2007, ഡിസംബർ 10, തിങ്കളാഴ്‌ച

ഗൂഗിളും മംഗ്ലീഷും

ഓം സരസ്വത്യായ നമഹ....
ഓം (ജോഗ്രഫി പഠിപ്പിച്ച) ഭാര്‍ഗവന്‍ മാഷായ നമഹ..
ഓം (ടൈപ്പ് റൈറ്റിങ് പഠിപ്പിച്ച) കുസുമവതി ടീച്ചറായ നമഹ ...
ഓം കംപൂട്ടറായ് നമഹ ...
ഓം ഗൂഗ്ലായ നമോ നമഹ....

എങ്ങിനേ ഗൂഗ്ലിനേ നമിക്കാതിരിക്കും. ഇത്രയും കാലം ഏറ്റവും നല്ല മംഗ്ലീഷ് എഴുത്തുകാരന്‍ എന്ന പദവി നേടിയത് വെറുതേ ആയില്ലേ? ഇനി എവിടേ മംഗ്ലീഷ്? എങ്കിലും ഗൂഗിള്‍ transliteration തരുന്ന സുഖം ചെറുതൊന്നുമല്ല. ആയ സുഖം തന്ന സന്തോഷത്തിന്റെ ആവേശത്തില്‍ ബ്ലോഗ് ചെയ്യാന്‍ ഒരു ഇമെയില്‍ ഐഡി ഉണ്ടാക്കാന്‍ തീരുമാനിച്ചു.

പരശുരാമന്‍ കഷ്ടപ്പെട്ടു മഴു വലിച്ചെറിഞ്ഞു ഉണ്ടാക്കിയ കേരളത്തിലേ ജനങ്ങള്‍ അധികവും ഉണ്ണിമാരാണെന്ന് അപ്പോഴാണ് മനസ്സിലായത്. ഗൂഗിളില്‍ ഉണ്ണി, കിട്ടുണ്ണി, കുട്ടുണ്ണി, നട്ടുണ്ണി, എന്റെ പണ്ടത്തേ പേരായ പട്ടരുണ്ണി ഒക്കേ ആരോക്കെയെ അടിച്ച് മാറ്റിക്കഴിഞ്ഞിരുന്നു. അവസാനം, ഇഷ്ട ഭക്ഷണമായ പുട്ട് രക്ഷിച്ചു. പുട്ടുണ്ണി മാത്രം ആരും എടുത്തിട്ടില്ല. അടുത്ത മൈക്രോ സെക്കന്റില്‍ ആരും അതെടുക്കരുതെന്ന വാശിയോടെ എല്ലാം രജിസ്റ്റര്‍ ചെയ്തു.

"ഈശ്വരാ എന്റെ ജീവിതത്തിലെ ആദ്യത്തെ ബ്ലോഗ്.. ഐ മീന്‍ കന്നി ബ്ലോഗ്. "

ഇതു എഴുതാന്‍ തുടങ്ങുമ്പോള്‍ മനസ്സില്‍ ഉള്ള ടെന്‍ഷന്‍ ചെറുതൊന്നുമായിരുന്നില്ല. എഴുതുന്നത് മോശമായാലോ? പരശുരാമന്റെ വല്ല ബന്ധുക്കാരനും കണ്ടാല്‍ തല്ലിയാലോ? അരങ്ങേറ്റതിനു ഒരുങ്ങുന്ന ഒരു നര്‍ത്തകിയുടെ ടെന്‍ഷന്‍. പിന്നേ സ്വരം നന്നാത്തവര്‍ ആരും പാട്ട് നിര്‍ത്തണ്ട എന്നതു മാത്രമാണ് ഒരു ആശ്വാസം.

എന്താണ് ഗൂഗിള്‍ transliteration കൊണ്ടുള്ള ഗുണം. ഇനി മംഗ്ലീഷ് എഴുതി ബഹുമാനത്തോടെ chetta എന്ന് എഴുതി ചേട്ടനെ ടെന്‍ഷന്‍ അടിപ്പിക്കണ്ട. പാവം ചേട്ടന് , ഇത്രയും കാലം മുഴുവന്‍ , അനിയന്‍ എന്നെ "ചേട്ടാ" എന്നാണോ അതോ "ചെറ്റ" എന്നാണോ വിളിച്ചിരുന്നത്‌ എന്ന സംശയം ഇനി ഉണ്ടാവില്ല. അത് പോലെ, മംഗ്ലീഷ് കൊണ്ടു ഭൂതത്തില്‍ ഉണ്ടായതും വര്‍ത്തമാനത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നതും ഭാവിയില്‍ ഉണ്ടാകാന്‍ പോകുന്നതും ആയ പല പ്രണയ നൈരാശ്യങ്ങളും കുടുംബ കലഹങ്ങളും സാമ്രാജ്യ തര്‍ക്കങ്ങളും ഒഴിവാകും എന്ന് നമുക്കാശിക്കാം.