2022, ഡിസംബർ 31, ശനിയാഴ്‌ച

2022 ൽ നിന്നും 2023 ലേക്ക്

ലോകത്തിന്റെ പല ഭാഗത്തും 2022 കഴിഞ്ഞു. ഞങ്ങളിവിടെ കാലിഫോർണിയൻ കടപ്പുറത്ത് 2023 നെയും കാത്ത് കാത്ത്... ഈ 2022 കഴിയാൻ കാത്തിരിക്കുന്നു. ഇനി ഏതാനും മണിക്കൂറുകൾ മാത്രം. 
 
എന്തൊക്കെയാണ് ഇക്കൊല്ലത്തെ നേട്ടം? 1000HO, 750HV, 500HE, 1000MC, 312HD, 600HN, 300HRD, 1200HID, 100HGY, 12000HMA, 5000HC, 36500HBD, 100000GM, 63214GN, 1500HNY.. ഇതൊക്കെയാണ് ഇക്കൊല്ലത്തെ നേട്ടം. ഇതിനൊക്കെ വേണ്ടി ചിലവഴിച്ച സമയം കൊണ്ട് വേണമെങ്കിൽ ചന്ദ്രനിൽ പോയി വരാമായിരുന്നു... എന്താണിതൊക്കെ..? ആക്റ്റീവ് ആയി ആറോ ഏഴോ വാട്സാപ്പ് ഗ്രൂപ്പുകളാണുള്ളത്. പഠിച്ച സ്‌കൂളുകൾ, കോളേജുകൾ, ജോലി ചെയ്ത കന്പനികൾ, അയൽവാസികൾ.. ഇങ്ങനെയുള്ള ഗ്രൂപ്പുകൾ.. അതിൽ നിന്നും  2022 ൽ കിട്ടിയ ആശംസാ അനുശോചന മെസ്സേജുകളുടെ എണ്ണമാണ്... ഇതൊക്കെ..

100000GM - 100000 Good Morning
63214GN    - 63124 Good Night
36500HBD  - 36500 Happy Birthday
12000HMA - 12000 Happy Marriage Anniversary
5000HC      - 5000 Heartfelt Condolences
1500HNY    - 1500 Happy New Year
1200HID     - 1200 Happy Independence Day
1000HO      - 1000 Happy Onam
1000MC     - 1000 Merry Christmas
750HV        -   750 Happy Vishu
500HE        -   500 Happy Eid
312HD        -   312 Happy Diwali
300HN        -   300 Happy Navarathri
300HRD      -   300 Happy Republic Day
100HGY      -   100 Happy Gandhi Jayanthi

ഏറ്റവും എളുപ്പമായി എന്നും അയക്കാവുന്ന ഒരു മെസ്സേജാണ് Good Morning.. കിടക്കയിൽ കിടന്നുകൊണ്ട് തന്നെ, കണ്ണ് തുറന്ന ഉടനെ അയക്കാവുന്ന മെസ്സേജ്.. ഇതയക്കാൻ പല്ലു പോലും തേക്കേണ്ട ആവശ്യമില്ല. ഏകദേശം ഒരു ലക്ഷത്തോളം Good Morning കിട്ടുന്പോൾ Good Night ന്റെ എണ്ണം കുറഞ്ഞ് വെറും 63214 എണ്ണം മാത്രം.. രാത്രി രണ്ടെണ്ണമടിച്ച് ഫ്‌ളാറ്റായിക്കഴിഞ്ഞാൽ പിന്നെ മെസ്സേജ് വിടാനുള്ള ശക്തി കുറയുന്നതായിരിക്കണം ഇതിന് കാരണം. 

Good Morning ഉം Good Night ഉം കഴിഞ്ഞാൽ അടുത്ത സ്‌ഥാനത്ത്‌ ഉള്ളതാണ് Happy Birthday. ഇതൊരെണ്ണം ആരെങ്കിലും ഇട്ടാൽ.. പിന്നെ ഉക്രൈനിനെതിരെ റഷ്യ മിസൈൽ വിടുന്നപോലെയാണ് ബാക്കിയുള്ള Happy Birthday മെസ്സേജുകൾ വരുക..  Happy Birthday മെസ്സേജിനെ അപേക്ഷിച്ച് എണ്ണത്തിൽ കുറവാണെങ്കിലും, ചറ പറാ വരുന്ന മറ്റൊരു മെസ്സേജ് ആണ്..  Heartfelt Condolences. Happy Birthday ചട പടാ ഇടുന്നത്... 'ഓ.. ഇതോടെ ഇവന്റെ ഇക്കൊല്ലത്തെ പിറന്നാൾ കാര്യത്തിൽ എന്റെ റോൾ വേഗം കഴിഞ്ഞല്ലോ' എന്ന മനോഗതത്തോടെയാണെങ്കിൽ,  ആരെങ്കിലും തട്ടിപ്പോയാൽ... താൻ വിഷമം ഉടനെ അറിയിക്കാത്തത് കൊണ്ട് പരേതന്റെ ആത്മാവിന് മോക്ഷം കിട്ടാതായാലോ എന്ന ഒരു ടെൻഷനുള്ള പോലെ.. ഇടുന്നതാണ് Heartfelt Condolences. (Happy Birthday മെസ്സേജ് ഇടുന്ന മിക്കവർക്കും.. ഇതാരുടെ Birthday ആണെന്നൊന്നും ഓർമ്മയുണ്ടാകണമെന്നില്ല)

അടുത്തതാണ്..  Happy Marriage Anniversary. നീയും നിന്റെ കെട്ടിയവനും (അല്ലെങ്കിൽ കെട്ടിയവളും) സുഖമായി ഇനിയും 100 കൊല്ലം ജീവിക്കട്ടെ എന്നൊക്കെ ആശംസിക്കും.. 50 വയസ്സായി വാർദ്ധക്യം തുളുന്പാൻ വെന്പി നിൽക്കുന്നവനോടാണ് ഇനി 100 കൊല്ലം കൂടി ജീവിക്കാൻ പറയുന്നത്.. അത് തന്നെയുമല്ല... 'അവനവൻ കുരുക്കുന്ന കുരുക്കഴിക്കുന്പോൾ ഗുലുമാൽ' എന്ന് വിചാരിച്ച് കഴിയുന്നവനോടാണ്, ഇനിയും 100 കൊല്ലം കൂടി കുരുക്കിൽ കിടക്കൂയെന്ന് ആശംസിക്കുന്നത്.
 
1200 Happy Independence Day വന്നപ്പോൾ 300 Happy Republic Day മാത്രമേ വന്നുള്ളൂ. ആർക്കും ഇന്ത്യ ഒരു റിപ്പബ്ലിക്ക് ആയതിൽ അത്രക്ക് സന്തോഷമില്ലായെന്ന് തോന്നുന്നു.
 
1000  Happy Onam,  1000 Merry Christmas ഒക്കെ വന്നപ്പോൾ Happy Eid വെറും 500 മാത്രം.. അടുത്തകൊല്ലം നിങ്ങൾ performance improve ചെയ്യുമെന്ന് കരുതുന്നു.പിന്നെ,  Happy Diwali, Happy Navarathri ഇതൊക്കെ സദ്യക്ക് പുളിയിഞ്ചി വിളന്പുന്ന പോലെ ഇച്ചിരി മാത്രം...

ആളുകൾ Happy New Year മെസ്സേജ് അയക്കണ കണ്ടാൽ തോന്നും.. ഇന്നത്തോടെ ഈ ലോകമവസാനിച്ചു.. നാളെ പുതിയ എന്തോ ഉണ്ടാവുമെന്ന്.. നാളെയും സൂര്യൻ കിഴക്കു തന്നെയുദിക്കും... പട്ടിയുടെ വാല് എന്നത്തേയും പോലെ വളഞ്ഞിരിക്കും...  നമ്മളീ മെസ്സേജുകളൊക്കെ അയച്ചുകൊണ്ടേയിരിക്കും...
 
ഗാന്ധിജിയുടെ കാര്യമാണ് ഏറ്റവും കഷ്ടം.. കംപ്ലീറ്റ് വില പോയി... വെറും 100 Happy Gandhi Jayanthi മാത്രം. നമുക്കുള്ളതിന്റെയും നമുക്ക് ഉണ്ടായിരുന്നതിന്റെയും നമുക്ക് വേണ്ടി അദ്ധ്വാനിച്ചവനെ പറ്റിയുമൊക്കെ ഓർമ്മയില്ലാതെ വളരുന്ന സമൂഹത്തിന്റെ ലക്ഷണമാണിത്.. പറഞ്ഞിട്ട് കാര്യമില്ല.. ഗാന്ധി എന്ന് കേൾക്കുന്പോൾ ആൾക്കാർക്ക് ആദ്യം ഓർമ്മ വരുക ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി.. എന്നൊക്കെയല്ലേ?

----
മറ്റു ചില ഗ്രൂപ്പ് dynamics 

ആണുങ്ങൾ മാത്രമുള്ള ഒരു ഗ്രൂപ്പ്.. അതിൽ ഒരുത്തൻ അവന്റെ ഭാര്യക്ക് വേണ്ടി Happy Birthday ആശംസിക്കുന്നു. ഉടനെ തന്നെ റഷ്യൻ മിസൈൽസ് പോലെ  Happy Birthday മെസ്സേജസ്സുകളുടെ ബഹളമായിരിക്കും. ചിലപ്പോൾ. മറ്റൊരുത്തൻ അവന്റെ കുഞ്ഞമ്മയുടെ മോളുടെ അമ്മാവന്റെ മുത്തച്ഛന്റെ മരണവിവരം അറിയിക്കും... പിന്നെ Heartfelt Condolences എന്നതിന്റെ ബഹളമായിരിക്കും. Happy Birthday എത്തേണ്ട ഭാര്യയെയോ, തട്ടിപ്പോയ അമ്മാവനെയോ ഒന്നും അറിയണമെന്നൊന്നുമില്ല. മെസ്സേജ് വിടലോട് വിടൽ. ചിലപ്പോൾ മരണവും പിറന്നാളും ഓണവും ഒക്കെ ഒരുമിച്ച് വരുന്പോഴാണ് തമാശ.. ഏത് മെസ്സേജ് മിസൈൽ ആർക്കാണ് പോകുന്നത് എന്ന് ആർക്കും യാതൊരു ഐഡിയയുമുണ്ടാവില്ല. ആവശ്യക്കാരൻ അവനവന് വേണ്ട മെസ്സേജുകൾ പറക്കിയെടുക്കണം. ഇന്ദിരാഗാന്ധി മരിച്ചപ്പോൾ ഒരാഴ്ച കൊടി താഴ്‌ത്തിക്കെട്ടിയ പോലെ, ആരുടെയെങ്കിലും മരണവിവരസന്ദേശം വന്നാൽ, ബാക്കി എല്ലാവരോടും ഒരു ദിവസത്തേക്കെങ്കിലും മെസ്സേജ് അയക്കുന്നതിൽ സംയമനം പാലിക്കാൻ ആഹ്വാനം ചെയ്തുള്ള മെസ്സേജുകളും വരും.. ആ മെസ്സേജിന്റെ അടുത്ത മെസ്സേജ് വല്ല Happy Birthday യോ Happy Marriage Anniversary യോ ആയിരിക്കും...

ഈ മെസ്സേജ് പ്രളയം തുടങ്ങിയത്.. എല്ലാവർക്കും ഒരു 45 വയസ്സ് കഴിഞ്ഞതിന് ശേഷമാണെന്നാണ് എനിക്ക് തോന്നുന്നത്. 40 - 45 വയസ്സ് വരെ എല്ല്ലാവരും കുട്ടികളുടെ കാര്യത്തിലും മറ്റുമൊക്കെയായി വെരി ബിസി.. 45 ആയപ്പോഴേക്കും പല പിള്ളേരുടെയും "അച്ഛാ, ഒന്ന് സൈഡിലേക്ക് മാറി നിന്നേ.." എന്ന attitude,  അല്ലെങ്കിൽ കുട്ടികൾ വീട് വിട്ട് ഉപരിപഠനത്തിന് പോകുക എന്നത് കൊണ്ടൊക്കെ ഉണ്ടാകുന്ന ഏകാന്തത കൊണ്ടായിരിക്കണം ഈ മെസ്സേജ് പ്രളയം.. (ഇങ്ങനെയാകണമെന്നില്ല.. എന്റെയൊരു തോന്നൽ മാത്രം). 

എന്തായാലും പല ഗ്രൂപ്പുകളും നിലനിക്കുന്നത് ഈ ആശംസാ അനുശോചന സന്ദേശങ്ങൾ കൊണ്ട് മാത്രമാണ്. പലരും അവരുടെ presence രേഖപ്പെടുത്തുന്നത് ഇങ്ങനെയുള്ള മെസ്സേജുകൾ കൊണ്ടാണ്. പലരും, അവർക്ക് വേണ്ടപ്പെട്ടവരിൽ നിന്നും കിട്ടാത്ത ആശംസകളും അനുശോചനങ്ങളും ഇത്തരം ഗ്രൂപ്പുകളിൽ നിന്നും കിട്ടുന്നത് കൊണ്ട് തൃപ്തരാകുന്നു..  അതിനാൽ ഈ സന്ദേശങ്ങൾ ഇനിയും തുടരുന്നതിൽ പ്രശ്നമൊന്നുമില്ല...

അതിനാൽ എന്റെ വകയും ഒരെണ്ണം കിടക്കട്ടെ.. ആരെങ്കിലും വായിച്ച് ഇതുവരെ എത്തിയെങ്കിൽ.. Happy New Year.. 2023