പറയുക.. ഹ്മ്മ്... എവിടെയാ ഇത് കണ്ടത്?"

[ഹാജിയാർ]: "മോനെ.. ഇന്നത്തെ പത്രത്തിൽ കണ്ടതാ.. ഗവൺമെന്റ് അമേരിക്കക്ക് ഡാറ്റ വിറ്റൂ ന്ന്. അത് വിറ്റാൽ നല്ല വില കിട്ടുമോ"

"ഓ.. അതാണോ? ഡാറ്റ എന്ന് പറഞ്ഞാൽ.. കേരളത്തിലെ ആൾക്കാരുടെ  പേര്, വയസ്സ്, അഡ്ഡ്രസ്സ്‌, ഫോൺ നന്പർ, ആധാർ കാർഡ് നന്പർ, മുന്പ് വന്ന രോഗങ്ങൾ, നമ്മളെ പറ്റിയുള്ള എല്ലാ വിവരങ്ങളും"

[കുട്ടൻ നായർ] : "അത് വിക്ക് ണൂ ന്ന് പറഞ്ഞാ എന്താ? അത് വിറ്റിട്ട് പ്പോ എന്ത് കിട്ടാനാ? എനിക്ക് ഈ ഹാജിയാർ ടെ പേരും, വയസ്സും, ഫോൺ നന്പറും, ഒക്കെ അറിയാല്ലോ..? ഇയാൾക്ക് വട്ടച്ചൊറി വന്നത് വരെ എനിക്കറിയാം. അതോണ്ട് എനിക്ക് ഇത്' വരെ 5 പൈസേടെ വരുമാനം ണ്ടായിട്ടില്ല്യ. അത് കിട്ടീട്ട് ഇപ്പൊ അമേരിക്കൻ ഗവൺമെന്റിന് എന്ത് കിട്ടാനാ?"

"മുത്തച്ഛാ.. അമേരിക്കൻ ഗവൺമെന്റിനല്ല ഡാറ്റ കൊടുക്കണത്. അമേരിക്കയിലെ ഒരു കന്പനിക്കാണ് കൊടുക്കുന്നത്"

കുട്ടൻ നായർക്ക് ദേഷ്യം വന്നു...

"ഹാജിയാർ ടെ വട്ടച്ചൊറി രോഗം അറിഞ്ഞിട്ട്  അമേരിക്കൻ കന്പനി എന്ത് ഇണ്ടാക്കാനാ? അത്  വിറ്റിട്ട്  കേരള ഗവൺമെന്റിന് എന്ത് ലാഭം?"

"മുത്തച്ഛാ.. നമുക്ക് എന്നും ഇങ്ങനെ വീട്ടിൽ ഇരിക്കാൻ പറ്റില്ലല്ലോ. കുറച്ച് ദിവസം കഴിഞ്ഞാൽ ഈ ലോക്ക് ഡൌൺ ഒക്കെ തീരും. എല്ലാവര്ക്കും ജോലിക്കും സ്കൂളിലും ഒക്കെ പോകേണ്ടി വരും അപ്പോൾ ഈ വൈറസ് വീണ്ടും വന്ന്  അസുഖം ഉള്ള ആൾക്കാരുടെ എണ്ണം കൂടിയാലോ? അപ്പോൾ ആണ് അമേരിക്കയിലെ കന്പനിയുടെ സേവനം ആവശ്യം വരുക. അവരുടെ സഹായത്തോടെ രോഗം വരുന്നതിന് മുൻപേ തന്നെ തടയാനും, വേണ്ടത്ര മുന്നറിയിപ്പുകൾ നൽകാനും ഒക്കെ ചെയ്യാൻ പറ്റും. ഇതിനെ Big Data Analytics എന്നാണ് പറയുന്നത്"

[ഹാജിയാർ] : "മോനെ, കേരളത്തിലെ ഇത്രയും ആൾക്കാർ ടെ വിവരമൊക്കെ എങ്ങനെയാ കിട്ടുക?"

"അത് വല്ല കുടുംബശ്രീയോ.. അല്ലെങ്കിൽ ആരെങ്കിലും കേരളത്തിലെ എല്ലാ വീടുകളിലും പോയി ശേഖരിക്കും"

[കുട്ടൻ നായർ] : "എന്തോ.. എനിക്ക് മനസ്സിലാവണില്ല്യ. എന്തായാലും ഈ ചിറ്റാട്ടുകര പഞ്ചായത്തിനപ്പുറത്ത് ആരും നമ്മളെ അറിയില്യ. പക്ഷെ നമ്മടെ പേരൊക്കെ അമേരിക്കയിൽ അറിയാ.. ന്ന്.. വച്ചാ.. നല്ലതന്നെ"

"മുത്തച്ഛാ.. അങ്ങനെ നമ്മളെ ആരും അമേരിക്കയിൽ അറിയാൻ പോണില്ല.."

"ഹ..ഹ...ഹ.." ഹാജിയാര് പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു "നായരെ, മോൻ ഇങ്ങനെയൊക്കെ  പറയും ട്ടോ... പണ്ട് താൻ വേലി ചാടി സരോജിനീടെ വീടിന്റെ തട്ടിൻപുറത്ത് കയറിയതും, പട്ടീടെ കടി കിട്ടിയതുമൊക്കെ, അമേരിക്കയിലെ റിച്ചാർഡ് സായിപ്പ്  അറിഞ്ഞാൽ.... മുൻപേ  തന്നെ പറയാം, വെറുതെ തറവാടിന് നാണക്കേട് ഉണ്ടാക്കരുത്"

"മുത്തച്ഛാ.... ഹ..ഹ..ഹ... കൊച്ചു കള്ളാ.. അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടുണ്ടോ? പറയ് മുത്തച്ഛാ..."

കുട്ടൻ നായര് ദേഷ്യത്തോടെ ചാര് കസേരയിൽ നിന്നും ചാടി എഴുന്നേറ്റു

"ഡോ...ഹാജിയാരെ.. തന്നെ ഞാൻ.."

അപ്പോഴേക്കും പൊട്ടിച്ചിരിച്ചുകൊണ്ട് ഹാജിയാര് സ്വന്തം വീട്ടിൽ എത്തിയിരുന്നു...

[04212020]

മോചനം


അടിമത്തത്തിന്റെ നാളുകൾ അസ്തമിച്ചു...

മർദ്ദനങ്ങൾ മേളങ്ങളായിരുന്ന ദിവസങ്ങൾ അവസാനിച്ചു...

ഹിറ്റ്‌ലർ മോഡൽ ഭരണം അന്ത്യശ്വാസം വലിച്ചു...

ചെറിയ തെറ്റുകൾക്ക് പോലും ക്രൂരമായ ശിക്ഷാവിധികൾ കിട്ടിയിരുന്ന കാലം കഴിഞ്ഞു..

പട്ടാള ചിട്ടയിൽ സമയത്തിന് കാര്യങ്ങൾ നിർവഹിക്കാനുള്ള സമ്മർദ്ദം ഇല്ലാതായി..

ഇഷ്ടമുള്ള ഭക്ഷണം കഴിക്കാൻ സമ്മതിക്കാതെ വ്യക്തിയുടെ ഭക്ഷണ സ്വാതന്ത്ര്യത്തിൽ കൈ കടത്തിയിരുന്ന ഭരണം നിലച്ചു...

ഇനി വരുന്നത് നല്ല കാലം... സന്തോഷത്തിന്റെ ദിവസങ്ങൾ...

ഇത് കുറെ നാൾ ബീഫ് തിന്നാൻ കിട്ടാതെ പെട്ടെന്ന് ബീഫ് കിട്ടിയവന്റെ ചിന്ത അല്ല.... സമകാലീന രാഷ്ട്രീയ സംഭവങ്ങളുമായി ഒരു ബന്ധവും ഇല്ല

10  ദിവസം ഭാര്യ നാട്ടിൽ പോയപ്പോൾ മക്കളെ നോക്കിയ അച്ഛന്റെ ഭരണ പരിഷ്കാരങ്ങളിൽ നിന്ന് മോചനം കിട്ടിയ ആ നിമിഷം... അതായത് അമ്മയെ വിമാനത്താവളത്തിൽ സ്വീകരിക്കാൻ ചെന്നപ്പോൾ അമ്മയെ കണ്ട ആ നിമിഷം... മക്കളുടെ മനസ്സിലൂടെ ഓടിയ ചിന്തകൾ ആണ്..

അമ്മക്ക് തുല്യം അമ്മ മാത്രം...

[05/31/2017]: