2008, സെപ്റ്റംബർ 14, ഞായറാഴ്‌ച

ചിന്നുവിന്റെ പട്ടുപാവാട


നഗരം ഉടുത്തൊരുങ്ങിക്കഴിഞ്ഞിരുന്നു... ഒരിക്കല്‍ കൂടി മാവേലിയെ വരവേല്‍ക്കാന്‍.

തോരണങ്ങളും അലങ്കാരങ്ങളും നിറഞ്ഞ വീഥികള്‍, കടകള്‍, തിങ്ങി നിറഞ്ഞ സിനിമ തിയറ്ററുകള്‍, "നാളെ, നാളെ" എന്ന് കൂകി വിളിച്ചു ഓണം ബംബര്‍ ലോട്ടറി വില്‍ക്കുന്ന ഏജെന്റ്സ് , ഇന്നു തന്നെ വാങ്ങിയില്ലെങ്കില്‍ തീര്‍ന്നുപോയെങ്കിലോ എന്ന ആശങ്കയില്‍ അച്ചടക്കത്തോടെ മദ്യപാനികള്‍ വരിയില്‍ നില്ക്കുന്ന ബേവെറേജ് ഷോപ്പുകള്‍..

മാവേലി പോലും ഇത്ര വലിയ സ്വീകരണം പ്രതീക്ഷിച്ചിരിക്കില്ല എന്ന് രാഘവേട്ടന്‍ മനസ്സില്‍ പറഞ്ഞു..

"ചിന്നു മോളെ ഒന്നു വേഗം വരൂ. അടുത്ത തവണ നിന്നെ കൂടെ കൊണ്ടു വരില്ല്യാ.." രാഘവേട്ടന്‍ ചിന്നുവിന്റെ കൈ മെല്ലെ പിടിച്ചു വലിച്ചു.

വര്‍ണശബളമായ നഗരത്തില്‍ കാണുന്നതെല്ലാം ഒരു പുതുമ തന്നെയായിരുന്നു ചിന്നുവിന്റെ കണ്ണുകള്‍ക്ക്‌.

തോണിയും ജീപ്പും ഒരു ബസ്സും കയറി വേണം പട്ടണത്തിലെത്താന്‍. രണ്ടോ മൂന്നോ മാസം കൂടുമ്പോഴേ രാഘവേട്ടന്‍ പട്ടണത്തില്‍ വരാറുള്ളൂ. ഇക്കൊല്ലം ഓണം ആഘോഷിക്കുന്നില്ലെങ്കിലും അത്യാവശ്യമായിട്ടുള്ള വീട്ടുസാധനങ്ങള്‍ വാങ്ങാന്‍ ഇറങ്ങിയതാണ്. പലചരക്കുകള്‍ നിറഞ്ഞ കനമേറിയ സഞ്ചികള്‍ ഒരു കയ്യിലും ചിന്നുമോള്‍ മറുകയ്യിലും ആയി നടന്നു. മറ്റൊരു കൈ കൂടി കിട്ടിയിരുന്നെങ്കില്‍ എന്ന് രാഘവേട്ടന്‍ ആഗ്രഹിക്കാത്ത ദിവസങ്ങളില്ല.

"മുത്തച്ഛാ, എനിക്കാ പട്ടുപാവാട വാങ്ങി തരാമോ?" ചിന്നു വീണ്ടും നടത്തം നിര്‍ത്തി.

"അടുത്ത പ്രാവശ്യം പോരേ മോളെ?"

ചിന്നു കരഞ്ഞു തുടങ്ങിയപ്പോള്‍ രാഘവേട്ടന്‍ കടയിലേക്ക് നോക്കി..

"അവിടെയുള്ളതൊന്നും നിനക്കു പാകമാവില്ല്യാ"

"ഇതന്ന്യാ അച്ഛനും പറയാറുള്ളത്, മുത്തച്ഛാ. എന്റെ പാകത്തിലുള്ളത് എവിടെയും കിട്ടില്ലേ?"

രാഘവേട്ടന്റെ കണ്ണ് നിറഞ്ഞു. ജീവിതത്തിലെ എല്ലാ ഭാരങ്ങളും ഇറക്കി വച്ചു വിശ്രമം നിറഞ്ഞ വാര്‍ദ്ധക്യം സ്വപ്നം കണ്ടിരുന്ന രാഘവേട്ടന്റെ രണ്ടാം ജന്മം.. മരുമകള്‍ക്കും പേരക്കുട്ടികള്‍ക്കും വേണ്ടി..

"മോനേ വേണൂ, മുകളിലിരുന്നു നീയിതു കേള്‍ക്കുന്നില്ലേ.." എന്ന് ആത്മഗതം പറഞ്ഞു.

ഇന്നേക്ക് എട്ടു മാസം ആയിരിക്കുന്നു തന്റെ ചുമതലകളെല്ലാം അച്ഛന്റെ മേല്‍ ഇട്ടെറിഞ്ഞ്‌ വേണു ഈ ലോകത്തോട്‌ വിട പറഞ്ഞിട്ട്. കാര്‍ഷികകടത്തില്‍ മുങ്ങിപ്പോയി ആത്മഹത്യ ചെയ്ത അനവധി കര്‍ഷകരില്‍ ഒരാള്‍..

പട്ടുപാവാട വാങ്ങാന്‍ വേണ്ടത്ര കാശ് കയ്യില്‍ ഇല്ലെങ്കിലും അവര്‍ ആ ചെറിയ കടയില്‍ കയറി. ചിന്നുവിന് ഇഷ്ടമായ പാവാടയൊന്നും അവളുടെ പാകത്തിനുണ്ടായിരുന്നില്ല.

"മോളെ, നിനക്കു ഈ റെഡി മെയ്ഡ് ഒന്നും ശരിയാവില്ല. അതോണ്ടാ അച്ഛനും അങ്ങിനെ പറയാറുള്ളത്. നമുക്കൊരെണ്ണം പിന്നെ തയ്പ്പിക്കാം. "

പാകമായ പാവാട ഉണ്ടായാലും എന്തെങ്കിലും പറഞ്ഞ് ചിന്നുവിന്റെ മനസ്സു മാറ്റാം എന്ന് കരുതിയിരുന്ന രാഘവേട്ടന്‍, നുണ പറയേണ്ടി വന്നില്ലല്ലോ എന്നോര്‍ത്ത് ആശ്വസിച്ചു.

ചിന്നു അപ്പോഴും തേങ്ങിക്കൊണ്ടിരുന്നു.

അവര്‍ കടയില്‍ നിന്നും ഇറങ്ങി. ചിന്നുവിനെ ആശ്വസിപ്പിക്കാന്‍ ഒരു കളിപ്പാട്ടവും അവള്‍ക്കിഷ്ടമായ അരിമുറുക്കും വാങ്ങി. പണ്ട് പണ്ട് ഓണക്കാലത്ത് പച്ചക്കറികള്‍ വില്‍ക്കാന്‍ പട്ടണത്തില്‍ വന്ന കഥകളും മറ്റും പറഞ്ഞ് പട്ടുപാവാടയില്‍ നിന്നും ചിന്നുവിന്റെ ശ്രദ്ധ മാറ്റി. പലചരക്കുകള്‍ പിന്നെയും വാങ്ങി.. രാഘവേട്ടന്റെ കയ്യിലെ ഭാരം വീണ്ടും കൂടി. ചിന്നു കാഴ്ചകള്‍ കാണാന്‍ അവിടവിടെ നില്‍ക്കുമ്പോള്‍ കൂടെ നില്‍ക്കാന്‍ തുടങ്ങി..

അവര്‍ വീണ്ടും നടന്നു..

"മുത്തച്ഛാ, അതാ പട്ടുപാവാട.. ഈ കടയില്‍ എന്തായാലും കിട്ടും" ചിന്നു വീണ്ടും നിന്നു.

രാഘവേട്ടന് തന്റെ കണ്ണുകളെ വിശ്വസിക്കാന്‍ പറ്റിയില്ല. മുമ്പൊരിക്കലും ഈ തുണിക്കട കണ്ടിട്ടില്ല. ആറ് നിലയുള്ള ഒരു കൂറ്റന്‍ കെട്ടിടം. ബലൂണുകളും തോരണങ്ങളും നിറഞ്ഞ അലങ്കാരങ്ങള്‍. ആരും ഒന്നു കൊതിച്ചു പോകും അവിടെ ഒന്നു കയറാന്‍. പക്ഷെ, അവിടുത്തെ വില എന്തായിരിക്കും എന്ന് ചിന്തിച്ചപ്പോള്‍ അവിടെയും പാകത്തിനുള്ള പാവാട ഉണ്ടാകില്ല എന്ന് പറഞ്ഞു ചിന്നുമോളെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. പക്ഷെ ചിന്നു മോള്‍ വീണ്ടും കരയാന്‍ തുടങ്ങി..

അവസാനം രാഘവേട്ടന്‍ സമ്മതിച്ചു... അവര്‍ തുണിക്കടയുടെ വാതിലിനടുത്തെത്തി.. പച്ച ഷര്‍ട്ടും പാന്റ്സും തൊപ്പിയും വച്ച പട്ടാളക്കാരനെ പോലത്തെ സെക്യൂരിറ്റി അവരെ തടഞ്ഞു. സംശയം നിറഞ്ഞ അയാളുടെ കണ്ണുകള്‍ രണ്ടു പേരേയും അടിമുടി ഒന്നു സ്കാന്‍ ചെയ്തു. അവരുടെ മുഷിഞ്ഞ ഉടുപ്പുകള്‍ ഉണ്ടാക്കിയ വെറുപ്പ്‌ അയാളുടെ മുഖത്ത് വ്യക്തമായിരുന്നു.

"എന്താ വേണ്ടത്" സെക്യൂരിറ്റി ചോദിച്ചു.

"മോള്‍ക്ക്‌ ആ പട്ടു പാവാട വാങ്ങണമായിരുന്നു", പുറത്തു തൂക്കിയിട്ടിരുന്ന പട്ടുപാവാട ചൂണ്ടിക്കാണിച്ചു രാഘവേട്ടന്‍ ഉള്ളിലേക്ക് കയറാന്‍ തുടങ്ങി.

"വല്യപ്പോ, അതിനൊക്കെ കുറെ കാശാകം" പുച്ഛം നിറഞ്ഞ വാക്കുകളോടെ സെക്യൂരിറ്റി ശബ്ദം ഉയര്‍ത്തി.

"അറിയാം, എന്നാലും ഒന്നു നോക്കട്ടെ"

സെക്യൂരിറ്റി വീണ്ടും അവരെ അടിമുടി തറപ്പിച്ചു നോക്കി

"അങ്ങിനെ അവിടെ കയറി നോക്കണ്ട. ഇതു വലിയ ആള്‍ക്കാര്‍ക്കുള്ള സ്ഥലമാണ്. നിങ്ങള് പോണം" എന്ന് പറഞ്ഞ് തള്ളി പുറത്താക്കി. രാഘവേട്ടന്‍ വീണില്ല എന്നത് ഭാഗ്യം. പക്ഷെ അത് കണ്ടു ചിന്നു കരച്ചില്‍ നിര്‍ത്തി പറഞ്ഞു

"മുത്തച്ഛാ, നമുക്കിവടന്നു പോകാം".

ചുറ്റുവട്ടത്തുള്ള കാറുകളും അതില്‍ നിന്നിറങ്ങുന്നവരെയും കണ്ടപ്പോള്‍ നഗരവും നഗരവാസികളും വളരെയധികം വളര്‍ന്നു എന്ന് രാഘവേട്ടന് തോന്നാതിരുന്നില്ല.

*****************

അവര്‍ വീണ്ടും കുറെ ദൂരം നടന്നു... ഒരു പെട്ടിക്കടയുടെ മുമ്പിലെത്തി... അവിടുത്തെ റേഡിയോയിലെ പാട്ട് ചിന്നു മോളുടെ ശ്രദ്ധ പിടിച്ചെടുത്തു

"നേര് പറയണം നേരെ പറയണം
നേരും നെറിയുമില്ലാത്ത കാലം
പച്ചവെള്ളത്തിലും ഭ്രാന്ത് കലക്കുന്ന
കച്ചവടത്തിന്റെ നഞ്ചുകാലം
ഏരിരോ ഏരിരോ ഏരിരോ ഏരിരോ
ഏരിരോ ആരിരോ ഏരിരാരോ
തിന്തകം തിന്തകം തിന്തകം തിന്തകം
തിന്തകം തെയ്യകം തിന്തകം താ”

"മുത്തച്ഛാ, എനിക്കിവിടന്നു നാരങ്ങവെള്ളം വാങ്ങിത്തരാമോ?"
"ശരി മോളെ, എനിക്കും ദാഹിക്കുന്നു”..

2008, മേയ് 17, ശനിയാഴ്‌ച

പോസ്റ്റുണ്ട് പക്ഷെ ലിങ്ക് ശരിയല്ല..

പോസ്റ്റിയ പോസ്റ്റിന്റെ ലിങ്കില്‍ തകരാറ്. യെന്തരാണാവൊ കാരണം. അതോണ്ട് വീണ്ടും പോസ്റ്റുന്നു...
എയര്‍ പോര്‍ട്ടും എയര്‍ കൂളറും

എയര്‍ പോര്‍ട്ടും എയര്‍ കൂളറും

"ഇതെന്താ മനുഷ്യാ, നിങ്ങടെ മേല് കേരളത്തിന് മുഴുവനൂള്ള കറന്റ് ഉണ്ടാക്കാനുള്ള വെള്ളം ഉണ്ടല്ലോ"

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തി പത്തു മിനിട്ട് കഴിഞ്ഞ്, വിയര്‍ത്തു കുളിച്ച എന്റെ കോലം കണ്ടിട്ട് സഹധര്‍മ്മിണിയുടെ കോംപ്ലിമെന്റ്.

"എടീ, പണ്ടൊക്കെ ഞാന്‍...."

"വേണ്ട, വാ തുറന്നു ആ തനുനീരൊന്നും അകത്താക്കണ്ട"

അവള് പറഞ്ഞതിലും ഒരു പോയിന്റ് ഇല്ലാതില്ല എന്ന് മനസ്സിലാക്കി, വാ അടച്ചു തന്നെ വരിയില്‍ നിന്നു, ഇമ്മിഗ്രേഷന്‍ ഓഫീസറിന്റെ അനുവാദം വാങ്ങി പുറത്തു കടക്കാന്‍.

എന്തൊരു ചൂട്, എന്തൊരു ഉഷ്ണം... എന്റെ ഈ ഇന്ത്യന്‍ ബോഡിയില്‍ അമേരിക്കന്‍ ഫുഡ് കേറി കേറി ചൂടും ഉഷ്ണവും സഹിക്കാനുള്ള ശക്തി ഒക്കെ പോയിട്ടുണ്ടാകും. ലോകത്തിലെ സകല ബര്‍ഗറും പിസ്സയും ഒക്കെ മുടിഞ്ഞു പോട്ടെ എന്ന് മനസ്സില്‍ പിരാകി.

ഇമ്മിഗ്രേഷന്‍ ഓഫീസ്സര്‍ ഡീസന്റ് ആയിരുന്നു.. എല്ലാം ക്ലിയര്‍ ആയി കസ്റ്റംസില്‍ എത്തി. പെട്ടി ഒരെണ്ണത്തില്‍ X എന്ന് മാര്‍ക്ക് ചെയ്തിട്ടുണ്ട്. സ്വര്‍ണ്ണബിസ്കറ്റോ മറ്റോ ആണെന്ന് കരുതിയിട്ടുണ്ടാകും.. ഇതൊക്കെ ഇവന്മാര് പൊളിച്ച് നോക്കാന്‍ നില്‍ക്കുമോ എന്നൊരു ആശങ്ക മനസ്സില്‍ ഉടലെടുത്തു.

"എത്ര എണ്ണം ഉണ്ട്" കസ്റ്റംസ് ഓഫീസ്സര്‍ ചോദിച്ചു

"അഞ്ച് വലിയ പെട്ടി, മൂന്നു കുഞ്ഞിയ പെട്ടി, രണ്ടു ലാപ്ടോപ്പ് ബാഗ്, മോള്‍ ടെ ഒരു ഡയപ്പര്‍ ബാഗ്"

"എവിടുന്നാ വരുന്നേ?"

"കാലിഫോര്‍ണിയ, അമേരിക്കയില്‍ നിന്ന്"

"എന്ത് പറ്റി, അമേരിക്ക മുഴുവന്‍ വാങ്ങിയ പോലെ ഉണ്ടല്ലോ. ജോലി പോയി എല്ലാം അവസാനിപ്പിച്ചു വരുവാണോ?"

"അല്ല സാറേ, രണ്ടു മാസത്തോളം ഉണ്ടിവിടെ, അതോണ്ടാ കൂടുതല്‍ ലഗ്ഗേജ്‌"

X മാര്‍ക്ക് ചെയ്ത പെട്ടിയില്‍ നോക്കി കസ്റ്റംസ് ഓഫീസ്സര്‍ ചോദിച്ചു

"ഇതിലെന്താ"

"കുറച്ചു ചോക്കലേറ്റാ"

"തുറന്നേ"

കഷ്ടപ്പെട്ടു തുറന്നപ്പോള്‍ ഏറ്റവും മുകളില്‍ കണ്ടത് സ്വര്‍ണ്ണ നിറമുള്ള കടലാസ്സില്‍ പൊതിഞ്ഞ "ഹേസല്‍ നട്ട്" ചോക്കലേറ്റിന്റെ മിനിമം 25 കുഞ്ഞു പെട്ടികള്‍. അതിന് താഴെ എന്താണെന്നു കാണാന്‍ പോലും പറ്റാത്ത രീതിയില്‍ പായ്ക്ക് ചെയ്തിട്ടുണ്ട്. ഞാന്‍ അറിയാതെ എപ്പോഴാണ് നീ ഇതൊക്കെ വാങ്ങിയേ എന്ന മട്ടില്‍ ഫാര്യയുടെ മുഖത്ത് നോക്കിയപ്പോള്‍, അവളാകട്ടെ ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ എന്ന മട്ടില്‍ മോളെ കളിപ്പിച്ചോണ്ട് നില്ക്കുന്നു..

"എന്താടോ ഈ തിളങ്ങുന്ന ഉണ്ടകള്‍"

"ഹേസല്‍ നട്ട് ചോക്കലേറ്റ്"

"കുറെയുണ്ടല്ലോ... നീയെന്താ നാട്ടില്‍ ചോക്കലേറ്റ് കച്ചവടം നടത്താന്‍ വന്നതാണോ"

"അല്ല സാര്‍"

"പിന്നെ.."

കെട്ടിയോള് ആര്‍ക്കു കൊടുക്കാനാ ഇത്രയും വാങ്ങിയത് എന്ന് എനിക്കും മനസ്സിലായിട്ടില്ല സാര്‍ എന്ന് പറയണം എന്നുണ്ടായിരുന്നു... ഇനിയിപ്പോ കിടന്നുരുളുക തന്നെ മാര്‍ഗം

"എന്റെ അച്ഛനും അമ്മയ്ക്കും ഇതു ഭയങ്കര ഇഷ്ടാണ്. എന്റെ ചേട്ടന്മാര്‍ക്ക് എല്ലാര്‍ക്കും കൂടെ 4 മക്കളുണ്ട്, ചേച്ചിക്ക് 2 മക്കളുണ്ട്, അവര്‍ക്കൊക്കെ വളരെ ഇഷ്ടമാണ്.. പിന്നെ എന്റെ ചിറ്റപ്പന്റെ അമ്മായീടെ മോളുടെ 3 മക്കളു..."

"നിര്‍ത്ത്‌..നിര്‍ത്ത്‌.. നിന്റെ കുടുംബത്തിന്റെ സെന്‍സസ് എടുക്കലല്ല എന്റെ പണി. ഇതിനൊക്കെ എന്ത് വില വരും"

ഞാനറിയാതെ വാങ്ങിക്കൂട്ടിയ ഇതിന്റെ വില എനിക്കെങ്ങിനെ അറിയാന്‍.. കിടന്നുരുളാന്‍ ഒരവസരം കൂടി.. സഹധര്‍മ്മിണി എയര്‍പോര്‍ട്ടിനു പുറത്തു കാത്തു നില്ക്കുന്ന എന്റെ അമ്മായിയപ്പനെ നോക്കി കൈ വീശി കളിക്കുന്നു.

"10 ഡോളര്‍"

കസ്റ്റംസ് ഓഫീസ്സര്‍ മനസ്സിലെ കാല്ക്കുലേറ്റര്‍ പ്രവര്‍ത്തിപ്പിച്ചു.

"അപ്പൊ 250 ഡോളര്‍, വേറെ എന്തൊക്കെയുണ്ട് പെട്ടികളില്‍... കംകോര്‍ഡര്‍, മൈക്രോവേവ് ഓവന്‍ ഒക്കെ ഉണ്ടാകുമല്ലേ... ഡ്യൂട്ടി അടക്കേണ്ടി വരുമല്ലോ.."

"അല്ല സാറേ, 25 എണ്ണത്തിനാ 10 ഡോളര്‍. അവിടെ ചില കടകളില്‍ അഞ്ചെണ്ണത്തിനു 2 ഡോളര്‍ എന്ന സെയിലിനു വാങ്ങിയതാ.."

കിടന്നുരുണ്ടുരുണ്ട് തൊലി ഉരിഞ്ഞു തുടങ്ങി.. ഫാര്യയാണേല് പുറമെ നില്ക്കുന്ന വീട്ടുക്കാരെ നോക്കി കൈ വീശിക്കൊണ്ടേ ഇരിക്കുന്നു...അപ്പോഴേക്കും എന്റെ പിന്നില് X മാര്‍ക്ക് ചെയ്ത പെട്ടികള്‍ ഉള്ള ആള്‍ക്കാരുടെ നീണ്ട ക്യൂ ഉണ്ടായിക്കഴിഞ്ഞിരുന്നു...

"പൊക്കോ.. പൊക്കോ.. ഇതൊക്കെ ഇവിടെയും കിട്ടും.."

ചോക്കലേറ്റിന്റെ വിലയോക്കെ കുറച്ചു പറയുമ്പോള്‍, കുറെ കൂടി വിശ്വസിക്കാന്‍ പറ്റുന്ന രീതിയില്‍ പറയണം എന്ന ഒരു ഉപദേശം കൂടെ തന്ന് ഞങ്ങളെ വിട്ടയച്ചു.

സ്വീകരിക്കാന്‍ വന്ന വീട്ടുകാരെ ഒക്കെ ഹഗ് ചെയ്തും കുശലം ചോദിച്ചും നടന്നു നടന്നു വീട്ടിലേക്ക് പോകാനുള്ള ടാറ്റാ സുമോയുടെ അടുത്തെത്തി. എന്നെ ഹഗ് ചെയ്തവരാരും അടുത്ത പ്രാവശ്യം എയര്‍ പോര്‍ട്ടില്‍ സ്വീകരിക്കാന്‍ വരില്ല എന്ന് ഉറപ്പായിരുന്നു..

സഹിക്കാന്‍ പറ്റാത്ത ചൂടിനെയും വിയര്‍പ്പിനെയും പറ്റി വീട്ടുകാരോടു ചര്‍ച്ച ചെയ്യുമ്പോള്‍, ടാറ്റാ സുമോ ഡ്രൈവര്‍ തന്റെ വിദഗ്ദ അഭിപ്രായം രേഖപ്പെടുത്തി.

"ഈ ചൂടിനും ഉഷ്ണത്തിനും എല്ലാരും പറയണത് ഗ്ലോബല് വാര്‍മിംഗാന്നാ. അതൊന്നും അല്ലാന്നെ. മ്മ്ലെ കൊണ്ട് കൂട്ട്യാ ഒരു ചുക്കും ചെയ്യാന്‍ പറ്റില്ല്യാ. ആ സുനാമ്യാണ് ദ്നൊക്കെ കാരണം. കടല് കേറിയന്നു തൊട്ടാണ് ഈ പ്രശ്നം. ഇനി ഒരു സുനാമീങ്കൂടി വന്നാലെ ഒക്കെ റെഡി ആവുള്ളൊ"

ഡ്രൈവറുടെ സുനാമി അറ്റാക്കില്‍ ബാക്കി ഉള്ളവരെല്ലാരും നിശബ്ദരായി.

കുറച്ചു സമയത്തിന് ശേഷം വീണ്ടും ചര്‍ച്ച തുടങ്ങി. പിറ്റേ ദിവസം തന്നെ ഒരു എയര്‍ കണ്ടീഷനര്‍ വാങ്ങി ഫിറ്റ് ചെയ്യാനുള്ള തീരുമാനത്തിലെത്തി. വോള്‍ട്ടാസിന്റെ എയര്‍ കണ്ടീഷനര്‍ ആണ് വാങ്ങേണ്ടത് എന്ന് ചര്‍ച്ചക്ക് ശേഷം തീരുമാനത്തിലെത്തി. സുമോ ഡ്രൈവര്‍ വീണ്ടും അഭിപ്രായം രേഖപ്പെടുത്തി..

"മ്മ്ടെ മൊതലാളീടെ വീട്ട് ല് വോള്‍ട്ടാസ് തന്ന്യാണ്. ന്തൂട്ടാ ത് ന്റെ കൂളിംഗ്. ഒരാഴ്ച വെയിലത്ത് നിന്നു ചൂടായ്ട്ട് അതിന്റെ അടുത്താംഗ് ഡ് പോയാ മതി.. ഒരു സെക്കന്റ് വേണ്ടാ കമ്പ്ലീറ്റ് തണുക്കാന്‍..."

****************

വളരെ നാളുകള്‍ക്കു ശേഷം വീട്ടില്‍ ചിലവഴിച്ച ആദ്യരാത്രി ഒരു കാളരാത്രി ആയി മാറി.

പിറ്റേന്നു തന്നെ എയര്‍ കണ്ടീഷനര്‍ വാങ്ങിക്കാന്‍ പുറപ്പെട്ടു. ആദ്യത്തെ കടയില്‍ കയറി വോള്‍ട്ടാസിന്റെ എയര്‍ കണ്ടീഷനര്‍ ഉണ്ടോ എന്ന് അന്വേഷിച്ചു. വില Rs. 22000/-. ഉടനെ തന്നെ അതിനെ 40 കൊണ്ടു ഹരിച്ചു ഏകദേശ ഡോളര്‍ വില മനസ്സിലാക്കി, വില കൂടുതലാണെന്ന് തീരുമാനിച്ചു.

ഡോളറിന്റെ താഴോട്ടുള്ള ഒരു പോക്കേ... മനസ്സ് പത്തു കൊല്ലം പിന്നിലോട്ടു പോയി... അമേരിക്കയില്‍ ആദ്യമായി എത്തിയ സമയം... ഉപ്പാകാട്ടെ, മുളകാകട്ടെ, വെണ്ടക്കായാകട്ടെ എന്ന് വേണ്ട എന്ത് കുന്ത്രാണ്ടം വാങ്ങിയാലും അതിന്റെ തുല്യമായ "രൂപ വില" കണക്കാക്കിയിരുന്ന കാലം. അന്നൊക്കെ എന്തൊക്കെ വാങ്ങിക്കാതിരിന്നിട്ടുണ്ട്... നാട്ടില്‍ മാതൃഭൂമി പത്രത്തിന് വെറും ഒന്നോ രണ്ടോ രൂപ ഉള്ളപ്പോള്‍ അമേരിക്കന്‍ വര്‍ത്തമാനപ്പത്രത്തിനു ഇരുപത് രൂപ... അതില് പ്രതിഷേധിച്ചു എത്ര നാള്‍ പത്രം വായിക്കാതിരിന്നിട്ടുണ്ട്... നാട്ടില്‍ സുപ്രന്‍ ചേട്ടന്‍ തലമുടി വെട്ടിയാല്‍ എട്ടു രൂപ, അമേരിക്കയില്‍ തലമുടിവെട്ടണേല്‍ മുന്നൂറു രൂപ.. അതും പറഞ്ഞു എത്ര നാള് മുടി വെട്ടാതിരുന്നു..

ഇപ്പോള്‍ കാലം മാറുന്നു, കഥ മാറുന്നു... ഇന്ത്യ മഹാരാജ്യം മെച്ചപ്പെടുന്നു... ഭാരത മാതാ കി ജയ്. എയര്‍ കണ്ടീഷനര്‍ ഇല്ലാതെ രണ്ടു മാസം ജീവിച്ചാലോ എന്ന ചിന്ത മനസ്സിലേക്ക് തള്ളിക്കയറി.

ശങ്കിച്ചു നില്ക്കുന്ന കസ്റ്റമേര്‍സിനെ കണ്ടപ്പോള്‍ സെയില്‍സ്മാന്‍ വേറെ അടവുകള്‍ പുറത്തെടുത്തു. മറ്റൊരു കമ്പനിയുടെ എയര്‍ കൂളര്‍ കാണിച്ചു തന്നിട്ട് പറഞ്ഞു..."സാറേ, എയര്‍ കണ്ടീഷനര്‍ തന്നെ വേണംന്നില്ല്യ, ഈ സാധനം കൊണ്ടക്കോ.. ലേറ്റസ്റ്റ് മോഡലാണ്. ബെസ്റ്റ് കൂളിന്ഗ് ല്ലേ ത് വച്ചാ കിട്ടണത്, വെലേം കൊറവാണ്".

വില കുറവാണ് എന്ന് കേട്ടപ്പോള്‍, മനസ്സില്‍ ആശ്വാസത്തിന്റെ കുളിര്‍മഴ പെയ്യാനുള്ള മഴക്കോളുണ്ടായ പോലെ തോന്നി...

"എന്താ ഇതിന്റെ വില?"

" അത് ശര്യായ്ക്കാം ന്നെ, സാറിനു സാനം ഷ്ടായാ? " സെയില്‍സ്മാന്‍ പറയാനുള്ള വില ആലോചിക്കണ പോലെ തോന്നി..

"ഇതെങ്ങിന്യാ വര്‍ക്ക് ചെയ്യിക്കണത്? സെയില്‍സ്മാന്‍ എല്ലാം പറഞ്ഞു തന്നു. എങ്കിലും ഇതു വാങ്ങണോ വേണ്ടയോ എന്ന ശങ്ക വിട്ടു പോയിട്ടില്ല...

"അപ്പൊ എത്രയാണ് വില?" ഞാന്‍ ഒന്നു തറപ്പിച്ചു ചോദിച്ചു.

"3900 വരും, നമ്മള് അഡ്ജസ്റ്റ് ചെയ്തു മൂന്നേ അഞ്ചിന് തരാം"

22000 രൂപക്ക് പകരം 3500 രൂപക്ക് രണ്ടു മാസം തണുത്തിരിക്കാന്‍ പറ്റും എന്നത് മനസ്സില്‍ കുളിര്‍മഴ പെയ്യിച്ചു തുടങ്ങി... എങ്കിലും, "ഈ ഗഡി വില കുറഞ്ഞ കൂളര്‍ തലക്കടിച്ചേല്‍പ്പിക്കുകയല്ലേ" എന്ന ഒരു സംശയത്തോടെയും മറ്റു കടകളില്‍ വോള്‍ട്ടാസിന്റെ എയര്‍ കൂളര്‍ ഉണ്ടാകും എന്ന പ്രതീക്ഷയോടെയും പുറത്തിറങ്ങി.

"വോള്‍ട്ടാസിന്റെ എയര്‍ കൂളര്‍ ഉണ്ടോ?" എന്ന ചോദ്യത്തിന് പിന്നെ കയറിയ 4 കടകളില്‍ നിന്നും കിട്ടിയ ഉത്തരങ്ങള്‍ 4 തരം

ഒന്ന്: "നമ്മളിപ്പോ അത് വിക്കണില്ല്യാ.. കമ്പ്ലൈന്റ് കൂടുതലാ"

രണ്ട്: "നിങ്ങള് കെന്‍സ്ടാരിന്റെ കൂളര്‍ എടുക്ക് ന്നെ, കൂളിംഗ് അതിലാ കൂടുതല് വോള്‍ട്ടാസിനെക്കാള്. വോള്‍ട്ടാസിന്റെ വേണേല് അടുത്ത ചൊവ്വാഴ്ച തരാം "

മൂന്ന്: സെയില്‍സ്മാന്‍ ഞങ്ങളെ കൈ പിടിച്ചു പുറത്തിറക്കി. അപ്പൊ അവിടന്ന് പോയ ഒരു വെള്ള അംബാസ്സഡര്‍ കാര്‍ ചൂണ്ടിക്കാണിച്ച് "ആ പോണ കാറില്ല്യെ, അവര് ലാസ്റ്റ് പീസ് ദാ ഇപ്പൊ കൊണ്ടുപോയുള്ളൂ"

നാല്: "വോള്‍ട്ടാസ് ഇപ്പൊ കൂളര്‍ ഇറക്കണില്ല്യ. അഞ്ചു കൊല്ലായി നിര്‍ത്തീട്ട്"

എന്റമ്മേ... ഇതിലേതാണ് ശരി... കൂളറും വേണ്ട A/C യും വേണ്ട.. ഒരു കോപ്പും വേണ്ട... നാടിന്റെ ചൂടു ഒന്ന് ആസ്വദിക്കുക തന്നെ....

************

ഒന്നും വാങ്ങാതെ തിരിച്ചു വീട്ടില്‍ പോകുമ്പോള്‍ മഴ ചാറി തുടങ്ങി... വളരെ കാലങ്ങള്‍ക്കു ശേഷം പുതുമണ്ണിന്റെ ഗന്ധം ആസ്വദിച്ചു... പകുതി വഴി ആയപ്പോഴേക്കും മഴയുടെ ശക്തി കൂടി. മഴയോട്‌ കൂടിയ കാറ്റ്, ചൂടിനു തല്‍ക്കാലത്തേക്ക് ഒരു ശമനം നല്കി.

"മുറിവാലന്‍ തവളകള്‍ പതിവായി കരയുന്ന നടവരമ്പോര്‍മ്മയില്‍ കണ്ടു.."

ഓര്‍മ്മയില്‍ മാത്രമെ കാണാന്‍ പറ്റൂ... തവളകള്‍ താമസിച്ചിരുന്നിടത്തൊക്കെ ഇപ്പോള്‍ നിറയെ ഫ്ലാറ്റുകള്‍.

2008, ഏപ്രിൽ 17, വ്യാഴാഴ്‌ച

തൃശ്ശൂര്‍ പൂരം 2008 ഫോട്ടോസ്

ഗൂഗിള്‍ എന്റെ ലിങ്ക് വിഴുങ്ങിയോ എന്നൊരു സംശയം... അതിനാല്‍ ആ ലിങ്ക് ഇവിടെ പോസ്റ്റുന്നു. തൃശ്ശൂര്‍ പൂരം ഫോട്ടോസ് ചിലത് http://puttunniphotos.blogspot.com/2008/04/blog-post_16.html

2008, ഏപ്രിൽ 3, വ്യാഴാഴ്‌ച

ചൈനയുടെ വന്മതില്‍

ബൂലോഗത്ത്‌ പല പ്രഗല്‍ഭരും, ചൈനയെ പറ്റിയും ചൈനക്കാരെ പറ്റിയും നല്ല ബിളാഗുകള്‍ എഴുതി വച്ചിട്ടുണ്ട്. "ന്റുപ്പാപ്പാക്കൊരാനേണ്ടാര്‍ന്നു" ന്ന പോലെ ന്റെ കൊച്ചുമക്കള്‍ക്ക് "ന്റുപ്പാപ്പ ചൈനേല്‍ പോയ്ണ്ടാര്‍ന്നു" ന്ന് പറയാന്‍ ഉള്ള വകുപ്പ് ഇപ്പളേ ഉണ്ടാക്കി വച്ചിരിക്കുന്നതിനാല്‍, ഒരു ചൈനക്കഥ എന്റെ വകയും ഇരിക്കട്ടെ. പിന്നെ, ചൈനക്കാരെ പറ്റി എഴുതാന്‍ ഭയക്കണ്ട. "ഞമ്മള് ഞോണ്ടണത് ഓന് പുടി കിട്ടൂല്ല, ഓന്‍ ഞോണ്ടണത് ഞമ്മക്കും പുടി കിട്ടൂല്ല". അടി വീഴാന്‍ ചാന്‍സ് കുറവെന്ന് സാരം. അങ്ങാടിയില്‍ തോറ്റാല്‍ ചൈനക്കാരന്റെ നെഞ്ചത്ത്..

***********

ചൈനയും ഞാനും തമ്മിലുള്ള ബന്ധം തുടങ്ങുന്നത് ഉപ്പുമാവില്‍ നിന്നാണ് എന്ന് വേണേല്‍ പറയാം. ചീനച്ചട്ടിയില്‍, കടുകും മുളകും ഇഞ്ചിയും വെള്ളവും റവയും ഒക്കെ ചേര്‍ത്തു ഇളക്കി വറുത്തു, അമ്മ ഉണ്ടാക്കിത്തന്നിരുന്ന ഉപ്പുമാവ്‌ തിന്നുമ്പോള്‍, ആ ചട്ടി എവിടന്നു വന്നുവെന്നോ വര്‍ഷങ്ങള്‍ക്ക് ശേഷം ആ ചട്ടിയുടെ ജന്മനാട് സന്ദര്‍ശിക്കാന്‍ ഇടയുണ്ടാകുമെന്നോ അറിയില്ലായിരുന്നു. അന്നുപ്പുമാവില്‍നിന്നു തുടങ്ങിയ ബന്ധം ഇപ്പോള്‍ ഇതാ “അറബിക്കഥ” വരെ എത്തി നില്കു‌ന്നു.. ചൈനീസ് നടി മലയാളം സിനിമയില്‍...! ഇതിനിടയില്‍ ചീനവല കൊച്ചിയില്‍ നേരിട്ടുകണ്ടാപ്പോഴോ സിനിമയായി തീയറ്ററില്‍ കണ്ടപ്പോഴോ ചൈനയുടെ പ്രാധാന്യം എന്താണെന്ന് മനസ്സിലാക്കിയിരുന്നില്ല.

സ്കൂള്‍ ഹിസ്റ്ററി ക്ലാസ്സില്‍ കണ്‍ഫ്യൂഷിയസ് സിദ്ധാന്തം പടിച്ചതോടെ എപ്പ കണ്‍ഫ്യൂഷന്‍ വന്നാലും ദാ വരുന്നു "ചൈന" മനസ്സില്‍, കൂടുതല്‍ കണ്‍ഫ്യൂഷന്‍ ഉണ്ടാക്കാന്‍... "വെടിമരുന്നു ചൈനക്കാരാണ് കണ്ടുപിടിച്ചത്" എന്ന് പഠിച്ചതിനു ശേഷം ആണ് ചൈനയോട് ഒരു മതിപ്പോക്കെ വന്നത്. തൃശ്ശൂര്‍ പൂരം വെടിക്കെട്ടില്‍ ഓരോ അമിട്ട് പോട്ടുമ്പോഴും എന്റെ ഹൃദയവും മനസ്സും അങ്ങ് ചൈനീസ് വന്മതില്‍ വരെ പോയി തിരിച്ചു വന്നിരുന്നു...

കോളേജില്‍ ആയതിനു ശേഷം, ജാക്കി ചാന്‍ ആയി ചൈനീസ് ഗുരു. എന്താ ആള്‍ടെ ഒരു സെറ്റപ്പ്... കട്ടുറുമ്പിന്റെ കടി കിട്ട്യോനെ കടന്നല്ല് കുത്താന്‍ വരുന്നു എന്ന പോലെ മേശ, കസേര, വേലി, മതില്‍ എന്നിവയൊക്കെ എടുത്തു ചാടിയും, കുണ്ടി കുത്തി വീണാലും പൊടി പോലും തട്ടാതെ എണീറ്റോടിയും, വില്ലന്മാരെ ഒക്കെ നിലം പരിശാക്കി ലോകത്തിന്റെ മുഴുവന്‍ മനം കവര്‍ന്ന, ആക്ഷന്‍ ഹീറോ. അങ്ങേരുടെയും പിന്നെ മറ്റു ചില പുല്ലന്‍ചാടിമാരുടെയും എല്ലാ സിനിമയും വിടാതെ കണ്ടിരുന്നതോണ്ട് ചൈനയെ പറ്റിയും ഹോങ്കോങിനെ പറ്റിയും ഉള്ള വിജ്ഞാനം വര്‍ദ്ധിച്ചു.

കാലം മാറി, കഥ മാറി. ഇതിനിടയില്‍, മീശ മുളച്ചു, വിവരം വച്ചു, "ഇന്‍ക്വിലാബ് സിന്ദാബാദ്" വിളിക്കാന്‍ പഠിച്ചു.

പിന്നെ കൂമിന്താങ്ങ് (എന്തൊരു താങ്ങാണപ്പാ), ചിയാംഗ് കൈഷക്ക് , മാവോ സേതൂങ്ങ്‌, സണ്‍ യാറ്റ് സെന്‍ എന്നിവരെയൊക്കെ പറ്റി പഠിച്ചു. മുന്‍ജന്മസുകൃതം കൊണ്ടു ഒരു "ക്യൂബ മുകുന്ദന്‍" ആവാതെ തട്ടിയും മുട്ടിയും ഒക്കെ ജ്വാലിക്കായി ബാഗ്ലൂര്‍ എത്തി. കരയുന്ന കുട്ടിക്കെ പാലുള്ളൂ, വിശക്കുന്ന വയറിനെ ഭക്ഷണം ഉള്ളൂ... അവിടെയും ചൈന... "സേഷ്വാന്‍ ഫ്രൈഡ് റൈസ്", കുറഞ്ഞ ചിലവില്‍ കൂടുതല്‍ ഭക്ഷണം.. അതായിരുന്നു ബാംഗ്ലൂരിലെ ചൈനീസ് ഹോട്ടലുകളും ഞാനും തമ്മിലുള്ള ആത്മ ബന്ധം..

പിന്നെയും കാലം മാറി, കഥ മാറി.. അമേരിക്കയില്‍ എത്തി.. അതും സിലിക്കണ്‍ വാലിയില്‍... കഴുകന്‍ കൊത്തിക്കൊണ്ടുപോണ പൂച്ചക്കുഞ്ഞ്‌ പട്ടിക്കൂട്ടത്തില്‍ വീണു എന്ന് പറഞ്ഞ പോലെ ആയി... "മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും ചൈനക്കാരന്‍ ഇരിക്കുന്നു". റോട്ടിലും ഷോപ്പിലും പിന്നെ ജ്വാലി ചെയ്യുന്ന സ്ഥലത്തും ഉള്ള ചൈനക്കാര്‍ ഇംഗ്ലീഷിലെ വിജ്ഞാനക്കുറവിന്റെ ജാള്യത തീര്‍ത്ത് തരാന്‍ വളരെ സഹായിച്ചു... ജ്വാലിയില്‍ കയറിയ ആദ്യദിവസം തന്നെ എന്റെ ടെക്നോളജി വിവരം കറക്റ്റ് ആണോ ഒന്നു ഉറപ്പു വരുത്താന്‍ മാനേജര്‍ ഹുവാംഗ് ഹുവാ ചോദിച്ചു..

"ഹാബ് യു ഡണ്‍ ഡി എന്‍ എ ട്രാന്‍സ്ഫര്‍?"

"നോ. ഈസ് ദാറ്റ് ടെക്നോളജി അവൈലബിള്‍ ?"

"യസ്, യു ദോന്ത് നോ എബൌട് ഇറ്റ്?"

"നോ, വൈ ഷുഡ് ഐ ട്രാന്‍സ്ഫര്‍ മൈ ഡി എന്‍ എ?" ഇയാളെങ്ങാനും എന്റെ ഡി എന്‍ എ മാറ്റി ഒരു ചൈനക്കാരനാക്കാനാണോ പരിപാടി?

"ഗീരിഷ്, ഇറ്റ് ഈസ് നോട്ട് ഡി എന്‍ എ, I askd about DNA"

മാനേജര്‍ ഇംഗ്ലീഷ് ഒന്നിരുത്തി ഉറപ്പിച്ചു പറഞ്ഞെങ്കിലും കേട്ടത് ഒന്നു തന്നെ. ഇനി എന്റെ ചെവീടെ കുഴപ്പം ആകുമോ? ഇടതു കയ്യിലെ ചെറുവിരലോണ്ട് ചെവി ഒന്നു തോണ്ടി ചോദിച്ചു..

"സോറി.. കാന്‍ യു റിപീറ്റ്‌? "

ഇത്രയും നല്ല ഇംഗ്ലീഷ് പറയുന്ന തന്നെ എന്തിനപമാനിക്കുന്നു എന്ന ചിന്ത മാനേജരെ ദേഷ്യമുള്ള ഒരു ഭ്രാന്തനാക്കി

"ദോന്ത് യു നോ ഡൈറക്ട് മെമ്മറി ആക്സസ് ട്രാന്‍സ്ഫര്‍, ""The DIRECT MEMORY ACCESS TRANSFER""?"

എമ്മും എന്നും സ്ഫുടമായി പറയാന്‍ പറ്റാത്ത കാപാലികാ, ഇതായിരുന്നോ..

"ഓ... "DMA", ദാറ്റ് ഐ നോ ഹുവാംഗ്. ഐ ഹാവ് ഡണ്‍ ഇറ്റ്‌, ഇന്‍ ബോത്ത്‌ വിന്‍ഡോസ് ആന്‍ഡ്‌ ലിനക്സ് "

അന്ന് മുതല്‍ എന്റെ ഇംഗ്ലീഷ് മോശമാണെന്ന് മാനേജരും, മാനേജരുടെ ഇംഗ്ലീഷ് മോശമാണെന്ന് ഞാനും ചിന്തിച്ചു സമാധാനിച്ചു.

[Direct Memory Access Transfer - കമ്പ്യൂട്ടറിന് ഉള്ളില്‍ ഒരു സ്ഥലത്തു നിന്നു മറ്റൊരു സ്ഥലത്തേക്ക് ഡാറ്റ എടുത്തു കൊണ്ടു പോകാനുള്ള ഒരു തരം ടെക്നിക്. വെറുതെ ആലോചിച്ചു തല പുണ്ണാക്കാക്കണ്ട. ഇതിലൊന്നും വല്യ കാര്യം ഇല്ല, ഇതു കമ്പ്യൂട്ടറിനെ കൊണ്ടു ചെയ്യിപ്പിച്ചിട്ടൊന്നും ജീവിതം ഗൊണം പിടിക്കാന്‍ പോണില്ല]

***********

കണ്ണുമടച്ചു ഭൂതകാല ചൈന ബന്ധങ്ങള്‍ അയവിറക്കി ഇരിക്കുമ്പോള്‍, തോളില്‍ തട്ടി ആരോ ചോദിച്ചു..

"വൈ ഗു..ണ്ടനാ താന്‍?" ["ഗ"കാരം ആണോ "ക"കാരം ആണോ എന്ന് സംശയം]

അയവിറക്കല്‍ ശല്യപ്പെടുത്തിയതിനു പുറമെ, ഇന്റഗ്രിറ്റി ക്വസ്റ്റിയന്‍ ചെയ്യപ്പെട്ടോ എന്ന സംശയത്തില്‍ വിമാനത്തിലെ നീലപ്പുതപ്പില്‍ നിന്നും കനം ഒട്ടും ഇല്ലാത്ത തല പുറത്തിട്ടു ഞാന്‍ പുലമ്പി

"വാട്ട്?"

ചുണ്ടില്‍ അര കിലോ ലിപ്സ്റ്റിക്ക് ഇട്ട എയര്‍ ഹോസ്റ്റസ് "ബായ് ലിംഗ്" മുമ്പില്‍...

"യു ഗിരീഷ് വൈ ഗുണ്ടനാ താന്‍?"

സമ്മതിക്കണോ വേണ്ടയോ എന്ന കണ്‍ഫൂഷന്‍..

"യസ്.. ബട്ട് ഇറ്റ്‌ ഈസ് ഗിരീഷ് വൈകുണ്ഠനാഥന്‍"

"സോറി ഗിരീഷ് വൈ കുണ്ടാനത്തന്‍" [ഇപ്പോള്‍ ഉറപ്പായി, നേരത്തെ "ക"കാരം തന്നെ ആയിരുന്നു ഇവള്‍ ഉദ്ദേശിച്ചത് എന്ന്]

എന്റമ്മേ, ഇവളു നാവു വടിക്കൂല്ല, നേരെ വിളിക്കൂല്ല, ഇവളെ സഹായിച്ചിട്ടു തന്നെ കാര്യം

"മൈ ലാസ്റ്റ് നെയിം ഈസ് ഡിഫിക്കല്‍ട്ട്, യു കാന്‍ കോള്‍ മി ജസ്റ്റ് ഗിരീഷ് "

"സര്‍ ഉവര്‍ ഫുദ് ഇസ് റെദി, യു ഹാദ് ഓര്‍ദര്‍ദ് വെജിത്തേറിയന്‍ മീല്‍സ്, I mean IVML, റൈത്ത്?"

അപ്പോഴാണ് എന്തൊക്കെയോ ചീഞ്ഞുനാറുന്നത് നാസാരന്ധ്രങ്ങള്‍ സെന്‍സ് ചെയ്തത്. വിമാനത്തിലെ എല്ലാ ചൈനക്കാരും അവരവരുടെ ഭക്ഷണം "ക്ലുച്ക് ക്ളിച്ച്ക് ക്ക്ടുക്ക് ക്കച്ച്ചക്ക്" എന്ന താളമേളങ്ങളോടെ അടിച്ച് കേറ്റുന്നു. ഇടതു വശത്തെ ചൈനക്കാരന്റെ പ്ലേറ്റില്‍ നിന്നും പെരുച്ചാഴീടെ ആണെങ്കില്‍ വലതു വശത്തെ ചൈനക്കാരന്റെ പ്ലേറ്റില്‍ നിന്നും മീന്‍മാര്‍ക്കറ്റില്‍ തീര്‍ത്തയാത്രക്ക് പോയപ്പോള്‍ ഉള്ള സുഗന്ധം ആയിരുന്നു... വിമാനം താഴെ ഇറങ്ങിയാല്‍, ഇതേ ഗതി ആയിരിക്കുമോ അതോ അധോഗതി ആയിരിക്കുമോ, എന്ന ആശങ്ക മനസ്സില്‍ തളിരിട്ടു.

ഇതു ചൈനക്കാരുടെ ടൈം... ടെക്നോളജി ട്രാന്‍സ്ഫര്‍ ചെയ്യാന്‍ കമ്പനി നിയോഗിച്ച ഹതഭാഗ്യന്‍ ഞാന്‍. 2 കൊല്ലമായി ഞാന്‍ ഡെവലപ്പ് ചെയ്ത സോഫ്റ്റ്‌വെയര്‍ മുഴുവന്‍ ബെയ്ജിങ്ങിലെ കമ്പനി ഡിവിഷനിലെ ചിംഗ് ചുവാംഗിനും, ഗുവോ ഗുവാംഗിനും, മാവോ ഹിങ്ങിനും പറഞ്ഞു കൊടുക്കണം. ഇതിന്റെ പ്രതിഫലമായി തിരിച്ചു ചെല്ലുമ്പോള്‍ നമ്മളെ പിരിച്ചുവിടുന്നു എന്ന നല്ല കാര്യവും കമ്പനി അറേഞ്ച് ചെയ്തിട്ടുണ്ട്. എല്ലാം ട്രാന്‍സ്ഫര്‍ ചെയ്‌താല്‍ പിന്നെ "നിന്നെ എന്തിന് കൊള്ളാം" എന്ന ഒരു അവഗണനാ മനോഭാവം. ടെക്നോളജി ട്രാന്‍സ്ഫര്‍ മാത്രമല്ല അതിന് മുമ്പ് ഇംഗ്ലീഷ് കൂടി പഠിപ്പിക്കണം എന്നതായിരുന്നു മറ്റൊരു ശിക്ഷ.. അണയാന്‍ പോകുന്ന വിളക്കല്ലേ, അണയുന്നതിനു മുമ്പ് ഒന്നു ആളിക്കത്താം എന്ന് മുമ്പെ തീരുമാനിച്ചിരുന്നു. വന്മതില്‍, ടിയാന്‍ മെന്‍ സ്ക്വയര്‍, ഫോര്‍ബിഡ്ഡന്‍ സിറ്റി ഒക്കെ "ടു വിസിറ്റ് ലിസ്റ്റില്‍" നേരത്തെ തന്നെ സ്ഥലം പിടിച്ചു.

***********

ട്രാഫിക് കുറവായതിനാല്‍ എയര്‍ ചൈനയുടെ വിമാനം ബെയ്ജിങ്ങില്‍ 45 മിനുട്ട് മുമ്പെ എത്തി. ബെയ്ജിംഗ് വിമാനത്താവളത്തില്‍ ചിംഗ് ചുവാംഗ് വന്ന് എന്നെ കൂട്ടി കൊണ്ടു പോകും എന്നായിരുന്നു പറഞ്ഞിരുന്നത്. കാരണം അവനാണത്രേ ഏറ്റവും കൂടുതല്‍ ഇംഗ്ലീഷ് അറിയുന്നത്. കല്യാണത്തിനു ശേഷം ആദ്യമായി ഞാന്‍ ഫോട്ടോ എക്സ്ചേഞ്ച് ചെയ്തത് ചിംഗ് ചുവാംഗുമായി ആയിരുന്നു... കണ്ടാല്‍ തിരിച്ചറിയാന്‍.

ഫോട്ടോയില്‍ കണ്ടതിനേക്കാള്‍ വ്യത്യാസം അധികം ഇല്ലെങ്കിലും, തലയില്‍ ഒരമിട്ടു വീണ പോലത്തെ ഹെയര്‍ സ്റ്റൈലുമായി ഒരുത്തന്‍ നില്ക്കുന്നു
"Welcome Gireesh Y Kund anathan" എന്ന പേരുള്ള ഒരു ബോര്‍ഡുമായി. എന്റീശ്വരാ... വീണ്ടും എന്റെ പേരിനെ ചവിട്ടി മറിക്കുന്നു..... ഇവനൊക്കെ, അയക്കണ ഇമെയില്‍ നോക്കി പേരു എഴുതിക്കൂടെ? അടുത്ത് ചെന്നു കമ്പനി ബാഡ്ജ് കാണിച്ചു ഞാന്‍ പറഞ്ഞു

"ഐ ആം ഗിരീഷ് വൈകുണ്ഠനാഥന്‍"..

"നീ ഹൌ"

"ഹൌ ആര്‍ യു" എന്നാണ് ചോദിച്ചതെങ്കിലും, കേട്ടപ്പോള്‍
"നീ എന്തിനാടാ മോനേ ഇവിടെ വന്നത്" എന്ന പോലെ തോന്നി..

"ആര്‍ യു ചിംഗ് ചുവാംഗ്?"

"ഐ കെയിം 1 ഹവ്വ്ര്‍ എഗോ"

"ഹൌ ആര്‍ യു ഡൂയിംഗ്?"

"വി ഹാബ് തു വാല്ക് 10 മിനിട്ട്സ് തു ദ താക്സി"

ച്ചെടാ, എവിടെയോ ഒരു സിംക്രണൈസേഷന്‍ പ്രോബ്ലം... ഇവനെന്റെ മനസ്സു വായിക്കുന്നുണ്ടോ.. ഞാന്‍ അടുത്ത് ചോദിയ്ക്കാന്‍ പോകുന്ന ചോദ്യത്തിന്റെ ഉത്തരം ഇവന്‍ ഇപ്പോഴേ തരുന്നു... കൂടുതല്‍ ചോദിച്ചു വഴലാക്കേണ്ട എന്ന് കരുതി പറഞ്ഞു

"ലെറ്റ് അസ്‌ ഗോ"

***********

പഴയ ഒരു വോള്‍ക്സ് വാഗണ്‍ ജെറ്റ കാറില്‍ ഞങ്ങള്‍ യാത്രയായി, ബാദലിംഗ് എക്സ്പ്രസ്സ് വേയിലൂടെ. അടൂര്‍ ഗോപാലകൃഷ്ണന്റെ സിനിമകളിലെ മൂകശോക അന്തരീക്ഷം. ചിംഗ് ചുവാംഗ്, mp3 പ്ലെയെറിന്റെ വാലറ്റമാകുന്ന ഹെഡ് സെറ്റ് ചെവിയില്‍ തിരുകി എന്തിലോ ലയിച്ചിരിക്കുന്നു. മുഖത്ത് വിരിയുന്ന രൌദ്ര, ശോക, മൂക, ആര്‍ദ്ര, ലാസ്യ ഭാവങ്ങള്‍ "ഈ ചെറ്റ ജെറ്റയിലൊന്നുമല്ല, വേറെ ഏതോ ലോകത്താണ് " എന്ന് തെളിയിച്ചോണ്ടിരുന്നു.

തളം കെട്ടി നില്ക്കുന്ന നിശ്ശബ്ദതക്ക് മോചനം കൊടുക്കാന്‍ മാത്രം ഞാന്‍ ചോദിച്ചു...

"ഹൌ ഫാര്‍ ഡു വി ഹാവ് ടു ഗോ?"

ആരും കേട്ടില്ല, ഡ്രൈവര്‍ ഒന്നു തിരിഞ്ഞു നോക്കി...

"ഈ പൊട്ടന് ചൈനീസ് അറിയില്ലല്ലോ" എന്ന കള്ള ചിരിയോടെ
ശബ്ദം ഉയര്‍ത്തി ഒന്നൂടെ ചോദിച്ചു

"ഹൌ ഫാര്‍ ഡു വി ഹാവ് ടു ഗോ?"

പാറപ്പുറത്ത് ചിരട്ട ഇട്ടൊരക്കുന്ന എന്റെ ശബ്ദം mp3 പ്ലേയറിനെ കടത്തി വെട്ടി.
ഇപ്രാവശ്യം അതാള് കേട്ടു.. ഹെഡ് സെറ്റ് ഒക്കെ മാറ്റി

"ഐ ആം നോത്ത് ഹംഗ്രി. ഐ ഹാദ് നൂടില്സ് തുഡെ മോര്ര്ണിംഗ്"

വീണ്ടും സിംക്രണൈസേഷന്‍ പ്രോബ്ലം.

"പുഷ്പക്" സിനിമയിലെ കമലാഹാസനെ മനസ്സില്‍ ധ്യാനിച്ച് വണ്ടി സ്ടിയറിംഗ് ഓടിക്കുന്ന പോലെ കാണിച്ച് ഈസി ഇംഗ്ലിഷ്

"ഹൌ മെനി കിലോ മീറ്റര്‍സ് ?"

"25 മിനിട്ട്സ് മോര്‍"

പ്രതീക്ഷിച്ച ഉത്തരം കിട്ടിയില്ലെങ്കിലും കാര്യം മനസ്സിലായി.

"മൌനം വിദ്വാനു ഭൂഷണം എന്ന് പണ്ടു ചൈനക്കാര്‍ കൊച്ചിയില്‍ വന്നപ്പോള്‍ ആണോ പറഞ്ഞു തുടങ്ങിയത്”, എന്ന്‍ തോന്നാതിരുന്നില്ല?

***********

ഒരാഴ്ച ഗോണ്‍. സ്വന്തം തലയിലെ കളിമണ്ണിനിടയില്‍ ഇരിക്കുന്ന കുറച്ചു ബുദ്ധിയും മുഴുവന്‍ ടെക്നോളജിയും കുറച്ചു കുറച്ചായി ട്രാന്‍സ്ഫര്‍ ചെയ്തു, "കമ്പ്ലീറ്റ് ടെക്നോളജി ട്രാന്‍സ്ഫര്‍ ചെയ്തു കഴിഞ്ഞാല്‍ തലയില്‍ ബാക്കി കളിമണ്ണ് മാത്രമെ കാണൂ" എന്ന ഒരു ടെന്‍ഷനോടെ. പണ്ടു കോളേജില്‍ പങ്കജാക്ഷന്‍ സാര്‍ പ്രയോഗിച്ച പല ഇംഗ്ലീഷ് അസ്ത്രങ്ങളും (ജനല്‍ തുറന്നിടൂ പുള്ളാരെ, കാറ്റു വരട്ടെ, ജസ്റ്റ് ഓപ്പണ്‍ ദ വിന്‍ഡോസ്, ലെറ്റ് ദ അറ്റ്‌മോസ്ഫിയര്‍ കം ഇന്‍) എന്റെ ആവനാഴിയിലെ അസ്ത്രങ്ങളായി മാറി. ലവന്മാരെ പഠിപ്പിച്ച് തലയിലെ മെടുല ഒബ്ലോങ്ങേട്ട, വെറും ചപ്പ്ലാങ്കട്ട ആയി.

ദിവസങ്ങള്‍ മരിച്ചു വീണു, വെള്ളിയാഴ്ചയും മരിച്ചു. പിന്നെ ശനിയാഴ്ച ജനിച്ചു...

ആദ്യത്തെ വീക്കെന്റ്.

ചിംഗ് ചുവാംഗിന്റെ ഗൈഡിംഗില്‍ ചൈനീസ് വന്മതില്‍ കാണാന്‍ പോയി. ചന്ദ്രനില്‍ നിന്നും കാണുന്ന ഭൂമിയുടെ ഏക ഫിംഗര്‍ പ്രിന്റ്. അതിന്റെ ഹിസ്ടറിയും ജോഗ്രഫിയും വായിച്ചപ്പോള്‍
അതുണ്ടാക്കിയോരുടെ വില്‍ പവറിനെയും മറ്റെല്ലാ പവറിനെയും ഒന്നു സ്തുതിക്കാതിരിക്കാന്‍ പറ്റിയില്ല. ഞാന്‍ ഇങ്ങിനെ സായൂജ്യം അടഞ്ഞു നില്‍ക്കുമ്പോള്‍ ചിംഗ് ചുവാംഗ് mp3 ലോകത്ത് ലയിച്ചിരിക്കുന്നു. മരപ്പട്ടിക്ക്‌ കോക്കാന്‍ കൂട്ട്.. ഞങ്ങള്‍ തമ്മിലുള്ള സിംക്രണൈസേഷന്‍ പ്രോബ്ലം വീണ്ടും ഉണ്ടായിക്കൊണ്ടിരുന്നു..

"ഇറ്റ്‌ ഈസ് പോസ്സിബിള്‍ ടു സീ ഗ്രേറ്റ്‌വാള്‍ ഫ്രം മൂണ്‍"

എന്ന എന്റെ അഭിപ്രായത്തിനു ആകാശത്ത് നോക്കി ചന്ദ്രനെ കാണുന്നില്ല എന്നുറപ്പ് വരുത്തി, സ്വന്തം വാച്ച് നോക്കി

"ബാത് ഗിര്ര്രീഷ്, ഇത്ത് ഇസ് ഒല്ലി 2PM. ഇത്ത് ഇസ് തൂ ഏര്‍്ര്ളി തു സീ മൂണ്‍"

അതോടു കൂടി മതിയായി. പറയുന്ന എന്തിനും മാരഡോണ അടിക്കുന്ന ഗോള്‍ പോസ്റ്റില്‍ കയറാതെ തിരിച്ചു വരുന്ന പോലെ മറുപടികള്‍ തിരിച്ചു വരുന്നു... അടുത്ത ആഴ്ച തനിയെ കറങ്ങാം എന്ന ചപല വ്യാമോഹം എന്റെ മനസ്സില്‍ തളിരിട്ടു. ഗതികേട് കൊണ്ടുണ്ടായ ഒരു ആവേശം... അതും ഒരു കാറ് വാടകക്ക് എടുത്ത് സ്വയം ഓടിച്ച്... പോകുന്നതിനു മുമ്പ് ചിംഗ് ചുവാംഗ് പരമാവധി വാണിംഗ് തന്നു പിന്തിരിപ്പിക്കാന്‍ നോക്കി... ബെയ്ജിംഗ് സിറ്റിയില്‍ പോയാല്‍ വഴി തെറ്റുമെന്ന്.. ആ പേടി ഉണ്ടെങ്കിലും പണ്ട് പല വിദേശ രാജ്യങ്ങളിലും വണ്ടി ഓടിച്ചിട്ടുണ്ട് എന്ന ഒരു അമിത ആത്മവിശ്വാസവും പിന്നെ മുമ്പ് സൂചിപ്പിച്ച ഗതികേടും, ചന്ദ്രനില്‍ പോയി വരുന്നതിനെക്കാളും കോംപ്ലികേറ്റഡ് ആയ ആ മിഷനില്‍ നിന്നും എന്നെ പിന്തിരിപ്പിച്ചില്ല.

*********

അടുത്ത വീക്കെന്റ്...

ബാദലിംഗ് എക്സ്പ്രസ്സ് വേയിലൂടെ തന്നെ യാത്ര. പൊട്ടിയതും പൊട്ടാത്തതും പൊളിഞ്ഞതും പൊളിയാത്തതും ആയ വണ്ടികള്‍ ഞമ്മന്റെ വണ്ടീടെ അതിലെയും ഇതിലേയും പാഞ്ഞു. "നിങ്ങടെ നാട്ടില്‍ നിങ്ങള് രാജാക്കന്മാര്‍, എന്നെ പോലെ ഒരു വരുത്തന്‍ വെറുതെ ഷൈന്‍ ചെയ്തു തടി കേടാക്കുന്നില്ല" എന്ന് തീരുമാനിച്ച്, മന്ദം മന്ദം ഇഴഞ്ഞിഴഞ്ഞു നീങ്ങി.

ബെയ്ജിംഗ് സിറ്റി എത്തുന്ന വരെ കുഴപ്പം ഉണ്ടായില്ല. എല്ലാം ക്ലീന്‍. സിറ്റിയുടെ അടുത്തെത്തും തോറും, വണ്ടികളുടെ "മന്ദത" കൂടിത്തുടങ്ങി. അവസാനം "മന്ദത" മാത്രമായി... വണ്ടി നിന്നു.. മുടിഞ്ഞ ട്രാഫിക്... അപ്പുറത്തും ഇപ്പുറത്തും ഉള്ള കാറിലെ ചൈനീസ് ഡ്രൈവര്‍മാര്‍, കാഴ്ച ബംഗ്ലാവില്‍ ചില്ലുകൂട്ടിലിരിക്കുന്ന ഒറാംഗുട്ടാനെ നോക്കുന്ന പോലെ എന്നെ നോക്കിക്കൊണ്ടിരുന്നു.

“ചൈനീസ് മതിലിന്നക്കരെയക്കരെയക്കരെയേതോ
പേരറിയും കരയില്‍ നിന്നോരൊറാംഗുട്ടാന്‍
മതിലായ മതിലുകള്‍ കയറി സിറ്റിയായ സിറ്റികള്‍ കാണാന്‍
….”

അപ്പോഴും ഇപ്പോഴും എപ്പോഴും ദൈവത്തിനു സ്തുതി...

ഒരുവിധത്തില്‍ “ഫോര്‍ബിഡ്ഡന്‍ സിറ്റി” വരെ എത്തി. പണ്ട്, ഒന്നും മനസ്സിലായില്ലെങ്കിലും "എല്ലാം മനസ്സിലായി" എന്ന രീതിയില്‍ തലയാട്ടി കണ്ട "ദ ലാസ്റ്റ് എമ്പെറര്‍" എന്ന സിനിമയില്‍, മൊട്ടത്തലയന്‍ കുട്ടിരാജാവ് വട്ടമിട്ടോടിയ സ്ഥലം... ഫോര്‍ബിഡ്ഡന്‍ ആയ പലതും അവിടെ കണ്ടു. പണ്ടത്തെ രാജാക്കന്മാര്‍ അടിച്ച് പൊളിച്ചു കഴിഞ്ഞിരുന്ന അനവധി കൊട്ടാരങ്ങളുടെ "അഖിലകോലകൊട്ടാരസമ്മേളനവും" കണ്ടു. ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ നടന്ന്, പിന്നെ തിരിച്ചു നടന്ന്, തുടങ്ങിയ സ്ഥലത്ത് എത്താറായപ്പോഴേക്കും, കാലുകള്‍ പണിമുടക്കിനു ആഹ്വാനം ചെയ്തു തുടങ്ങി. കാലിനെ പേടിച്ചു മനസ്സ് കീഴടങ്ങി, തിരിച്ചു പോകാമെന്നായി.

***********

പുറത്തിറങ്ങി. ഗതി കിട്ടാത്ത ഒരു ഇന്ത്യന്‍ ആത്മാവിനെ പോലെ, ഒരു മണിക്കൂര്‍ തെക്കോട്ടും വടക്കോട്ടും കാര്‍ ഓടിച്ചിട്ട്‌ എത്തിയത് ഫോര്‍ബിഡ്ഡന്‍ സിറ്റിയുടെ മുന്നില്‍ തന്നെ. അന്തസ്സായി വഴി തെറ്റി.

"ചിംഗ് ചുവാംഗേ, നീ കടവുള്‍ താന്‍..." എന്ന് തോന്നിപ്പോയ നിമിഷങ്ങള്‍...

തിരിച്ചു പോകാന്‍ ടാക്സി വിളിക്കുകയെ നിവര്‍ത്തി ഉള്ളൂ എന്ന് മനസ്സിലാക്കി കാറില്‍ നിന്നും പുറത്തിറങ്ങി.. പക്ഷെ ന്റെ വിഷമങ്ങള്‍ പറഞ്ഞറിയിക്കാന്‍ മ്മ്ലെ കൊണ്ടാകുമോ എന്ന സംശയം. ടാക്സിക്കാരാണെങ്കില്‍, മാവേലിയുടെ പ്രജകള്‍ "എല്ലാരും ഒന്നു പോലെ", എന്ന പോലെ "നീ ഹൌ" എന്ന് മാത്രം പറഞ്ഞോണ്ടിരുന്നു. "നീ ഹൌ" ക്ക് ശേഷവും ടാക്സി ഡ്രൈവര്‍മാര്‍ എന്തൊക്കെയോ പറഞ്ഞിരുന്നു. അതൊക്കെ രജനികാന്തണ്ണന്റെ നേരെ വരുന്ന വെടിയുണ്ട നടുകീറി, തലയുടെ രണ്ടു വശത്തേക്കും പാഞ്ഞ് പോണ പോലെ, എന്റെ ചെവികളുടെ അടുത്തുകൂടെ കടന്നു പോയി.

“ന്യൂസ് പേപ്പറും ചാക്കും കൊണ്ടൊരുക്കിയ മെത്തയില്‍ ഒരു ചൈനീസ് അരിക്കടയുടെ മുന്നില്‍ അത്താഴപ്പഷ്ണിക്കാരനെപ്പോലെയുള്ള അന്തിയുറക്കം”, എന്റെ മനസ്സില്‍ മിന്നി മാഞ്ഞു.

അപ്പോഴാണ്, ഒരുമാതിരി ശബ്ദം... ഒരാഴ്ച നിര്‍ത്താതെ തിന്നിട്ട്, തിന്നതിന്റെ ഒരു ശതമാനം പോലും ഔട്ട്പുട്ട് പോകാത്തതിന്റെ ബുദ്ധിമുട്ട്‌ വിളിച്ചറിയിക്കുന്ന ശബ്ദം. ചെവിയോര്‍ത്തപ്പോള്‍ അത് നമ്മടെ മൈക്കല്‍ ജാക്ക്സണ്‍… തൊണ്ടയിലെ എല്ലാ ഞരമ്പുകളും വലിച്ചു മുറുക്കി പാടുന്ന ഒരു പാട്ട്,

"All I want to say is that they don’t really care about us…"

ശരി തന്നെ, മൈക്കല്‍ ജാക്ക്സന്റെ ബുദ്ധിമുട്ടും എന്റെ ബുദ്ധിമുട്ടും.. "nobdoy really care about us…"

മൈക്കല്‍ ജാക്ക്സന്റെ ബുദ്ധിമുട്ടിന്റെ ലോകത്തില്‍ നിന്നും എന്റെ ലോകത്തിലേക്ക്‌ തിരിച്ചുവന്ന്, ഈ പാട്ടൊക്കെ കേക്കണോനു എന്നെ സഹായിക്കാന്‍ പറ്റില്ലേ എന്ന് ചിന്തിയ്ക്കാന്‍, മുപ്പത് സെക്കന്റ് എങ്കിലും എടുത്തു കാണും. നോക്കുമ്പോള്‍, ഒരുത്തന്‍ "ചൈന മുഴുവനും കേള്‍ക്കാനുള്ള ശബ്ദം" പുറപ്പെടുവിക്കുന്ന mp3 പ്ലേയറിന്റെ ഹെഡ്സെറ്റ് ചെവിയില്‍ വച്ച്, മൈക്കല്‍ ജാക്ക്സന്റെ പാട്ടും കേട്ടു തുള്ളിച്ചാടി പോകുന്നു.

ഓടിച്ചെന്നു അവന്റെ മുന്നില്‍ ചെന്നു നിന്നു.

"എക്സ്ക്യോസ് മി, യു സ്പീക്ക് ഇംഗ്ലീഷ്"

ഞാന്‍ ചോദിച്ച കേട്ടിട്ടും യാതൊരു കൂസലും ഇല്ലാതെ അവന്‍ തുള്ളിക്കൊണ്ടിരുന്നു. ഇനി ഇവനും മൈക്കല്‍ ജാക്ക്സന്റെ പ്രശ്നം തന്നെ ആണോ ഉള്ളത്? ഒന്നു കൂടെ ചോദിച്ചപ്പോള്‍, അവന്റെ ചാട്ടം നിന്നു. mp3 പ്ലെയര്‍ എടുത്തു പാട്ട് നിര്‍ത്തി, ഹെഡ്സെറ്റ് ചെവിയില്‍ നിന്നു പുറത്തെടുത്തു.

"വാട്ട്"

"യു സ്പീക്ക് ഇംഗ്ലീഷ്"

"യാ"

"ഐ ഗോട്ട് ലോസ്റ്റ്. ഹൌ ടു ഗോ ബാക്ക്. ഐ ഹാവ് ടു ഗോ ടു ചാംഗ്പിംഗ്"

"വാട്ട്, ഐ കാന്റ് ഫോള്ളോ യു"

ആദ്യമായി നമ്മടെ ഇംഗ്ലീഷിനെ ചോദ്യം ചെയ്യുന്ന ചൈനീസ് വംശത്തില്‍ പെട്ടവനെ, ചൈനയില്‍ കണ്ടു. അവന്റെ വായില്‍ നിന്നും വെള്ളം പോലെ ഇംഗ്ലീഷ് മുമ്പില്‍ ഒഴുകിത്തുടങ്ങിയപ്പോള്‍, ഞാന്‍ ബ ബ് ബ അടിക്കാന്‍ തുടങ്ങി. ലവന്റെ ഇംഗ്ലീഷിന്റെ ഏഴയലത്തു എത്താനുള്ള കപ്പാക്കിറ്റി നമുക്കില്ല. അടിയറ പറഞ്ഞു... എവിടെയോ ഒരു ശോകഗാനം കേള്‍ക്കുന്ന പോലെ തോന്നി

"സൂര്യകിരീടം വീണുടഞ്ഞു, രാവിന്‍ തിരുവരങ്ങില്‍..."

ഇതിനിടയില്‍, അവന്റെ പേര് വേ ജിംഗ് ആണെന്ന് എനിക്കും, പെരുവഴിയിലായ ഞാന്‍ ടാക്സി പിടിക്കാന്‍ നില്ക്കുകയാണെന്ന് അവനും മനസ്സിലാക്കി. പോകേണ്ട സ്ഥലം ചോദിച്ചതിനു ശേഷം, വേ ജിംഗ് ഒരു ടാക്സികാരനോട് കാര്യങ്ങളൊക്കെ പറഞ്ഞു. എന്നിട്ട്,

"ഐ ഹാവ് ടോള്‍ഡ് ദ അഡ്രസ്സ് ആന്‍ഡ്‌ ഹി നോസ് ദ പ്ലെയ്സ്. പ്ലീസ് ഗെറ്റ് ഇന്‍ ദ ടാക്സി"

"താങ്ക്സ്‌, ബട്ട് ഐ ഹാവ് മൈ കാര്‍"

ഇതുവരെ എന്നോട് ഇംഗ്ലീഷ് പറഞ്ഞു തലച്ചോറ് ചൂടാക്കി നില്ക്കുന്ന അവന് വട്ടിളകി. പിന്നെന്തിനാടാ കോപ്പേ, കാറ് വിളിക്കാന്‍ പറഞ്ഞതു എന്ന് ഇംഗ്ലീഷില്‍ തന്നെ ചോദിച്ചു.

"വേ ജിംഗ്, കാന്‍ യു ടെല്‍ ടാക്സി ഡ്രൈവര്‍ ടു ഡ്രൈവ് ആന്‍ഡ്‌ ഐ വില്‍ ഫോളോ ഹിം ഇന്‍ മൈ കാര്‍"

"വാട്ട് ദ കഖഘഗങ"... വേ ജിംഗ് തെറി വിളിച്ചു..

പിന്നെയും വേ ജിംഗിന്റെ തലച്ചോറ് ചൂടായി. ടാക്സിക്കാരന്‍ അവന്റെ കാറില്‍ പോട്ടെ എന്നും, ഞാന്‍ അവനെ എന്റെ കാറില്‍ പിന്തുടരാം എന്നുമുള്ള, ലോജിക് അവനെ പറഞ്ഞു മനസ്സിലാക്കി. വേ ജിംഗ് അത് ടാക്സിക്കാരനെ പറഞ്ഞു മനസ്സിലാക്കി.

അങ്ങിനെ, എന്റെ കാറില്‍ ടാക്സി കാറിനെ പിന്തുടര്‍ന്ന്, താമസിക്കുന്ന സ്ഥലത്തെത്തി... പണ്ടു തൃശ്ശൂര്‍ പൂരം കാണാന്‍ പോകുമ്പോള്‍ കൂട്ടം തെറ്റാതിരിക്കാന്‍ അച്ഛന്റെ കൈ പിടിച്ചു നടക്കുന്നത് പോലെ..

***********

അടുത്ത രണ്ടു വീക്കെന്റും വിദ്വാനായി, മൌനമെന്ന ഭൂഷണം അലങ്കാരമായി കരുതി വാതിലടച്ച് റൂമില്‍ തന്നെ കുത്തിയിരുന്നു. എന്റീശ്വരാ, "ചൈനീസ് ഭാഷ" കൊണ്ടു ലോകവുമായി ഇവര്‍ ഉണ്ടാക്കിയിരിക്കുന്ന മതിലിന്റെ ഉയരം ചൈനീസ് വന്മതിലിന്റെ ഉയരത്തേക്കാള്‍ എത്രയോ കൂടുതല്‍...

[വാല്‍ക്കഷ്ണം: ഇതൊരു കഥൈ.. സത്യത്തില്‍ ചൈനയില്‍ കണ്ട ചൈനക്കാര്‍ വളരെ ഡീസന്റ് ആയിരുന്നു]

2008, മാർച്ച് 25, ചൊവ്വാഴ്ച

പുളിങ്കറി

"ഇന്നെന്താ കറി"

ഓഫീസില്‍ നിന്നും വീട്ടില്‍ വന്നിട്ട് രണ്ടു മണിക്കൂര്‍ ആയിട്ടും ഒരു തുള്ളി വെള്ളം പോലും തരാതെ എന്നെ ഒരു മൂലക്കിരുത്തിയ ഭാര്യയോട് ഞാന്‍ ചോദിച്ചു.

"പുളിങ്കറി"

അയ്യോ... ഇന്നും പുളിങ്കറി. ആദ്യരാത്രി, ഇഷ്ടമുള്ള കറി ഏതാണെന്ന് ചോദിച്ചപ്പോള്‍ പുളിങ്കറി ആണ് എന്ന് പറഞ്ഞതിനു, സ്ഥിരമായി കിട്ടുന്ന ശിക്ഷ. കെട്ടണ സമയത്ത് കുക്കിംഗ് സ്കില്‍സ്‌ ഒക്കെ ഒന്നു ചോദിച്ചു വിലയിരുത്തേണ്ടതായിരുന്നു. അക്കാലത്ത് മനപ്പൊരുത്തം മാത്രം മതി, സ്ത്രീധനവും പെണ്ണിന്റെ കഴിവുകളും ഒന്നും നോക്കണ്ട എന്ന് പറഞ്ഞ് വെറുതെ ആദര്‍ശവാദി ആയി

"മനുഷ്യാ, പുളി കഴിഞ്ഞു. നിങ്ങളെപ്പോഴാ കടയില്‍ പോണത്?"

എന്റമ്മേ, ഇനി കടയിലും പോണോ? വിശന്നിട്ടു കുടല്‍ കരിയുന്നു.

"പുളിങ്കറി ഇന്നു തന്നെ വേണോ? നീ വല്ല ചമ്മന്തിയോ മറ്റോ ഉണ്ടാക്ക്"

"അതൊന്നും എന്നെ കൊണ്ടൊക്കത്തില്ല. ഈ ആഴ്ച പ്രൊജക്റ്റ് സബ്മിറ്റ് ചെയ്യണം. ഇന്നു കഴിഞ്ഞാല്‍ നാളെ മുതല്‍ ഞാന്‍ മുഴുവന്‍ സമയവും കമ്പ്യൂട്ടറിന്റെ മുമ്പില്‍ ആയിരിക്കും. പുളിങ്കറി ആയാല്‍ രണ്ടു മൂന്നു ദിവസം നിങ്ങള്‍ കഴിക്കൂല്ലേ?"

നാളെ അത് ചളമായ ചളിങ്കറി, മറ്റന്നാള്‍ വളിച്ച വളിങ്കറി.... അടുത്ത ഒരാഴ്ച ഇനി അത് തന്നെ എന്ന് വിചാരിച്ചതാണ്. ഭാഗ്യം, ഇപ്രാവശ്യം ഇവള്‍ ഇതു മൂന്നു ദിവസത്തേക്കേ ടാര്‍ഗറ്റ് ഇട്ടിട്ടുള്ളൂ.

"ഏതു പ്രൊജക്റ്റ്? കഴിഞ്ഞ ആഴ്ച്ചയല്ലേ ആ ബീനയും രാധികയും മരഗതവല്ലിയും ഇവിടെ കയറി നിരങ്ങി ഡാറ്റാബേസ് പ്രൊജക്റ്റ് ചെയ്തത്. ഈ ആഴ്ച ഇനി എന്ത്?"

"അത് കഴിഞ്ഞു. ഈ ആഴ്ച വെബ് ഡിസൈന്‍ ആണ് പ്രൊജക്റ്റ്"

"എവിടെയാ ഇപ്രാവശ്യം പ്രൊജക്റ്റ്, നമ്മുടെ വീട്ടില്‍ അല്ലല്ലോ?"

ഇവരൊക്കെ കൂടി രാത്രി മുഴുവന്‍ ബ്യൂട്ടി ക്രീമും, ലേറ്റസ്റ്റ് ചുരിദാര്‍ ഡിസൈനും ഒക്കെ ചര്‍ച്ച ചെയ്തും, ഭൂലോക പരദൂഷണം പറഞ്ഞും ഡാറ്റാബേസ് പ്രൊജക്റ്റ് ചെയ്ത്, എന്റെ ഉറക്കം ഗംബ്ലീറ്റ് കുളമാക്കിയ കഴിഞ്ഞ ആഴ്ച എങ്ങിനെ ഞാന്‍ മറക്കും..

"നിങ്ങള്‍ക്കെന്താ പ്രശ്നം. ഇവിടെ തന്നെ. നമ്മടെ 2 ബെഡ്റൂം അപ്പാര്‍ട്ട്മെന്റ് അല്ലേ? അവരുടെ ഒക്കെ 1 ബെഡ്റൂം അല്ലേ?"

"പ്രശ്നം ഒന്നൂല്ല്യ, കഴിഞ്ഞ ആഴ്ചത്തെ സെറ്റ് പെണ്ണുങ്ങള് തന്നെയാണോ വരണത്?

"അതെ, ഇപ്രാവശ്യം അശ്വതി കൂടെ ഉണ്ടാകും"

"കൊള്ളാം. കാക്കക്കൂട്ടത്തില്‍ ഒരാള് കൂടി, കലപില കൂട്ടാന്‍" ഇതു മനസ്സില്‍ വിചാരിച്ചു.. പക്ഷെ പറഞ്ഞില്ല.

"ഏതാ ഈ അശ്വതി. ഇതുവരെ ഇവിടെ വന്നിട്ടില്ലല്ലേ?"

"രേവതീടേം ഭരണീടേം ഇടയിലുള്ള അശ്വതി. ഒന്നു പോ മനുഷ്യാ, വിഷയം മാറ്റാതെ. എപ്പോഴാ പുളി വാങ്ങാന്‍ പോണത്?"

പെണ്ണ് കാണാന്‍ പോയ ദിവസം, കാലിന്റെ ചെറുവിരല്‍ കൊണ്ടു നിലത്തു വട്ടം വരച്ച് നാണിച്ച് നിന്നിരുന്ന കക്ഷി ആണ് ഇപ്പോള്‍ എന്റെ തലയില്‍ കയറി നിന്ന് വട്ടം വരക്കുന്നത്‌. ഹയര്‍ സ്റ്റഡീസ് ഒക്കെ കഴിഞ്ഞ പെണ്ണിനെ കെട്ടിയാ മതിയായിരിന്നു. കെട്ടിക്കഴിഞ്ഞ് പഠിപ്പിക്കാന്‍ വിടുകയും വേണം, എന്നിട്ട് അവള്‍ടെ വായിലിക്കുന്നത് കേള്‍ക്കുകയും വേണം. ഗതികേട്, വിധി, യോഗം, ഇതൊക്കെ ഓരോ ടൈംസ് എന്നൊക്കെ മനസ്സില്‍ വിചാരിച്ച് സ്വയം ആശ്വസിപ്പിച്ച് പുറത്തിറങ്ങി, പുളി വാങ്ങാന്‍....

************

ഒരുകാലത്ത് പുളിയും പുളിങ്കറിയും എന്ന് വച്ചാല്‍ ജീവനായിരുന്നു. പുളിങ്കറി കൂട്ടി രണ്ടു ചെമ്പു ചോറുണ്ണാന്‍ പറഞ്ഞാലും, "ഇത്ര ചോറേ ഉള്ളൂ" എന്ന് ചോദിച്ചിരുന്ന കാലം. സഹധര്‍മ്മണനായ എന്നെ സ്നേഹിച്ചു സ്നേഹിച്ചു പുളിങ്കറിയും ചോറും സ്ഥിരമായി തീറ്റിപ്പിച്ച്, സഹധര്‍മ്മിണി പുളിങ്കറിയോടുള്ള എന്റെ ആക്രാന്തം കുറച്ചു തന്നു.

എങ്കിലും പുളി എന്ന് കേള്‍ക്കുമ്പോള്‍ വായില്‍ കപ്പലോടും. കൂടാതെ, നാട്ടില്‍ എനിക്ക് പുളിക്കള്ളന്‍ എന്ന പേരു നേടിത്തന്ന ഒരു പബ്ലിക് സ്വോര്‍ഡിനെയും, വീടിന് മുമ്പിലെ അമ്പലത്തിന്റെ തെക്കു ഭാഗത്ത് ഉള്ള മനക്കലെ പുളിമരങ്ങളെയും, ഓര്‍മ്മ വരും.

മനക്കലെ കുഞ്ഞൂട്ടന്‍ നമ്പൂതിരി, എല്ലാ കൊല്ലവും പുളി ഉണ്ടാകുന്നതിനു മുമ്പ് തന്നെ പറമ്പിലെ പുളിമരങ്ങളില്‍ ഉണ്ടാകാന്‍ പോകുന്ന പുളിയൊക്കെ മത്തായി മാപ്ലക്ക് വിറ്റിരിക്കും. പുളി പറിക്കാന്‍ എത്തുമ്പോള്‍ മത്തായി മാപ്ല നിരാശന്‍. പുളി പോയിട്ട്‌ പുളിയുറുമ്പ് പോലും മരത്തില്‍ ഉണ്ടാകാറില്ല. ഉള്ള പുളിയെല്ലാം നാട്ടിലെ പുള്ളാരുടെ പള്ളയില്‍ എത്തിയിരിക്കും.

കുഞ്ഞൂട്ടന്‍ നമ്പൂതിരിക്ക് വേലി ചാടി ഓടാന്‍ ഉള്ള കഴിവ് കുറവായതിനാല്‍, എത്ര ഇന്‍സ്റ്റന്റ് അറ്റാക്ക്‌ ഉണ്ടായാലും, പുളിയും വാരി ട്രൌസറിന്റെ പോക്കറ്റിലിട്ടു ഓടാന്‍ ഇഷ്ടം പോലെ സമയം. അവസാനം ഞങ്ങളെ ഒതുക്കാന്‍ കുഞ്ഞൂട്ടന്‍ നമ്പൂതിരി വാടകഗുണ്ടയെ ഇറക്കി. കൊട്ടേഷന്‍ കൊടുത്തു. ഗുണ്ടയാണെങ്കില്‍, വാളിനെക്കള്‍ മൂര്‍ച്ചയുള്ള കത്തി വയ്ക്കുന്ന, അറുപതു വയസ്സായ ശിവശങ്കര “പൊതുവാള്‍” എന്ന “പബ്ലിക് (പൊതു) സ്വോര്‍ഡ് (വാള്‍)”.

ഒരു ദിവസം വളരെ ശാന്തരായി, ആരെയും പ്രകോപിപ്പിക്കാതെ പുളി പറിച്ചിരുന്ന ഞങ്ങളെ നേരിടാന്‍ കുഞ്ഞൂട്ടന്‍ നമ്പൂതിരി മെല്ലെ മെല്ലെ അടുത്ത് വന്നു. നമുക്കോ നിസ്സാര ഭാവം. ഇങ്ങേരു എന്ത് ചെയ്യാന്‍. എങ്കിലും ഞങ്ങള്‍ പുളികളെ ട്രൌസര്‍ പോക്കറ്റിലേക്ക് ലോഡ് ചെയ്ത് തുടങ്ങി.. റെഡി ടു ടേക്ക് ഓഫ് അറ്റ്‌ എനി ടൈം.

അപ്പോഴതാ നമ്മുടെ പൊതുവാള്‍ മനക്കലെ വളപ്പില്‍, കുഞ്ഞൂട്ടന്‍ നമ്പൂതിരിയുടെ പുറകില്‍ വരുന്നു. "ഈ കിളവന്‍ എന്ത് ചെയ്യാന്‍" എന്ന് എല്ലാരും ഒരേ സ്വരത്തില്‍ പറഞ്ഞു. എങ്കിലും ഞങ്ങള്‍ നാല് പേര്‍ക്ക് നേരെ രണ്ടു പേര്‍ എന്നത് ഇത്തിരി മനോധൈര്യം കുറച്ചു. എല്ലാരും മരത്തില്‍ നിന്നും ചാടിയിറങ്ങി, വേലിയുടെ അടുത്ത് വരെ നടന്ന് അവിടെ നിന്നു. പിന്നെ സ്ഥിരമായ കലാപരിപാടി തുടങ്ങി. വേലി ചാടാന്‍ പറ്റാത്ത കുഞ്ഞൂട്ടന്‍ നമ്പൂതിരിയെ വേലി ചാടിക്കാനുള്ള വെല്ലുവിളി.. "ആണാണേല്‍ ചാടെടാ" എന്ന രീതിയില്‍..

ഞങ്ങടെ വെല്ലുവിളി പൊതുവാള്‍ സ്വീകരിച്ചു.

സിക്സ്റ്റി ഇയര്‍ ഓള്‍ഡ് പൊതുവാള്‍ റാണ്‍ ലൈക്ക് എ സിക്സ്ടീന്‍ ഇയര്‍ ഓള്‍ഡ്.. ഞങ്ങള്‍ടെ മുമ്പിലൂടെ ഓടി, ഞങ്ങളെ തൊടാതെ വേലി ചാടി. ഷോക്ക്‌ അടിച്ച പോലെ നിന്ന ഞങ്ങള്‍ക്ക്, ഞങ്ങളെ ഒന്നും ചെയ്യാതെ പൊതുവാള്‍ വേലി ചാടിയതിന്റെ ഗുട്ടന്‍സ് പിടി കിട്ടിയില്ല. പക്ഷെ പത്തു സെക്കന്റിനുള്ളില്‍ എല്ലാം വ്യക്തമായി. ഒരുവശത്ത് പൊതുവാളും വേലിയും മറുവശത്ത് കുഞ്ഞൂട്ടന്‍ നമ്പൂതിരിയും. കള്ളന്മാരാണെങ്കിലും, അംജദ് ഖാന്റെ തടങ്കല്‍ പാളയത്തില്‍ പെട്ട അവസ്ഥ.

ഇത്രയും കാലം പുളി പോയ നമ്പൂതിരി പുളിയെക്കാള്‍ പുളിയുള്ള വാക്കുകള്‍ കൊണ്ടു ഞങ്ങളെ ശകാരിച്ചു. "അടിക്കാന്‍ സമയമായി" എന്ന നമ്പൂതിരിയുടെ വാക്കുകളെ കാത്തുകൊണ്ട്‌ പൊതുവാള്‍ കയ്യും കെട്ടി നിന്നു. ഞങ്ങള്‍ക്കും പൊതുവാളിനും ഇടയ്ക്ക് ഒരു മൂക സാക്ഷി പോലെ വേലിയും...

ശകാരത്തിന്റെ പുളിവെള്ളാഭിഷേകം മതിയായി എന്ന് തോന്നിയപ്പോള്‍, നമ്പൂതിരി പൊതുവാളിനോട് പറഞ്ഞു,

"പൊതുവാളേ, നല്ല പെട അങ്ങട് കൊടുക്കാ, നോം തൊട്ണില്ല ഈ വര്‍ഗ്ഗങ്ങളെ"

എന്നിട്ട് ഞങ്ങളെയും വേലിയെയും നോക്കി

"ചാടടാ കുരങ്ങന്മാരെ"

ഇത്രയും നാള്‍ കണ്ണടച്ചു ചാടാമായിരുന്ന വേലി അപ്പോള്‍ ഒരു ചൈനീസ് വന്മതില്‍ പോലെ തോന്നി. നമ്പൂതിരിയുടെ പുളിവെള്ളാഭിഷേകത്തിന് പിന്തുണയെന്ന പോലെ ഭയം കൊണ്ടുണ്ടായ മൂത്രാഭിഷേകത്തില്‍ കാലുകള്‍ കുതിര്‍ന്ന് ബലം കുറഞ്ഞു വിറച്ചു തുടങ്ങി. പൊതുവാള്‍ വീണ്ടും മനപ്പറമ്പിലേക്ക് ചാടി ഞങ്ങളെ പുറത്തേക്ക് ഇട്ടതിന് ശേഷം വളരെ ഡീസന്റ് ആയി പെരുമാറി. ഇതൊക്കെ കണ്ടു രസിച്ചു നില്‍ക്കണ കുഞ്ഞൂട്ടന്‍ നമ്പൂതിരി വീണ്ടും ചീത്ത വിളിച്ചു

"പൊതുവാളേ, വിടരുത് ഈ കള്ളന്മാരെ"

"വെറും കള്ളന്മാരല്ല തിരുമേനി, അസ്സല് പുളിക്കള്ളന്മാരാ ഇവറ്റകള്‍"

അന്ന് തല്ലിയ പൊതുവാളിനെ, നന്നാവാന്‍ തല്ലിയ അനവധി ആള്‍ക്കാരുടെ കൂട്ടത്തില്‍ പെടുത്തുന്നു. മോഷണം നിര്‍ത്താനും ഭാവിയില്‍ ഗോതമ്പുണ്ട തിന്നാതിരിക്കാനുമുള്ള സാധ്യതകള്‍ കുറച്ചു തന്ന തല്ലല്ലേ അത്?

************

കുഞ്ഞൂട്ടന്‍ നമ്പൂതിരിയുടെ ശാപമാണ് ഈ പുളിങ്കറി ശിക്ഷ എന്നോര്‍ത്ത്, പുളിയും വാങ്ങി വീട്ടിലെത്തി. വാതില്‍ തുറക്കുമ്പോള്‍ വീട്ടില്‍ ഒരു കാക്കക്കൂട്ടം. ബീനയും രാധികയും മരഗതവല്ലിയും അശ്വതിയും എത്തിയിട്ടുണ്ട്. ച്ചെടാ, നാളെ വരുമെന്ന് പറഞ്ഞിട്ടു ഇവളുമാര് ഇന്നു തന്നെ എത്തിയോ? സഹധര്‍മ്മിണി, അശ്വതിയെ പരിചയപ്പെടുത്തി. ആളുടെ രൂപവും വലിപ്പവും കണ്ടാല്‍ രേവതിയുടെയും ഭരണിയുടെയും ഇടയിലുള്ള അശ്വതി എന്നല്ല, രേവതിയുടെയും അശ്വതിയുടെയും അപ്പുറത്തുള്ള ഭരണി എന്നേ പറയൂ.. പരിചയപ്പെടുത്തലും ബാക്കി ഉള്ളവരോട് അങ്ങോട്ടുമിങ്ങോട്ടും "ഹായ്, ഹൌ ആര്‍ യു, നൈസ് ടു മീറ്റ് യു, (2 ദിവസം മുമ്പ് കണ്ടതാണെങ്കിലും) ലോങ്ങ് ടൈം നോ സീ " ഒക്കെ പറഞ്ഞു കഴിഞ്ഞു .

സഹധര്‍മ്മിണി മന്ദം മന്ദം അടുത്ത് വന്നു.

"അതേയ്, ഇവരൊക്കെ ഇന്നു തന്നെ വന്നു. ഇന്നിനി പുളിങ്കറി ഉണ്ടാക്കാനുള്ള സമയവുമില്ല, മൂടും ഇല്ല. നിങ്ങള് പോയി, രണ്ടു ലാര്‍ജ്...."

"നിങ്ങള്‍ അപ്പോള്‍ ഇന്നു രാത്രി വെള്ളമടി പാര്‍ട്ടി ആണോ?"

"തോക്കില്‍ കയറി വെടി വയ്ക്കാതെ, മനുഷ്യാ. വെള്ളമല്ല. രണ്ടു ലാര്‍ജ് pizza വാങ്ങി കൊണ്ടുവരാമോ?"

വീണ്ടും പുറത്തേക്ക്... കാലി വയറുമായി... പിസ്സയെ തേടി..

എങ്കിലും ഇനി രണ്ടു ദിവസം ചളിങ്കറിയും വളിങ്കറിയും തിന്നാതെ കഴിഞ്ഞല്ലോ..

************

പുളിങ്കറി തിന്നണ്ടോനെ പിസ്സ തീറ്റിച്ചു... തല്‍കാലം, അത്യുന്നതങ്ങളില്‍ ദൈവത്തിനു സ്തുതി.

2008, മാർച്ച് 3, തിങ്കളാഴ്‌ച

മോളും വാളും

[മുന്‍കൂര്‍ ജാമ്യം: സ്ത്രീ ജനങ്ങള്‍ ഇതു വായിച്ച് എന്നോട് കോപിക്കരുത്‌....]

ജന്മം കൊണ്ട് കുട്ടപ്പന്‍ നാട്ടിലെ ചെറുപ്പക്കാരുടെ ഇടയില്‍ ഏറ്റവും ചിന്നവന്‍, പക്ഷെ കര്‍മ്മം കൊണ്ട് എല്ലാരേക്കാളും പെരിയവന്‍. ഓടുന്ന പട്ടിക്ക്‌ ഒരു മുഴം മുമ്പേ ഓടുന്നവന്‍, ആര്‍ക്കും ഉരുളക്കുപ്പേരി എന്ന പോലെ മറുപടി കൊടുക്കന്നവന്‍, എല്ലാരും മരത്തില്‍ കാണുമ്പൊള്‍ മാനത്ത്‌ കാണുന്നവന്‍, നാടോടുമ്പോള്‍ നടുവേ ഓടുന്നവന്‍, കാള പെറ്റു എന്ന് കേട്ടാല്‍ ഉടനെ കയറ് എടുക്കുന്നവന്‍.. നടക്കാന്‍ പോണില്ല എന്ന് കരുതുന്ന എന്തും നടത്താന്‍ കഴിവുള്ളവന്‍, ക്ലയന്റ്സിനു വേണ്ടി പ്രേമവിവാഹങ്ങളും ഒളിച്ചോട്ടങ്ങളും തരപ്പെടുത്താന്‍ മാത്രമല്ല ISRO ഉപഗ്രഹം വിക്ഷേപിക്കാന്‍ പറഞ്ഞാല്‍, വേണേല്‍ അത് ഒറ്റക്ക് സ്പേസില്‍ പോയി ഡ്രോപ്പ് ചെയ്യാന്‍ വരെ കോണ്‍ഫിഡന്‍സ് ഉള്ളവന്‍…. പിന്നെ പലതും പാടി നടക്കുന്നുണ്ട് പാണന്മാര്‍ ഞങ്ങടെ നാട്ടില്‍.

ഒരു ദിവസം നാട്ടില്‍ നിന്നും പെട്ടെന്ന് കാണാതായ കുട്ടപ്പന്‍ ഒരു കൊല്ലം കഴിഞ്ഞപ്പോള്‍, കോട്ടയത്തുള്ള ഒരു അമേരിക്കന്‍ നഴ്സ് പോന്നമ്മയെ കെട്ടി നാട്ടിലെത്തി. കരിവിളക്കിന്റടുത്ത് നിലവിളക്ക് എന്ന പോലെ, മരപ്പട്ടിക്ക്‌ കോക്കാന്‍ കൂട്ട് എന്ന് പോലെ, ആനയും പാപ്പാനും എന്ന പോലെ രണ്ടു പേരും മൃഗരാജഗഡി ഗജരാജമുഖി എന്ന രീതിയില്‍ നാട്ടില്‍ ക്രാഷ് ലാന്റ്‌ ചെയ്തു. തന്നെക്കാള്‍ മൂത്തതും നാട്ടില്‍ ഒരു പെണ്ണിന്‌ പോലും പ്രേമലേഖനം കൊടുക്കാന്‍ പറ്റാത്തതും ആയ എല്ലാ ചെറുപ്പക്കാരും കുട്ടപ്പനെ സ്രാഷ്ടാംഗം നമസ്കരിച്ചു. പലരും കുട്ടപ്പനെ, സ്വാമി കുട്ടപ്പാനന്ദ തിരുവടികള്‍ ആയി വാഴ്ത്താന്‍ വരെ ആലോചിച്ചുതുടങ്ങി.

ഒരു വര്‍ഷമായി ഒളിച്ചോടാനും പ്രേമവിവാഹം നടത്താനും പറ്റാതെ വീര്‍പ്പുമുട്ടി നിന്നിരുന്ന തരുണീതരുണന്മാര്‍ തിരുവടി സ്വാമികളെ അഭയം പ്രാപിച്ചു. പണ്ടത്തെ ബിസിനസ്സ് നിര്‍ത്തി എന്നും, ഇത്രയും നാള്‍ പൊന്നമ്മ അമേരിക്കയില്‍ ആയിരിക്കുമ്പോള്‍, അവള്‍ടെ റവറ് ബിസിനസ്സ് നോക്കുകയായിരുന്നെന്നും പറഞ്ഞു കുട്ടപ്പന്‍ കയ്യൊഴിഞ്ഞു. തന്റെ വിസ റെഡി ആയെന്നും അടുത്ത പതിനേഴാം തിയതി പൊന്നമ്മയുടെ റവറും വിറ്റ് അവള്‍ടെ കൂടെ അങ്ങ് അമേരിക്കയിലേക്ക്‌ പറക്കാന്‍ പോകുകയാണെന്നും കേട്ടപ്പോള്‍, എല്ലാരും ഒന്നു കൂടെ ഞെട്ടി.

അങ്ങിനെ ഒരു സാരിത്തുമ്പും പിടിച്ച് കുട്ടപ്പന്‍ അമേരിക്കയിലെത്തി. ആത്മവിശ്വാസത്തിനു ഇപ്പോഴും ഇടിവില്ലാത്ത കുട്ടപ്പന്‍, ഇംഗ്ലീഷ് കുരച്ചു കുരച്ചു പറയുന്ന കുട്ടപ്പന്‍, "How are you doing? എന്ന സായിപ്പിന്റെ ചോദ്യങ്ങള്‍ക്ക് കുലുങ്ങി ചിരിച്ചുകൊണ്ട്‌ "Doing Doing" എന്നും "How was your day?" എന്നതിന് ദിവസക്രമം അനുസരിച്ച് "Monday, Tuesday, Wednesday..." എന്നും കൃത്യമായി തട്ടിവിട്ടിരുന്നു.

ദിവസങ്ങളും മാസങ്ങളും കടന്നു പോയി. കുട്ടപ്പന്റെ ഭൂമിദേവി പൊന്നമ്മ അവര്‍കള്‍ ഗര്‍ഭിണിയായി. ദിവസത്തില്‍ പത്തും പതിനഞ്ചും പ്രസവങ്ങള്‍ക്ക് സഹായി ആകുന്ന പൊന്നമ്മക്ക് തന്റെ പ്രസവം വെറും ഒരു കുട്ടിക്കളി മാത്രം. പക്ഷെ കുട്ടപ്പാനന്ദ തിരുവടികള്‍ക്ക് അങ്ങിനെ അല്ല. നാട്ടില്‍ പ്രസവത്തിനു പെണ്ണിനെ അങ്ങ് ഡോക്ടറെ ഏല്‍പ്പിച്ചാല്‍ മതി , അവര് പ്രസവിപ്പിച്ചു തള്ളേനേം പിള്ളേനേം ഒരുമിച്ചങ്ങു കൊണ്ടത്തരും, എന്ത് സുഖം... അമേരിക്കയില്‍ ആണേല്‍ ഫാര്യയുടെ കൂടെ പ്രോഡക്ട് റിലീസ് ആവണ വരെ നില്‍ക്കണമെന്നും, അത് വരെ ഫാര്യക്ക് ആവശ്യമായ എന്തും ചെയ്തു കൊടുക്കണമെന്നും, പേറ്റുനോവ് അനുഭവിക്കുന്ന അവള്‍ടെ വായിലെ തെറിയും ചീത്തയും കേള്‍ക്കണം എന്നും ഉള്ള കേള്‍വികള്‍ ആണ് കുട്ടപ്പന്റെ റോക്കറ്റ് ലോഞ്ചിംഗ് സ്കില്‍സ്‌ ഉള്ള ആത്മവിശ്വാസത്തിന്റെ അടിത്തറകള്‍ ഇളക്കിയത്.

ശര്‍ദ്ധി, ഓക്കാനം എന്നീ താളമേളങ്ങളോടെ 9 മാസം കടന്നുപോയി. പത്താം മാസമായി. പേറ്റുനോവ് വരുന്നു എന്ന് പറഞ്ഞു 3 പ്രാവശ്യം കുട്ടപ്പന് പൊന്നമ്മയെ ആശുപത്രിയില്‍ കൊണ്ടുപോകേണ്ടി വന്നു. പക്ഷെ മദാമ്മ ഡോക്ടറിന്റെ വിശദ പരിശോധനയില്‍ എല്ലാം "ഫാള്‍സ് അലാറം" ആണെന്ന് മനസ്സിലായി, വീട്ടിലേക്ക് തിരിച്ചു പോരേണ്ടി വന്നു.

അവസാനം "ഗര്‍ഭ കാല്‍ കി ആഖരി ദിന്‍" എത്തി.

കറി വക്കാന്‍ കുമ്പളങ്ങാ നുറുക്കിക്കൊണ്ടിരിക്കുമ്പോള്‍ ആയിരുന്നു പൊന്നമ്മ ചേച്ചിക്ക് അന്നത്തെ ആദ്യത്തെ "അലാറം" ഉണ്ടായത്. ഇതും ഒരു "ഫാള്‍സ് അലാറം" ആകുമോ എന്ന ഭയം കുട്ടപ്പന് ഉണ്ടെങ്കിലും പൊന്നമ്മചേച്ചിയുടെ വായിലെ സരസ്വതിയെ നേരിടാനുള്ള ധൈര്യം കുറഞ്ഞതോണ്ട്, വേഗം വണ്ടിയെടുത്തു ആശുപത്രിയില്‍ എത്തി. ഇതു ഒരു "ട്രൂ അലാറം" ആണെന്നും, ഇന്ന് ഏകദേശം 12 മണിക്കൂര്‍ കഴിഞ്ഞ് പ്രോഡക്ട് റിലീസ് ഉണ്ടാകും എന്നും മദാമ്മ ഡോക്ടര്‍ അറിയിച്ചു.

12 മണിക്കൂര്‍ നേരം ഫാര്യയെ ശുശ്രൂഷിക്കാനുള്ള കപ്പാസിറ്റി ഒന്നും ഇല്ലെന്ന് ശരിക്കും അറിയാകുന്ന കുട്ടപ്പന്റെ മുട്ടിടിക്കാന്‍ തുടങ്ങി. ആത്മധൈര്യം നിലനിര്‍ത്താന്‍ പതിനൊന്നാമത്തെ മണിക്കൂറില്‍ പോയി രണ്ടു ലാര്‍ജ് പിടിപ്പിച്ചു.

"ആഖരി ഹവര്‍ ".

പേറ്റുനോവുകൊണ്ട് പൊന്നമ്മചേച്ചി "അയ്യോ കുട്ടപ്പേട്ടാ" എന്നും ലാര്‍ജിന്റെ ബലത്തില്‍ ആടുന്ന കുട്ടപ്പേട്ടന്‍ "പൊന്നമ്മേ ഞാന്‍ ഇവിടുണ്ടേ" എന്നും അലറിവിളിച്ചു.

എല്ലാ നഴ്സ്മാരും ചക്കപ്പഴത്തില്‍ ഈച്ച പൊതിയണ പോലെ പൊന്നമ്മ ചേച്ചിയെ പൊതിഞ്ഞു. ലാര്‍ജില്‍ കുളിച്ചു നിന്ന ചന്ദ്രികാവസന്തം പോലെ ചാഞ്ചാടിയാടി കുട്ടപ്പന്‍ സ്വാമികള്‍ "ഏലേസാ ഏലേസാ" പാടി നഴ്സ്മാരെയും പൊന്നമ്മയേയും പ്രോത്സാഹിപ്പിച്ചു. കുട്ടപ്പന്റെ ചാഞ്ചാട്ടം വയറിലുള്ള, രാവിലെ കഴിച്ച ദഹിക്കാത്ത പരിപ്പുവടയുടെ അവശിഷ്ടങ്ങളെയും ലാര്‍ജിനെയും ഒരു കാപ്പില്ലറി ആക്ഷന്‍ വഴി വായിലെത്തിച്ചു. വായിലേക്കുള്ള നിലക്കാത്ത ഈ പ്രവാത്തിന്റെ volume കൂടി കൂടി തന്റെ വായക്ക് താങ്ങാന്‍ പറ്റാതായപ്പോള്‍, കുട്ടപ്പന്‍ ധര്‍മ്മസങ്കടത്തിലായി.

“Volume കുറക്കാന്‍ പുറത്തു പോണോ അതോ പിടിച്ചു നിക്കണോ? പുറത്തു പോയാല്‍, പൊന്നമ്മ പെറണ സമയത്ത് ഞാന്‍ ധൈര്യക്കുറവോണ്ട് പോയതാണെന്ന് ഇവരൊക്കെ കരുതിയാലോ?”

എന്തായാലും മേളം കഴിഞ്ഞിട്ടു പോകാമെന്ന് തീരുമാനിച്ച കുട്ടപ്പന്‍ പാന്റിന്റെ സിപ്പര്‍ ഇട്ട പോലെ വായടച്ചു നിന്നു.

"ഡെലിവറി മാച്ച് കി ആഖരി പുഷ്"

നഴ്സ്മാര്‍ പോന്നമ്മയോട്‌ അവസാനമായി പുഷ് ചെയ്യാന്‍ പറഞ്ഞു... ശരീരത്തില്‍ ഒരേ ഒരു പുഷിനു മാത്രം ശക്തി ബാക്കി ഉള്ള പൊന്നമ്മ ആഞ്ഞു പുഷി, "അയ്യോ എന്റമ്മേ, അയ്യോ എന്റെ കുട്ടപ്പേട്ടാ" എന്നും വിളിച്ച്. വിളിയുടെ മറുപടി എന്ന പോലെ "പൊന്നമ്മേ, യു കാന്‍ ഡു ഇറ്റ്‌" എന്ന് പറഞ്ഞതും, വായില്‍ നില്ക്കുന്ന ഒരു ലിറ്റര്‍ പരിപ്പുവട/ലാര്‍ജ് കുഴമ്പു പുറത്തു ചാടിയതും, പൊന്നമ്മേടെ മോള്‍ പുറത്തു വന്നതും, ഒന്നിച്ചായിരുന്നു.

അമ്മേടെ മോളും അച്ഛന്റെ വാളും ഒന്നിച്ചു ഭൂജാതരായി.

[പിന്‍കൂര്‍ ജാമ്യം: ഞാനും അടുത്തൊരച്ചനായി. ശരിക്കും.... പള്ളീലച്ചനല്ലാട്ടോ.. അപ്പൊ ഇതു എന്റെ കഥ അല്ലാന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കൂല്ല. പക്ഷെ ഇവിടെ അമേരിക്കയില്‍ "ഹൌ ടു ഡെലിവര്‍ ഇന്‍ 21 ഡെയ്സ്", "ഡെലിവറി ഫോര്‍ ഡമ്മീസ് ", "ഡെലിവറി മെയ്ഡ്‌ ഈസി" എന്ന ബുക്കുകള്‍ വായിച്ചും അതിന് പൂരകമാകുന്ന വീഡിയോകള്‍ കണ്ടും "ഇതൊക്കെ ഏതു പോലീസുകാരനും ചെയ്യാം" എന്ന രീതിയില്‍ ഭാര്യയെക്കള്‍ കൂടുതല്‍ കോണ്‍ഫിഡന്‍സ് കാണിക്കുന്ന അനവധി ഭര്‍ത്താക്കന്മാരെ കാണാം. അവസാന നിമിഷം വരെ ഗര്‍ജിക്കുന്ന ഒരു സിംഹമായി നിന്ന് ക്രിറ്റിക്കല്‍ ടൈമില്‍ തല കറങ്ങി വീണ് വാളുവച്ച് ഭാര്യയുടെയും കുഞ്ഞിന്റെയും റൂമിനപ്പുറത്ത് അഡ്മിറ്റ് ആയ ഒരു സുഹൃത്തിന്‌ കഞ്ഞി വച്ചുകൊടുക്കേണ്ടി വന്ന പണ്ടത്തെ ഒരു പാവം ബാച്ചിലറിന്റെ മനസ്സിലെ നൊമ്പരങ്ങളാണിത് ]

2008, ഫെബ്രുവരി 17, ഞായറാഴ്‌ച

പുഴു കടിച്ച ഇല

ഒരു തണുത്ത ഞായറാഴ്ച.

ഭൂരിഭാഗവും പുഴു തിന്നു തീര്‍ത്ത ഇല നില്ക്കുന്ന മരത്തിനടിയിലൂടെ ഒരു ഒച്ച്‌ ഇഴഞ്ഞു പോകുന്നത്, ഇന്നലെ കണ്ടത് മനസ്സില്‍ ഓടിയെത്തി. ബാക്കി നിങ്ങള്‍ സഹിച്ചാലും..
[വീഡിയോയില്‍ ഞെക്കിയാല്‍, ഇലയെ കാണാനും 5.1 ഡിജിറ്റല്‍ ഡോള്‍ബി റെക്കോര്‍ഡിങ്ങില്‍ ഉള്ള ആലാപനം കേള്‍ക്കാനും സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഏതു സത്യസന്ധന്റെ ഉള്ളിലും ഒരു ചെറിയ കള്ളത്തരം ഉണ്ടാകും എന്ന് നെല്‍സന്‍ മണ്ടേലയുടെ അനിയന്‍ വല്‍സന്‍ മണ്ടേല പറഞ്ഞതു സത്യം. അതിനാല്‍ ട്യൂണ്‍ ഒന്നു മോഷ്ടിക്കേണ്ടി വന്നു. ജീവിക്കാന്‍ വേണ്ടി ക"പി" ഒരു തസ്കരന്‍ കൂടി ആയി. വീഡിയോ എന്ന് കേട്ടപ്പോഴേക്കും നാണം കൊണ്ടു തന്റെ കവചത്തിനുള്ളില്‍ കയറി ഒളിച്ചതിനാല്‍, ഒച്ചിനെ വീഡിയോയില്‍ ഉള്‍പ്പെടുത്താന്‍ പറ്റിയില്ല ]




പുഴു കടിച്ചോരിലയെ ഓര്‍ത്ത് ചെവി ചൊറിഞ്ഞു നിന്നു ഞാന്‍
മണ്ണില്‍ വീണലിയുവാന്‍ കൊതിക്കുമിലയെ കണ്ടു ഞാന്‍
ഭൂതകാലശോഭയോര്‍ത്തു തുള്ളും ഹൃദയം ഇലയുടെ
തണല്‍ കൊടുത്ത കാലമോര്‍ത്തു തുള്ളും ഹൃദയം ഇലയുടെ

ചിങ്ങമാസപ്പുലരിയില്‍ പിറന്നുവീണ ആ ഇല
പൂവുകള്‍ക്ക് തോഴനായി കൂട്ട് നിന്ന ആ ഇല
കൊച്ചുകാറ്റില്‍ മൂളിപ്പാട്ടു പാടിയാടി നില്‍ക്കവേ
ഉള്ളില്‍ ചൊല്ലി സുന്ദരം, ഈ ഭൂമിയെത്ര മോഹനം

അമ്മയാം ചെടിക്കുവേണ്ടി രാവൊഴികെ മുഴുവനും
സൂര്യനെ തുറിച്ചു നോക്കി വാടിപ്പോയി ജീവിതം
ഭംഗി മങ്ങി ശാഖയില്‍ അടിയിലായ് ഇരിക്കവേ
ഉള്ളില്‍ ചൊല്ലി സങ്കടം, ഈ വീഴ്ച്ചയെത്ര ഭീകരം

ഭാവിയെന്ന ജയിലുമോര്‍ത്തു മൂകമായി തേങ്ങവേ
ചെടിയില്‍ നിന്നും വേര്‍പ്പെടുത്താന്‍, കെഞ്ചി കാറ്റിനോടില
എന്നിലോടി ചിന്തകള്‍, ഏവരും വെറും ഇല
തള്ളി തള്ളി നീങ്ങുന്നു, ജീവിതം ഒരൊച്ചു പോല്‍.



2008, ഫെബ്രുവരി 4, തിങ്കളാഴ്‌ച

കാര്‍ത്തുവിന്റെ കത്ത്

സഹോദരീ സഹോദരങ്ങളായി 11 പേരുള്ള ഏതൊരു വ്യക്തിക്കും, അവരുടെ അമ്മയ്ക്കും എന്നും അസ്വസ്ഥത ഉണ്ടാക്കുന്ന ഒരു കവിത ആണ് "നാറാണത്തുഭ്രാന്തന്‍" .

"പന്ത്രണ്ട് മക്കളെ പെറ്റൊരമ്മേ നിന്റെ മക്കളില്‍ ഞാനാണ് ഭ്രാന്തന്‍"

എന്ന് പാടാന്‍ മക്കള്‍ക്കും, അത് കേള്‍ക്കാന്‍ അമ്മയ്ക്കും ഇച്ചിരി തൊലിക്കട്ടി തന്നെ വേണം. അങ്ങിനെ പാടാന്‍ തൊലിക്കട്ടി ഇച്ചിരി കുറഞ്ഞ ഒരു വ്യക്തിയായിരുന്നു, ഞങ്ങടെ മുറിയന്‍ അഥവാ റൂംമേറ്റ്‌ "കുട്ടികൃഷ്ണന്‍ പിള്ള" എന്ന "കുട്ടികൃഷ്ണന്‍".

വടക്കേലെ പേറ്റുവീട്ടില്‍ കാര്‍ത്ത്യായിനി ചേച്ചിക്കും അവരുടെ കെട്ടിയോന്‍ വിശ്വനാഥന്‍ പിള്ള ചേട്ടനും, വംശപരമ്പര നിലനിര്‍ത്താന്‍ ഗുരുവായൂരില്‍ മാറി മാറി ശയനപ്രദക്ഷിണം ചെയ്തും കാടാമ്പുഴയില്‍ മുട്ടിറക്കിയും, കിട്ടിയ പന്ത്രണ്ടാമത്തേതായ ഏക ആണ്‍ സന്തതി. കുട്ടികൃഷ്ണന്റെ കൂടപ്പിറപ്പുകളില്‍ അഞ്ചാമത്തെ അഞ്ജലി ചേച്ചിയും ആറാമത്തെ ആരതി ചേച്ചിയും ഒഴികെ അടുത്തടുത്ത സിബ്ലിങ്ങ്സ് എല്ലാരും തമ്മില്‍ 1 വയസ്സ് വ്യത്യാസം മാത്രം. അഞ്ജലി ചേച്ചി ജനിച്ച 1966 ല്‍ ഉണ്ടായ വെള്ളപ്പൊക്കത്തില്‍ ഒലിച്ചു പോയ വിശ്വനാഥന്‍ പിള്ള ചേട്ടന്‍ തിരിച്ചു വരാന്‍ വളരെ വൈകിയതിനാല്‍ ആരതി ചേച്ചിക്ക് 3 കൊല്ലം വേണ്ടിവന്നു ഭൂമിയിലേക്കുള്ള വിസ കിട്ടാന്‍. ജീവിതത്തിലെ എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ടു ജീവിച്ചിരുന്ന കാര്‍ത്തു ചേച്ചി, ഒലിച്ചു പോയ പിള്ള ചേട്ടന്‍ തിരിച്ചു വന്നതോടെ "പറയി പെറ്റ പന്തിരുകുലം" സാക്ഷാല്‍കരിക്കാന്‍ ഉള്ള തീരുമാനത്തിലെത്തുകയായിരുന്നു. ആറ്റുനോറ്റ് ഒരു ആണ്‍ തരി ഉണ്ടായതോണ്ടും ഒരു ഡസന്‍ തികഞ്ഞതോണ്ടും, കുട്ടികൃഷ്ണന് ശേഷം പിന്നെ ഒരു സാഹസത്തിന് അവര്‍ മുതിര്‍ന്നില്ല.

പതിനൊന്നു ചേച്ചിമാരുടെയും ഒരച്ചന്റെയും ഒരമ്മയുടെയും അമിത വാല്‍സല്യം നേടിയെടുത്തും, എല്ലാരും ഒരു ഗ്ലാസ് പായസം കുടിക്കുമ്പോള്‍ രണ്ടു ഗ്ലാസ് പായസം കുടിച്ചും, "ഗോക്കളെ മേച്ചും കളിച്ചും ചിരിച്ചും കേളികളാടി" , കുട്ടികൃഷ്ണന്‍, വീട്ടുകാരുടെ കണ്മണിയായി വളര്‍ന്നു. ശരീരം വളരുന്ന അതേ സ്പീഡില്‍ തലച്ചോറും ബുദ്ധിയും വളര്‍ന്നില്ല എന്ന് മാത്രമല്ല, ഈ ആധുനിക കൃഷ്ണന്‍ വെണ്ണക്കു പകരം കുഴലപ്പം കട്ടും, പ്രായഭേധമില്ലാതെ വീട്ടുകാരല്ലാത്ത ഏതു ഗോപികമാരുടെയും കുളിസീന്‍ നോക്കിയും, സിനിമയ്ക്കു പോകാന്‍ കാശുണ്ടാക്കാന്‍ മനക്കലെ തോപ്പിലെ തേങ്ങ കട്ടും ഒക്കെ, നാട്ടുകാരുടെ കണ്ണിലെ കരടും ഏറ്റവും പ്രിയപ്പെട്ട ഒരു തല്ലുകൊള്ളിയും ആയി മാറി.

പക്ഷെ, വെള്ളപ്പൊക്കത്തില്‍ ഒലിച്ചുപോയതിന്റെ സാങ്കേതിക തടസ്സങ്ങള്‍ വളരെ കാലത്തിനു ശേഷം പിന്നെയും നേരിടേണ്ടി വന്ന് പിള്ള ചേട്ടന്‍ കിടപ്പിലായതിനാല്‍, കുടുംബത്തിന്റെ സകല ഉത്തരവാദിത്വവും കുട്ടികൃഷ്ണന് വേഗം തന്നെ ഏറ്റെടുക്കേണ്ടി വന്നു. അന്ന് മുതല്‍ ശരീരത്തിന്റെ വളര്‍ച്ചയുടെ സ്പീഡ് കുറയുകയും, ബുദ്ധിയുടെ വളര്‍ച്ചയുടെ സ്പീഡ് കൂടുകയും ചെയ്തു. 18 വയസ്സാകുമ്പോഴേക്കും തല്ലുകൊള്ളി എന്ന ചീത്തപ്പേരോക്കെ മാറ്റിയെടുത്ത് നാട്ടുകാരുടെയും കണ്ണിലുണ്ണിയായി. നാട്ടില്‍, ഏത് കല്യാണം ഉണ്ടായാലും അതിന് പന്തല്‍ കെട്ടല്‍, സദ്യക്ക് വേണ്ടി കഷണം നുറുക്കല്‍, സാമ്പാര്‍ വിളമ്പല്‍ എന്ന് മാത്രമല്ല, ഗാന്ധി ജയന്തിയുടെ അന്ന് റോഡായ റോഡുകളുടെ ഒക്കെ രണ്ടു വശവും വൃത്തി ആക്കല്‍, വയറുകടി/മലമ്പനി/ശ്വാസം മുട്ടല്‍/ ഗ്രഹണി എന്നിങ്ങനെ എന്തസുഖം ആയാലും ആര്‍ക്കു വേണ്ടിയും 2 കിലോമീറ്റര്‍ നടന്നു പോയി കാറ് വിളിക്കല്‍, എന്ന് വേണ്ട എന്തിനും ഏതിനും കുട്ടികൃഷ്ണന്‍ എന്നും റെഡി. അഞ്ചു കൊല്ലം മുമ്പ്

"ഈ കുരുത്തം കേട്ടോന്റെ തലയില്‍ ഇടിത്തീ വീഴണം"

എന്ന് പറഞ്ഞ കാര്‍ന്നോന്മാരോക്കെ സ്വന്തം മക്കളോട്

"ഡാ, നീയൊക്കെ ആ കുട്ടികൃഷ്ണനെ കണ്ടുപടിക്ക്"

എന്ന് മാറ്റി പറഞ്ഞു തുടങ്ങി. പിള്ളചേട്ടന്റെ കിടപ്പ്‌ കുട്ടികൃഷ്ണന്റെ നല്ല കാലത്തിനു വേണ്ടി ആയി മാറി എന്ന് പറഞ്ഞാല്‍ മതി.

നാട്ടുകാര്‍ക്കു വേണ്ടി ഓടി ഓടി അവസാനം വീട്ടുകാര്യം നോക്കാന്‍ പറ്റാതാകുകയും കാര്‍ത്തു ചേച്ചി കലി തുള്ളാന്‍ തുടങ്ങുകയും ചെയ്തു എങ്കിലും കുട്ടികൃഷ്ണന്‍ വിട്ടു കൊടുത്തിരുന്നില്ല. കക്ഷി തന്റെ സമാന ചിന്താഗതി പലപ്പോഴും വ്യക്തമാക്കിയിരുന്നു.

“ഈ തള്ളേടെ ഒരു കാര്യം. വീട്ടില്‍ 11 ചേച്ചിമാരില്ലേ? അപ്പൊ പിന്നെ അയല്‍വക്കത്തെ ഒരു അഞ്ച് ചേച്ചിമാരുടെ കൂടി കാര്യങ്ങള്‍ നോക്കിയാല്‍ എന്താ? എനിക്കെല്ലാരും ഒരു പോലെയാ.”

അഭിപ്രായ വ്യത്യാസം അമ്മയേയും മകനേയും രണ്ടു ധ്രുവങ്ങളില്‍ ആക്കി. അമ്മയും മോനും തമ്മില്‍ കയ്യാങ്കളി വരെ എത്തിയെന്നും മോന്‍ അമ്മയെ 2 പൊട്ടിച്ചെന്നും ഒരു ശ്രുതി നാട്ടിലുണ്ട്.

കാലക്രമേണ, നാട്ടുകാരുടെ കല്യാണം നടത്തിയും, പ്രസവമെടുത്തും, ഗ്രഹണി മാറ്റിയൊന്നും തനിക്കും തന്റെ വീട്ടുകാര്‍ക്കും വലിയ ഗുണം ഒന്നും ഇല്ല എന്ന് മനസ്സിലാക്കി, ആഞ്ഞു പഠിച്ച കുട്ടികൃഷ്ണന്‍ അവസാനം ബാംഗ്ലൂരിലെ ഒരു കമ്പ്യൂട്ടര്‍ കമ്പനിയില്‍ ജ്വാലി വാങ്ങി. താമസം ഞങ്ങടെ കൂടെ അങ്ങ് വൈറ്റ്ഫീല്ടിലും.

കുട്ടികൃഷ്ണന്‍ വരുന്നതിനു മുമ്പ് വീട്ടില്‍ ഉണ്ടായിരുന്ന ഞങ്ങള്‍ അഞ്ചു പേരും വളരെ ലളിതമായ ജീവിതം ആണ് നയിച്ചിരുന്നത്‌. പണ്ടു തൊട്ടേ തമ്മില്‍ അറിയാമായിരുന്നതോണ്ടും, ഞങ്ങളുടെ ശരീരഘടന കണ്ടു ആകൃഷ്ടരായി പ്രേമബന്ധങ്ങളില്‍ കുടുങ്ങി പ്രേമലേഖനം എഴുതാന്‍ തരുണീമണികള്‍ ഇല്ലാതിരുന്നതോണ്ടും, അഞ്ചു പേരുടെയും ജീവിതം ഒരു തുറന്ന പുസ്തകം ആയിരുന്നു. സോപ്പ്, ചീപ്പ്, കണ്ണാടി, പൌഡര്‍, ഷര്‍ട്ട്, പാന്റ്സ് , ലുങ്കി, ബര്‍മുഡ എല്ലാം ഞങ്ങള്‍ ഒരു സഹകരണമാനോഭവത്തോടെ ഷെയര്‍ ചെയ്താണ് ജീവിച്ചിരുന്നത് (അവനവന്റെ സ്വന്തം എന്ന് പറയാന്‍ കുന്നത്തിന്റെ 2 ബനിയനും 2 അണ്ടനും മാത്രം). അതുപോലെ, ആരും ആര്‍ക്കു വരുന്ന കത്തും പൊട്ടിച്ചുവായിക്കാനുള്ള സ്വാതന്ത്ര്യം അങ്ങ് സ്വയം assume ചെയ്തിരുന്നതോണ്ട്, എന്റെ വീട്ടിലെ നന്ദിനിപ്പശു twinsine പെറ്റതും, K S കാലിതീറ്റക്ക് വിലകൂടിയതിനാല്‍ എന്റെ അച്ഛന്‍ Baby നന്ദിനികള്‍ക്ക് പുല്ല് കൊടുത്തു തുടങ്ങിയതും, എന്നേക്കാള്‍ മുമ്പ് എന്റെ മറ്റു നാല് മുറിയന്മാര്‍ അറിഞ്ഞിരുന്നു. അങ്ങിനെ ഭരണഘടന വ്യക്തമായി ഇരിക്കുന്ന കാലത്താണ് കുട്ടികൃഷ്ണന്റെ അവതരണം.

ജ്വാലി ആയി വീട്ടിലേക്ക് മാസാമാസം കാശ് അയച്ചുകൊടുത്തു തുടങ്ങിയപ്പോള്‍ കാര്‍ത്തുചേച്ചിയുടെ കലി ഒന്നടങ്ങി എങ്കിലും, പ്രായത്തിന്റെ പക്വത കുട്ടികൃഷ്ണന്റെ മനസ്സില്‍ ഒരു കുറ്റബോധം എന്നും നിറച്ചു നിര്‍ത്തിയിരുന്നു. തനിക്ക് പണി ഇല്ലാത്ത കാലത്തു, കലി തുള്ളി വന്നിരുന്ന അമ്മയുടെ നെഞ്ചത്ത് കയറിയതിന്റെ കുറ്റബോധം.

"മനസ്സില്‍ കുറ്റബോധം തോന്നിത്തുടങ്ങിയാല്‍ പിന്നെ ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കും"

എന്ന് പണ്ടു ലാലേട്ടന്‍ "രാജാവിന്റെ മകന്‍" എന്ന സിനിമയില്‍ പറഞ്ഞതനുസരിച്ച്, കുട്ടികൃഷ്ണന്‍ ഒരു യന്ത്രത്തെ പോലെ അമ്മ പറയുന്നതെന്തും ചെയ്തോണ്ടിരുന്നു. "വലത്തോട്ട് ചാടാന്‍ പറഞ്ഞാല്‍" ഇടത്തോട്ട് ചാടിയിരുന്ന പൊന്നുമോന്‍ ഇപ്പോള്‍ കൃത്യമായി വലത്തോട്ട് തന്നെ ചാടാന്‍ തുടങ്ങി. കാര്‍ത്തു ചേച്ചിയുടെ ചെറിയ ചെറിയ വിഷമവും സങ്കടവും വല്ലാതെ തളര്‍ത്തിയിരുന്ന കുട്ടികൃഷ്ണന്‍, "കണ്ണുനീര്‍ തുള്ളിയെ സ്ത്രീയോടുപമിച്ച കാവ്യഭാവനെ, അഭിനന്ദനം" എന്ന് ബ്രഹ്മാനന്ദന്‍ പാടിയത് തെറ്റാണെന്ന് തെളിയിക്കുകയും ചെയ്തു.

സീനിയേര്‍സ് ആയ ഞങ്ങളുടെ ഭരണഘടനയും ലളിത ജീവിതവും ഇഷ്ടപ്പെട്ടെങ്കിലും കത്ത് പൊട്ടിച്ചുവായിക്കുന്ന രീതിക്ക് എതിര് ആയിരുന്നു ഗഡി. പക്ഷെ, ഞങ്ങള്‍ ദുര്‍ബലര്‍, ഏതു കത്ത് കണ്ടാലും അങ്ങ് പൊട്ടിച്ചു പോകും... ആരുടെയാണ് ആര്‍ക്കാണ്‌ എന്ന് കത്ത് വായിച്ചതിനു ശേഷമേ ഞങ്ങള്‍ നോക്കാറുള്ളൂ. അമര്‍ഷത്തോടെ ആണെങ്കിലും നിവര്‍ത്തികേടുകൊണ്ട് കുട്ടികൃഷ്ണന്‍ അതങ്ങ് അഡ്ജസ്റ്റ് ചെയ്തു.

ആറ് മാസം കടന്നു പോയി. ഒരു കറുത്ത വെള്ളിയാഴ്ച. ഞങ്ങടെ ബാംഗ്ലൂര്‍ പോസ്റ്റുമാന്‍ ചൊക്ലി ബങ്കാരപ്പ ഗാരുവിന്റെ മോള്‍ പുളിങ്കുരു കുറെ വാരിതിന്നതിനു വയറ്‌ കോപിച്ച് നിലക്കാത്ത സ്വരരാഗഗംഗാപ്രവാഹം നടത്തിയ അനവധി ദിവസങ്ങളില്‍ ഒരു ദിവസം. പതിവുപോലെ, വൈകി വന്ന ചൊക്ലി ഗാരു തന്ന കത്ത് ഞങ്ങള്‍ പൊട്ടിച്ചു.

"എന്റെ പ്രിയപ്പെട്ട പൊന്നുമകാ...." എന്ന് കണ്ടപ്പോഴേ മനസ്സിലായി അത് കാര്‍ത്തുചേച്ചിയുടെ ആണെന്ന്. പതിവുപോലെ, അടുത്ത വീട്ടിലെ ഷണ്മുഖന്‍ നായര്‍ വീടിന്റെ അതിരു കയ്യേറിയതും, ജോസഫേട്ടന്റെ നിമ്മി എന്ന നായക്കുട്ടി അടുത്ത വീട്ടിലെ മജീദിക്കയുടെ കിറ്റി എന്ന പൂച്ചക്കുട്ടിയുമായി ഒളിച്ചോടിയതും, കളക്ടറേറ്റില്‍ ജ്വാലി ചെയ്യുന്ന പീതാംബരന്‍ ചേട്ടന്റെ ഭാര്യ കുട്ടിമാളുവിനു വട്ടായി ഊളന്‍പാറയില് കൊണ്ടിട്ടതും ഒക്കെ അതിലുണ്ടായിരുന്നു. പശുപട്ടിപൂച്ചക്കഥകള്‍ കഴിഞ്ഞ് ഏറ്റവും അവസാനം കത്തിന്റെ അന്ത്യം ഒരു ദുരൂഹത സൃഷ്ടിച്ചു

"മോനേ, ഇപ്രാവശ്യം നീ വരുമ്പോള്‍ കഴിഞ്ഞ പ്രാവശ്യത്തെ പോലെ എന്നെ പറഞ്ഞു പറ്റിക്കരുത്

എന്ന്
സ്വന്തം അമ്മ".

അപ്പോഴാണ്, അര മണിക്കൂര്‍ മുമ്പ് കുട്ടികൃഷ്ണന്‍ പെട്ടിയും വട്ടിയും ഒക്കെ എടുത്ത് നാട്ടിലേക്കു പോകാനുള്ള ബസ്സ് കയറാന്‍ ബാംഗ്ലൂര്‍ മേജസ്റ്റിക്കിലേക്ക് പോയ കാര്യം ഓര്‍മ വന്നത്. എന്റീശോയെ, അറിയാതെ പെറ്റമ്മയെ പറഞ്ഞു പറ്റിച്ച കാര്യം ഇവനെങ്ങാനും അറിഞ്ഞാല്‍ ഉണ്ടാകുന്ന ഭവിഷ്യത്ത് ആലോചിച്ചപ്പോള്‍ അഞ്ചു പേരും synchronized swimmers നെ പോലെ ഒരുമിച്ചു ഞെട്ടി. ഏഷ്യാനെറ്റിലെ "സ്ത്രീ" സീരിയലിനെ പോലും വെല്ലുന്ന കുട്ടികൃഷ്ണന്റെ കരച്ചിലും പിഴിച്ചിലും കാണാന്‍ ഉള്ള ശക്തി ക്ഷയിച്ച് ഒട്ടും ഇല്ലാണ്ടായിട്ട് കാലം കുറെ ആയി. അവനെ കണ്ട് കത്ത് കൊടുക്കാന്‍, ഉടനെ തന്നെ വാലിനു തീ പിടിച്ച എലികളെപോലെ അഞ്ച് പേരും അഞ്ച് വണ്ടികളില്‍ അഞ്ച് ഭാഗങ്ങളിലേക്ക് ഓടി. എന്റെ ഉദ്ദേശം "ഇപ്രാവശ്യം മകന്‍ അമ്മയെ പറഞ്ഞു പറ്റിക്കാതിരിക്കട്ടെ" എന്നാണെങ്കിലും എന്റെ മുറിയന്‍ ഷിജുവിന് "കുരിശ്, കുട്ടികൃഷ്ണന്റെ കരച്ചില്‍ എപ്പിസോട് ബസ്സില്‍ തന്നെ കഴിയുമല്ലോ" എന്നായിരുന്നു.

പക്ഷെ, എല്ലാരും പരാജിതരായി വീട്ടില്‍ തിരിച്ചെത്തി. കുട്ടികൃഷ്ണന്‍ യാത്ര ചെയ്യുന്ന കല്ലട ട്രാവല്‍സ് ബസ്സിന്റെ പൊടി പോലും കണ്ടു പിടിക്കാന്‍ കഴിഞ്ഞില്ല. കുട്ടികൃഷ്ണന്‍ കുലുങ്ങുന്ന ബസ്സിലും, ഞങ്ങള്‍ കുലുങ്ങാത്ത വീട്ടിലും ഉറക്കം വരാതെ രാത്രി തള്ളി നീക്കി. പണ്ടേ, വേണ്ടാത്ത കാര്യങ്ങള്‍ ചിന്തിക്കാനും, ഫ്രീ ആയി ഉപദേശം കൊടുക്കാനും, ഓസി കിട്ടിയാല്‍ ഓന്തുമൂത്രം ആണേലും കുടിക്കാനും, ആവശ്യം ഇല്ലാത്ത കാര്യങ്ങില്‍ ഇടപെടാനും, ചങ്കുറപ്പുള്ള ഞങ്ങള്‍ കൂലങ്കഷമായി തന്നെ ചിന്തിച്ചു.

"എങ്ങിനെ ആയിരിക്കും കുട്ടികൃഷ്ണന്‍ കാര്‍ത്തു ചേച്ചിയെ പറ്റിച്ചത്? എന്തിനായിരിക്കും കുട്ടികൃഷ്ണന്‍ കാര്‍ത്തു ചേച്ചിയെ പറ്റിച്ചത്?"

കാര്‍ത്തു ചേച്ചി കൊണ്ടു വരാന്‍ പറഞ്ഞ വല്ല വളയോ, മാലയോ, ചാന്തോ, പൊട്ടോ, തുണിയോ കൊണ്ടു പോകാന്‍ കുട്ടികൃഷ്ണന്‍ കഴിഞ്ഞ പ്രാവശ്യം മറന്നതാകുമെന്നും, കഴിഞ്ഞ പ്രാവശ്യത്തെ 2 ദിവസത്തെ ട്രിപ്പ്‌ നീട്ടിവക്കല്‍ ആയിരിക്കുമെന്നും, പെണ്ണ് കാണാന്‍ പോകാമെന്ന വാക്ക് കഴിഞ്ഞ പ്രാവശ്യം തെറ്റിച്ചതായിരിക്കുമെന്നും, പിള്ള ചേട്ടന്റെ പ്രമേഹ രോഗത്തിനുള്ള സ്പെഷ്യല്‍ ഗുളിക കൊണ്ടുപോകാന്‍ കഴിഞ്ഞ പ്രാവശ്യം മറന്നതാകുമെന്നും, ഒക്കെ ഞങ്ങള്‍ ചര്‍ച്ച ചെയ്തു. പക്ഷെ തിരിച്ചു വന്നു കത്ത് കണ്ടാല്‍ ഉണ്ടാകാന്‍ പോകുന്ന കണ്ണീര്‍പ്പുഴയും ഏഷ്യാനെറ്റ് സീരിയലും ഓര്‍ത്തപ്പോള്‍ ഉണ്ടായ ആധി ചെറുതൊന്നുമല്ല. അവസാനം വൃദ്ധസന്ന്യാസി (ഓള്‍ഡ് മങ്ക് ) റം, ഒരു കുപ്പി തന്നെ വേണ്ടി വന്നു, ഞങ്ങടെ ആധി കെടുത്താന്‍. അക്കാലത്ത് ചിക്കിലിക്കാശിനു STD വിളിക്കാന്‍ പറ്റാത്തതോണ്ടും, കുട്ടികൃഷ്ണന്റെ വീട്ടില്‍ ഫോണ്‍ ഇല്ലാത്തതോണ്ടും, അങ്ങിനെ ദുരൂഹതയുടെ ചുരുളഴിയിക്കാന്‍ പറ്റാഞ്ഞതോണ്ടും, പിന്നെ ഒരാഴ്ച ഞങ്ങടെ ആധി വീണ്ടും വീണ്ടും വന്നുകൊണ്ടിരിക്കുകയും വൃദ്ധസന്ന്യാസി അതിനെ സ്ഥിരമായി കെടുത്തിക്കൊണ്ടിരിക്കുകയും ചെയ്തു.

ഒരാഴ്ച കഴിഞ്ഞു. നാട്ടില്‍ നിന്നും കൊണ്ടു വന്ന ഉപ്പേരിയും മുറുക്കും ഒക്കെ തിന്നതിനു ശേഷമേ കത്തിന്റെ കാര്യം പറയൂ എന്ന് ഞങ്ങള്‍ പഞ്ചപാണ്ടവന്മാര്‍ മുമ്പെ തീരുമാനിച്ചിരുന്നു. അല്ലെങ്കില്‍ ഉപ്പേരിയും മുറുക്കും കണ്ണീര്‍പ്പുഴയില്‍ ഒലിച്ചു പോയാലോ? ടോം & ജെറിയില്‍, ജെറി ചീസ്‌ തിന്നുന്നതിലും സ്പീഡില്‍ ഞങ്ങള്‍ മുറുക്കും ഉപ്പേരിയും തിന്നു തീര്‍ത്തു. ഉപ്പേരിയും മുറുക്കും വന്‍കുടലിന്റെ ഏറ്റവും അടിയില്‍ എത്തി എന്ന് ഉറപ്പുവരുത്തി, കത്ത് കൊടുത്തിട്ട് ഷിജു പറഞ്ഞു,

"കൃഷ്ണാ, നിനക്കൊരു കത്തുണ്ടായിരുന്നു. ഇപ്രാവശ്യം ഞങ്ങള്‍ അത് പൊട്ടിച്ചില്ല. ഞങ്ങള്‍ മേജസ്റ്റിക്ക് വരെ വന്നിരുന്നു നിനക്കു കത്ത് തരാന്‍. പക്ഷെ അപ്പോഴേക്കും കല്ലട പോയി"

അത് കുട്ടികൃഷ്ണന്‍ വിശ്വസിച്ചില്ലെങ്കിലും, ഒരു നല്ല പാല്‍പുഞ്ചിരിയോടെ കത്ത് വാങ്ങി പൊട്ടിച്ചു. കത്തിന്റെ ആദ്യ ഭാഗമൊക്കെ വായിക്കുമ്പോള്‍, കിലുക്കത്തില്‍ ലോട്ടറി ടിക്കറ്റിന്റെ ആദ്യത്തെ അക്കങ്ങള്‍ രേവതി വായിക്കുമ്പോള്‍ "ഇതൊക്കെ ഞാന്‍ കുറെ കണ്ടിട്ടുണ്ട്" എന്ന ഭാവത്തില്‍ താഴേക്ക്‌ നോക്കി ചിരിക്കുന്ന ഇന്നസന്റിനെ പോലെ ആയിരുന്നു. ഞങ്ങള്‍ക്കുറപ്പായിരുന്നു അത് നിമ്മിപ്പട്ടിയുടെയും കിറ്റിപ്പൂച്ചയുടെയും ഒളിച്ചോട്ടം തന്നെ ആണെന്ന്. കത്തിന്റെ അവസാനഭാഗം ആയിത്തുടങ്ങിയപ്പോള്‍, പവര്‍കട്ടിന്റെ സമയത്തു വോള്‍ട്ടേജ് കുറയുന്ന പോലെ, കുട്ടികൃഷ്ണന്റെ മുഖത്തെ പ്രകാശം കുറഞ്ഞുതുടങ്ങി. അവസാനത്തെ 3 വരികള്‍ വായിച്ചതും "എന്റമ്മേ" എന്ന് കരഞ്ഞു കുട്ടികൃഷ്ണന്‍ ചന്തിയും കുത്തി നിലത്തിരുന്നതും ഒന്നിച്ചായിരുന്നു. പിന്നെ

"ഞാന്‍ എന്താണ് ചെയ്തത്? അമ്മയെ ഞാന്‍ ഇതു വരെ പറ്റിച്ചിട്ടുണ്ടോ? ഉണ്ടെങ്കില്‍ അത് മനപ്പൂര്‍വമല്ലല്ലോ"

എന്നൊക്കെ പറഞ്ഞു കണ്ണുനീരും മൂക്കുനീരും ഒക്കെ ഒഴുക്കി. നീരുകളുടെ ആദ്യത്തെ ഒഴുക്ക് ഒന്നു കഴിയട്ടെ എന്ന് കരുതി ഞങ്ങള്‍ ആശ്വസിപ്പിക്കാന്‍ റെഡി ആയി നിന്നു. പതിവു സാന്ത്വന വചനങ്ങള്‍ ഒന്നും ഫലിക്കാതായപ്പോള്‍ ഷിജു പറഞ്ഞു

"കൃഷ്ണാ, ഇതൊന്നും കാര്യാക്കണ്ട. നീ പോയി വന്നില്ലേ. അമ്മ ഒന്നും പറഞ്ഞില്ലല്ലോ. നീ ഈ ഗ്ലാസ് പിടിക്ക്. കണ്ണങ്ങട് അടച്ചിട്ടു ഒരു വലിയങ്ങട് വലിക്ക്‌. മനസ്സിനു ഒരു ധൈര്യം വന്നോളും. നമുക്കു അമ്മയോട് ചോദിക്കാലോ എന്താ പ്രശ്നം എന്ന് "

ആദ്യമൊക്കെ എതിര്‍ത്തെങ്കിലും രക്ഷക്കിനി ഓള്‍ഡ് മങ്ക് മാത്രമെ ഉള്ളൂ എന്ന് മനസ്സിലാക്കി, കുട്ടികൃഷ്ണന്‍ അതങ്ങകത്താക്കി.

Situation under control….

ഉടനെ തന്നെ നയം വ്യക്തമാക്കാന്‍ അമ്മക്ക് കത്തെഴുതി. പിന്നീടുള്ള ആറ് ദിവസങ്ങളില്‍ വീട്ടില്‍ വൃദ്ധസന്ന്യാസിക്കുള്ള സ്ഥാനം ചെറുതൊന്നുമായിരുന്നില്ല. ആറാം ദിവസം കാര്‍ത്തു ചേച്ചിയുടെ കത്ത് കിട്ടി, അതും കുട്ടികൃഷ്ണന്‍ ഇല്ലാത്തപ്പോള്‍.

"പ്രിയപ്പെട്ട മകാ,
നിന്റെ കത്ത് കിട്ടി. നീ വിഷമിച്ചു എന്നറിഞ്ഞതില്‍ ഞാന്‍ വിഷമിക്കുന്നു.
......
......"

കുട്ടികൃഷ്ണന്‍ അമ്മയെ പറ്റിച്ചതിന്റെ വിശദീകരണം തുടക്കത്തിലെ പ്രതീക്ഷിച്ച ഞങ്ങള്‍ക്കു നിരാശരാകേണ്ടി വന്നു. പതിവു പോലെ, നിമ്മിപ്പട്ടിയും കിറ്റിപ്പൂച്ചയും ഡൈവോഴ്സ് ചെയ്തെന്നും, പീതാംബരേട്ടന്റെ ഭാര്യ കുട്ടിമാളു തിരിച്ചു വന്നെന്നും ഒക്കെ എഴുതിയിരുന്നു. പിന്നെ ഞങ്ങളുടെ പ്രതീക്ഷ അവസാനത്തെ നാലഞ്ചു വരികളില്‍ ആയി. നേരെ അവസാന ഭാഗത്തേക്ക്‌ ചാടി. അതാ കിടക്കുന്നു നമുക്കു വേണ്ടത്

"മോനേ, കഴിഞ്ഞ കത്തില്‍ എന്നെ പറഞ്ഞു പറ്റിക്കരുത് എന്ന് പറഞ്ഞതു വേറൊന്നുമല്ല. അന്ന് നീ വന്നപ്പോള്‍ പോകുന്നതിനു മുമ്പു എനിക്ക് അറുപതു തേങ്ങ പൊളിച്ചു തരാമെന്നു പറഞ്ഞിരുന്നില്ലേ. ബാംഗ്ലൂര്‍ക്ക് പോകുന്ന ആ ദിവസത്തെ തിരക്കില്‍, നീ അത് പൊളിച്ചു തരാനും മറന്നു. എന്റീശ്വരാ, പിന്നെ ആ മത്തായിമാപ്ലേനെ വിളിക്കേണ്ടി വന്നു എല്ലാം ഒന്നു പൊളിച്ചു കിട്ടാന്‍. നിനക്കു ഇങ്ങനെ ഉത്തരവാദിത്വം ഇല്ലാണ്ടായാലോ? ഇപ്രാവശ്യം അങ്ങിനെ ഒന്നും ഉണ്ടാകാതിരിക്കാനും നിന്നെ ഒന്നു ഓര്‍മ്മപ്പെടുത്താനും ആണ് ഞാന്‍ അത് മുമ്പെ എഴുതിയത്. ഇത്തവണ നീ നല്ല കുട്ടനായിരുന്നു. നീ വന്ന അന്ന് തന്നെ എനിക്ക് 150 തേങ്ങ പൊളിച്ചു തന്നില്ലേ"

"അവന്റമ്മേടൊരു തേങ്ങ….." ജീവിതത്തില്‍ ഇങ്ങനെയും വടി ആകാം എന്നും കുട്ടികൃഷ്ണന്റെ കത്ത് പൊട്ടിച്ചു വായിച്ചാല്‍ മാനസിക സംഘര്‍ഷം ഉണ്ടാകുമെന്നും കാര്‍ത്തു ചേച്ചി ഞങ്ങളെ പഠിപ്പിച്ചു.

2008, ജനുവരി 18, വെള്ളിയാഴ്‌ച

തമിഴ് മക്കള്‍(Thamizh Makkal)

താരതമ്യേന തമിഴന്മാരോട് മലയാളികള്‍ക്കുള്ള ബഹുമാനം ഇത്തിരി കുറവാണ്. എന്റെ കൊച്ചു പ്രായം തൊട്ടു തന്നെ, എന്ന് പറഞ്ഞാല്‍ ഞാഞ്ഞൂലിന്റെ പോലത്തെ ഉടലും അതിന്റെ ഒരറ്റത്ത് ഒരു നെല്ലിക്കയും ഫിറ്റ്‌ ചെയ്താല്‍ ഉണ്ടാകുന്ന ആകാരവടിവോട് കൂടിയ കാലം തൊട്ട് തന്നെ, എം ജി ആറും രജനികാന്തും എം എന്‍ നമ്പ്യാരും പിന്നെ മറ്റു ചില വില്ലന്മാരും ഒഴികെ ഏതു തമിഴനെയും തറ പറ്റിക്കാന്‍ പറ്റുമെന്ന ഒരു ആത്മ വിശ്വാസം കൊണ്ടുനടന്നിരുന്നു. ഈ വിശ്വാസം വളര്‍ത്തി തരാന്‍ എന്റെ പ്രിയപ്പെട്ട നാണു അമ്മാവന്‍ വളരെ സഹായിച്ചിട്ടുണ്ട്.

വീട്ടില്‍ പണിക്കു വരുന്ന മുരുകപ്പന്‍ തമിഴനോട്‌,

"അണ്ണാച്ചി, അന്ത തെങ്ങുക്ക് ഇന്ത മാതിരി തടം പോടടെയ്"

എന്ന് പറയുന്നതും, മുരുകപ്പന്‍ ലോകത്തിന്റെ ഏതു മൂലയില്‍ ആയാലും അന്ത തെങ്ങിന്റെ അടുത്ത് വന്ന് തടം ഇട്ടിരിക്കും. അതായിരുന്നു നാണു അമ്മാവന്റെ ഒരു വില്‍പവര്‍. അന്നൊക്കെ ഈ തമിഴ് ആണ് അസ്സല്‍‌ ഒറിജിനല്‍ തമിഴ് എന്ന് കരുതി ഈ വൃത്തി കേട്ട ഭാഷ പഠിച്ച അമ്മാവനോട് ഒരു ബഹുമാനക്കുറവ് എനിക്ക് ഉണ്ടായിരുന്നു. എങ്കിലും വീട്ടിലുള്ള ബാക്കി എല്ലാര്‍ക്കും അമ്മാവന്റെ ഈ തമിഴ് പാണ്ടിത്യത്തോടു വലിയ മതിപ്പുണ്ടായിരുന്നു എന്ന് മാത്രമല്ല, ആര്‍ക്കെങ്കിലും മുരുകപ്പനോട് എന്തെങ്കിലും communicate ചെയ്യണമെങ്കില്‍ അമ്മാവനെ ഉപയോഗിക്കുകയും ചെയ്യുമായിരുന്നു. അങ്ങിനെ നാണു അമ്മാവന്‍ മുത്തശ്ശിക്കു വേണ്ടി

"അണ്ണാച്ചി, ഇന്ത വാ. ഇന്ത തേങ്ങയെല്ലാം അന്ത സ്ഥലത്തു കൊണ്ടു പോടടെയ്"

എന്നും, അമ്മായിക്ക് വേണ്ടി

"അണ്ണാച്ചി, അന്ത മില്ലില്‍ പോയി ഇന്ത മുളക് പൊടിച്ചു വാടെയ്‌"

എന്നും ഒക്കെ തര്‍ജ്ജമിച്ചിരുന്നു. പക്ഷെ, കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ വീട്ടുകാര്‍ക്ക് അമ്മാവനോടുള്ള മതിപ്പൊക്കെ ഒന്നു ഇടിഞ്ഞു. കാരണം, അമ്മാവന്റെ തമിഴ് പാണ്ടിത്യം, "അണ്ണാച്ചി", "അന്ത", "ഇന്ത", "പോടടെയ്", "കോടടെയ് " എന്ന അഞ്ചാറു വാക്കുകളുടെ അപ്പുറത്തേക്കില്ല എന്ന് എല്ലാര്‍ക്കും മനസ്സിലായി. പിന്നെ വീട്ടില്‍ ഈ വാക്കുകളെ വച്ചു കൊണ്ടു എല്ലാരും കസറത്തു നടത്തി, തമിഴന് ഇരിക്ക പൊറുതി കൊടുക്കാണ്ടായി. എല്ലാരും മുരുകപ്പനുമായി നേരിട്ടു ആശയവിനിമയം നടത്തിതുടങ്ങിയതിനാല്‍ അമ്മാവന്റെ കാര്യം കുഴപ്പത്തിലായി. ഒരിക്കല്‍

"അണ്ണാച്ചി, ഇന്ത വന്ന് അന്ത സ്ഥലത്തെ വെളിച്ചെണ്ണ എടുത്ത് ഇന്ത കാലില്‍ പോടടെയ്"

എന്ന അമ്മാവന്റെ റിക്വസ്റ്റ് ഒരു പത്തു മിനിട്ട് ആയിട്ടും സെര്‍വ് ചെയ്യാത്തതിനു, പറമ്പിലെ തെങ്ങിനും കവുങ്ങിനും പ്ലാവിനും ഒക്കെ ഇടയിലൂടെ ഒരു ടോം & ജെറി സ്റ്റൈലില്‍ മുരുകപ്പനെ ഓടിച്ചിട്ട്‌ പിടിച്ചു നാല് താങ്ങ് വച്ചു കൊടുത്തത് എന്റെ ആത്മ വിശ്വാസം കൂട്ടാനും സമയം കിട്ടുമ്പോഴൊക്കെ അണ്ണാച്ചിയുടെ തലയില്‍ ആരും അറിയാത്ത പോലെ ചില മേട്ടങ്ങള്‍ മേടാനും (മേട്ടം മേടല്‍ = ഇടി/കിഴുക്ക് കൊടുക്കല്‍. തൃശ്ശൂര്‍നോട് കടപ്പാട് ) സഹായിച്ചു എന്ന് പറയുന്നതില്‍ തെറ്റില്ല. പാവം അണ്ണാച്ചി, മനുഷ്യനേക്കാള്‍ നല്ല ഒരു റോബോട്ടിനെ പോലെ, തെങ്ങിന് തടം എടുത്തും, തുണി അലക്കിയും, വെള്ളം കോരിയുമൊക്കെ ജീവിതം തള്ളി നീക്കി.

കാലം കടന്നുപോയി. ഇതിനിടയില്‍ അളകപ്പന്‍, മുനിയാണ്ടി, മുനിയമ്മ, മുത്തു തുടങ്ങിയ പല തമിഴ് റോബോട്ടുകളും വീട്ടില്‍ വന്നു പോയി. എന്റെ മൂക്കിനു താഴെ സൂക്ഷിച്ചു നോക്കിയാല്‍ കാണാന്‍ പറ്റുന്ന ഒരു മീശ ഉണ്ടായെങ്കിലും, ഉടല്‍ വലുതായെങ്കിലും, "ഹെഡ് to ഉടല്‍ " ഗ്രോത്ത് ratio ആനുപാതികമായി അല്ലാതിരുന്നതിനാല്‍ ശരീരത്തിന്റെ ആകാരവടിവിനു വലിയ മാറ്റം ഉണ്ടായില്ല. പപ്പടം വറുക്കുമ്പോള്‍ പോള വരുന്നതു പോലെ കാലം ശരീരത്തിലെ വാരിയെല്ലുകളെ എല്ലാം പുറത്തേക്ക് തള്ളിച്ചിരുന്നു. അക്കാലത്ത് ജീവിതത്തില്‍ ശരീരത്തിന്റെ വലിപ്പത്തിനല്ല, മനസ്സിന്റെ വലിപ്പത്തിനാണ് മുഖ്യം എന്നൊക്കെ ചിന്തിച്ചു സായൂജ്യം അടയുകയെ നിവര്‍ത്തി ഉണ്ടായിരുന്നുള്ളൂ.

ഇതിനിടയില്‍ ആണ് എഞ്ചിനീയറിംഗ് എന്‍ട്രന്‍സ്‌ എന്ന കണ്ണടച്ചു കലക്കിക്കുത്തുമല്‍സരത്തില്‍ ഒന്നാം സ്ഥാനം കിട്ടി വീട്ടില്‍ നിന്നും 100km അകലെ ഉള്ള എഞ്ചിനീയറിംഗ് കോളേജില്‍ കയറാനും, അതിന്റെ ഹോസ്റ്റലില്‍ കയറാനും അവസരം ഉണ്ടായത്. ഹോസ്റ്റലില്‍ വന്നതും, ഇത്രയും കാലം തലയില്‍ കയറി നിരങ്ങാന്‍ ഉണ്ടായിരുന്ന മുരുകപ്പനും, അളകപ്പനും ഇല്ലാതായപ്പോള്‍, ഉണ്ടായ നൊസ്റ്റാള്‍ജിയ ചെറുതൊന്നുമല്ല. പക്ഷെ, എല്ലായിടത്തും ദൈവം ഉണ്ട്, എല്ലാര്‍ക്കും ദൈവം ഉണ്ട് എന്ന് മനസ്സിലായത് അപ്പോഴാണ്. തലയില്‍ കയറാന്‍ തമിഴന്‍ തന്നെ വേണോ? ഇടിയും തല്ലും തിരിച്ചു തരാന്‍ പറ്റാത്ത ആരായാലും പോരെ. ആസ്സാം, നാഗാലാണ്ട്, മണിപ്പാല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും വന്ന് ഹോസ്റ്റലില്‍ താമസിക്കുന്ന നേപ്പാളികളുടെ ഛായ ഉള്ള ഇരപ്പാളികള്‍, ദൈവം കൊണ്ടു തന്ന അമൂല്യ നിധി തന്നെ ആയിരുന്നു. പക്ഷെ, വീട്ടിലെ തമിഴന്മാരെ പോലെ ഇവരെ എപ്പോഴും കിട്ടില്ല, മറ്റു പലരുമായും പങ്കു വക്കണം. Socialisathinte ആദ്യ പാഠങ്ങള്‍ അതായിരുന്നു.

കൊല്ലം നാല് കഴിഞ്ഞു.. പഠനം കഴിഞ്ഞു.. എന്നിട്ടും എന്റെ ആകാരവടിവിനു വലിയ മാറ്റം ഒന്നും ഉണ്ടായില്ല. വലിയൊരു മനസ്സും ചെറിയൊരു ശരീരവുമായി കോളേജിന്റെയും ഹോസ്റ്റലിന്റെയും പടി ഇറങ്ങി. വലിയ മനസ്സുകൊണ്ട് തമിഴനെ മാത്രമല്ല, മലയാളി അല്ലാത്ത ഏതു ഭാരതീയനെയും ഒതുക്കാം എന്ന ഒരു ആത്മവിശ്വാസത്തോട്‌ കൂടി. നാട്ടില്‍ തിരിച്ചു എത്തി രണ്ടു ആഴ്ച കഴിഞ്ഞപ്പോള്‍ ആണ് ഇത്രയും കാലം വീട്ടുകാരുടെ കാശ് ഓസി അടിച്ച് ജീവിച്ചതിന്റെ ബുദ്ധിമുട്ട് മനസ്സിലാകുന്നത്. വീട്ടിലും നാട്ടിലും ചങ്ക് പിളര്‍ക്കുന്ന പോലത്തെ ഒരേ ചോദ്യം മാത്രമെ എല്ലാര്‍ക്കും ഉണ്ടായിരുന്നുള്ളൂ,

"എന്താ ദിനേശാ, എഞ്ചിനീയറിംഗ് ഒക്കെ കഴിഞ്ഞോ? പണി ഒന്നും ആയില്ലേ? ഇങ്ങനെ ഒക്കെ നടന്നാല്‍ മതിയോ?"

നാല് മാസം ഇങ്ങനത്തെ ക്രൂരത അനുഭവിക്കേണ്ടി വന്നു എങ്കിലും, ഈശ്വര അനുഗ്രഹം എന്ന് തന്നെ വേണം പറയാന്‍, ജ്വാലി കിട്ടി, അതും കോയമ്പത്തൂരില്‍. മുരുകപ്പന്റെയും അളകപ്പന്റെയും നാടായ തമിഴ് നാട്ടിലെ ഒരു സ്ഥലത്ത് .. ആനന്ദലബ്ടിക്ക് ഇനി എന്ത് വേണം. തലയില്‍ കയറി നിരങ്ങാന്‍ ഇനി ഒരുപാടു തമിഴന്മാരെ കിട്ടും എന്ന സന്തോഷത്തോട് കൂടി യാത്രയായി. ബസ്സ്, വാളയാര്‍ ചെക്ക്പോസ്റ്റ് കടന്നതും, എന്റെ മനസ്സില്‍ ഒരു രാജാവിന്റെ മനോഭാവം വന്നതും ഒന്നിച്ചായിരുന്നു. ഇനി എത്ര പേരുടെ കാര്യം നോക്കണം. ബസ്സിലെ കണ്ടക്ടര്‍ കൂര്‍ത്ത മീശ ഉള്ളവനായിരുന്നെകിലും ഒരു മിതഭാഷണന്‍ ആയിരുന്നു. അങ്ങേരും എന്നെപ്പോലെ ഒരു വലിയ മനസ്സിന്റെയും ചെറിയ ശരീരത്തിന്റെയും ഉടമസ്ഥനായിരുന്നു എന്നത് എന്റെ ആത്മവിശ്വാസം നിലനിര്‍ത്തി. ഗാന്ധിപുരം ബസ്സ് സ്റ്റാന്റില്‍ ഇറങ്ങി, ഒരു ഓട്ടോ റിക്ഷ പിടിച്ചു കമ്പനിക്കാര്‍ പോകാന്‍ പറഞ്ഞ ലോഡ്ജില്‍ എത്തി. ഓട്ടോ റിക്ഷക്കാരനും small body big mind person ആയിരുന്നു.

ലോഡ്ജിന്റെ റിസപ്ഷനില്‍ എത്തി ലോഡ്ജ് മാനജരെ കണ്ടപ്പോഴാണ്, ആത്മവിശ്വാസത്തിന്റെ ആദ്യത്തെ ഇടിവ് ഉണ്ടായത്. ആറടി ഉയരവും, വയറിന്റെ ഭാഗത്ത് ഏകദേശം അത്ര തന്നെ ചുറ്റളവും, ജപ്പാന്‍ ബ്ലാക്കിനെ പോലും വെല്ലുന്ന കളറും ഉള്ള ഒരു ആദി ദ്രാവിഡ തമിഴന്‍.. ഇതു വരെ കണ്ട തമിഴന്മാരില്‍ നിന്നും ഒരു അഞ്ചു ഇരട്ടി എങ്കിലും വലിപ്പക്കൂടുതലുള്ളവന്‍. കണ്ടാല്‍ പുലി ആണെങ്കിലും ഒരു എലിയുടെ ശബ്ദത്തില്‍

"ഡേയ് ഗോപാലാ, റൂം 132 റെഡി പണ്ണിയാ?"

എന്ന ചോദ്യം കേട്ടതും, തമിഴനെക്കള്‍ 20 വയസ്സ് എങ്കിലും മൂത്ത പാലക്കാടുള്ള ഗോപാലന്‍ നായര്‍

"പണ്ണിയാച്ച് സര്‍"

എന്ന് പറഞ്ഞു ഓടിവന്നു ഓച്ഛാനിച്ചു നിന്നത്, നാണു അമ്മാവന്റെയും മുരുകപ്പന്റെയും റോള്‍ തിരിച്ചിട്ട പോലെ തോന്നിപ്പിക്കുകയും, ആത്മവിശ്വാസത്തിന്റെ രണ്ടാമത്തെ ഇടിവ് ഉണ്ടാക്കുകയും ചെയ്തു. പിന്നീടുള്ള ദിവസങ്ങളില്‍ അവിടെ കണ്ട മറ്റു തമിഴന്മാര്‍ തുടര്‍ച്ചയായി എന്റെ ആത്മവിശ്വാസത്തെ ഇടിച്ചുകൊണ്ടേ ഇരുന്നു. തലയില്‍ കയറി നിരങ്ങുന്ന വേലകള്‍ ഒന്നും പുറത്തെടുക്കാതെ, പത്തിയും മടക്കി, ലോഡ്ജിലെ മൂട്ടകളുമായി ഒത്തിണങ്ങി ജീവിച്ചു. എങ്കിലും രണ്ടു മൂന്നു മാസം കഴിഞ്ഞപ്പോഴേക്കും ലോഡ്ജ് മാനേജരുമായി ഒരു കുപ്പി ബന്ധം ഉണ്ടാക്കാനും ഒന്നിടപഴകാനും ഒക്കെ സാഹചര്യം ഉണ്ടായി, തലയില്‍ നിരങ്ങാന്‍ പറ്റിയില്ലെങ്കിലും ഒന്ന് കഴുത്ത് വരെ കയറി നിരങ്ങാം എന്നായി. ഇടിഞ്ഞ ആത്മവിശ്വാസം കുറച്ചൊക്കെ തിരിച്ചെടുത്തു.

അതിനിടയിലാണ്, കമ്പനി ഒരു ജ്വാലി ആവശ്യത്തിനു വേണ്ടി, മദ്രാസ് വരെ പോകാന്‍ പറഞ്ഞത്. തൃശ്ശൂരില്‍ നിന്നും കോയമ്പത്തൂരില്‍ വന്ന പോലെ അല്ല, മദ്രാസ് എന്ന് കേള്‍ക്കുമ്പോള്‍ ഒരു പേടി ഒക്കെ ഉണ്ട്... "No. 20 Madras mail" സിനിമ ഓര്‍മ്മയിലുമുണ്ട്. ആരെങ്കിലും ആരെയെങ്കിലും തട്ടി അത് എന്റെ തലയില്‍ ഇട്ടാലോ? എങ്കിലും, തൃശ്ശൂര്‍ ഒന്ന് പോയി നാണു അമ്മാവനെ ഒക്കെ കണ്ട് യാത്ര ചോദിച്ചു, മദ്രാസ് മെയിലില്‍ തന്നെ യാത്രയായി.

മദ്രാസ് തന്നെ ആണ് ലാസ്റ്റ് സ്റ്റോപ്പ് എന്ന് അറിയാമെങ്കിലും ഉറപ്പു വരുത്താന്‍ എല്ലാ സ്റ്റേഷനില്‍ എത്തുമ്പോഴും തല ഒന്ന് പുറത്തൊക്കെ ഇട്ടു നോക്കി. TTR ഒരു തമിഴനായിരുന്നു. നല്ല ഒരു പട്ടര്‍. യാത്രയുടെ തുടക്കത്തിലെ ഞങ്ങള്‍ തമ്മില്‍ ഒരു ആത്മബന്ധം കണ്ടെത്തി. നമ്മള്‍ തമ്മിലുള്ള സംസാരം പല മേഖലകളിലേക്കും തിരിഞ്ഞു. ഹിമാലയം കയറിയ ഹില്ലാരി/ടെന്‍സിംഗ്, എത്യോപ്യായിലെ വരള്‍ച്ച, സിനിമ എടുക്കുന്ന വിവിധ തരം ഗോപാലക്രഷ്ണന്മാര്‍, ഇന്ത്യ/പാക് ക്രിക്കറ്റ് കളി എന്നിങ്ങനെ പോയി നമ്മുടെ ചര്‍ച്ച. കോയമ്പത്തൂരില്‍ വച്ച് തമിഴന്മാരോടുള്ള ആദരവ്‌ ഇത്തിരി കൂടിയെങ്കില്‍ TTR പട്ടര്‍ ചേട്ടന്‍ അതിനെ നല്ലവണ്ണം അങ്ങ് ഉറപ്പിച്ചു. ജീവിതത്തില്‍ ആദ്യമായി എനിക്ക് തോന്നി, തമിഴന്മാര്‍ എന്തുകൊണ്ടും മലയാളിക്കൊപ്പമാണെന്ന്. എങ്കിലും, വേണ്ടി വന്നാല്‍ ഏതു തമിഴനെയും ഒതുക്കാം എന്ന ഒരിറ്റു ആത്മവിശ്വാസം ഉള്ളില്‍ ഒളിച്ചുകിടന്നിരുന്നു. I mean ഒരു പൊടിക്ക് നമ്മള് തന്നെ മുന്നില്‍...!!!

ട്രെയിന്‍ ഇഴഞ്ഞിഴഞ്ഞു മദ്രാസിലെത്തി. മദ്രാസ് സെന്‍‌ട്രല്‍ സ്റ്റേഷന്‍, ജീവിതത്തില്‍ ഇതുവരെ കണ്ടതില്‍ ഏറ്റവും വലിയ റെയില്‍വേ സ്റ്റേഷന്‍. പുറത്തിറങ്ങി, ഒരു ആട്ടോ വിളിച്ചു അടയാര്‍ പോകാന്‍ തീരുമാനിച്ചു. ചക്കയില്‍ ഈച്ച പോതിയണ പോലെ ഒരു പറ്റം ആട്ടോ ഡ്രൈവര്‍മാര്‍ എന്നെ വളഞ്ഞു. ഞാനതില്‍ നിന്ന്, മനസ്സിന്റെ വലിപ്പം അറിയില്ലെങ്കിലും, കാണാന്‍ ഏറ്റവും ചെറുതായ ഒരുത്തന്റെ വണ്ടിയില്‍ കയറി. "50 രൂപ ആണ് അടയാര്‍ക്ക് മിനിമം, എന്നാലും ആട്ടോക്കാര്‍ വ്യാജമീറ്റര്‍ കാണിച്ച് അത് 80 രൂപ ഒക്കെ എത്തിക്കുമെന്നും, അടിക്കൊന്നും പോകണ്ട, അവര്‍ ചോദിക്കുന്ന കാശ് കൊടുത്താല്‍ എല്ലാം ശരി ആകും" എന്ന യാതൊരു ഉപകാരവും ഇല്ലാത്ത ഉപദേശം എന്റെ കോയമ്പത്തൂര്‍ മലയാളി സുഹൃത്ത് "സൂരജ് " പറഞ്ഞു തന്നിരുന്നു. എന്നാലും സൂരജിന്റെ ഉപദേശം ഓര്‍മ്മ വച്ച് ഓരോ നൂറു മീറ്റര്‍ പോകുമ്പോഴും മീറ്റര്‍ ഒന്ന് ചെക്ക് ചെയ്തു കൊണ്ടേ ഇരുന്നു.

ഏകദേശം അഞ്ച് കിലോമീറ്റര്‍ എങ്കിലും പോയിട്ടുണ്ടാകും, മീറ്റര്‍ നോക്കി Rs.25 . എല്ലാം ഓക്കേ. നൂറു മീറ്റര്‍ കൂടെ മുന്നോട്ടു പോയി Rs.30. മനസ്സില്‍ സംശയത്തിന്റെ നാമ്പുകള്‍ കിളിര്‍ത്തു, "ഇവന്റെ മീറ്ററില്‍ വല്ല കള്ളത്തരവും ഉണ്ടോ?" പിന്നെ ഓരോ 100 മീറ്ററിനും അഞ്ചു രൂപ വച്ച് കൂടി, മീറ്റര്‍ ആട്ടൊറിക്ഷയേക്കാള്‍ സ്പീഡില്‍ ഓടി തുടങ്ങി. Saidapet എത്തുമ്പോഴേക്കും മീറ്ററില്‍ Rs.175. ഉള്ളില്‍ അമര്‍ഷവും, രോഷവും ഒക്കെ തിളച്ചു പൊങ്ങി. "പക്ഷെ, ഇവന്‍ ഒരു അണ്ണാച്ചി അല്ലെ. അടയാര്‍ എത്തുമ്പോള്‍ എല്ലാ റെഡി ആക്കാം. നാണു അമ്മാവന്‍ സ്റ്റൈലില്‍ രണ്ടു വിരട്ടല്‍ മതി, ഇവന്‍ ഒതുങ്ങും" എന്ന് മനസ്സില്‍ പറഞ്ഞു. അടയാര്‍ എത്തി, മീറ്ററില്‍ Rs. 250.

ബാഗ്‌ എടുത്തു പുറത്തിറങ്ങി, ഒരു 50 കിലോ ആത്മവിശ്വാസത്തോടെ, കൈ കൊണ്ട് ആംഗ്യം കാണിച്ച് എത്ര ആയെന്ന് ചോദിച്ചു. ഡ്രൈവര്‍ വിനയത്തോടെ ഉരുവിട്ടു,

"മീറ്റര്‍ കാസ് കൊട് സാര്‍".

ജീവിതത്തില്‍ ആദ്യമായി ഒരുത്തന്‍ നമ്മളെ "സാര്‍" എന്ന് വിളിക്കുന്നു. അതില്‍ അതിയായ സന്തോഷം ഉണ്ടെങ്കിലും, Rs.250 വലിയ സന്തോഷം ഉണ്ടാക്കിയിട്ടില്ല. 250 രൂപ അധികമാണെന്നും ഇതു അന്യായമാണെന്നും കുറെ വാതിച്ചു. കുറെ നേരം ഇതെല്ലാം ഒരു mutual ബഹുമാനത്തോടെ ആയിരുന്നു. പക്ഷെ ഒരു തീരുമാനത്തില്‍ എത്താതായപ്പോള്‍, ഒരു രൌദ്ര ഭാവത്തില്‍,

"നീങ്ക മീറ്റര്‍ തിരുട്ടു താന്‍"

എന്ന് ഞാന്‍ പറഞ്ഞതും, തമിഴന്‍ ഡ്രൈവര്‍ പുറത്തു ചാടി ആ പ്രദേശത്തെ എല്ലാ ആള്‍ക്കാരും കേള്‍ക്കെ

"ഡായ്, തിരുട്ടാ... നീ താന്‍ ഡാ തിരുട്ടുപയല്‍, കാശ് കൊടടാ"

എന്നലറി. ജനങ്ങള്‍ ഞങ്ങളെ നോക്കാന്‍ തുടങ്ങിയപ്പോള്‍, ആത്മവിശ്വാസം മുഴുവന്‍ എന്റെ ശരീരത്തിനോട് അയിത്തം കല്പിച്ചു എവിടേക്കോ ഓടിപ്പോയി. എന്തായാലും മാനം പോയി. ഇനി കാശ് കൂടെ പോണ്ട എന്ന് കരുതി, "തോമസുകുട്ടി വിട്ടോടാ" എന്ന രീതിയില്‍ ഓടാം എന്ന് കരുതി നില്‍ക്കുമ്പോള്‍, ആട്ടോ ഡ്രൈവര്‍ രജനികാന്ത് സ്റ്റൈലില്‍ വായില്‍ വിരലും ഇട്ടു ഒരു ചൂളമടി. ഒരു കാക്ക കൂട്ടം ഇളകി വരുന്ന പോലെ, അതാ വരുന്നു "ബാഷ", "മന്നന്‍", "അണ്ണാമലൈ", "യെജമാന്‍" തുടങ്ങിയ പേരുള്ള അനവധി ആട്ടോറിക്ഷകള്‍. "കിരീടം" സിനിമയില്‍ മോഹന്‍ലാലിനേയും കീരിക്കാടനെയും ജനം വളഞ്ഞു നില്ക്കുന്നത് പോലെ എല്ലാരും നമ്മളെ വളഞ്ഞു ഒരേ സ്വരത്തില്‍ ചോദിച്ചു

"എന്നാടാ അറുമുഖം, ഏന്‍ പ്രച്നം".

എന്റെ സര്‍വ നാഡി ഞരമ്പുകളും തളര്‍ന്നു, ഇനി എങ്ങോട്ട് ഓടാന്‍.. അങ്ങനെ ഡ്രൈവറും ഞാനും കൂടി എന്റെ ബാഗില്‍ പിടിവലി തുടങ്ങി. അവന്‍ ബാഗ്‌ ഒക്കെ തപ്പി, അതില്‍ യാതൊന്നും ഇല്ല എന്ന് മനസ്സിലാക്കി പേഴ്സ് ലക്ഷ്യമാക്കി എന്റെ നേരെ വന്നു. അവസാനം ഡ്രൈവറും, പിന്നെ "ബാഷ" ആട്ടോറിക്ഷയില്‍ വന്ന ഒരു അണ്ണാച്ചിയും കൂടെ എന്റെ പേഴ്സ് എടുത്ത് അതിലുള്ള 157 രൂപയും 45 പൈസയും കൈക്കലാക്കി. കിട്ടിയത് കിട്ടി എന്ന രീതിയില്‍, അതെടുത്ത് പോകുന്ന വഴിക്കു കാര്‍ക്കിച്ചു ഒരു തുപ്പും തുപ്പി,

"എന്നടാ പെറുക്കി മലയാളി പിച്ചക്കാരാ, ആട്ടോ കാസ് ഇല്ലാമേ ഇന്ത ഊര് ആട്ടോയില് ഇരിക്കാന്‍ എവള് ധൈര്യമാ? ഉന്നെ നാന്‍ സുട്ടിടുമേ"

എന്നും പറഞ്ഞു പോയി. അത് കേട്ടപ്പോള്‍, മുരുകപ്പനും, അളകപ്പനും ഒക്കെ ഒരുമിച്ചു നിന്ന് തെറി വിളിക്കണ പോലെ തോന്നി.

പിന്നീടൊരിക്കലും മുരുകപ്പന്റെ തലയില്‍ മേട്ടം കൊടുക്കാന്‍ ഉള്ള ധൈര്യം എനിക്ക് കിട്ടിയിട്ടില്ല. "നമ്മളൊക്കെ ഇന്ത്യക്കാരല്ലേ" എന്ന മനോഭാവത്തോടെ.

2008, ജനുവരി 13, ഞായറാഴ്‌ച

GoDsowncountry

"മലയാള ഭാഷ തന്‍ മാദകഭംഗി നിന്‍ മലര്‍ മന്ദഹാസമായ് വിടരുമ്പോള്‍" എന്ന് പച്ചമലയാളത്തില്‍ തന്നെ പാടുകയും അതിന് ശേഷം മുമ്പ് പാടിയതുമായി യാതൊരു പുലബന്ധവുമില്ലാത്തപോലെ “How did I sing?” അല്ലെങ്കില്‍ “How was it?” എന്ന് ഇംഗ്രീസില് ചോദിക്കുകയും ചെയ്യുന്ന കാലമാണിത്. ഇതിന് കാരണം, “My name Falgunan. I go Ooty come back Chatty” എന്നൊക്കെ ബ് ബ് ബ അടിച്ചിരുന്ന നിരക്ഷരകുക്ഷികള്‍ക്കൊക്കെ ഇപ്പോള്‍ മണി മണി പോലെ "How are you doing?", "How was your day?" എന്നൊക്കെ ചോദിയ്ക്കാന്‍ പറ്റുന്ന പുള്ളാരുണ്ടായി എന്നത് തന്നെ.

"ലവന്മാരൊക്കെ യെവിടന്നു വരുന്നു" എന്ന് ചോദിച്ചാല്‍ ഉത്തരം ഒന്നു മാത്രം.
"കേരളം"

സാമൂതിരി ഭരിച്ചിരുന്ന കോഴിക്കോടും മാര്‍ത്താണ്ഡവര്‍മ്മ ഭരിച്ചിരുന്ന തിരുവിതാന്‍കൂറും ശക്തന്‍ തമ്പുരാന്‍ ഭരിച്ചിരുന്ന കൊച്ചി രാജ്യവും ചേര്‍ത്തുവച്ചുണ്ടായ കേരളം നേടിയിട്ടുള്ള വിശേഷണങ്ങള്‍ പലതരം ആണ്. സ്വാമി വിവേകാനന്ദന്‍ പറഞ്ഞതു പോട്ടെ. അതൊക്കെ മറന്നു പുതു തലമുറ GODS OWN COUNTRY എന്ന് വിളിച്ചു തുടങ്ങി. കാലം കുറെ ആയി ഈ വിശേഷണം കിട്ടിയിട്ട്. വണ്ടിയുടെ ലൈസന്‍സ് പുതുക്കുന്ന പോലെ, ഡ്രൈവിങ്ങ് ലൈസന്‍സ് പുതുക്കുന്ന പോലെ ഈ വിശേഷണവും ഒന്ന് പുതുക്കണ്ടേ?

കേരളത്തിന്റെ സ്റ്റേറ്റ് ഗസ്റ്റ് ആയ മഹാബലി തമ്പുരാന്‍ പണ്ട് റിലാക്സ്ഡ് ആയി വന്നു പോയിരുന്ന ഒരു കാലം ഉണ്ടായിരുന്നു. പൂക്കളവും കുമ്മാട്ടി കളിയും ഓണത്തല്ലും വിഭവ സമൃദ്ധമായ സദ്യയും ഒരുക്കി മാവേലി തമ്പുരാനെ വരവേറ്റിരുന്ന കാലം. “നാല് ആള്‍ക്കാര്‍ക്ക് ഒരു ഗുണ്ട” എന്ന കണക്ക് “പത്തു ആള്‍ക്കാര്‍ക്ക് ഒരു പോലീസ് “ എന്ന കണക്കിനെ മറി കടന്ന കാരണം ഓണത്തല്ലിനെ ഒരു ദിനചര്യ ആക്കി മാറ്റി ദിവസത്തല്ലാക്കി, ഓണത്തല്ലിന്റെ വില കളഞ്ഞു. മണിക്കൂറുകള്‍ ചിലവഴിച്ചു പറിച്ചെടുത്ത തുമ്പ പൂവും മുക്കുറ്റി പൂവും ഇട്ടുണ്ടാക്കിയിരുന്ന പൂക്കളങ്ങള്‍ക്ക് പകരം കളര്‍ പൊടി ഇട്ടുണ്ടാക്കിയ പൊടിക്കളങ്ങളെ പൂക്കളം എന്ന് മാവേലി തമ്പുരാന് വിളിക്കാനാകുമോ? കാളന്‍, ഓലന്‍, അവിയല്‍, എലിശ്ശേരി, പുളിശ്ശേരി, പപ്പടം പായസം ഒക്കെ "ടു ഗോ" അല്ലേല് "ടേക്ക് ഹോം ആന്‍ഡ് ഈറ്റ് (വേണേല്‍ വീട്ടില്‍ കൊണ്ടുപോയി തിന്ന്) ആയി കിട്ടിത്തുടങ്ങിയതിനാല്‍ അതുണ്ടാക്കേണ്ട സമയം ഏഷ്യാനെറ്റിലോ സൂര്യയിലോ കൈരളിയിലോ വരുന്ന "ആറാം തമ്പുരാന്‍" അറുപതാമത്തെ പ്രാവശ്യമാണെങ്കിലും കാണാന്‍ റെഡി ആയിരിക്കുന്ന വീട്ടമ്മമാര്. അങ്ങനെ ആകെ മൊത്തം ടോട്ടല് ഓണത്തിന്റെ തിളക്കം കുറഞ്ഞ പോലെ.

എല്ലാരും TVക്ക് മുമ്പില്‍ ആയതിനാല്‍ ജനങ്ങളെ കാണാന്‍ ടിവി ചാനലില്‍ കയറേണ്ടി വരുന്ന മഹാബലി തമ്പുരാന്, ഏത് ചാനലില്‍ കയറും, എന്ന സംശയം സ്വാഭാവികമായും ഉണ്ടാകും. എല്ലാ ചാനല്‍കാരും പിടിവലിയാണ് തമ്പുരാന് വേണ്ടി. കുറഞ്ഞത് രണ്ടു ചാനലിലെ മഹാബലിയെ എങ്കിലും കാണുന്ന മലയാളിക്ക് "ഇതില്‍ ഏത് ആണ് ഒറിജിനല്‍ ഏത് ആണ് ഡ്യൂപ്ലിക്കേറ്റ് എന്ന് തിരിച്ചറിയാന്‍ ഉള്ള അവകാശമോ", " മഹാബലി തമ്പുരാന് അത് മനസ്സിലാക്കി കൊടുക്കാനുള്ള സിദ്ധിയോ " ഒന്നും വാമനന്‍ ചേട്ടന്‍ കൊടുത്തിരുന്നില്ല. അങ്ങേരു ചവിട്ടി താഴ്തുന്നതില്‍ ബിസി ആയതോണ്ടോ അല്ലേല്‍ ഭാവിയില്‍ ജനങ്ങടെ മുമ്പില്‍ ഇങ്ങനെ വടി ആകേണ്ടി വരും എന്ന് മനസ്സിലാക്കി അതിന് ഒത്ത ഒരു വരം ചോദിയ്ക്കാന്‍ മഹാബലി തമ്പുരാന് പറ്റാഞ്ഞതോണ്ടോ? ആര്‍ക്കറിയാം..?

അങ്ങിനെ തന്റെ പ്രജകളെ അവതാളത്തിലാക്കി പാതാളത്തിലേക്കു പോയ തമ്പുരാന്റെ തലയില്‍ കയറി ഭൂമിയില്‍ ഇരുന്ന് പിന്നെ കേരളം ഭരിച്ച വിദ്വാന്മാര്‍ അനവധി. എല്ലാ മലയാളമാസവും ഒന്നാം തിയ്യതി ഒന്നാമനായി ഒന്നാമത്തെ നിരയില്‍ നിന്ന് ഗുരുവായൂരപ്പനെ കണ്ടിരുന്നവര്‍, കാസര്‍ഗോടുള്ള കൊതു/മൂട്ട കടിക്ക് തിരുവനന്തപുരത്തേക്ക് ഒരു സൂപ്പര്‍ ഫാസ്റ്റില്‍ വന്നാല്‍ ചൊറിഞ്ഞു കൊടുത്തു പരിഹരിക്കാമെന്നേറ്റവര്‍, പ്രസംഗത്തിലെ ഒരു വാചകത്തിലെ രണ്ടു വാക്കുകള്‍ക്കിടയില്‍ ഒരു ഉച്ചയുറക്കത്തിനു സമയം തരുന്നവര്‍ എന്നിങ്ങനെ പോകുന്നു ആ ലിസ്റ്റ്. ഇവര്‍ക്കാര്‍ക്കും "മാനുഷരെല്ലാരും ഒന്നു പോലെ" എന്ന സ്റ്റാന്‍ഡേര്‍ഡ് കീപ്പ് അപ്പ് ചെയ്യാന്‍ പറ്റിയില്ല. ഈ അടുത്ത് വരെ..

ഇപ്പോഴാണ് എല്ലാരേയും ഒരു കുടക്കീഴില്‍ കൊണ്ടുവരാന്‍ കഴിഞ്ഞത്. രൂപത്തില്‍ മലയാളിയേക്കാള്‍ വളരെ വളരെ ചെറുതും എണ്ണത്തില്‍ മലയാളിയേക്കാള്‍ വളരെ വളരെ കൂടുതല്‍ ഉള്ളതും, ഒരൊറ്റ ദേവന്മാരുടെയും വാഹനവുമല്ലാത്ത, “കൊതുക്" എന്ന് പേരുള്ള കേരളത്തിന്റെ ഏറ്റവും പുതിയ ആ വാനമ്പാടി, ജാതിമതഭേദമന്യേ സ്ത്രീപുരുഷഭേദമന്യേ, സ്ഥലകാലമന്യേ എല്ലാവരെയും എന്നും സന്ദര്‍ശിക്കുന്നു. പരിണതഫലമായി ആരോഗ്യമന്ത്രി നല്ല ആരോഗ്യത്തോടെ ഉണ്ടെങ്കിലും, പണ്ടൊക്കെ മസിലും കാട്ടി ചങ്ക് വിരിച്ചു നടന്നിരുന്ന പല ചേട്ടന്മാരും ഇന്നിപ്പോള്‍ ശ്രീരാമന്റെ വില്ല് പോലെ വളഞ്ഞാണ് നടപ്പ്. ചികുന്‍ കുനിയ തന്നെ കാരണം. പണ്ടൊക്കെ ഒരു പേടി സ്വപ്നമായിരുന്ന അഞ്ചാം പനി, മലമ്പനി, എലിപ്പനികളെ ഒക്കെ രണ്ടും, മൂന്നും, നാലും സ്ഥാനത്തേക്ക് പിന്തള്ളി “World Cup Fever” പോലെ ഒരുതരം “Vegetable Fever”il ആണ് കേരള ജനത. തക്കാളി കുറെ കഴിച്ചതോണ്ടാണോ അതോ തക്കാളി ശരിക്കും കഴുകാതെ കഴിച്ചതോണ്ടാണോ, എല്ലാര്‍ക്കും ഇപ്പോള്‍ തക്കാളിപ്പനി എന്ന “വെജിറ്റബിള്‍ ഫിവര്‍” മതി. അങ്ങനെ "മാനുഷരെല്ലാരും ഒന്നു പോലെ" ഒരു പനിക്കീഴില്‍ ആയി. ഇതൊക്കെ കണ്ടു ചക്കയും, കുമ്പളങ്ങയും, വഴുതനങ്ങയുമൊക്കെ വെറുതെ ഇരിക്കുമോ?

ആരോഗ്യ കാര്യത്തില്‍ ഇച്ചിരി കുറവൊക്കെ ഉണ്ടെങ്കിലും അതൊരു വലിയ പ്രശ്നം ആണോ? ബാക്കി എല്ലാ രംഗങ്ങളിലും ഒരു സന്തുലിതാവസ്ഥ സൃഷ്ടിച്ചെടുക്കാന്‍ കേരളത്തിന് പറ്റിയിട്ടുണ്ട്. ശരീരത്തിലെ എല്ലായ എല്ലൊക്കെയും, നട്ടും ബോള്‍ട്ടും ഒക്കെ ഇളക്കാനും, ഇഹലോകം വിട്ടു പരലോകത്തേക്ക് പോകാനുള്ള ഗോള്‍ഡന്‍ ഓപ്പര്‍റ്റുനിറ്റികള്‍ ഒരുക്കിത്തരുകയും ചെയ്യുന്ന ബസ്സ് യാത്രകളും റോഡുകളും എന്നും കേരളത്തിന്റെ ഒരു മുതല്കൂട്ടു ആണ്. ഏതു പട്ടണത്തില്‍ പോയാലും നൂറു മീറ്റര്‍ എങ്കിലും നടന്നാല്‍, ജിവിതത്തില്‍ ഇതു വരെ കസ്തൂരി കണ്ടിട്ടില്ലെങ്കിലും "കസ്തൂരി മണക്കുന്നല്ലോ കാറ്റേ" എന്ന പാട്ട് ഓര്‍മിപ്പിക്കുമാറുള്ള, കസ്തൂരിയെ പോലും നാറ്റിപ്പിക്കുന്ന നാറ്റം... സമ്പൂര്‍ണ സാക്ഷരത കൈവരിച്ചെങ്കിലും അതിന്റെ യാതൊരു അഹംഭാവവും കാണിക്കാതെ പ്രതിഷേധം തോന്നിയാല്‍ ബന്ദ് നടത്തല്‍, ബന്ദ് നടത്തരുതെന്ന് പറഞ്ഞാല്‍ അതിനെതിരെ ഹര്‍ത്താല്‍ നടത്തല്‍, ബന്ധായാലും ഹര്‍ത്താലായാലും ബസ്സിനു തീ വക്കല്‍. മന്ത്രിയോട് പോരാടുന്ന തന്ത്രിമാര്‍, “മന്ത്രിക്കു നല്ല ബുദ്ധി വരാന്‍ യോഗം നടത്തുന്ന തന്ത്രിമാരെ പോലീസ് അറസ്റ്റ് ചെയ്യല്‍”….. അങ്ങനെ പോകുന്നു നീണ്ടകഥ. “പൊന്നുംകുടത്തിനെന്തിനാണ് പൊട്ട്?”

ഇങ്ങനെ ഉള്ള കേരളത്തിനെ ഇപ്പോഴും GODS OWN COUNTRY എന്ന് വിളിക്കണോ? അതോ "G"യും "D"യും തിരിച്ചിട്ടു വിളിക്കണോ?

സ്ഥിതിവിവരം ഇങ്ങനെ ഒക്കെ ആണെങ്കിലും ഞാനും അടുത്ത മാസം നാട്ടില്‍ പോണുണ്ട്. അത് GODS OWN COUNTRY യിലെ GOD ആയിട്ടോ, "G"യും "D"യും തിരിച്ചിട്ട രാജ്യത്തെ, അത് തിരിച്ചിട്ടിട്ടുണ്ടാക്കിയ ജീവി ആയിട്ടോ അല്ല.

“നാളികേരത്തിന്റെ നാട്ടിലെനിക്കൊരു നാഴിയിടങ്ങഴി മണ്ണുണ്ട്”... അത്താണ് .