2008, മാർച്ച് 25, ചൊവ്വാഴ്ച

പുളിങ്കറി

"ഇന്നെന്താ കറി"

ഓഫീസില്‍ നിന്നും വീട്ടില്‍ വന്നിട്ട് രണ്ടു മണിക്കൂര്‍ ആയിട്ടും ഒരു തുള്ളി വെള്ളം പോലും തരാതെ എന്നെ ഒരു മൂലക്കിരുത്തിയ ഭാര്യയോട് ഞാന്‍ ചോദിച്ചു.

"പുളിങ്കറി"

അയ്യോ... ഇന്നും പുളിങ്കറി. ആദ്യരാത്രി, ഇഷ്ടമുള്ള കറി ഏതാണെന്ന് ചോദിച്ചപ്പോള്‍ പുളിങ്കറി ആണ് എന്ന് പറഞ്ഞതിനു, സ്ഥിരമായി കിട്ടുന്ന ശിക്ഷ. കെട്ടണ സമയത്ത് കുക്കിംഗ് സ്കില്‍സ്‌ ഒക്കെ ഒന്നു ചോദിച്ചു വിലയിരുത്തേണ്ടതായിരുന്നു. അക്കാലത്ത് മനപ്പൊരുത്തം മാത്രം മതി, സ്ത്രീധനവും പെണ്ണിന്റെ കഴിവുകളും ഒന്നും നോക്കണ്ട എന്ന് പറഞ്ഞ് വെറുതെ ആദര്‍ശവാദി ആയി

"മനുഷ്യാ, പുളി കഴിഞ്ഞു. നിങ്ങളെപ്പോഴാ കടയില്‍ പോണത്?"

എന്റമ്മേ, ഇനി കടയിലും പോണോ? വിശന്നിട്ടു കുടല്‍ കരിയുന്നു.

"പുളിങ്കറി ഇന്നു തന്നെ വേണോ? നീ വല്ല ചമ്മന്തിയോ മറ്റോ ഉണ്ടാക്ക്"

"അതൊന്നും എന്നെ കൊണ്ടൊക്കത്തില്ല. ഈ ആഴ്ച പ്രൊജക്റ്റ് സബ്മിറ്റ് ചെയ്യണം. ഇന്നു കഴിഞ്ഞാല്‍ നാളെ മുതല്‍ ഞാന്‍ മുഴുവന്‍ സമയവും കമ്പ്യൂട്ടറിന്റെ മുമ്പില്‍ ആയിരിക്കും. പുളിങ്കറി ആയാല്‍ രണ്ടു മൂന്നു ദിവസം നിങ്ങള്‍ കഴിക്കൂല്ലേ?"

നാളെ അത് ചളമായ ചളിങ്കറി, മറ്റന്നാള്‍ വളിച്ച വളിങ്കറി.... അടുത്ത ഒരാഴ്ച ഇനി അത് തന്നെ എന്ന് വിചാരിച്ചതാണ്. ഭാഗ്യം, ഇപ്രാവശ്യം ഇവള്‍ ഇതു മൂന്നു ദിവസത്തേക്കേ ടാര്‍ഗറ്റ് ഇട്ടിട്ടുള്ളൂ.

"ഏതു പ്രൊജക്റ്റ്? കഴിഞ്ഞ ആഴ്ച്ചയല്ലേ ആ ബീനയും രാധികയും മരഗതവല്ലിയും ഇവിടെ കയറി നിരങ്ങി ഡാറ്റാബേസ് പ്രൊജക്റ്റ് ചെയ്തത്. ഈ ആഴ്ച ഇനി എന്ത്?"

"അത് കഴിഞ്ഞു. ഈ ആഴ്ച വെബ് ഡിസൈന്‍ ആണ് പ്രൊജക്റ്റ്"

"എവിടെയാ ഇപ്രാവശ്യം പ്രൊജക്റ്റ്, നമ്മുടെ വീട്ടില്‍ അല്ലല്ലോ?"

ഇവരൊക്കെ കൂടി രാത്രി മുഴുവന്‍ ബ്യൂട്ടി ക്രീമും, ലേറ്റസ്റ്റ് ചുരിദാര്‍ ഡിസൈനും ഒക്കെ ചര്‍ച്ച ചെയ്തും, ഭൂലോക പരദൂഷണം പറഞ്ഞും ഡാറ്റാബേസ് പ്രൊജക്റ്റ് ചെയ്ത്, എന്റെ ഉറക്കം ഗംബ്ലീറ്റ് കുളമാക്കിയ കഴിഞ്ഞ ആഴ്ച എങ്ങിനെ ഞാന്‍ മറക്കും..

"നിങ്ങള്‍ക്കെന്താ പ്രശ്നം. ഇവിടെ തന്നെ. നമ്മടെ 2 ബെഡ്റൂം അപ്പാര്‍ട്ട്മെന്റ് അല്ലേ? അവരുടെ ഒക്കെ 1 ബെഡ്റൂം അല്ലേ?"

"പ്രശ്നം ഒന്നൂല്ല്യ, കഴിഞ്ഞ ആഴ്ചത്തെ സെറ്റ് പെണ്ണുങ്ങള് തന്നെയാണോ വരണത്?

"അതെ, ഇപ്രാവശ്യം അശ്വതി കൂടെ ഉണ്ടാകും"

"കൊള്ളാം. കാക്കക്കൂട്ടത്തില്‍ ഒരാള് കൂടി, കലപില കൂട്ടാന്‍" ഇതു മനസ്സില്‍ വിചാരിച്ചു.. പക്ഷെ പറഞ്ഞില്ല.

"ഏതാ ഈ അശ്വതി. ഇതുവരെ ഇവിടെ വന്നിട്ടില്ലല്ലേ?"

"രേവതീടേം ഭരണീടേം ഇടയിലുള്ള അശ്വതി. ഒന്നു പോ മനുഷ്യാ, വിഷയം മാറ്റാതെ. എപ്പോഴാ പുളി വാങ്ങാന്‍ പോണത്?"

പെണ്ണ് കാണാന്‍ പോയ ദിവസം, കാലിന്റെ ചെറുവിരല്‍ കൊണ്ടു നിലത്തു വട്ടം വരച്ച് നാണിച്ച് നിന്നിരുന്ന കക്ഷി ആണ് ഇപ്പോള്‍ എന്റെ തലയില്‍ കയറി നിന്ന് വട്ടം വരക്കുന്നത്‌. ഹയര്‍ സ്റ്റഡീസ് ഒക്കെ കഴിഞ്ഞ പെണ്ണിനെ കെട്ടിയാ മതിയായിരിന്നു. കെട്ടിക്കഴിഞ്ഞ് പഠിപ്പിക്കാന്‍ വിടുകയും വേണം, എന്നിട്ട് അവള്‍ടെ വായിലിക്കുന്നത് കേള്‍ക്കുകയും വേണം. ഗതികേട്, വിധി, യോഗം, ഇതൊക്കെ ഓരോ ടൈംസ് എന്നൊക്കെ മനസ്സില്‍ വിചാരിച്ച് സ്വയം ആശ്വസിപ്പിച്ച് പുറത്തിറങ്ങി, പുളി വാങ്ങാന്‍....

************

ഒരുകാലത്ത് പുളിയും പുളിങ്കറിയും എന്ന് വച്ചാല്‍ ജീവനായിരുന്നു. പുളിങ്കറി കൂട്ടി രണ്ടു ചെമ്പു ചോറുണ്ണാന്‍ പറഞ്ഞാലും, "ഇത്ര ചോറേ ഉള്ളൂ" എന്ന് ചോദിച്ചിരുന്ന കാലം. സഹധര്‍മ്മണനായ എന്നെ സ്നേഹിച്ചു സ്നേഹിച്ചു പുളിങ്കറിയും ചോറും സ്ഥിരമായി തീറ്റിപ്പിച്ച്, സഹധര്‍മ്മിണി പുളിങ്കറിയോടുള്ള എന്റെ ആക്രാന്തം കുറച്ചു തന്നു.

എങ്കിലും പുളി എന്ന് കേള്‍ക്കുമ്പോള്‍ വായില്‍ കപ്പലോടും. കൂടാതെ, നാട്ടില്‍ എനിക്ക് പുളിക്കള്ളന്‍ എന്ന പേരു നേടിത്തന്ന ഒരു പബ്ലിക് സ്വോര്‍ഡിനെയും, വീടിന് മുമ്പിലെ അമ്പലത്തിന്റെ തെക്കു ഭാഗത്ത് ഉള്ള മനക്കലെ പുളിമരങ്ങളെയും, ഓര്‍മ്മ വരും.

മനക്കലെ കുഞ്ഞൂട്ടന്‍ നമ്പൂതിരി, എല്ലാ കൊല്ലവും പുളി ഉണ്ടാകുന്നതിനു മുമ്പ് തന്നെ പറമ്പിലെ പുളിമരങ്ങളില്‍ ഉണ്ടാകാന്‍ പോകുന്ന പുളിയൊക്കെ മത്തായി മാപ്ലക്ക് വിറ്റിരിക്കും. പുളി പറിക്കാന്‍ എത്തുമ്പോള്‍ മത്തായി മാപ്ല നിരാശന്‍. പുളി പോയിട്ട്‌ പുളിയുറുമ്പ് പോലും മരത്തില്‍ ഉണ്ടാകാറില്ല. ഉള്ള പുളിയെല്ലാം നാട്ടിലെ പുള്ളാരുടെ പള്ളയില്‍ എത്തിയിരിക്കും.

കുഞ്ഞൂട്ടന്‍ നമ്പൂതിരിക്ക് വേലി ചാടി ഓടാന്‍ ഉള്ള കഴിവ് കുറവായതിനാല്‍, എത്ര ഇന്‍സ്റ്റന്റ് അറ്റാക്ക്‌ ഉണ്ടായാലും, പുളിയും വാരി ട്രൌസറിന്റെ പോക്കറ്റിലിട്ടു ഓടാന്‍ ഇഷ്ടം പോലെ സമയം. അവസാനം ഞങ്ങളെ ഒതുക്കാന്‍ കുഞ്ഞൂട്ടന്‍ നമ്പൂതിരി വാടകഗുണ്ടയെ ഇറക്കി. കൊട്ടേഷന്‍ കൊടുത്തു. ഗുണ്ടയാണെങ്കില്‍, വാളിനെക്കള്‍ മൂര്‍ച്ചയുള്ള കത്തി വയ്ക്കുന്ന, അറുപതു വയസ്സായ ശിവശങ്കര “പൊതുവാള്‍” എന്ന “പബ്ലിക് (പൊതു) സ്വോര്‍ഡ് (വാള്‍)”.

ഒരു ദിവസം വളരെ ശാന്തരായി, ആരെയും പ്രകോപിപ്പിക്കാതെ പുളി പറിച്ചിരുന്ന ഞങ്ങളെ നേരിടാന്‍ കുഞ്ഞൂട്ടന്‍ നമ്പൂതിരി മെല്ലെ മെല്ലെ അടുത്ത് വന്നു. നമുക്കോ നിസ്സാര ഭാവം. ഇങ്ങേരു എന്ത് ചെയ്യാന്‍. എങ്കിലും ഞങ്ങള്‍ പുളികളെ ട്രൌസര്‍ പോക്കറ്റിലേക്ക് ലോഡ് ചെയ്ത് തുടങ്ങി.. റെഡി ടു ടേക്ക് ഓഫ് അറ്റ്‌ എനി ടൈം.

അപ്പോഴതാ നമ്മുടെ പൊതുവാള്‍ മനക്കലെ വളപ്പില്‍, കുഞ്ഞൂട്ടന്‍ നമ്പൂതിരിയുടെ പുറകില്‍ വരുന്നു. "ഈ കിളവന്‍ എന്ത് ചെയ്യാന്‍" എന്ന് എല്ലാരും ഒരേ സ്വരത്തില്‍ പറഞ്ഞു. എങ്കിലും ഞങ്ങള്‍ നാല് പേര്‍ക്ക് നേരെ രണ്ടു പേര്‍ എന്നത് ഇത്തിരി മനോധൈര്യം കുറച്ചു. എല്ലാരും മരത്തില്‍ നിന്നും ചാടിയിറങ്ങി, വേലിയുടെ അടുത്ത് വരെ നടന്ന് അവിടെ നിന്നു. പിന്നെ സ്ഥിരമായ കലാപരിപാടി തുടങ്ങി. വേലി ചാടാന്‍ പറ്റാത്ത കുഞ്ഞൂട്ടന്‍ നമ്പൂതിരിയെ വേലി ചാടിക്കാനുള്ള വെല്ലുവിളി.. "ആണാണേല്‍ ചാടെടാ" എന്ന രീതിയില്‍..

ഞങ്ങടെ വെല്ലുവിളി പൊതുവാള്‍ സ്വീകരിച്ചു.

സിക്സ്റ്റി ഇയര്‍ ഓള്‍ഡ് പൊതുവാള്‍ റാണ്‍ ലൈക്ക് എ സിക്സ്ടീന്‍ ഇയര്‍ ഓള്‍ഡ്.. ഞങ്ങള്‍ടെ മുമ്പിലൂടെ ഓടി, ഞങ്ങളെ തൊടാതെ വേലി ചാടി. ഷോക്ക്‌ അടിച്ച പോലെ നിന്ന ഞങ്ങള്‍ക്ക്, ഞങ്ങളെ ഒന്നും ചെയ്യാതെ പൊതുവാള്‍ വേലി ചാടിയതിന്റെ ഗുട്ടന്‍സ് പിടി കിട്ടിയില്ല. പക്ഷെ പത്തു സെക്കന്റിനുള്ളില്‍ എല്ലാം വ്യക്തമായി. ഒരുവശത്ത് പൊതുവാളും വേലിയും മറുവശത്ത് കുഞ്ഞൂട്ടന്‍ നമ്പൂതിരിയും. കള്ളന്മാരാണെങ്കിലും, അംജദ് ഖാന്റെ തടങ്കല്‍ പാളയത്തില്‍ പെട്ട അവസ്ഥ.

ഇത്രയും കാലം പുളി പോയ നമ്പൂതിരി പുളിയെക്കാള്‍ പുളിയുള്ള വാക്കുകള്‍ കൊണ്ടു ഞങ്ങളെ ശകാരിച്ചു. "അടിക്കാന്‍ സമയമായി" എന്ന നമ്പൂതിരിയുടെ വാക്കുകളെ കാത്തുകൊണ്ട്‌ പൊതുവാള്‍ കയ്യും കെട്ടി നിന്നു. ഞങ്ങള്‍ക്കും പൊതുവാളിനും ഇടയ്ക്ക് ഒരു മൂക സാക്ഷി പോലെ വേലിയും...

ശകാരത്തിന്റെ പുളിവെള്ളാഭിഷേകം മതിയായി എന്ന് തോന്നിയപ്പോള്‍, നമ്പൂതിരി പൊതുവാളിനോട് പറഞ്ഞു,

"പൊതുവാളേ, നല്ല പെട അങ്ങട് കൊടുക്കാ, നോം തൊട്ണില്ല ഈ വര്‍ഗ്ഗങ്ങളെ"

എന്നിട്ട് ഞങ്ങളെയും വേലിയെയും നോക്കി

"ചാടടാ കുരങ്ങന്മാരെ"

ഇത്രയും നാള്‍ കണ്ണടച്ചു ചാടാമായിരുന്ന വേലി അപ്പോള്‍ ഒരു ചൈനീസ് വന്മതില്‍ പോലെ തോന്നി. നമ്പൂതിരിയുടെ പുളിവെള്ളാഭിഷേകത്തിന് പിന്തുണയെന്ന പോലെ ഭയം കൊണ്ടുണ്ടായ മൂത്രാഭിഷേകത്തില്‍ കാലുകള്‍ കുതിര്‍ന്ന് ബലം കുറഞ്ഞു വിറച്ചു തുടങ്ങി. പൊതുവാള്‍ വീണ്ടും മനപ്പറമ്പിലേക്ക് ചാടി ഞങ്ങളെ പുറത്തേക്ക് ഇട്ടതിന് ശേഷം വളരെ ഡീസന്റ് ആയി പെരുമാറി. ഇതൊക്കെ കണ്ടു രസിച്ചു നില്‍ക്കണ കുഞ്ഞൂട്ടന്‍ നമ്പൂതിരി വീണ്ടും ചീത്ത വിളിച്ചു

"പൊതുവാളേ, വിടരുത് ഈ കള്ളന്മാരെ"

"വെറും കള്ളന്മാരല്ല തിരുമേനി, അസ്സല് പുളിക്കള്ളന്മാരാ ഇവറ്റകള്‍"

അന്ന് തല്ലിയ പൊതുവാളിനെ, നന്നാവാന്‍ തല്ലിയ അനവധി ആള്‍ക്കാരുടെ കൂട്ടത്തില്‍ പെടുത്തുന്നു. മോഷണം നിര്‍ത്താനും ഭാവിയില്‍ ഗോതമ്പുണ്ട തിന്നാതിരിക്കാനുമുള്ള സാധ്യതകള്‍ കുറച്ചു തന്ന തല്ലല്ലേ അത്?

************

കുഞ്ഞൂട്ടന്‍ നമ്പൂതിരിയുടെ ശാപമാണ് ഈ പുളിങ്കറി ശിക്ഷ എന്നോര്‍ത്ത്, പുളിയും വാങ്ങി വീട്ടിലെത്തി. വാതില്‍ തുറക്കുമ്പോള്‍ വീട്ടില്‍ ഒരു കാക്കക്കൂട്ടം. ബീനയും രാധികയും മരഗതവല്ലിയും അശ്വതിയും എത്തിയിട്ടുണ്ട്. ച്ചെടാ, നാളെ വരുമെന്ന് പറഞ്ഞിട്ടു ഇവളുമാര് ഇന്നു തന്നെ എത്തിയോ? സഹധര്‍മ്മിണി, അശ്വതിയെ പരിചയപ്പെടുത്തി. ആളുടെ രൂപവും വലിപ്പവും കണ്ടാല്‍ രേവതിയുടെയും ഭരണിയുടെയും ഇടയിലുള്ള അശ്വതി എന്നല്ല, രേവതിയുടെയും അശ്വതിയുടെയും അപ്പുറത്തുള്ള ഭരണി എന്നേ പറയൂ.. പരിചയപ്പെടുത്തലും ബാക്കി ഉള്ളവരോട് അങ്ങോട്ടുമിങ്ങോട്ടും "ഹായ്, ഹൌ ആര്‍ യു, നൈസ് ടു മീറ്റ് യു, (2 ദിവസം മുമ്പ് കണ്ടതാണെങ്കിലും) ലോങ്ങ് ടൈം നോ സീ " ഒക്കെ പറഞ്ഞു കഴിഞ്ഞു .

സഹധര്‍മ്മിണി മന്ദം മന്ദം അടുത്ത് വന്നു.

"അതേയ്, ഇവരൊക്കെ ഇന്നു തന്നെ വന്നു. ഇന്നിനി പുളിങ്കറി ഉണ്ടാക്കാനുള്ള സമയവുമില്ല, മൂടും ഇല്ല. നിങ്ങള് പോയി, രണ്ടു ലാര്‍ജ്...."

"നിങ്ങള്‍ അപ്പോള്‍ ഇന്നു രാത്രി വെള്ളമടി പാര്‍ട്ടി ആണോ?"

"തോക്കില്‍ കയറി വെടി വയ്ക്കാതെ, മനുഷ്യാ. വെള്ളമല്ല. രണ്ടു ലാര്‍ജ് pizza വാങ്ങി കൊണ്ടുവരാമോ?"

വീണ്ടും പുറത്തേക്ക്... കാലി വയറുമായി... പിസ്സയെ തേടി..

എങ്കിലും ഇനി രണ്ടു ദിവസം ചളിങ്കറിയും വളിങ്കറിയും തിന്നാതെ കഴിഞ്ഞല്ലോ..

************

പുളിങ്കറി തിന്നണ്ടോനെ പിസ്സ തീറ്റിച്ചു... തല്‍കാലം, അത്യുന്നതങ്ങളില്‍ ദൈവത്തിനു സ്തുതി.

2008, മാർച്ച് 3, തിങ്കളാഴ്‌ച

മോളും വാളും

[മുന്‍കൂര്‍ ജാമ്യം: സ്ത്രീ ജനങ്ങള്‍ ഇതു വായിച്ച് എന്നോട് കോപിക്കരുത്‌....]

ജന്മം കൊണ്ട് കുട്ടപ്പന്‍ നാട്ടിലെ ചെറുപ്പക്കാരുടെ ഇടയില്‍ ഏറ്റവും ചിന്നവന്‍, പക്ഷെ കര്‍മ്മം കൊണ്ട് എല്ലാരേക്കാളും പെരിയവന്‍. ഓടുന്ന പട്ടിക്ക്‌ ഒരു മുഴം മുമ്പേ ഓടുന്നവന്‍, ആര്‍ക്കും ഉരുളക്കുപ്പേരി എന്ന പോലെ മറുപടി കൊടുക്കന്നവന്‍, എല്ലാരും മരത്തില്‍ കാണുമ്പൊള്‍ മാനത്ത്‌ കാണുന്നവന്‍, നാടോടുമ്പോള്‍ നടുവേ ഓടുന്നവന്‍, കാള പെറ്റു എന്ന് കേട്ടാല്‍ ഉടനെ കയറ് എടുക്കുന്നവന്‍.. നടക്കാന്‍ പോണില്ല എന്ന് കരുതുന്ന എന്തും നടത്താന്‍ കഴിവുള്ളവന്‍, ക്ലയന്റ്സിനു വേണ്ടി പ്രേമവിവാഹങ്ങളും ഒളിച്ചോട്ടങ്ങളും തരപ്പെടുത്താന്‍ മാത്രമല്ല ISRO ഉപഗ്രഹം വിക്ഷേപിക്കാന്‍ പറഞ്ഞാല്‍, വേണേല്‍ അത് ഒറ്റക്ക് സ്പേസില്‍ പോയി ഡ്രോപ്പ് ചെയ്യാന്‍ വരെ കോണ്‍ഫിഡന്‍സ് ഉള്ളവന്‍…. പിന്നെ പലതും പാടി നടക്കുന്നുണ്ട് പാണന്മാര്‍ ഞങ്ങടെ നാട്ടില്‍.

ഒരു ദിവസം നാട്ടില്‍ നിന്നും പെട്ടെന്ന് കാണാതായ കുട്ടപ്പന്‍ ഒരു കൊല്ലം കഴിഞ്ഞപ്പോള്‍, കോട്ടയത്തുള്ള ഒരു അമേരിക്കന്‍ നഴ്സ് പോന്നമ്മയെ കെട്ടി നാട്ടിലെത്തി. കരിവിളക്കിന്റടുത്ത് നിലവിളക്ക് എന്ന പോലെ, മരപ്പട്ടിക്ക്‌ കോക്കാന്‍ കൂട്ട് എന്ന് പോലെ, ആനയും പാപ്പാനും എന്ന പോലെ രണ്ടു പേരും മൃഗരാജഗഡി ഗജരാജമുഖി എന്ന രീതിയില്‍ നാട്ടില്‍ ക്രാഷ് ലാന്റ്‌ ചെയ്തു. തന്നെക്കാള്‍ മൂത്തതും നാട്ടില്‍ ഒരു പെണ്ണിന്‌ പോലും പ്രേമലേഖനം കൊടുക്കാന്‍ പറ്റാത്തതും ആയ എല്ലാ ചെറുപ്പക്കാരും കുട്ടപ്പനെ സ്രാഷ്ടാംഗം നമസ്കരിച്ചു. പലരും കുട്ടപ്പനെ, സ്വാമി കുട്ടപ്പാനന്ദ തിരുവടികള്‍ ആയി വാഴ്ത്താന്‍ വരെ ആലോചിച്ചുതുടങ്ങി.

ഒരു വര്‍ഷമായി ഒളിച്ചോടാനും പ്രേമവിവാഹം നടത്താനും പറ്റാതെ വീര്‍പ്പുമുട്ടി നിന്നിരുന്ന തരുണീതരുണന്മാര്‍ തിരുവടി സ്വാമികളെ അഭയം പ്രാപിച്ചു. പണ്ടത്തെ ബിസിനസ്സ് നിര്‍ത്തി എന്നും, ഇത്രയും നാള്‍ പൊന്നമ്മ അമേരിക്കയില്‍ ആയിരിക്കുമ്പോള്‍, അവള്‍ടെ റവറ് ബിസിനസ്സ് നോക്കുകയായിരുന്നെന്നും പറഞ്ഞു കുട്ടപ്പന്‍ കയ്യൊഴിഞ്ഞു. തന്റെ വിസ റെഡി ആയെന്നും അടുത്ത പതിനേഴാം തിയതി പൊന്നമ്മയുടെ റവറും വിറ്റ് അവള്‍ടെ കൂടെ അങ്ങ് അമേരിക്കയിലേക്ക്‌ പറക്കാന്‍ പോകുകയാണെന്നും കേട്ടപ്പോള്‍, എല്ലാരും ഒന്നു കൂടെ ഞെട്ടി.

അങ്ങിനെ ഒരു സാരിത്തുമ്പും പിടിച്ച് കുട്ടപ്പന്‍ അമേരിക്കയിലെത്തി. ആത്മവിശ്വാസത്തിനു ഇപ്പോഴും ഇടിവില്ലാത്ത കുട്ടപ്പന്‍, ഇംഗ്ലീഷ് കുരച്ചു കുരച്ചു പറയുന്ന കുട്ടപ്പന്‍, "How are you doing? എന്ന സായിപ്പിന്റെ ചോദ്യങ്ങള്‍ക്ക് കുലുങ്ങി ചിരിച്ചുകൊണ്ട്‌ "Doing Doing" എന്നും "How was your day?" എന്നതിന് ദിവസക്രമം അനുസരിച്ച് "Monday, Tuesday, Wednesday..." എന്നും കൃത്യമായി തട്ടിവിട്ടിരുന്നു.

ദിവസങ്ങളും മാസങ്ങളും കടന്നു പോയി. കുട്ടപ്പന്റെ ഭൂമിദേവി പൊന്നമ്മ അവര്‍കള്‍ ഗര്‍ഭിണിയായി. ദിവസത്തില്‍ പത്തും പതിനഞ്ചും പ്രസവങ്ങള്‍ക്ക് സഹായി ആകുന്ന പൊന്നമ്മക്ക് തന്റെ പ്രസവം വെറും ഒരു കുട്ടിക്കളി മാത്രം. പക്ഷെ കുട്ടപ്പാനന്ദ തിരുവടികള്‍ക്ക് അങ്ങിനെ അല്ല. നാട്ടില്‍ പ്രസവത്തിനു പെണ്ണിനെ അങ്ങ് ഡോക്ടറെ ഏല്‍പ്പിച്ചാല്‍ മതി , അവര് പ്രസവിപ്പിച്ചു തള്ളേനേം പിള്ളേനേം ഒരുമിച്ചങ്ങു കൊണ്ടത്തരും, എന്ത് സുഖം... അമേരിക്കയില്‍ ആണേല്‍ ഫാര്യയുടെ കൂടെ പ്രോഡക്ട് റിലീസ് ആവണ വരെ നില്‍ക്കണമെന്നും, അത് വരെ ഫാര്യക്ക് ആവശ്യമായ എന്തും ചെയ്തു കൊടുക്കണമെന്നും, പേറ്റുനോവ് അനുഭവിക്കുന്ന അവള്‍ടെ വായിലെ തെറിയും ചീത്തയും കേള്‍ക്കണം എന്നും ഉള്ള കേള്‍വികള്‍ ആണ് കുട്ടപ്പന്റെ റോക്കറ്റ് ലോഞ്ചിംഗ് സ്കില്‍സ്‌ ഉള്ള ആത്മവിശ്വാസത്തിന്റെ അടിത്തറകള്‍ ഇളക്കിയത്.

ശര്‍ദ്ധി, ഓക്കാനം എന്നീ താളമേളങ്ങളോടെ 9 മാസം കടന്നുപോയി. പത്താം മാസമായി. പേറ്റുനോവ് വരുന്നു എന്ന് പറഞ്ഞു 3 പ്രാവശ്യം കുട്ടപ്പന് പൊന്നമ്മയെ ആശുപത്രിയില്‍ കൊണ്ടുപോകേണ്ടി വന്നു. പക്ഷെ മദാമ്മ ഡോക്ടറിന്റെ വിശദ പരിശോധനയില്‍ എല്ലാം "ഫാള്‍സ് അലാറം" ആണെന്ന് മനസ്സിലായി, വീട്ടിലേക്ക് തിരിച്ചു പോരേണ്ടി വന്നു.

അവസാനം "ഗര്‍ഭ കാല്‍ കി ആഖരി ദിന്‍" എത്തി.

കറി വക്കാന്‍ കുമ്പളങ്ങാ നുറുക്കിക്കൊണ്ടിരിക്കുമ്പോള്‍ ആയിരുന്നു പൊന്നമ്മ ചേച്ചിക്ക് അന്നത്തെ ആദ്യത്തെ "അലാറം" ഉണ്ടായത്. ഇതും ഒരു "ഫാള്‍സ് അലാറം" ആകുമോ എന്ന ഭയം കുട്ടപ്പന് ഉണ്ടെങ്കിലും പൊന്നമ്മചേച്ചിയുടെ വായിലെ സരസ്വതിയെ നേരിടാനുള്ള ധൈര്യം കുറഞ്ഞതോണ്ട്, വേഗം വണ്ടിയെടുത്തു ആശുപത്രിയില്‍ എത്തി. ഇതു ഒരു "ട്രൂ അലാറം" ആണെന്നും, ഇന്ന് ഏകദേശം 12 മണിക്കൂര്‍ കഴിഞ്ഞ് പ്രോഡക്ട് റിലീസ് ഉണ്ടാകും എന്നും മദാമ്മ ഡോക്ടര്‍ അറിയിച്ചു.

12 മണിക്കൂര്‍ നേരം ഫാര്യയെ ശുശ്രൂഷിക്കാനുള്ള കപ്പാസിറ്റി ഒന്നും ഇല്ലെന്ന് ശരിക്കും അറിയാകുന്ന കുട്ടപ്പന്റെ മുട്ടിടിക്കാന്‍ തുടങ്ങി. ആത്മധൈര്യം നിലനിര്‍ത്താന്‍ പതിനൊന്നാമത്തെ മണിക്കൂറില്‍ പോയി രണ്ടു ലാര്‍ജ് പിടിപ്പിച്ചു.

"ആഖരി ഹവര്‍ ".

പേറ്റുനോവുകൊണ്ട് പൊന്നമ്മചേച്ചി "അയ്യോ കുട്ടപ്പേട്ടാ" എന്നും ലാര്‍ജിന്റെ ബലത്തില്‍ ആടുന്ന കുട്ടപ്പേട്ടന്‍ "പൊന്നമ്മേ ഞാന്‍ ഇവിടുണ്ടേ" എന്നും അലറിവിളിച്ചു.

എല്ലാ നഴ്സ്മാരും ചക്കപ്പഴത്തില്‍ ഈച്ച പൊതിയണ പോലെ പൊന്നമ്മ ചേച്ചിയെ പൊതിഞ്ഞു. ലാര്‍ജില്‍ കുളിച്ചു നിന്ന ചന്ദ്രികാവസന്തം പോലെ ചാഞ്ചാടിയാടി കുട്ടപ്പന്‍ സ്വാമികള്‍ "ഏലേസാ ഏലേസാ" പാടി നഴ്സ്മാരെയും പൊന്നമ്മയേയും പ്രോത്സാഹിപ്പിച്ചു. കുട്ടപ്പന്റെ ചാഞ്ചാട്ടം വയറിലുള്ള, രാവിലെ കഴിച്ച ദഹിക്കാത്ത പരിപ്പുവടയുടെ അവശിഷ്ടങ്ങളെയും ലാര്‍ജിനെയും ഒരു കാപ്പില്ലറി ആക്ഷന്‍ വഴി വായിലെത്തിച്ചു. വായിലേക്കുള്ള നിലക്കാത്ത ഈ പ്രവാത്തിന്റെ volume കൂടി കൂടി തന്റെ വായക്ക് താങ്ങാന്‍ പറ്റാതായപ്പോള്‍, കുട്ടപ്പന്‍ ധര്‍മ്മസങ്കടത്തിലായി.

“Volume കുറക്കാന്‍ പുറത്തു പോണോ അതോ പിടിച്ചു നിക്കണോ? പുറത്തു പോയാല്‍, പൊന്നമ്മ പെറണ സമയത്ത് ഞാന്‍ ധൈര്യക്കുറവോണ്ട് പോയതാണെന്ന് ഇവരൊക്കെ കരുതിയാലോ?”

എന്തായാലും മേളം കഴിഞ്ഞിട്ടു പോകാമെന്ന് തീരുമാനിച്ച കുട്ടപ്പന്‍ പാന്റിന്റെ സിപ്പര്‍ ഇട്ട പോലെ വായടച്ചു നിന്നു.

"ഡെലിവറി മാച്ച് കി ആഖരി പുഷ്"

നഴ്സ്മാര്‍ പോന്നമ്മയോട്‌ അവസാനമായി പുഷ് ചെയ്യാന്‍ പറഞ്ഞു... ശരീരത്തില്‍ ഒരേ ഒരു പുഷിനു മാത്രം ശക്തി ബാക്കി ഉള്ള പൊന്നമ്മ ആഞ്ഞു പുഷി, "അയ്യോ എന്റമ്മേ, അയ്യോ എന്റെ കുട്ടപ്പേട്ടാ" എന്നും വിളിച്ച്. വിളിയുടെ മറുപടി എന്ന പോലെ "പൊന്നമ്മേ, യു കാന്‍ ഡു ഇറ്റ്‌" എന്ന് പറഞ്ഞതും, വായില്‍ നില്ക്കുന്ന ഒരു ലിറ്റര്‍ പരിപ്പുവട/ലാര്‍ജ് കുഴമ്പു പുറത്തു ചാടിയതും, പൊന്നമ്മേടെ മോള്‍ പുറത്തു വന്നതും, ഒന്നിച്ചായിരുന്നു.

അമ്മേടെ മോളും അച്ഛന്റെ വാളും ഒന്നിച്ചു ഭൂജാതരായി.

[പിന്‍കൂര്‍ ജാമ്യം: ഞാനും അടുത്തൊരച്ചനായി. ശരിക്കും.... പള്ളീലച്ചനല്ലാട്ടോ.. അപ്പൊ ഇതു എന്റെ കഥ അല്ലാന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കൂല്ല. പക്ഷെ ഇവിടെ അമേരിക്കയില്‍ "ഹൌ ടു ഡെലിവര്‍ ഇന്‍ 21 ഡെയ്സ്", "ഡെലിവറി ഫോര്‍ ഡമ്മീസ് ", "ഡെലിവറി മെയ്ഡ്‌ ഈസി" എന്ന ബുക്കുകള്‍ വായിച്ചും അതിന് പൂരകമാകുന്ന വീഡിയോകള്‍ കണ്ടും "ഇതൊക്കെ ഏതു പോലീസുകാരനും ചെയ്യാം" എന്ന രീതിയില്‍ ഭാര്യയെക്കള്‍ കൂടുതല്‍ കോണ്‍ഫിഡന്‍സ് കാണിക്കുന്ന അനവധി ഭര്‍ത്താക്കന്മാരെ കാണാം. അവസാന നിമിഷം വരെ ഗര്‍ജിക്കുന്ന ഒരു സിംഹമായി നിന്ന് ക്രിറ്റിക്കല്‍ ടൈമില്‍ തല കറങ്ങി വീണ് വാളുവച്ച് ഭാര്യയുടെയും കുഞ്ഞിന്റെയും റൂമിനപ്പുറത്ത് അഡ്മിറ്റ് ആയ ഒരു സുഹൃത്തിന്‌ കഞ്ഞി വച്ചുകൊടുക്കേണ്ടി വന്ന പണ്ടത്തെ ഒരു പാവം ബാച്ചിലറിന്റെ മനസ്സിലെ നൊമ്പരങ്ങളാണിത് ]