2013, ഡിസംബർ 31, ചൊവ്വാഴ്ച

വെയിറ്റ്

തൃശൂർ എഞ്ചിനീയറിംഗ് കോളേജിൽ പഠിക്കുന്ന കാലം...

നിരത്തിലൂടെ നടന്നു പോകുന്ന എന്നെ ബസ്സിൽ യാത്ര ചെയ്യുന്ന ഒരു സുഹൃത്ത്‌ ഹലോ പറഞ്ഞു കൈ വീശി വിളിച്ചു.

"പോളണ്ടിലെന്തുണ്ടായി... യുഗോസ്ലാവിയ പിളരുമോ... എന്നൊക്കെ ആലോചിച്ചു നടക്കുമ്പോൾ ഈ കൈ വീശൽ ആര്    കാണാൻ.

രണ്ടു ദിവസം കഴിഞ്ഞു ആ സുഹൃത്തിനെ നേരിൽ കണ്ടപ്പോൾ എന്നോട് പറഞ്ഞു...

"ന്തൂട്ടണ്ടാ ശവി... വല്ല്യേ വെയിറ്റ് ഇടണ്ടാ ട്ടാ"

"നീ എന്തൂട്ടാ പറയണേ.. വെയിറ്റാ... ഞാനാ"

"ന്നാളൊരൂസം ബസ്സിൽ പോവുമ്പോ നിന്നെ വിളിച്ച് കയ്യ് കാണിച്ചപ്പോ... കണ്ടില്ലേ...?"

"എന്ന്... എതൂസം"

"രണ്ടീസം മുമ്പ്"

തലയിൽ വിരലും വച്ച് ആലോചിച്ചു... എപ്പോഴായിരിക്കും ഇവൻ ബസ്സിൽ നിന്നു എന്നെ വിളിച്ചത്?

"ഗഡി... എനിക്ക്യോർമ്മീല്ല്യാട്ടാ"

"ഒന്ന് പോയേരാവ്ട്ന്ന്. നിനക്കിപ്പോ ഇത്തിരി വെയിറ്റ് (weight) കൂടുതലാ"

അന്ന് രാത്രി ഉറങ്ങിയില്ല. സുഹൃത്തിനെ വിഷമിപ്പിച്ചത് കൊണ്ടല്ല...

"നിനക്കിപ്പോ ഇത്തിരി വെയിറ്റ് (weight) കൂടുതലാ" എന്ന ആരോപണം കടലിലെ നിലക്കാത്ത തിരമാലകളെ പോലെ വന്നു വന്നു അലട്ടിക്കൊണ്ടിരുന്നു...  5 അടി 9   ഇഞ്ച്‌ ഉയരത്തിന്  വെറും 38 കിലോ വെയിറ്റ് മാത്രം ഉള്ളവനെ ഇങ്ങനെ അധിക്ഷേപിക്കുന്നത് ശരിയാണോ?

ഇപ്പോൾ ഇരുപതോളം കൊല്ലം കഴിഞ്ഞു. ജീവിതത്തിൽ അനവധി നേട്ടങ്ങളുണ്ടായതിന്റെ കൂടെ ഒരുമിച്ച് അതും കൂടി... ഏത്?   "വെയിറ്റ് "

അതിങ്ങനെ വെച്ചടി വെച്ചടി ഉയർന്നുകൊണ്ടേ  ഇരുന്നു... 88 കിലോ വരെ എത്തി . (ഇപ്പോഴെങ്ങാനും പണ്ടത്തെ സുഹൃത്ത് വന്നിട്ട്, "നിനക്ക് ഭയങ്കര വെയിറ്റാണെന്ന് പറഞ്ഞാൽ വിഷമിക്കാതിരിക്കാമായിരുന്നു").

ഈ വെയിറ്റിനാണെങ്കിൽ ഒരു ബോധവും ഇല്ല. 38 കിലോയിൽ നിന്ന് 88 കിലോയിലേക്ക് കയറുമ്പോൾ നമുക്ക് വേണ്ട സ്ഥലത്തൊന്നും അത് കയറിയിരിക്കില്ല.... ഭൂരിഭാഗവും "സെന്റെർ  ഓഫ് ഗ്രാവിറ്റിയിൽ" തന്നെ. അമ്പലത്തിൽ പോയി തിരിച്ചു വരുമ്പോൾ താഴേക്ക്‌ നോക്കി സ്വന്തം ചെരുപ്പ് തന്നെയാണോ ഇട്ടിരിക്കുന്നത് എന്ന് പോലും നോക്കി  ഉറപ്പു വരുത്താൻ പറ്റാത്ത അവസ്ഥ...

60 പേർ ഇരുന്നു സുഖമായി യാത്ര ചെയ്യേണ്ട സ്ഥാനത്ത് 120 പേർ കയറിയ കാരണം ഒരു വശത്തേക്ക് ചരിഞ്ഞു ഇഴഞ്ഞു നീങ്ങുന്ന KSRTC ബസ്സ്‌ പോലെ ആയി രണ്ടു കാലുകൊണ്ടുള്ള നടത്തം.

ഡോക്ടറെ കണ്ടു. വെയിറ്റും ഹൈറ്റും നോക്കി. ബ്ലഡ്‌ ടെസ്റ്റും നടത്തി.

ബ്ലഡ്‌ ടെസ്റ്റ്‌ റിപ്പോർട്ടിലൂടെ ഒന്ന് കണ്ണോടിച്ച ശേഷം ഒരു പുച്ഛത്തോടെ  ഡോക്ടർ  പറഞ്ഞു...

"മോനെ നിന്റെ കാര്യം പോക്കാ. പൊണ്ണത്തടിയാ നിന്റെ വെയിറ്റ്  88 കിലോ. വെയിറ്റ് ഒറ്റക്കല്ല. കൂട്ടുകാരും ഉണ്ട്. കൊളസ്ട്രോൾ, ട്രൈ ഗ്ലിസൈറൈഡ്, ചീത്ത കൊളസ്ട്രോൾ, പഞ്ചാര ഇവരൊക്കെ തന്നെ"

പിന്നെ 15 മിനിറ്റ്, ഇവരൊക്കെ കൂടി എങ്ങനെ നമ്മളെ കൊന്നു കൊണ്ടിരിക്കുന്നു എന്നാ വിശദീകരണം. അത് കേട്ടാൽ തോന്നും വെയിറ്റ്, കൊളസ്ട്രോൾ, ട്രൈ ഗ്ലിസൈറൈഡ്, ചീത്ത കൊളസ്ട്രോൾ, പഞ്ചാര എല്ലാം ഒരു  കൊട്ടേഷൻ ടീം ആണെന്ന്.  പെട്ടെന്ന് കൊല്ലില്ല എന്ന് മാത്രം..

ഇപ്പോൾ എന്തൊക്കെയാണ് കേറിക്കൂടിയിരിക്കുന്നത് ..  ഇരുപതു കൊല്ലം മുമ്പ് വെറും പഞ്ചാര മാത്രമേ ഉണ്ടായിരുന്നുള്ളൂ... അന്നത്തെ പഞ്ചാര കാരണം അടി വീണു തടി കേടാകുമോ എന്ന ടെൻഷൻ അന്ന്.... ഇന്നത്തെ പഞ്ചാര ഒരടിയും തരാതെ തടി കേടാക്കുമോ എന്ന ടെൻഷൻ ഇന്ന്. പ്രായമേതായാലും പഞ്ചാര തടി കേടാക്കും എന്നത് സത്യം.

നാലഞ്ച് ഗുളികകൾ  എഴുതി തന്നു. എന്നിട്ട് തടി കുറക്കാൻ ഉള്ള ചില നിർദ്ദേശങ്ങളും തന്നു.

ആഴ്ചയിൽ 2 ദിവസം 1 മണിക്കൂർ ഓടടാ.
ആഴ്ചയിൽ 2 ദിവസം 1 മണിക്കൂർ സ്റ്റെയർ ട്രേഡ്മിൽ ചെയ്യടാ
ആഴ്ചയിൽ 1  ദിവസം 1 മണിക്കൂർ നടക്കടാ
ആഴ്ചയിൽ 2 ദിവസം 1 മണിക്കൂർ സൈക്കിൾ ചവിട്ടടാ

ഈ ഡോക്ടറോട് ഇതൊന്നും ചെയ്യാൻ പറ്റില്ല എന്ന് പറയുന്നതിൽ കാര്യമില്ല. മനസ്സിൽ  "മാ നിഷാദാ" എന്നും വായ കൊണ്ട്  "ശരി ഭിഷഗ്വരാ" എന്നും പറഞ്ഞു  പുറത്തിറങ്ങി.

പതിയെ നടക്കുമ്പോൾ ആലോചിച്ചു.  "എന്റെ വെയിറ്റ്, എന്റെ ചോര, എന്റെ പഞ്ചാര, എന്റെ കൊളസ്ട്രോൾ. ഈ ഡോക്ടർക്കെന്തിനാ ഈ പുച്ഛം? "

വീട്ടിലെത്തിയപ്പോൾ ശ്രീമതി ബ്ലഡ് ടെസ്റ്റ്‌ റിപ്പോർട്ട്‌ നോക്കി മുഖം കനപ്പിച്ചു ഉള്ളിലേക്ക് പോയി ആത്മഗതം പറഞ്ഞു... "ഈശ്വരാ എന്റെ ഒരു തലേലെഴുത്ത്. പഞ്ചാര കൂടിയ ഇയാളെ കെട്ടണ്ട കെട്ടണ്ട എന്ന് അച്ഛൻ പണ്ടേ പറഞ്ഞതാ. ഇപ്പൊ രണ്ടു പിള്ളാരുടെ അച്ഛനായി. ഇപ്പോഴും പഞ്ചാര കുറച്ചിട്ടില്ല".

ഡോക്ടറെ കണ്ടു കഴിഞ്ഞിട്ടിപ്പോൾ 4  മാസം.. ഇപ്പോൾ വെയിറ്റ്  68 കിലോ. ഇത് വരെ എന്റെ മേല് കേറാൻ പറ്റില്ല എന്ന് ഭ്രഷ്ട് കൽപിച്ച് മാറ്റി വച്ചിരുന്ന പല വസ്ത്രങ്ങളും എന്നെ സേവിച്ചു തുടങ്ങി..

ഡോക്ടർ പറഞ്ഞ പോലെ ഓടിയോ? - "ഇല്ല"
ഡോക്ടർ പറഞ്ഞ പോലെ സ്റ്റെയർ ട്രേഡ്മിൽ ചെയ്തോ? - "ഇല്ല"
ഡോക്ടർ പറഞ്ഞ പോലെ നടന്നോ? - "ഇല്ല"
ഡോക്ടർ പറഞ്ഞ പോലെ സൈക്കിൾ ചവിട്ടിയോ? - "ഇല്ല"

പിന്നെങ്ങിനെ വെയിറ്റ് കുറഞ്ഞു?

"ഏരിവും പുളിയും കുറച്ച്  ഭക്ഷണം മൂന്നിലൊന്നാക്കി കുറച്ചു".

-------------------

ഭക്ഷണം കുറച്ചു തടി കുറക്കാൻ ആരെങ്കിലും ന്യൂ ഇയർ റെസൊലൂഷൻ എടുത്തിട്ടുണ്ടെങ്കിൽ അവർക്ക് ഒരു ബെസ്റ്റ് ഓഫ് ലക്ക്

ഹാപ്പി ന്യൂ ഇയർ .....

വെയിറ്റ് കുറഞ്ഞാലും കുറയാത്തതെന്ത്?

"പഞ്ചാര"



2013, ഡിസംബർ 2, തിങ്കളാഴ്‌ച

ഒരു മംഗൾയാൻ ടെൻഷൻ

ടെൻഷൻ.... ടെൻഷൻ.... ടെൻഷൻ...

പണ്ട് റോക്കറ്റ് വിടാത്ത കാലത്ത് ഉള്ള ടെൻഷൻ...
"അയ്യേ, കണ്ടില്ലേ റഷ്യയും അമേരിക്കയും വിട്ടോണ്ടിരിക്കണത്, നമ്മളെ കൊണ്ട് ഇതൊന്നും പറ്റില്ല"

റോക്കറ്റ് വിട്ട് അത് താഴെ വീണോണ്ടിരുന്നപ്പോൾ ഉള്ള ടെൻഷൻ..
"അന്നേ പറഞ്ഞതാ... ഇതൊന്നും നമുക്ക് പറ്റിയ പണിയല്ല.."

റോക്കറ്റ് വിട്ട് അത് ശരിക്കും മേലോട്ട് പോയി തുടങ്ങിയപ്പോൾ ഉള്ള ടെൻഷൻ..
- ഇപ്പ വീഴും ഇപ്പ വീഴും എന്ന് വിചാരിച്ചു കുറച്ചു നാൾ ആരും മിണ്ടിയില്ല. പക്ഷെ റോക്കറ്റ് ആരാ മോൻ...അവൻ വീണില്ല.

റോക്കറ്റ് വിടണ അണ്ണന്മാർ ഒന്ന് ഉഷാറായി... വിട്ടേക്കാം ഒന്ന് ചന്ദ്രനിലേക്ക്. അതും വീണില്ല. 
ചീത്ത വിളിക്കാൻ നിന്ന അണ്ണന്മാർ വീണ്ടും വിഷാദത്തിൽ ടെൻഷനിൽ ... പക്ഷേ കണ്ട്രോൾ പോയി തുടങ്ങി... ഇനി ഒരെണ്ണം വിട്ടാൽ "അക്കളി ഇക്കളി സൂക്ഷിച്ചോ" എന്ന മട്ടിൽ.

റോക്കറ്റ് വിടണ അണ്ണന്മാർ കൂടുതൽ ഉഷാറായി.... ദാ പിടിച്ചോ ഒരെണ്ണം... ചൊവ്വയിലേക്ക്... മറ്റേ അണ്ണന്മാർക്ക് ടെൻഷൻ... ഇതെങ്ങാനും വീഴാതിരുന്നാലോ? 

ഇപ്രാവശ്യം ജ്യോത്സ്യന്മാരും കൂടി... ചൊവ്വ ദോഷം എന്നൊരു ദോഷം ഇനി ഇല്ലെങ്കിലോ? അങ്ങനെ എങ്ങാനും നമ്മുടെ റോക്കറ്റ്കണ്ടു പിടിച്ചാൽ... കഞ്ഞികുടി മുട്ടുമല്ലോ എന്ന ടെൻഷൻ.... 

റോക്കറ്റ് വിടണ അണ്ണൻമാർക്ക് റോക്കറ്റ് എത്തേണ്ടിടത് എത്തുമോ എന്ന ടെൻഷൻ.... മേലേക്ക് പോണ റോക്കറ്റ് നോക്കി നില്ക്കണ ചില അണ്ണൻമാർക്ക്, ഇത് വിട്ട ഇന്ത്യ എത്തേണ്ടിടത് എത്തുമോ എന്ന ടെൻഷൻ..

മേലേക്ക് വിടാനുള്ള മിടുക്ക് മാത്രം പോരാ... ചൈനയോ പാകിസ്താനോ ആക്രമിച്ചാൽ ഇന്ത്യക്ക് അങ്ങോട്ട്‌ ശരിക്കും ഒരെണ്ണം വിടാൻ പറ്റുമോ എന്ന ടെൻഷൻ...

ചൊവ്വാദോഷം കൊണ്ട് ഒരു വ്യക്തിക്ക് മാത്രമേ കുഴപ്പം ഉണ്ടാകൂ എന്നാണ് കരുതിയിരുന്നത്. നാടിനു മുഴുവൻ ഒരു ചൊവ്വ ദോഷം ഉണ്ടാകുമോ?

ടെൻഷനടിക്കാൻ ഇന്ത്യക്കാരുടെ ജീവിതം ഇനിയും ബാക്കി...