2016, മേയ് 23, തിങ്കളാഴ്‌ച

പ്ലാൻ

അതിരാവിലെ കുളിച്ചു കുറിയും തൊട്ട് പുത്തൻ പാന്റും ഷർട്ടും ഇട്ട് കുട്ടപ്പൻ പുറത്തിറങ്ങി. സ്ഥിരമായി കാണാറുള്ള നാഗവല്ലിയെ ഇന്ന് ശരിക്കും ഇമ്പ്രസ്സ് ചെയ്യണം എന്നായിരുന്നു പ്ലാൻ. ബസ്സ്‌ സ്റ്റോപ്പിൽ ചെന്നപ്പോൾ നല്ല തിരക്ക്. ഇതേ പ്ലാൻ ഉള്ള അനവധി കോന്തന്മാർ അവിടെ. ബസ്സ്‌ സ്റ്റോപ്പിൽ സ്ഥലം ഇല്ലാത്ത കാരണം പുറത്ത് മരത്തണലിൽ നിൽക്കേണ്ടി വന്നു. പെട്ടെന്ന്, ഐ എസ് ആർ ഒ യുടെ റോക്കറ്റ് പണ്ടൊക്കെ താഴെ വീഴാറുള്ള പോലെ എന്തോ ഷർട്ടിൽ വന്നു വീണു. നീലക്കളറുള്ള പോളിയെസ്റെർ ഷർട്ടിൽ  ഷോൾഡറിൽ നിന്ന് താഴേക്ക്‌ ഒരു കറുത്ത വര ഒലിച്ചിറങ്ങി.  വേദനക്ക് പകരം ഷോൾഡറിൽ ഒരു തണവ് അനുഭവപ്പെട്ടപ്പോഴാണ് മുകളിലേക്ക് നോക്കിയത്. കാക്കയുടെ പ്ലാൻ ഇതായിരുന്നെന്ന് മനസ്സിലായിരുന്നില്ല.

അങ്ങനെ എന്ത് ചെയ്യണം എന്ന പാരവശ്യത്തിൽ നിൽക്കുമ്പോൾ, അതാ നാഗവല്ലി വരുന്നു. ആരും ആദ്യം നാഗവല്ലിയെ അല്ല നോക്കുക. വഴിയിൽ കിടക്കുന്ന ഉടമസ്ഥനില്ലാത്ത 100 രൂപ നോട്ട് കണ്ടാൽ, 100 രൂപ നോട്ടിനെ ആദ്യം ഒന്ന് നോക്കി, ചുറ്റുപാടും ആരെങ്കിലും ഉണ്ടോ, കാണുന്നുണ്ടോ എന്ന് നോക്കിയിട്ടേ, അതെടുക്കൂ. അത് പോലെ, നാഗവല്ലിയുടെ ചുറ്റും നോക്കി. മുന്നിലും നോക്കി, പിന്നിലും നോക്കി, സൈഡിലും നോക്കി.... സ്ഥിരമായി അവളുടെ കൂടെ വരുന്ന അവളുടെ ചേട്ടൻ, 6 പാക്ക് കിലോക്കട്ടി ദിനേശൻ കൂടെ ഉണ്ടോന്ന്.

ഇല്ലെന്ന് ഉറപ്പായപ്പോൾ ആണ് കാക്കയുടെ പ്ലാനിന്റെ കാര്യം ഓർത്തത്. അപ്പോഴേക്കും കറുത്ത വര ഷോൾഡറിൽ നിന്നും പാന്റിനെ ബെൽറ്റ്‌ വരെ എത്തിയിരുന്നു. നാഗവല്ലി എത്തുന്നതിനു മുമ്പ് ഇത് വൃത്തിയാക്കാൻ പറ്റില്ല. തൊട്ടാൽ ആകെ പ്രശ്നമാകും.

ആരെങ്കിലും ഒരു ചെവിക്ക് അടിച്ചാൽ മറ്റേ ചെവിയും കാണിച്ചു കൊടുക്കണം എന്ന മഹദ് തത്വം അപ്പോൾ ഓർമ്മ വന്നു.അതുപോലെ, ഒരു ഷോൾഡറിൽ പറ്റിയാൽ മറ്റേ ഷോൾഡർ കൂടി കാണിച്ചു കൊടുക്കുക. മുകളിലേക്ക് നോക്കിയപ്പോൾ കാക്കയെ കാൺമാനില്ല. കാക്ക വേറെ ഒരു സ്ഥലത്ത് മാറിയിരിക്കുന്നു. കാക്ക ഇരിക്കുന്നിടത്ത് പോയി അതിന്റെ അടിയിൽ നിന്നു. രണ്ടു വശത്തും കറുത്ത ലൈൻ വരുത്തുക എന്നതായിരുന്നു പ്ലാൻ. അങ്ങിനെ വന്നാൽ വൃത്തികേട് അറിയില്ലായിരിക്കും എന്നൊരു തോന്നൽ.

കാക്കക്കറിയുമോ നമ്മുടെ പ്ലാൻ. നമുക്കറിയുമോ കാക്കയുടെ പ്ലാൻ?

കാക്ക കാക്കേടെ വഴിക്ക് പറന്ന് പോയി.

നാഗവല്ലി അതിനിടയിൽ ബസ്സിൽ കയറി പോയി..

കാക്കക്കും എന്നെ വേണ്ട നാഗവല്ലിക്കും എന്നെ വേണ്ട എന്നോർത്ത് വിഷമിച്ച് കുട്ടപ്പൻ വീട്ടിലും പോയി.

വീടിന്റെ മുറ്റത്ത് എത്തിയപ്പോൾ അവിടെ അച്ഛൻ ...

"എന്താടാ ഇന്ന് നേരത്തെ എത്തിയല്ലോ. ഇങ്ങനെ തെക്ക് വടക്ക് നടന്നാൽ മതിയോ... ജീവിതത്തിന് ഒരു അടുക്കും ചിട്ടയും ഒരു പ്ലാനും ഒക്കെ വേണ്ടേ"

ഉണ്ടാക്കിയ പ്ലാനുകൾ ഒന്നും നടക്കുന്നില്ല...

അച്ഛനോട് ചോദിച്ചു...

"ക്യോംപ്ലാൻ" (Complan അല്ല. അതായത് "क्यों പ്ലാൻ?" "എന്തിനാ പ്ലാൻ?" )

പുറത്തു നിന്ന് "കാ കാ" ശബ്ദം....

നോക്കിയപ്പോൾ ബസ് സ്റ്റോപ്പിൽ  ഉണ്ടായിരുന്ന കാക്ക മുറ്റത്തെ മാവിൻ കൊമ്പിൽ...

"കാക്കേ നീ വീണ്ടും പ്ലാൻ ചെയ്യാൻ വന്നതാണോ?"

വേഗം വീടിനുള്ളിലേക്ക് ഓടിക്കയറി.

എങ്കിലും പ്ലാനുകൾ വേണ്ട പോലെ വർക്ക് ചെയ്യിപ്പിക്കുന്ന കാക്കയോടു ഒരു ബഹുമാനം തോന്നാതിരുന്നില്ല.

====

ജാമ്യം: ജീവതത്തിൽ പ്ലാനിംഗ് വേണ്ടതിന്റെ ആവശ്യകതയെ പറ്റി കുറച്ചു സുഹൃത്തുക്കൾ ചെയ്തിരുന്ന ഒരു ചർച്ച ആണ് ഇതെഴുതിപ്പിക്കാൻ തോന്നിയത്. ഇത് ഒരു കഥ മാത്രം. ജീവിതത്തിൽ കുറച്ചൊക്കെ ഒരു പ്ലാനിംഗ് വേണം എന്ന അഭിപ്രായം തന്നെയാണ് എനിക്കുള്ളത്.




അഭിപ്രായങ്ങളൊന്നുമില്ല: