2013, ഡിസംബർ 31, ചൊവ്വാഴ്ച

വെയിറ്റ്

തൃശൂർ എഞ്ചിനീയറിംഗ് കോളേജിൽ പഠിക്കുന്ന കാലം...

നിരത്തിലൂടെ നടന്നു പോകുന്ന എന്നെ ബസ്സിൽ യാത്ര ചെയ്യുന്ന ഒരു സുഹൃത്ത്‌ ഹലോ പറഞ്ഞു കൈ വീശി വിളിച്ചു.

"പോളണ്ടിലെന്തുണ്ടായി... യുഗോസ്ലാവിയ പിളരുമോ... എന്നൊക്കെ ആലോചിച്ചു നടക്കുമ്പോൾ ഈ കൈ വീശൽ ആര്    കാണാൻ.

രണ്ടു ദിവസം കഴിഞ്ഞു ആ സുഹൃത്തിനെ നേരിൽ കണ്ടപ്പോൾ എന്നോട് പറഞ്ഞു...

"ന്തൂട്ടണ്ടാ ശവി... വല്ല്യേ വെയിറ്റ് ഇടണ്ടാ ട്ടാ"

"നീ എന്തൂട്ടാ പറയണേ.. വെയിറ്റാ... ഞാനാ"

"ന്നാളൊരൂസം ബസ്സിൽ പോവുമ്പോ നിന്നെ വിളിച്ച് കയ്യ് കാണിച്ചപ്പോ... കണ്ടില്ലേ...?"

"എന്ന്... എതൂസം"

"രണ്ടീസം മുമ്പ്"

തലയിൽ വിരലും വച്ച് ആലോചിച്ചു... എപ്പോഴായിരിക്കും ഇവൻ ബസ്സിൽ നിന്നു എന്നെ വിളിച്ചത്?

"ഗഡി... എനിക്ക്യോർമ്മീല്ല്യാട്ടാ"

"ഒന്ന് പോയേരാവ്ട്ന്ന്. നിനക്കിപ്പോ ഇത്തിരി വെയിറ്റ് (weight) കൂടുതലാ"

അന്ന് രാത്രി ഉറങ്ങിയില്ല. സുഹൃത്തിനെ വിഷമിപ്പിച്ചത് കൊണ്ടല്ല...

"നിനക്കിപ്പോ ഇത്തിരി വെയിറ്റ് (weight) കൂടുതലാ" എന്ന ആരോപണം കടലിലെ നിലക്കാത്ത തിരമാലകളെ പോലെ വന്നു വന്നു അലട്ടിക്കൊണ്ടിരുന്നു...  5 അടി 9   ഇഞ്ച്‌ ഉയരത്തിന്  വെറും 38 കിലോ വെയിറ്റ് മാത്രം ഉള്ളവനെ ഇങ്ങനെ അധിക്ഷേപിക്കുന്നത് ശരിയാണോ?

ഇപ്പോൾ ഇരുപതോളം കൊല്ലം കഴിഞ്ഞു. ജീവിതത്തിൽ അനവധി നേട്ടങ്ങളുണ്ടായതിന്റെ കൂടെ ഒരുമിച്ച് അതും കൂടി... ഏത്?   "വെയിറ്റ് "

അതിങ്ങനെ വെച്ചടി വെച്ചടി ഉയർന്നുകൊണ്ടേ  ഇരുന്നു... 88 കിലോ വരെ എത്തി . (ഇപ്പോഴെങ്ങാനും പണ്ടത്തെ സുഹൃത്ത് വന്നിട്ട്, "നിനക്ക് ഭയങ്കര വെയിറ്റാണെന്ന് പറഞ്ഞാൽ വിഷമിക്കാതിരിക്കാമായിരുന്നു").

ഈ വെയിറ്റിനാണെങ്കിൽ ഒരു ബോധവും ഇല്ല. 38 കിലോയിൽ നിന്ന് 88 കിലോയിലേക്ക് കയറുമ്പോൾ നമുക്ക് വേണ്ട സ്ഥലത്തൊന്നും അത് കയറിയിരിക്കില്ല.... ഭൂരിഭാഗവും "സെന്റെർ  ഓഫ് ഗ്രാവിറ്റിയിൽ" തന്നെ. അമ്പലത്തിൽ പോയി തിരിച്ചു വരുമ്പോൾ താഴേക്ക്‌ നോക്കി സ്വന്തം ചെരുപ്പ് തന്നെയാണോ ഇട്ടിരിക്കുന്നത് എന്ന് പോലും നോക്കി  ഉറപ്പു വരുത്താൻ പറ്റാത്ത അവസ്ഥ...

60 പേർ ഇരുന്നു സുഖമായി യാത്ര ചെയ്യേണ്ട സ്ഥാനത്ത് 120 പേർ കയറിയ കാരണം ഒരു വശത്തേക്ക് ചരിഞ്ഞു ഇഴഞ്ഞു നീങ്ങുന്ന KSRTC ബസ്സ്‌ പോലെ ആയി രണ്ടു കാലുകൊണ്ടുള്ള നടത്തം.

ഡോക്ടറെ കണ്ടു. വെയിറ്റും ഹൈറ്റും നോക്കി. ബ്ലഡ്‌ ടെസ്റ്റും നടത്തി.

ബ്ലഡ്‌ ടെസ്റ്റ്‌ റിപ്പോർട്ടിലൂടെ ഒന്ന് കണ്ണോടിച്ച ശേഷം ഒരു പുച്ഛത്തോടെ  ഡോക്ടർ  പറഞ്ഞു...

"മോനെ നിന്റെ കാര്യം പോക്കാ. പൊണ്ണത്തടിയാ നിന്റെ വെയിറ്റ്  88 കിലോ. വെയിറ്റ് ഒറ്റക്കല്ല. കൂട്ടുകാരും ഉണ്ട്. കൊളസ്ട്രോൾ, ട്രൈ ഗ്ലിസൈറൈഡ്, ചീത്ത കൊളസ്ട്രോൾ, പഞ്ചാര ഇവരൊക്കെ തന്നെ"

പിന്നെ 15 മിനിറ്റ്, ഇവരൊക്കെ കൂടി എങ്ങനെ നമ്മളെ കൊന്നു കൊണ്ടിരിക്കുന്നു എന്നാ വിശദീകരണം. അത് കേട്ടാൽ തോന്നും വെയിറ്റ്, കൊളസ്ട്രോൾ, ട്രൈ ഗ്ലിസൈറൈഡ്, ചീത്ത കൊളസ്ട്രോൾ, പഞ്ചാര എല്ലാം ഒരു  കൊട്ടേഷൻ ടീം ആണെന്ന്.  പെട്ടെന്ന് കൊല്ലില്ല എന്ന് മാത്രം..

ഇപ്പോൾ എന്തൊക്കെയാണ് കേറിക്കൂടിയിരിക്കുന്നത് ..  ഇരുപതു കൊല്ലം മുമ്പ് വെറും പഞ്ചാര മാത്രമേ ഉണ്ടായിരുന്നുള്ളൂ... അന്നത്തെ പഞ്ചാര കാരണം അടി വീണു തടി കേടാകുമോ എന്ന ടെൻഷൻ അന്ന്.... ഇന്നത്തെ പഞ്ചാര ഒരടിയും തരാതെ തടി കേടാക്കുമോ എന്ന ടെൻഷൻ ഇന്ന്. പ്രായമേതായാലും പഞ്ചാര തടി കേടാക്കും എന്നത് സത്യം.

നാലഞ്ച് ഗുളികകൾ  എഴുതി തന്നു. എന്നിട്ട് തടി കുറക്കാൻ ഉള്ള ചില നിർദ്ദേശങ്ങളും തന്നു.

ആഴ്ചയിൽ 2 ദിവസം 1 മണിക്കൂർ ഓടടാ.
ആഴ്ചയിൽ 2 ദിവസം 1 മണിക്കൂർ സ്റ്റെയർ ട്രേഡ്മിൽ ചെയ്യടാ
ആഴ്ചയിൽ 1  ദിവസം 1 മണിക്കൂർ നടക്കടാ
ആഴ്ചയിൽ 2 ദിവസം 1 മണിക്കൂർ സൈക്കിൾ ചവിട്ടടാ

ഈ ഡോക്ടറോട് ഇതൊന്നും ചെയ്യാൻ പറ്റില്ല എന്ന് പറയുന്നതിൽ കാര്യമില്ല. മനസ്സിൽ  "മാ നിഷാദാ" എന്നും വായ കൊണ്ട്  "ശരി ഭിഷഗ്വരാ" എന്നും പറഞ്ഞു  പുറത്തിറങ്ങി.

പതിയെ നടക്കുമ്പോൾ ആലോചിച്ചു.  "എന്റെ വെയിറ്റ്, എന്റെ ചോര, എന്റെ പഞ്ചാര, എന്റെ കൊളസ്ട്രോൾ. ഈ ഡോക്ടർക്കെന്തിനാ ഈ പുച്ഛം? "

വീട്ടിലെത്തിയപ്പോൾ ശ്രീമതി ബ്ലഡ് ടെസ്റ്റ്‌ റിപ്പോർട്ട്‌ നോക്കി മുഖം കനപ്പിച്ചു ഉള്ളിലേക്ക് പോയി ആത്മഗതം പറഞ്ഞു... "ഈശ്വരാ എന്റെ ഒരു തലേലെഴുത്ത്. പഞ്ചാര കൂടിയ ഇയാളെ കെട്ടണ്ട കെട്ടണ്ട എന്ന് അച്ഛൻ പണ്ടേ പറഞ്ഞതാ. ഇപ്പൊ രണ്ടു പിള്ളാരുടെ അച്ഛനായി. ഇപ്പോഴും പഞ്ചാര കുറച്ചിട്ടില്ല".

ഡോക്ടറെ കണ്ടു കഴിഞ്ഞിട്ടിപ്പോൾ 4  മാസം.. ഇപ്പോൾ വെയിറ്റ്  68 കിലോ. ഇത് വരെ എന്റെ മേല് കേറാൻ പറ്റില്ല എന്ന് ഭ്രഷ്ട് കൽപിച്ച് മാറ്റി വച്ചിരുന്ന പല വസ്ത്രങ്ങളും എന്നെ സേവിച്ചു തുടങ്ങി..

ഡോക്ടർ പറഞ്ഞ പോലെ ഓടിയോ? - "ഇല്ല"
ഡോക്ടർ പറഞ്ഞ പോലെ സ്റ്റെയർ ട്രേഡ്മിൽ ചെയ്തോ? - "ഇല്ല"
ഡോക്ടർ പറഞ്ഞ പോലെ നടന്നോ? - "ഇല്ല"
ഡോക്ടർ പറഞ്ഞ പോലെ സൈക്കിൾ ചവിട്ടിയോ? - "ഇല്ല"

പിന്നെങ്ങിനെ വെയിറ്റ് കുറഞ്ഞു?

"ഏരിവും പുളിയും കുറച്ച്  ഭക്ഷണം മൂന്നിലൊന്നാക്കി കുറച്ചു".

-------------------

ഭക്ഷണം കുറച്ചു തടി കുറക്കാൻ ആരെങ്കിലും ന്യൂ ഇയർ റെസൊലൂഷൻ എടുത്തിട്ടുണ്ടെങ്കിൽ അവർക്ക് ഒരു ബെസ്റ്റ് ഓഫ് ലക്ക്

ഹാപ്പി ന്യൂ ഇയർ .....

വെയിറ്റ് കുറഞ്ഞാലും കുറയാത്തതെന്ത്?

"പഞ്ചാര"



2013, ഡിസംബർ 2, തിങ്കളാഴ്‌ച

ഒരു മംഗൾയാൻ ടെൻഷൻ

ടെൻഷൻ.... ടെൻഷൻ.... ടെൻഷൻ...

പണ്ട് റോക്കറ്റ് വിടാത്ത കാലത്ത് ഉള്ള ടെൻഷൻ...
"അയ്യേ, കണ്ടില്ലേ റഷ്യയും അമേരിക്കയും വിട്ടോണ്ടിരിക്കണത്, നമ്മളെ കൊണ്ട് ഇതൊന്നും പറ്റില്ല"

റോക്കറ്റ് വിട്ട് അത് താഴെ വീണോണ്ടിരുന്നപ്പോൾ ഉള്ള ടെൻഷൻ..
"അന്നേ പറഞ്ഞതാ... ഇതൊന്നും നമുക്ക് പറ്റിയ പണിയല്ല.."

റോക്കറ്റ് വിട്ട് അത് ശരിക്കും മേലോട്ട് പോയി തുടങ്ങിയപ്പോൾ ഉള്ള ടെൻഷൻ..
- ഇപ്പ വീഴും ഇപ്പ വീഴും എന്ന് വിചാരിച്ചു കുറച്ചു നാൾ ആരും മിണ്ടിയില്ല. പക്ഷെ റോക്കറ്റ് ആരാ മോൻ...അവൻ വീണില്ല.

റോക്കറ്റ് വിടണ അണ്ണന്മാർ ഒന്ന് ഉഷാറായി... വിട്ടേക്കാം ഒന്ന് ചന്ദ്രനിലേക്ക്. അതും വീണില്ല. 
ചീത്ത വിളിക്കാൻ നിന്ന അണ്ണന്മാർ വീണ്ടും വിഷാദത്തിൽ ടെൻഷനിൽ ... പക്ഷേ കണ്ട്രോൾ പോയി തുടങ്ങി... ഇനി ഒരെണ്ണം വിട്ടാൽ "അക്കളി ഇക്കളി സൂക്ഷിച്ചോ" എന്ന മട്ടിൽ.

റോക്കറ്റ് വിടണ അണ്ണന്മാർ കൂടുതൽ ഉഷാറായി.... ദാ പിടിച്ചോ ഒരെണ്ണം... ചൊവ്വയിലേക്ക്... മറ്റേ അണ്ണന്മാർക്ക് ടെൻഷൻ... ഇതെങ്ങാനും വീഴാതിരുന്നാലോ? 

ഇപ്രാവശ്യം ജ്യോത്സ്യന്മാരും കൂടി... ചൊവ്വ ദോഷം എന്നൊരു ദോഷം ഇനി ഇല്ലെങ്കിലോ? അങ്ങനെ എങ്ങാനും നമ്മുടെ റോക്കറ്റ്കണ്ടു പിടിച്ചാൽ... കഞ്ഞികുടി മുട്ടുമല്ലോ എന്ന ടെൻഷൻ.... 

റോക്കറ്റ് വിടണ അണ്ണൻമാർക്ക് റോക്കറ്റ് എത്തേണ്ടിടത് എത്തുമോ എന്ന ടെൻഷൻ.... മേലേക്ക് പോണ റോക്കറ്റ് നോക്കി നില്ക്കണ ചില അണ്ണൻമാർക്ക്, ഇത് വിട്ട ഇന്ത്യ എത്തേണ്ടിടത് എത്തുമോ എന്ന ടെൻഷൻ..

മേലേക്ക് വിടാനുള്ള മിടുക്ക് മാത്രം പോരാ... ചൈനയോ പാകിസ്താനോ ആക്രമിച്ചാൽ ഇന്ത്യക്ക് അങ്ങോട്ട്‌ ശരിക്കും ഒരെണ്ണം വിടാൻ പറ്റുമോ എന്ന ടെൻഷൻ...

ചൊവ്വാദോഷം കൊണ്ട് ഒരു വ്യക്തിക്ക് മാത്രമേ കുഴപ്പം ഉണ്ടാകൂ എന്നാണ് കരുതിയിരുന്നത്. നാടിനു മുഴുവൻ ഒരു ചൊവ്വ ദോഷം ഉണ്ടാകുമോ?

ടെൻഷനടിക്കാൻ ഇന്ത്യക്കാരുടെ ജീവിതം ഇനിയും ബാക്കി...

2013, മാർച്ച് 3, ഞായറാഴ്‌ച

ആമയുടെ ഓണം

[മുന്‍‌കൂര്‍ ജാമ്യംനാട്ടിലായാലും അമേരിക്കയിലായാലും ഗള്‍ഫിലായാലും ... ഓണമാകട്ടെ, ക്രിസ്ത്മസ് ആകട്ടെ... വലിയ ഒരു പരിപാടി ഭംഗിയായി നടത്തുക എന്നത് വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. വളരെ വലിയ ജോലി തിരക്കുകള്‍ക്കിടയില്‍ നിന്നും സമയം കണ്ടെത്തി, അണിയറയിലും മുന്‍ നിരയിലും നിന്ന് എല്ലാം ഭംഗി ആയി ചെയ്യുന്ന എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി. താഴെ എഴുതിയത് വെറും ഭാവന മാത്രം. ഇതിനു ജീവിച്ചിരിക്കുന്നവരോടോ, മരിച്ചു പോയവരോടോ, ഇനി ജനിക്കാന്‍ പോകുന്നവരോടോ ഒരു ബന്ധവുമില്ല. അതുകൊണ്ട് ഇതിന്‍റെ പേരില്‍ എന്നെ മര്‍ദ്ദിക്കുകയോ, ചീത്ത വിളിക്കുകയോ, സ്യൂ ചെയ്യുകയോ അരുത്.]

"താ തൈ, തിത്തിത്തൈ
തരികിട തരികിട തിത്തിത്തൈ"

ഓഫീസില്‍ നിന്ന് വീടിനു മുമ്പില്‍ എത്തിയപ്പോള്‍ തിത്തിത്തൈ രാഗത്തിലുള്ള പാട്ടും അതിനൊത്ത്  "പ്ധും പ്ധും" എന്ന ശബ്ദവും ആണ് എനിക്ക് വരവേല്‍പ്പ് നല്‍കിയത്. കുറച്ചു മുമ്പ് ഫോണ്‍ വിളിച്ചപ്പോള്‍ സഹധര്‍മിണി ഇതൊന്നും പറഞ്ഞിരുന്നില്ലല്ലോ. ഇനി എനിക്കിഷ്ടമുള്ള BOSS  സറൗണ്ട് സിസ്റ്റം ഞാന്‍ അറിയാതെ വാങ്ങി വല്ല സര്‍പ്രയിസും ആണോ? എല്ലാം ഒരു സര്‍പ്രയിസ് ആയി ചെയ്യണം എന്ന് സഹധര്‍മിണിക്ക് വളരെ നിര്‍ബന്ധം ആണ്. 

വീടിനു മുമ്പിലെ വാതിലിന്‍റെ അരികില്‍ എത്തിയപ്പോള്‍, വളരെ പണ്ട് ഗുരുവായൂരമ്പല നടയില്‍ ഉള്ളത്ര ചെരിപ്പുകള്‍. 

"എന്‍റെ ഗുരുവായൂരപ്പാ, എന്നെ ഇന്നും പരീക്ഷിക്കരുതേ.... അടുത്ത വീട്ടിലെ കൊച്ചമ്മമാരോക്കെ കൂടി, സ്ഥിരം നടത്തുന്ന പാചക സമ്മേളനത്തിന്‍റെ രക്തസാക്ഷി ഞാന്‍ ആകല്ലേ" എന്നായി പ്രാര്‍ത്ഥന. 

പണ്ട് സിനിമ നടന്‍ ശ്രീനിവാസന്‍റെ വായില്‍ നിന്നാണ് "മീനവിയല്‍" എന്ന പേര് കേട്ടിട്ടുള്ളത്. അതിനെ ഒക്കെ കവച്ചു വക്കുന്ന ഫ്യൂഷന്‍ കറികള്‍ക്ക് ജന്മം നല്‍കിക്കൊണ്ടിരിക്കുകയാണ് എന്‍റെ വീട്ടിലെ അടുക്കള. അവിയലില്‍ സാമ്പാര്‍ പോടി ഇട്ടാല്‍ എങ്ങനെ? രസം പൊടിയും സാമ്പാര്‍ പൊടിയും ചേര്‍ത്താല്‍ അതിനെ സരസാമ്പാര്‍ എന്ന് വിളിക്കാമോ? പുഴുക്കലരിയും ബസുമതിയും തമ്മിലുള്ള വ്യത്യാസം എന്ത്? എന്നിങ്ങനെ അതി നൂതന ചിന്തകളുടെ സാക്ഷാല്‍കാരങ്ങളുടെ ഗുണനിലവാരം വിലയിരുത്തേണ്ട ഗിനി പിഗ് ആയ ഗ്രഹനാഥന്‍റെ ഗതി വെറും അധോഗതി. ഇവരുടെ വിഭവങ്ങളുടെ സ്വാദ് നോക്കി നോക്കി, ഇപ്പോള്‍ ലഡ്ഡു കഴിക്കുമ്പോള്‍ പുളിയും പാവക്ക കഴിക്കുമ്പോള്‍ മധുരവും...

ഒരു വിധത്തില്‍ താഴെ കിടക്കുന്ന പാദരക്ഷകളെ നോവിക്കാതെ വാതില്‍ തുറന്നു അകത്തു കടന്നു. എല്ലാ കൊച്ചമ്മമാരുടെയും കൊച്ചുങ്ങള്‍ താളത്തിനോത്ത് ചുവടുകള്‍ വക്കുന്നു. അതില്‍ മുഴുകി നില്‍ക്കുന്ന സഹധര്‍മിണിയുടെ നോട്ടത്തില്‍ നിന്ന് മനസ്സിലായി, ഒരു ചായ കിട്ടാന്‍ വകുപ്പില്ല എന്ന്. പത്തു മിനിട്ട് കഴിഞ്ഞപ്പോള്‍ നൃത്തത്തിന് ഇടവേള. തിരക്കുള്ള സഹധര്‍മിണിയെ കണ്ടു കിട്ടി.

"ഇതെന്താ പരിപാടി"

"ആമയുടെ ഓണം പ്രോഗ്രാമ്മിനുള്ള കുട്ടികളുടെ ഡാന്‍സ് റീഹേഴ്സല്‍"

"ആമയോ? ഇതെന്താ സാധനം?"

"AAMA എന്ന് പറഞ്ഞാല്‍ AmericA Malayali Association. കഴിഞ്ഞ ഓണത്തിന് ഈ പിങ്കുവിനു ഒരു അസ്സോസിയേഷന്‍റെ പ്രോഗ്രാമ്മിനും സ്റ്റേജില്‍ കയറാന്‍ പറ്റിയില്ല. ഇപ്രാവശ്യവും പറ്റുമെന്ന് തോന്നുന്നില്ല. അപ്പൊ ഞങ്ങള്‍ ഒരു പുതിയ സംഘടന ഉണ്ടാക്കി"

"ഡാന്‍സ് ചെയ്യാന്‍ പറ്റാത്തത് കൊണ്ട് പിങ്കുവിനു വിഷമമായൊ?"

"ഹേയ്.. പിങ്കുവിനല്ല വിഷമം, അവള്‍ടെ അമ്മ ജാനുവിനാ"

"അപ്പോള്‍ നിങ്ങള്‍ കൊച്ചമ്മമാര്‍ ഇപ്രാവശ്യം സ്റ്റേജില്‍ കയറുന്നില്ലേ?"

"ഞങ്ങള്‍ ഒരു ഫാഷന്‍ ഷോ നടത്തുന്നുണ്ട്"

"ഫാഷന്‍ ഷോയോ? ഓണത്തിനോ?"

"വല്ല ചേഞ്ച്‌ വേണ്ടേ? എല്ലാ കൊല്ലവും ഭരതനാട്യവും മോഹിനിയാട്ടവും ഡപ്പാന്‍ കുത്തും കണ്ടു മതിയായില്ലേ?"

അവള്‍ പറയുന്നതില്‍ കാര്യം ഉണ്ട് എന്ന് തോന്നിയെങ്കിലും ഈ ഫാഷന്‍ ഷോയോട് മാനസികമായി യോജിക്കാന്‍ പറ്റുന്നില്ല.

"എടീ എന്നാലും ഈ ഫാഷന്‍ ഷോ എന്നൊക്കെ പറഞ്ഞാല്‍... അതും ഓണത്തിന്?" 

"എന്നാ പിന്നെ വിഷുവിനോ ക്രിസ്മസിനോ വച്ചാ OK ആണോ"

"അതല്ലടീ, ഈ മഹാബലിയും ഫാഷന്‍ ഷോയും അങ്ങട് യോജിക്കുന്നില്ല" 

"ഒന്ന് പോ മനുഷ്യാ, പാവം മഹാബലിക്കു ഈ പൂക്കളങ്ങള്‍ കണ്ടു മടുത്തിട്ടുണ്ടാകും. അങ്ങേരു ഈ ഫാഷന്‍ ഷോ ഒന്ന് കാണട്ടെ. നിങ്ങള്‍ക്ക് വേണ്ടെങ്കില്‍ നിങ്ങള്‍ വരണ്ട".

സംസാരം നേര്‍വഴിയിലല്ല പോകുന്നത്. വിഷയം മാറ്റുന്നതാണ് നല്ലത് എന്ന് തോന്നി. 

"ഗുഡ്, ഒരു ചായ കിട്ടുമോ?"

"ചേട്ടാ, ഈ പ്രാക്ടീസ് ഒന്ന് കഴിഞ്ഞോട്ടെ. ഇന്ന് മാത്രം ചേട്ടന്‍ ചായ ഉണ്ടാക്കാമോ?"

"ശരി" വേറെ വഴിയില്ല എന്ന് മനസ്സിലായി.

"എന്നാല്‍ ചേട്ടന്‍ രണ്ടു ചായ കൂടി ഉണ്ടാക്കാമോ? ജാനുവിനും ഗോമതിക്കും കൂടി".

-----------------

പിന്നീടുള്ള ശനിയാഴ്ചകള്‍ വീടൊരു കലാമണ്ഡലം ആയി. ആ ദിവസങ്ങളില്‍ ഗൃഹനാഥന്‍ ഒരു പാചകക്കാരനും ആയി. 

ആദ്യത്തെ നാല് ശനിയാഴ്ചകള്‍ ഒരു മാമാങ്കം തന്നെ ആയിരുന്നു. കൊച്ചുങ്ങളുടെ കൂടെ അവരുടെ അമ്മമാരും അച്ചന്മാരും ചില മുത്തഛന്മാരും ചില വേലക്കാരും വരെ നൃത്ത അഭ്യാസം കാണാന്‍ വന്നിരുന്നു. 

പിന്നെ ഉള്ള ആഴ്ചകള്‍, പതുക്കെ കാറ്റു പോയി ചെറുതാകുന്ന ബലൂണിനെ പോലെ ആയിരുന്നു. സന്ദര്‍ശകരുടെ എണ്ണം കുറഞ്ഞു തുടങ്ങി. 


-----------------

ഒരു കറുത്ത ശനിയാഴ്ച... ഉറങ്ങുമ്പോള്‍ ശാന്തസ്വഭാവിയാണെങ്കിലും, ഇപ്പോള്‍ കൊലവെറി പൂണ്ടു നില്‍ക്കുന്ന സഹധര്‍മിണിയോട്  ചോദിച്ചു...

"വൈ ദിസ്‌ കൊലവെറി"

"ആ ജാനുവിനെ എന്‍റെ കയ്യില്‍ കിട്ടിയാല്‍ ... ഞാന്‍ ..."
(സ്പീഡിലോടുന്ന വണ്ടി സഡന്‍ ബ്രേക്ക് ഇട്ട പോലെ നിര്‍ത്തിയപ്പോള്‍ മനസ്സിലായി, വണ്ടി നിര്‍ത്തിയിരുന്നില്ലെങ്കില്‍ അതി ഖോര തീവ്ര വചനങ്ങള്‍ വന്നേനെ എന്ന്)

"നീ ...."

"ഒലക്കേടെ മൂട്.. പുഴുങ്ങി തിന്നും.."

"നീ കാര്യം പറ"

"ആ മത്തങ്ങാക്കണ്ണി ജാനുവിനു വേണ്ടിയാണ് ഞങ്ങളിതൊക്കെ ചെയ്യുന്നത്. ഇപ്പോ രണ്ടു ആഴ്ച ആയി അവള്‍ മുങ്ങാന്‍ തുടങ്ങിയിട്ട്"

"അതെന്തു പറ്റി?"

"ആ... എനിക്കറിയില്ല. രണ്ടു ആഴ്ചയായി പിങ്കു പ്രാക്ടീസിന് വന്നിട്ട്"

"അതെന്താ പിങ്കുവിനു വല്ല അസുഖവും ആണോ?"

"കഴിഞ്ഞ ആഴ്ച പിങ്കുവിനു അസുഖമാണെന്നാണ് പറഞ്ഞത്. ഫോണ്‍ വിളി കേട്ടപ്പോള്‍ ആ മത്തങ്ങാക്കണ്ണിക്കാണ് അസുഖം എന്നാ എനിക്ക് തോന്നിയത്"

"ഈ ആഴ്ച എന്ത് പറ്റി ?"

"പിങ്കുവിന്‍റെ ചേട്ടന്‍ പങ്കന്‍ ഈ ആഴ്ച ചന്ദ്രനില്‍ പോകുന്നുണ്ടത്രെ... അപ്പോള്‍ പങ്കനെ തലമുടി വെട്ടിക്കാന്‍ ബാര്‍ബര്‍ ഷോപ്പില്‍ കൊണ്ട് പോകണം... ഈ രീതിയിലുള്ള ഏതോ പൊട്ടാത്ത ഒരു ഗുണ്ട് ആണ് വിട്ടത്."

"നീ ഒന്നടങ്ങ്‌.. അവര്‍ക്ക് വല്ല ബുദ്ധിമുട്ടും ഉണ്ടാകും. അടുത്ത ആഴ്ച നമുക്ക് നോക്കാം. ഇപ്പോള്‍ ഉള്ള  കുട്ടികളെ  വച്ച് പ്രാക്ടീസ് ചെയ്യ്"

---------------

അടുത്ത ശനി ആഴ്ച. സഹധര്‍മിണി ഒരു ശ്രിംഗാര ഭാവവുമായി അടുത്ത് കൂടി.

"ചേട്ടാ, ഇതാ ഉണ്ണിയപ്പം.."

"പഞ്ചസാരയില്ല, അരിയില്ല, എണ്ണയില്ല, പിന്നെ ഉണ്ണിയില്ല എന്നൊക്കെ ന്യായങ്ങള്‍ പറഞ്ഞു കുറെ കാലങ്ങളായി ഉണ്ടാക്കി തരാതിരുന്ന ഐറ്റം ഇതാ മുന്നില്‍"

"ഇതെന്തു പറ്റി?"

"ഒന്നുമല്ല. കുറെ ദിവസമായി ചേട്ടന്‍ ഞങ്ങള്‍ക്ക് ചോറും കറിയും ചായയും ഒക്കെ പ്രിപ്പയര്‍ ചെയ്യുന്നു. അതുകൊണ്ട് ഞാന്‍ കുറച്ചു ഉണ്ണിയപ്പം ഉണ്ടാക്കി. ഇനി ഈ ഉണ്ണിയപ്പം കഴിക്ക്"

എന്തോ ഒരു ദുരൂഹത ഈ അപ്പത്തിനു പിന്നില്‍ ഇല്ലേ എന്ന തോന്നല്‍,  ഉണ്ണിയപ്പം തിന്നാനുള്ള  ആര്‍ത്തിയുടെ മുന്നില്‍ തോറ്റ് പോയി. എല്ലാ അപ്പവും തിന്നു കഴിഞ്ഞപ്പോള്‍ സഹധര്‍മ്മിണി ഒട്ടി അടുത്ത് ഇരുന്നു.

"ചേട്ടാ ഞാന്‍ ഒരു കാര്യം പറഞ്ഞാന്‍ ദേഷ്യപ്പെടുമോ?"

"ഹൂം.. ഞാന്‍ ദേഷ്യപ്പെട്ടാല്‍ എല്ലാ അനുസരിക്കുന്ന പോലെ ഉണ്ടല്ലോ കേട്ടാല്‍?

"അതല്ല... ഒരു ചെറിയ ഹെല്‍പ് ചെയ്യാമോ?

"നീ കാര്യം പറ, എന്നിട്ട് തീരുമാനിക്കാം... ചെറുതാണോ വലുതാണോ എന്ന്"

"ചേട്ടന്‍ പ്രോമിസ് ചെയ്യാമോ, ഹെല്‍പ്പും എന്ന്.."

"ശരി.. നീ കാര്യം പറയൂ"

"ചേട്ടന്‍ ഇന്ന് പിങ്കുവിനെ പിക്ക് ചെയ്യാന്‍  പറ്റുമോ ?"

"ജാനുവിന് എന്ത് പറ്റി ?"

"അവള്‍ക്ക് ഇന്ന് തിരക്കാണ്. അവള്‍ടെ അമ്മൂമ്മേടെ വലിയഛന്‍റെ അമ്മാവന്‍റെ അനന്തരവളുടെ കുഞ്ഞമ്മേടെ വീടിന്‍റെ അടുത്ത് താമസിക്കുന്ന ഒരു ഫ്രണ്ട് ഗസ്റ്റ് ആയിട്ടുണ്ട്‌. ഈ ആഴ്ച ജാനുവിനെ പറഞ്ഞിട്ട് കാര്യം ഇല്ല. കറികളൊക്കെ ഉണ്ടാക്കണ്ടേ? 

"അപ്പോള്‍ മിസ്റ്റര്‍ ജാനുവോ?"

"ഗോപാലന്‍ ചേട്ടന്‍ ഈ ആഴ്ച ബിസിനസ് ട്രിപ്പില്‍ ആണ് "

"എന്ത് ബിസിനസ്?"

"ആംവേയുടെ അഖില കോല  സമ്മേളനത്തിനായി ഡെന്‍വറില്‍ പോയിരിക്കുകയാണ്"

"അപ്പൊ അതിനായിരുന്നു ഈ ഉണ്ണിയപ്പം അല്ലെ"


"പ്ലീസ്.. ഒന്ന് പിക്ക് ചെയ്യാമോ?"

എന്ത് ചെയ്യാം... ഉണ്ണിയപ്പ അസ്ത്രത്തിനു മുന്നില്‍ തോറ്റ ഋശ്യശ്രംഗനെ  പോലെ കാറും എടുത്തു പുറത്തിറങ്ങി പിങ്കുവിനെ റെഡി ആക്കി  ഇരുത്തിയിരിക്കും എന്നും, അവര്‍ വീടിനു മുമ്പില്‍ കാത്തു നില്‍ക്കുന്നുണ്ടാകും എന്നും,  കാറില്‍ നിന്നും ഇറങ്ങേണ്ട ആവശ്യം പോലും ഇല്ല എന്നൊക്കെ പറഞ്ഞാണ് സഹധര്‍മിണി യാത്രയാക്കിയത്.

പിങ്കുവിന്‍റെ വീടിനു മുമ്പില്‍ എത്തിയപ്പോള്‍ അവിടെ ഒരു പൂച്ചക്കുഞ്ഞു പോലും ഉണ്ടായിരുന്നില്ല. കാറില്‍ നിന്നിറങ്ങി വീടിനു മുമ്പില്‍ പോയി വാതിലില്‍ മുട്ടി. 

ഒരു കയ്യില്‍ മീന്‍ മുറിക്കുന്ന കത്തിയും മറുകയ്യില്‍ മീനിന്‍റെ പകുതി കഷണവുമായി ജാനു വാതില്‍ തുറന്നു. 

"വരൂ, ഒരഞ്ച് മിനിറ്റ്. പിങ്കുവിനെ ഇപ്പൊ വിടാം"

അന്നാണ് ജാനു രജനീകാന്തിന്‍റെ ഒരു ബന്ധു ആണ് എന്ന് മനസ്സിലായത്‌. 

"നാന്‍ ഒരു തടവൈ സൊന്നാ നൂറു മാതിരി എന്ന പോലെ" ആണ് രജനിയണ്ണന്‍ എങ്കില്‍, "നാന്‍ ഒരു തടവൈ സൊന്നാ അത് പത്തു മാതിരി" എന്ന വ്യത്യാസം മാത്രമേ ഉള്ളൂ.

അഞ്ചു മിനിട്ട് അമ്പതു മിനിറ്റ് ആയിട്ടും പിങ്കു തയ്യാറായിട്ടില്ല. 

"ട്ര്ര്ര്‍ ട്ര്ര്ര്‍" ഫോണ്‍ ചിലച്ചു. നോക്കിയപ്പോള്‍ സഹധര്‍മ്മിണി.

"എന്തായി, നിങ്ങള്‍ എവിടെ എത്തി?"

"പിങ്കുവിന്‍റെ വീട്ടില്‍"

"അപ്പോള്‍ നിങ്ങള്‍ പുറപ്പെട്ടില്ലേ?"

"ഇല്ല"

"അതെന്താ? അവിടെ കത്തി വച്ചിരിക്കുകയാണോ?"

"ആരോട്? ജാനുവിനോടോ"

"നിങ്ങള്‍ വേഗം വരുന്നുണ്ടോ?" 

ഉണ്ണിയപ്പം തരുമ്പോഴുള്ള ശ്രിംഗാരം പതിയെ രൌദ്രം ആയിക്കൊണ്ടിരിക്കുന്നു.

"നിനക്ക് ജാനുവിനെ ഒന്ന് വിളിച്ചു പറഞ്ഞൂടെ? പിങ്കുവിനെ വേഗം റെഡി ആക്കാന്‍?"

"മനുഷ്യാ, നിങ്ങള്‍ക്ക് നാവില്ലേ? നിങ്ങള്‍ക്ക് പറഞ്ഞൂടെ?"

"അങ്ങിനെ ആയോ? ഇതിപ്പോ എന്‍റെ ആവശ്യം ആയി മാറിയോ?"

അപ്പോഴേക്കും ജാനുവും പിങ്കുവും വന്നു. ജാനു പറഞ്ഞു 

"പിങ്കു റെഡി. ഞാന്‍ പറഞ്ഞില്ലേ അഞ്ചു മിനിറ്റ് പോലും വേണ്ട റെഡി ആകാന്‍ എന്ന്".

"@#$%^&*(" എന്ന് മനസ്സില്‍ തോന്നിയെങ്കിലും ഒന്നും പറയാതെ പുറത്തിറങ്ങി. ഇരുപതു മിനിറ്റ് ദൂരമുള്ള യാത്ര തുടങ്ങി. 

പിങ്കുവുമായി "ട്വിങ്കിള്‍ ട്വിങ്കിള്‍ ലിറ്റില്‍ സ്റ്റാര്‍" പാടിയും മായാവി/ലുട്ടാപ്പി കഥ പറഞ്ഞും രസമുള്ള ഒരു യാത്ര. പക്ഷെ അത് അധികനേരം ഉണ്ടായില്ല. പകുതി വഴി ആയപ്പോള്‍, പിന്‍ സീറ്റില്‍ ഇരിക്കുന്ന പിങ്കു വിളിച്ചു. 

"ശ് ശ് ശ് ശ് ശ്.....അങ്കിള്‍........ള്‍.....ള്‍""

പിങ്കുവിനു എന്ത് പറ്റി എന്ന പേടിയോടെ പിന്നിലേക്ക്‌ തിരിഞ്ഞു നോക്കി ചോദിച്ചു. 

"എന്ത് പറ്റി"

"പീ.. പീ.. ഐ ഹാവ് ടു ഗോ ടു റസ്റ്റ്‌ റൂം"

"മോളേ, നമ്മള്‍ ഇപ്പോള്‍ വീട്ടില്‍ എത്തും. അപ്പോള്‍ പോരേ?"

"നോ.. നോ...നോ.. എനിച്ച്‌ ഇപ്പൊ പോണം. അര്‍ജിലെണ്ട് പീ...പീ.. "

കുരിശുകള്‍ ഒന്നൊന്നായി ചുമക്കുക തന്നെ. പിങ്കുവിന്‍റെ പ്രാഥമിക ആവശ്യങ്ങള്‍ തീര്‍ക്കാന്‍ അടുത്തുള്ള ഒരു ഗ്യാസ് സ്റ്റെഷനില്‍ (കംഫര്‍ട്ട് സ്റ്റേഷന്‍) നിര്‍ത്തി. 

വീട്ടില്‍ എത്തിയപ്പോള്‍, സഹധര്‍മ്മിണി പൊട്ടിത്തെറിച്ചു..

"നിങ്ങള്‍ക്ക് വായ തുറന്നു പറയാമായിരുന്നില്ലേ, ഇവിടെ പ്രാക്ടീസ് ചെയ്യാന്‍.. എല്ലാവരും റെഡി ആയി പിങ്കുവിനെ വെയിറ്റ് ചെയ്തിരിക്കുകയാണെന്ന്? മറ്റുള്ളവരുടെ സമയത്തിന് ഒരു വിലയും ഇല്ലാത്ത ഓരോ....." എന്ന് പറഞ്ഞു സഹധര്‍മ്മിണി ഉള്ളിലേക്ക് പോയി... 

പലതും പറയണം എന്ന് തോന്നിയെങ്കിലും, മൌനം ഭൂഷണം എന്ന് കരുതി ഞാനും വീടിനുള്ളിലേക്ക് നടന്നു. 

----------------------

അടുത്ത ശനിയാഴ്ച ജാനു എല്ലാവരേക്കാളും മുമ്പ് തന്നെ എത്തി... അതുകൊണ്ടാണോ എന്നറിയില്ല, അന്ന് പതിവിലധികം തോരാതെ മഴ പെയ്തു കൊണ്ടിരുന്നു. എന്നും കൃത്യ സമയത്ത് എത്തിയിരുന്ന ഗോമതിയും മകളും മഴ കാരണം പത്തു നിമിഷങ്ങള്‍ വൈകി ആണ് എത്തിയത്. ഒരു അമ്പെയ്യാന്‍ കാത്തിരുന്ന ജാനു അവസരം പാഴാക്കിയില്ല...

"നമ്മള്‍ ഇങ്ങനെ പ്രാക്ടീസ് ചെയ്‌താല്‍ മതിയോ? എല്ലാവരും കുറച്ചു കൂടി സീരിയസ് ആകണം. എവെരിബടി ഷുഡ്‌ ബി പങ്ങ്ച്ചുവല്‍" 

രണ്ടു ആഴ്ചകളായി മുങ്ങി നടന്നിരുന്നവളുടെ സുവിശേഷം,  ഒരു ഹിരോഷിമ ബോംബ് പോലെ ബാക്കി എല്ലാ കൊച്ചമ്മമാരുടേയും തലയില്‍ പതിച്ചു. 

എല്ലാവരും പ്രാക്ടീസ് തുടങ്ങി... 9 കൊച്ചുങ്ങള്‍ ശരിയായ രീതിയില്‍ കൊല്ലത്തേക്ക് പോകുമ്പോള്‍, പിങ്കു മാത്രം കാസര്‍ഗോഡിലേക്ക് എന്ന പോലെ...

ഇങ്ങനെ പോയാല്‍ പിങ്കു കാസര്‍ഗോഡ് കടന്ന്  മംഗലാപുരവും കടന്ന് ഗോവ എത്തും എന്ന് മനസ്സിലായപ്പോള്‍  സഹധര്‍മ്മിണി ഇടപെട്ടു..

"പിങ്കൂ, ഇങ്ങനെ അല്ല ചെയ്യേണ്ടത്" എന്ന് പറഞ്ഞു ശരിയായ ചുവടുകള്‍ കാണിച്ചു കൊടുത്തു.

ഇത് ജാനുവിന്‍റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്തു.

"നിങ്ങള്‍ എപ്പോഴാണ് ചുവടുകള്‍ മാറ്റിയത്? പിങ്കു ചെയ്തതല്ലേ ശരി. ബാക്കി 9 പേരും പിങ്കു ചെയ്യുന്നത് പോലെ അല്ലേ ചെയ്യേണ്ടത്?"

ഇത് കൊച്ചമ്മമാരുടെ തലയില്‍, ജാനു ഇട്ട രണ്ടാമത്തെ നാഗസാക്കി ബോംബ്‌...

പങ്ങ്ചുവാലിറ്റിയെ പറ്റി പറഞ്ഞ ജാനു പതിനഞ്ചു മിനിറ്റ് കഴിഞ്ഞപ്പോള്‍ പങ്ങ്ചുവാലിറ്റിയെ പറ്റി മറന്നു. 

"എനിക്കിന്ന് ഇത്തിരി നേരത്തെ പോണം. ഓള്‍ ഓഫ് യു കണ്ടിന്യൂ" ജാനു മൊഴിഞ്ഞു 

"ജാനൂ, കുറച്ചു നേരം കൂടി നില്‍ക്കാമോ?" സഹധര്‍മ്മിണി ചോദിച്ചു..

"ഞാന്‍ എല്ലാം എന്‍റെ ഗാലക്സി ഫോണില്‍ വീഡിയോ എടുത്തിട്ടുണ്ട്. അത് നോക്കി പിങ്കു പ്രാക്ടീസ് ചെയ്‌താല്‍ പോരെ?"

"അല്ല ജാനൂ, എല്ലാവരും കൂടി ഉള്ള സിങ്ക്രണയിസേഷന്‍ വേണ്ടേ?"

"ഓ.. അതൊക്കെ അങ്ങ് വരുമെന്നേയ്.. സ്റ്റേജില്‍ കയറിയാല്‍ എല്ലാം വരും"...

ഇത് കൊച്ചമ്മമാരുടെ തലയില്‍ ജാനു ഇട്ട മൂന്നാമത്തെ ബോംബ്‌.....

------------

അങ്ങിനെ ആഴ്ചകളോളം പ്രാക്ടീസ് തുടര്‍ന്നു. 

കാത്തിരുന്ന ആ സുദിനം എത്തി. AAMAയുടെ ആദ്യത്തെ ഓണം ആഘോഷം തുടങ്ങി....

പിങ്കുവും കൂട്ടരും സ്റ്റേജില്‍ നൃത്തം ചെയ്തു.... പിള്ള മനസ്സില്‍ കള്ളമില്ല.... എല്ലാം ഭംഗി ആയി... എല്ലാവര്‍ക്കും ഇഷ്ടമായി...

ദൈവാനുഗ്രഹം എന്ന് പറയട്ടെ, പിങ്കു ഗോവയിയും എത്തിയില്ല, മംഗലാപുരത്തും  എത്തിയില്ല, കാസര്‍ഗോഡും  എത്തിയില്ല... 9 കൊച്ചുങ്ങള്‍ കൊല്ലത്തായിരുന്നപ്പോള്‍ പിങ്കു കോട്ടയത്തുണ്ടായിരുന്നു.