2014, ഒക്‌ടോബർ 28, ചൊവ്വാഴ്ച

പാടാത്ത വീണയും പാടും....

"ഒരു മുറൈ വന്തു പാർത്തായാ,  എൻ മനം നീ....."

എന്ന പാട്ടും അതിനൊത്ത് ഒരു വശത്ത് നിന്ന് മറ്റൊരു വശത്തേക്ക് ഓടി ഡാൻസ് കളിക്കുന്ന ശോഭനയേയും ഓർത്താണ് ഉറക്കത്തിൽ നിന്നും ഞെട്ടി എണീറ്റത്.

ശോഭനയെ കണ്ണുകൾ തേടിയെങ്കിലും, 2 ലൈൻ ഉള്ള റോഡിൻറെ ഇടത്തെ അറ്റത്ത് നിന്ന് നടുവിലെ വെള്ള വരയും കട്ട് ചെയ്തു റോഡിൻറെ വലത്തേ അറ്റത്തേക്ക് പായുന്ന ഇന്നോവ വാനിന്റെ ഉൾഭാഗം  ആണ് കാണാൻ കഴിഞ്ഞത്. വലത്തേ ഭാഗം ശരിയല്ല എന്ന് മനസ്സിലാക്കി ഉടൻ തന്നെ വാൻ റോഡിൻറെ ഇടത്തേ ഭാഗത്തും എത്തി.

"എന്താ.. എന്ത് പറ്റി?" എന്ന എന്റെ ചോദ്യത്തിന്

"താൻ തന്റെ പണി നോക്കടോ" എന്ന ഡ്രൈവറിന്റെ മുഖ ഭാവം മാത്രമേ കാണാൻ പറ്റിയുള്ളൂ.

"പരിചയം ഇല്ലാത്ത ആൾക്കാരെ എയർപോർട്ടിൽ നിന്ന് ടാക്സി സർവീസിന് വിളിക്കണ്ട എന്നത് അച്ഛനോട് പല പ്രാവശ്യം പറഞ്ഞിട്ടുള്ളതാ" എന്ന് ആലോചിച്ച് പിന്നിലെ സീറ്റിലെക്ക് നോക്കിയപ്പോൾ, അച്ഛനാണേൽ ഈ ഡാൻസിനെ പറ്റി ഒന്നും അറിയാതെ നല്ല കൂർക്കം വലി. ഒരു 30 ഡിഗ്രി കൂടി കഴുത്ത് വളച്ച് പിന്നിലേക്ക്‌ നോക്കിയപ്പോൾ ശ്രീമതിയും പിള്ളാരും ഒക്കെ നല്ല ഉറക്കം.

അങ്ങനെ എല്ലാവരും ഉറങ്ങുമ്പോൾ വണ്ടിയെ ഭരതനാട്യത്തിന് വിട്ടാൽ ശരി ആവില്ല എന്ന് തീരുമാനിച്ചു. ഇനിയെങ്കിലും ഡ്രൈവർ ഉറങ്ങി ഒരു ഭരതനാട്യം ഉണ്ടാകരുത്. പക്ഷെ ഡ്രൈവർ ആണെങ്കിൽ ഒരു മയമില്ലാത്ത ഒരു പരുക്കൻ.

"ഞാൻ മിണ്ടിയാൽ അവൻ മിണ്ടുമോ? ഇനി മിണ്ടാൻ ഇഷ്ടമില്ലാത്ത  ആളാണെങ്കിലൊ?" എന്ന ചിന്ത ഒരു വശത്ത്...

"ചാലക്കുടി പുഴയുടെ അടിയിൽ പോയി കിടക്കാതെ വീട്ടിൽ പോയി അമ്മ പെങ്ങന്മാരെ കാണണം" എന്ന ചിന്ത മറു വശത്ത്.

 രണ്ടും കൽപിച്ച്‌ ചോദിച്ചു...

"എന്താ പേര്?"

10 സെക്കൻറ് കഴിഞ്ഞിട്ടും മറുപടി വന്നില്ല. ഒന്ന് കൂടി ചോദിച്ചു.

"എന്താ പേര്?"

"രാമു"

"വീടെവിടെയാ?"

അതിനും മറുപടി വന്നില്ല. വീണ്ടും ചോദിച്ചു, മറുപടി വന്നു

"വരന്തരപ്പിള്ളി"

രണ്ടു പ്രാവശ്യം ചോദിച്ചാലേ മറുപടി വരൂ...

കുട്ടിക്കാലത്ത് വിഷുവിനു നനവ്‌ കാരണം പൊട്ടാത്ത പടക്കങ്ങൾ രണ്ടു മൂന്ന് പ്രാവശ്യം എങ്കിലും തീയിൽ കാണിച്ച് ഇട്ടാലേ പൊട്ടൂ. ഇയാള് ഒരു നനഞ്ഞ പടക്കം ആണോ?

"സ്വന്തം വണ്ടി ആണോ" - 2 പ്രാവശ്യം

"ആണ്"

"വാങ്ങീട്ടു എത്ര നാളായി" - 2 പ്രാവശ്യം

"ഒരു കൊല്ലം"

ഇനി ഇവന് ചെവി കേൾക്കാത്തതാണോ പ്രശ്നം?

എന്തായാലും സംസാരിച്ചു തുടങ്ങിയപ്പോൾ വണ്ടിയുടെ ഭരതനാട്യം നിന്നു. കുറച്ചു നേരമായി ഒരു സ്ട്രൈറ്റ്‌ ലൈനിൽ തന്നെ വണ്ടി പോകുന്നുണ്ട്. പക്ഷെ ഇനിയും ഒരു മണിക്കൂർ കൂടി കഴിയണം വീട്ടിൽ എത്താൻ. എങ്ങനെ രാമുവിനെ ഉറക്കാതെ ഒരു മണികൂര് ഇരുത്തും?

പെട്ടെന്നാണ് റോഡിലെ വഴിവിളക്കുകൾ അണഞ്ഞത്... ഭയങ്കര ഇരുട്ട്.

"പവർ കട്ടാണോ"? - 2 പ്രാവശ്യം

"അറിയില്ല"

"ഞങ്ങൾക്ക് അവിടെ ഈ പ്രശ്നം ഒന്നും ഇല്ല. സൌരോർജം വഴി വളരെ അധികം കറന്റ് ഉണ്ടാക്കുന്നുണ്ട്"

സൌരോർജം എന്ന് കേട്ടതും, ഡ്രൈവറുടെ മുഖം വളരെ പതിയെ തിരിഞ്ഞു ആദ്യമായി എന്നെ നോക്കി. ഒരു പ്രതീക്ഷയോടെ....  സർഗം സിനിമയിൽ  വളരെ കാലം തളർവാതം പിടിച്ച് കിടന്നിരുന്ന രംഭയുടെ വിരലുകൾ വിനീതിന്റെ പാട്ട് കേട്ട് പതുക്കെ അനങ്ങുന്ന പോലെ,

"സാറേ, ഈ സൌരോർജം എന്ന് പറഞ്ഞാല്?"

"സോളാർ എനർജി" - 1 പ്രാവശ്യം

സോളാർ എന്ന് കേട്ടതും, ഡ്രൈവറുടെ മുഖം കേരള ലോട്ടറി ഓണം ബമ്പർ അടിച്ച പോലെ തിളങ്ങി.

"സാറേ ഈ സോളാർ ഒക്കെ വെറും തട്ടിപ്പാണ്....... അഴിമതീം പെണ്ണ് പിടിത്തവും ഒക്കെ ആണ് ഈ സോളാർ... ശരി അല്ല.. ആ പെണ്ണുണ്ടല്ലോ....സരി....................."

അപ്പോൾ പടക്കമായിരുന്നില്ല പ്രശ്നം. തീ ശരി അല്ലാത്തത് കൊണ്ടല്ലേ പടക്കം പൊട്ടാതിരുന്നത്.

തൃശ്ശൂർ പൂരം വെടിക്കെട്ട്‌ പോലെ, കത്തി തുടങ്ങിയാൽ പിന്നെ മുഴുവൻ പൊട്ടി തീരാതെ പറ്റില്ലല്ലോ. വെടിക്കെട്ട് തുടങ്ങുന്നതിന് മുമ്പ് ആൾക്കാർ നെഞ്ചും വിരിച്ചു നില്ക്കും. ആദ്യത്തെ പടക്കം പൊട്ടണ സമയത്തൊന്നും  ആരും കുലുങ്ങില്ല. പിന്നെ വലിയ ഗുണ്ടും കുഴിമിന്നലും ഒക്കെ പൊട്ടി കൂട്ടപൊരിച്ചിൽ ആകുമ്പോൾ എല്ലാവരും പിന്നിലേക്ക്‌ പോകും. ചൂടും ഒച്ചയും കാരണം.

പക്ഷെ, വാനിൽ നിന്ന് ഇറങ്ങി ഓടാൻ പറ്റില്ലല്ലോ... ഇന്നോവ വാൻ ഇടയ്ക്കു ഭരതനാട്യം ചെയ്താലും വലിയ കുഴപ്പമില്ലായിരുന്നു.



2014, സെപ്റ്റംബർ 7, ഞായറാഴ്‌ച

ഹാപ്പി ഓണം


ഉമ്മൻ ചാണ്ടി ശരി അല്ല... രാജി വക്കണം..
അച്ചു മാമ ശരി അല്ല... രാജി വക്കണം 
കണ്ണൂരിൽ രാഷ്ട്രീയ കൊലപാതകം...
ഹർത്താൽ ജനജീവിതം സ്തംഭിപ്പിച്ചു..
രാഷ്ട്രീയ നേതാവിന് ഫേസ്ബുക്കിൽ വധ ഭീഷണി... പോലീസ് കേസ് എടുത്തു 
സുകുമാരക്കുറുപ്പിനെ ഇത് വരെ പിടി കിട്ടിയില്ല.
ഗുവഹാത്തി - തിരുവനന്തപുരം എക്സ്പ്രസ് പാളത്തിൽ കുടുങ്ങി...
.....
....
....

ഇതുമാതിരി വാർത്തകൾ മാത്രമേ കേരളത്തിൽ കേൾക്കാൻ പറ്റൂ..

ഉമ്മൻ ചാണ്ടിക്ക് നന്നായി ഭരിക്കാൻ അറിയാഞ്ഞിട്ടാണോ? 
അച്ചുമാമ ആൾ മിടുക്കനല്ലേ? പാരകൾ പലവിധം തടയാനുള്ള കഴിവുള്ള ആൾ.
കൊലപാതകവും ഹർത്താലും ഉണ്ടാക്കാതെ നമുക്ക് ജീവിക്കാൻ അറിയാൻ പടില്ലാത്തതാണോ? 

മേൽ  പറഞ്ഞതൊക്കെ ആർക്ക് വേണ്ടി ചെയ്യുന്നതാണ്  അല്ലെങ്കിൽ ഈ അരാജകത്വം ആർക്ക് വേണ്ടി? 

എല്ലാം മഹാബലി തമ്പുരാന് വേണ്ടി.. 

ചാണ്ടിയും അച്ചു മാമയും എല്ലാം നല്ല രീതിയിൽ ഭരിച്ച് നാടെങ്ങാനും നല്ലതായാൽ, പിന്നെ നമ്മളൊക്കെ മഹാബലി തമ്പുരാനെ മറക്കില്ലേ? അപ്പോൾ, 
"മാവേലി നാട് വാണീടും കാലം, മാനുഷരെല്ലാം 1 പോലെ" എന്ന പാട്ടിന്റെ പ്രസക്തി നഷ്ടപ്പെടില്ലേ? പിന്നെ ഓണം ഉണ്ടാകുമോ?  

കേരളീയർ ബുദ്ധി ഉള്ളവരാണ്... മഹാബലി തമ്പുരാന് വേണ്ടി, തമ്പുരാന്റെ പ്രസക്തിക്ക് വേണ്ടി  വേണ്ടി,  നാട്ടിൽ പണിയെടുക്കില്ല, ബസ്സിനു കല്ലെറിയും, ഹർത്താൽ നടത്തും,  തമ്പുരാനോട്‌ സ്നേഹം കൂടിയാൽ കൊലപാതകം നടത്തും... വധ ഭീഷണി നടത്തും.. 

പക്ഷെ കേരളത്തിന്‌ പുറത്തു കടന്നാൽ മലയാളികൾ ഡീസന്റ്... നന്നായി പണിയെടുക്കും. പുറത്തെത്തിയാൽ മലയാളിക്ക്, മാവേലി തമ്പുരാന് വേണ്ടിയും  ഓണം നിലനിൽക്കാൻ വേണ്ടിയും ഹർത്താലും കൊലപാതകവും കല്ലേറും നടത്തുന്ന  കേരളത്തിലെ ആ നല്ല പ്രജകളെ വെറും പുച്ഛം. 

കേരളത്തിന്‌ പുറത്തുള്ള മലയാളികൾ നന്നായി പണിയെടുക്കുന്നതിൽ അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. മഹാബലി പ്രജകളെ കാണാൻ കേരളത്തിൽ മാത്രമല്ലേ വരുന്നുള്ളൂ. അപ്പോൾ പിന്നെ തമിഴ്  നാട്ടിലും, ഡൽഹിയിലും, ദുബായിലും, അമേരിക്കയിലും, ലണ്ടനിലും (ഛെ...!!) ഉള്ള മലയാളികൾക്ക്  ആ നാടുകളിൽ അരാജകത്വം ഉണ്ടാക്കിയിട്ട്, മഹാബലി തമ്പുരാന്റെ പ്രസക്തി എങ്ങനെ കൂട്ടാൻ?   അപ്പൊ ഒരു പണിയും ഇല്ലാത്തത് കൊണ്ട് മറുനാടൻ മലയാളികൾ  ജോലി എടുക്കുന്നു. 

കേരളത്തിലെ മലയാളികൾ ഒരിക്കലും മറുനാടൻ മലയാളികളെ കണ്ട്, "ഒന്ന് നാട് വിട്ടാൽ മതിയായിരുന്നു" എന്ന് ആലോചിക്കണ്ട...  നിങ്ങൾ ചെയ്യുന്നത് മഹത്തരം ആയ കാര്യം... "ഓണം നിലനില്ക്കാൻ നിങ്ങൾ സഹായിക്കുന്നു" എന്ന മഹത്തരം ആയ കാര്യം. 

കാലം മാറി.. കഥ മാറി...  (മമ്മൂട്ടിയുടെ സിനിമയല്ല ഉദ്ദേശിച്ചത്)

ഇപ്പോൾ മഹാബലി തമ്പുരാൻ കേരളത്തിൽ മാത്രമല്ല പ്രജകളെ കാണാൻ വരുന്നത്. തമിഴ് നാട്ടിലും, ഗൾഫിലും, അമേരിക്കയിലും ഒക്കെ വരുന്നുണ്ട്. വിസ എടുക്കാതെ, ടിക്കറ്റ്‌ എടുക്കാതെ... (തമ്പുരാനെങ്ങാനും ഇമ്മിഗ്രേഷൻ ലൈനിലൂടെ വന്നാൽ എന്തൊക്കെ ചോദ്യങ്ങളായിരിക്കും ഉണ്ടാകുക)

പണ്ടൊക്കെ തിരുവോണത്തിന്റെ അന്ന് മാത്രമേ മാവേലി വരൂ. സമയത്തിന്റെ കാര്യത്തിൽ ഏകദേശം 12 മണിക്കൂറോളം പിന്നിലായതിനാൽ അമേരിക്കയിൽ തമ്പുരാൻ വരുന്നതിനു മുമ്പ് തന്നെ കേരളത്തിലെയും, ഇന്ത്യയിലെ ബാക്കി സംസ്ഥാനങ്ങളിലേയും, ഗൾഫിലേയും ഒക്കെ പ്രജകളെ സന്ദർശിച്ച് കഴിഞ്ഞിരിക്കും. പക്ഷെ ഇക്കൊല്ലം, ഇവിടെ മഹാബലി മുമ്പേ വന്നു... ഇവിടത്തെ (കാലിഫോർണിയ) മലയാളികൾ തിരുവോണത്തിന് മുമ്പ് തന്നെ ഓണം ആഘോഷം നടത്തി...

അത് കൊണ്ട് കേരളത്തിലെ മലയാളികളും മറ്റു മറുനാടൻ  മലയാളികളും സൂക്ഷിക്കുക. അടുത്ത കൊല്ലം ഞങ്ങൾ ഒരു മാസം മുമ്പ് തന്നെ മഹാബലി തമ്പുരാനെ ഇവിടെ കൊണ്ട് വരും... ചിലപ്പോൾ ഇവിടുത്തെ പാതാളത്തിൽ സ്ഥിരം ആയി താമസിപ്പിക്കുകയും ചെയ്യും..  

ഇവിടുത്തെ  ആഘോഷങ്ങൾ കണ്ടു മഹാബലിയുടെ മനസ്സിളകി "ഞാനിനി ഇവിടത്തെ പാതാളം വിട്ടു പോകുന്നില്ല എന്നെങ്ങാനും" പറഞ്ഞാൽ, പിന്നെ നിങ്ങൾക്ക് പണിയെടുക്കേണ്ടി വരും... മഹാബലി വരുന്നില്ലെങ്കിൽ പിന്നെ എന്തിനു ഹർത്താൽ, കൊലപാതകം....   നിങ്ങൾക്കും പണിയെടുക്കേണ്ടി വരും. 

മഹാബലി തമ്പുരാനെ കേരളത്തിലുള്ള പാതാളത്തിൽ തന്നെ പിടിച്ചിരുത്താൻ വേണ്ടി യാതൊരു കുറവും വരുത്താതെ ഒട്ടും പൊലിമ കുറയാതെ ഓണം ആഘോഷിക്കുക... 

എല്ലാവർക്കും ഓണം ആശംസകൾ...

(മുക്കുറ്റിപ്പൂവും, തുമ്പപ്പൂവും, പുലിക്കളിയും, കുമ്മാട്ടിയും ഒന്നും ഇല്ലാതെ എന്ത് ഓണം... അതിനു കേരളത്തിൽ തന്നെ ഉണ്ടാകണം)


2014, ഏപ്രിൽ 7, തിങ്കളാഴ്‌ച

അവതാരം

ഇന്നലെ ഞാനത് കണ്ടു...

കണ്ടു.. കണ്ടു... കണ്ടു...

വർഷങ്ങൾക്ക് ശേഷം അതിശയം കൊണ്ട് വീണ്ടും മൂക്കത്ത് വിരൽ വച്ചു. അതും പല പ്രാവശ്യം.

മറ്റുള്ളവരുടെ സ്വപ്നങ്ങളിൽ ദൈവങ്ങൾ പ്രത്യക്ഷപ്പെട്ട് വേണ്ടപ്പെട്ട കാര്യങ്ങൾ ചെയ്തുകൊടുത്തിട്ടുള്ള സംഭവങ്ങൾ കേട്ടിട്ടുണ്ട്. പക്ഷെ ഇഷ്ടദൈവമായ ഗുരുവായൂരപ്പനും അതുപോലെ മഹാവിഷ്ണുവും ഇതുവരെ എന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. കുട്ടിക്കാലം മുതൽ ഈ ദൈവങ്ങളുടെ കഥകൾ വായിച്ചതും അവരുടെ ശക്തിയിൽ അതിശയിച്ചു മൂക്കത്ത് വിരൽ വെച്ചതും ഇന്നും ഫ്രഷ്‌ ആയി തന്നെ മനസ്സിൽ ഉണ്ട്.

പക്ഷെ ഇന്നലെ ഞാനത് കണ്ടു... കഴിവിന്റെ കാര്യത്തിൽ  മഹാവിഷ്ണുവിനെ  പോലും നിഷ്പ്രഭമാക്കുന്ന തരത്തിലുള്ള ഒരുഅവതാരം മുന്നിൽ  പ്രത്യക്ഷപ്പെട്ടു.

തലയിൽ കിരീടം ഇല്ലെങ്കിലും, സുദർശന ചക്രം പോലത്തെ ഒരു ചക്രം കയ്യിലുണ്ട്. സത്യത്തിൽ അത് ചക്രമല്ല. ഒരു തരം പരിച.

പ്രേം നസീറും മധുവും ഗോവിന്ദൻ കുട്ടിയും ഒക്കെ പണ്ട് ആരോമലും പാലാട്ട് കുഞ്ഞിക്കണ്ണനും അരിങ്ങോടരും ചന്തുവും ഒക്കെ ആയി വാൾപ്പയറ്റ് നടത്തിയിരുന്നപ്പോൾ ഉപയോഗിച്ചിരുന്ന പോലത്തെ ഒരു പരിച. ഒരേ ഒരു വ്യതാസം മാത്രം. നല്ല പപ്പടം കാച്ചിയാൽ പപ്പടത്തിനു മുകളിൽ വരുന്ന പോലത്തെ കുമിളകൾ പണ്ടത്തെ പരിചയിൽ ഇഷ്ടം പോലെ കാണാം. പണ്ടത്തെ പപ്പടത്തിന്റെ ഗുണനിലവാരം ഇന്നത്തെ പപ്പടത്തിനില്ലല്ലോ...  അതുകൊണ്ടായിരിക്കണം അവതാരത്തിന്റെ കയ്യിലെ പരിചയിൽ കുമിളകളില്ല. അതോ ഇനി അവതാരം സിൽസില പാട്ട് കേട്ടിരുന്നോ എന്നറിയില്ല. "കുമിള പോലുള്ള ജീവിതത്തിൽ സങ്കടപ്പെടാൻ നേരമില്ല" എന്നല്ലേ സിൽസില കവി എഴുതിയത്. അവതാരം, അത് കേട്ട് പരിചയിലെ കുമിളകൾ പൊട്ടിച്ചു കളഞ്ഞതാകാനും  മതി.

പരിച കൊണ്ട് എന്ത് വേണമെങ്കിലുംചെയ്യാം. ശത്രുക്കളുടെ അമ്പ്, വെടിയുണ്ട എന്ന് മാത്രമല്ല ഒരു മിസ്സൈല് വന്നാൽ വരെ തടുക്കാം. പിന്നെ, എവിടേക്ക് എറിഞ്ഞാലും അത് അവിടവിടെ തട്ടി തിരിച്ചു കയ്യിൽ വരും. ചില സമയത്ത് മാത്രം ഒന്നു മസിലു വിരിച്ചു അതിനെ ചാടി പിടിക്കണം.  സ്ഥിരമായി കാണുന്ന പോലെ വിരലിന്റെ അറ്റത്ത് സുദർശനചക്രം വക്കുന്ന പോലെ അല്ല ഈ പരിച വക്കുന്നത്. അത് വക്കുന്നത് ശരീരത്തിന്റെ മറ്റൊരു ഭാഗത്താണ്.. അതെവിടെയാണെന്ന് പറഞ്ഞാൽ ശരിയാവില്ല...

ഭൂമി തുരന്ന് ഓട്ടയാക്കുക (ഇത് കാരണം അവതാരം ഒരു പെരുച്ചാഴി ആണെന്ന് കരുതണ്ട. പെരുച്ചാഴിക്ക് വരെ കോംപീറ്റീഷൻ ആവാൻ ലാലേട്ടൻ റെഡി ആയിക്കൊണ്ടിരിക്കുന്നു), കണ്ണടച്ച് ഓടിയാൽ മുമ്പിലുള്ള വാതിലുകളും ചുവരുകളും തകർന്നു വീഴുക, മുപ്പതിനായിരം അടി ഉയരത്തിൽനിന്നും വെള്ളത്തിലേക്ക്‌ എടുത്തു ചാടി കടലിന്റെ ഏറ്റവും അടിയിൽ തൊട്ടു മുകളിലേക്ക് പൊങ്ങി വരുക തുടങ്ങിയ കലാപരിപാടികളിൽ നിപുണനാണു കക്ഷി. ആദ്യമായി രജനീകാന്ത് ഒരു വെറും മനുഷ്യനാണ് എന്ന് തോന്നിപ്പിച്ച വിധത്തിലായിരുന്നു  അവതാരത്തിന്റെ കസറത്ത്.

പിന്നെ മേൽപറഞ്ഞ കാര്യങ്ങൾ ചെയ്യുന്നു എന്ന അഹംഭാവം ഒന്നും ഇല്ല. ഇതൊക്കെ വെറും പിള്ളേര് കളി എന്ന പോലെ മറ്റുള്ളവരോട് നർമ്മം വിതറി സംസാരിക്കുന്ന ഒരു സൽസ്വഭാവി. കള്ള് കുടിക്കില്ല, സിഗരറ്റ് വലിക്കില്ല, എന്ന നല്ല ഗുണങ്ങൾ ഒക്കെ ഉണ്ട്.

"എപ്പൊ" "എവിടെ" "എന്ത്" "ആര്" "എങ്ങനെ" "എന്ത് കൊണ്ട്" നടക്കും എന്നൊക്കെ കക്ഷിക്കറിയാം. പക്ഷെ നമുക്ക് നല്ല കാര്യങ്ങൾ മനസ്സിലാക്കി തരാനും ജീവിത പാഠങ്ങൾ പഠിപ്പിച്ചു തരാനും വേണ്ടി മാത്രം ചിലപ്പോൾ അമളി പറ്റുന്നതായോ, മറ്റുള്ളവരുടെ മുന്നിൽ തോൽക്കുന്നതായോ അഭിനയിക്കും. ഒരു ദൈവം ആയാൽ അങ്ങനെ ഒക്കെ തന്നെ അല്ലെ ആകേണ്ടത്?

പിന്നെ മഹാവിഷ്ണുവിന്റെ വാഹനമായ ഗരുഡനെ പോലെ പറക്കുന്ന ഒരു കിളി സുഹൃത്തും ഈ അവതാരത്തിനുണ്ട്. ചില വ്യത്യാസങ്ങൾ ഉണ്ട്. ഗരുഡനെ പോലെ കൊക്കില്ല.. പക്ഷെ മീശയുണ്ട്. വേണ്ടാത്ത സമയത്ത് ചിറകു ഊരി വക്കാം. സംസാരിക്കും, ചിലപ്പോൾ തമാശയും പറയും.

കൂടെ സഹായത്തിന് ഒരു കറുത്ത വിധവ ഇപ്പോഴും ഉണ്ട്. വളരെ മോശപ്പെട്ട ഒരു ഭൂതകാലം അവർക്കുണ്ട്. അതിനിവിടെ പ്രസക്തിയില്ല. അതിവിടെ എഴുതി നിങ്ങളുടെ കണ്ണ് നിറക്കുന്നില്ല. കറുത്ത വിധവ ആണെങ്കിലും അവരുടെ നിറം വെളുപ്പാണ്. കറുത്ത വിധവക്ക് വെളുത്ത നിറം എങ്ങനെ വന്നു എന്ന ചോദ്യം ഒന്നും ചോദിക്കരുത്... കാരണം "ഒറ്റ ചോദ്യം മതി നിങ്ങളുടെ ജീവിതം മാറ്റി മറക്കാൻ... " എഴുതുമ്പോൾ ഒരു പഞ്ച് വരുന്നില്ല.. ഞാൻ കോടീശ്വരനിലെ സുരേഷ് ഗോപിയണ്ണനെ ഓർത്ത് ഒന്ന് കൂടെ വായിക്കൂ... "ഒറ്റ ചോദ്യം മതി നിങ്ങളുടെ ജീവിതം മാറ്റി മറക്കാൻ... "

ഇവരും കഴിവിന്റെ കാര്യത്തിൽ പിന്നിലല്ല. രൂപം മാറാൻ പറ്റും, എന്ത് വേണമെങ്കിലും എങ്ങനെ വേണമെങ്കിലും വിശകലനം ചെയ്യാനോ, അടിച്ചു മാറ്റനോ പറ്റും... കല്യാണം കഴിച്ചിട്ടില്ല.

അവതാരവും പക്ഷി സുഹൃത്തും കറുത്ത വിധവയും കൂടി ഇന്നലെ ഈ ലോകത്തെ രക്ഷിച്ചു. ഞാൻ ഭാഗ്യവാൻ... അത് കൊണ്ട് ഇന്ന് ഫേസ്ബുക്കിൽ ഇത് പോസ്റ്റ്‌ ചെയ്യാൻ പറ്റി. പക്ഷെ അവർക്ക് ഇത് പുത്തരിയല്ല... കാരണം ഇത് ആദ്യമായല്ല അവർ ലോകത്തെ രക്ഷിക്കുന്നത്.

മഹാവിഷ്ണുവിനെയും ഗരുഡനെയും കാണാതെ വിഷമിച്ചിരിക്കുന്നവർക്ക് ചിലപ്പോൾ ഇവരെ കണ്ടാൽ ഒരു ആശ്വാസം കിട്ടും. എന്നോട് പേര് പറഞ്ഞില്ലെങ്കിലും അവർ പരസ്പരം വിളിക്കുന്നത്‌ കേട്ടു.. നല്ല പേര് കേട്ട ക്രിസ്ത്യാനികളാണെന്ന് തോന്നുന്നു. അതുകൊണ്ട് ക്രിസ്ത്യാനികൾക്കും വേണമെങ്കിൽ ഇവരെ കാണാം. ബാക്കി ഉള്ളവർക്കും കാണാം. മതത്തിന്റെ  പേര് പറഞ്ഞു ഇവരെ കാണാതിരിക്കരുത്.

(ഒരു മുന്നറിയിപ്പ്: ഫേസ്ബുക്ക്‌ വായനക്കാർ ഇത് വരെ വായിച്ചെങ്കിൽ ഒരു ലൈക്‌ എങ്കിലും ഇടാതെ പോയാൽ അവതാരം കോപിക്കും... ജാഗ്രതൈ...)

ഇവരെ പറ്റി ഉള്ള വിവരങ്ങൾ ഈ ലിങ്കിൽ ക്ലിക്കിയാൽ കാണാം. http://tinyurl.com/oqwcr2y കണ്ടതിനു ശേഷം ഇവർ കാണിക്കുന്ന കാര്യങ്ങളിൽ വല്ല പരാതിയും ഉണ്ടെങ്കിൽ, നിങ്ങൾക്ക് ഇഷ്ടമായില്ലെങ്കിൽ എന്റെ മേക്കിട്ട് കേറരുത്. മുന്നൂറ്റി ഇരുപത്തഞ്ചു രൂപ നാൽപതു പൈസയുടെ ഒരു ഡിമാണ്ട് ഡ്രാഫ്ടോ ചലാനോ എടുത്തു ഇഷ്ട ദൈവത്തെ മനസ്സില് ഓർത്ത് ഭണ്ടാരത്തിൽ ഇട്ടാൽ മതി.  ആ കാശും കൂടി പോയിക്കിട്ടും.

2014, ഫെബ്രുവരി 14, വെള്ളിയാഴ്‌ച

പ്രണയം


നാളെ...നാളെ...നാളെ....

നറുക്കെടുപ്പ് നാളെ...നാളെ...നാളെ.

കെ വിദ്യാധരൻ, മഞ്ജുള ബേക്കറി നാളെ... നാളെ... നാളെ....

പണ്ട് ത്രിശ്ശൂർ ടൌണിലൂടെ നടക്കുമ്പോൾ ഇത് കേൾക്കാത്ത ദിവസമുണ്ടായിരുന്നില്ല.

പക്ഷെ, ഇവിടെ പറയുന്ന "നാളെ" മഞ്ജുള ബേക്കറിയുടെ "നാളെ" അല്ല...

നാളെയല്ലേ പുണ്യാളൻറെ ദിവസം. വാലന്റീൻ പുണ്യാളന്റെ ദിവസം.

നമ്മടെ നല്ല പ്രായത്തിൽ ഈ പുണ്യാളനെ നാട്ടിലൊന്നും കണ്ടിട്ടില്ല.

മുല്ലപ്പെരിയാർ ഡാമിന്റെ അവസ്ഥ പോലുള്ള മനസ്സായിരുന്നു അക്കാലത്ത്...

പൊട്ടുമോ എന്ന് ചോദിച്ചാൽ  പൊട്ടും, പൊട്ടില്ലേ എന്ന് ചോദിച്ചാൽ പൊട്ടില്ല എന്ന അവസ്ഥ...

മനസ്സിലെ ഡാമിൽ വെള്ളമല്ല, പ്രണയം ആയിരുന്നു എന്ന് മാത്രം...

"തന്റെ മനസ്സിലിരിപ്പ്" അറിയിച്ചാൽ "നിന്റെ കയ്യിലിരിപ്പ് ശരി അല്ല" എന്ന് പറയുന്ന സമൂഹം...

ഡാം പൊട്ടാതെ കൊണ്ട് നടക്കേണ്ടത്‌ നില നില്പ്പിന്റെ പ്രശ്നം കൂടിയായിരുന്നു. ആരോടൊക്കെ പ്രണയം തോന്നിയോ അവർക്കൊക്കെ കൈക്കരുത്തുള്ള ആങ്ങളമാർ ഉണ്ടായിരുന്നത് മനസ്സിലെ ഡാം പൊട്ടാതിരിക്കുവാൻ സഹായിച്ചു.

ഇലക്ഷൻ സമയത്ത് മാത്രം മുല്ലപ്പെരിയാർ ഭീഷണി ഉണ്ടാകുന്നത് പോലെ, ജീവിതത്തിലെ നെട്ടോട്ടത്തിനിടയിൽ  വല്ലപ്പോഴും മാത്രമേ പ്രണയത്തിന്റെ ഡാം പൊട്ടുമോ എന്ന ഭീഷണി ഉണ്ടായിരുന്നുള്ളൂ....

ഇംഗ്ലീഷ് സിനിമകൾ കാണുമ്പോൾ ആയിരുന്നു ഒരു ആശ്വാസം. ഇത്ര സ്വാതന്ത്ര്യത്തോടെ പ്രേമിക്കാൻ പറ്റുന്ന ചിലരെങ്കിലും മനുഷ്യരാശിയിൽ ഉണ്ടല്ലോ എന്ന ഒരു ആശ്വാസം.

നമ്മടെ രാശി ശരിയല്ല എന്ന നിഗമനത്തിൽ എത്തുകയും ഒരുനാൾ പ്രണയിക്കാൻ വേണ്ടി അമേരിക്കയിൽ എത്തിച്ചേരും എന്ന് പ്രതിജ്ഞ എടുക്കുകയും ചെയ്തു.

വർഷങ്ങൾക്കു  ശേഷം അമേരിക്കയിൽ എത്തിയപ്പോഴല്ലെ അറിയുന്നത്... മദാമ്മമാർ ചത്താലും ചമഞ്ഞേ കിടക്കൂ...  നിലവിളക്കിന്റെ അടുത്ത് ഒരു കരിവിളക്ക് ചേരില്ലല്ലൊ?

അങ്ങനെ പ്രണയത്തിന്റെ ഒരു ഡാമുമായി ജീവിതം ഒരു ഒച്ചിനെ പോലെ ഇഴഞ്ഞു നീങ്ങി...

ഇവനെ  ഇങ്ങനെ വിട്ടാൽ വാസ്കോ ഡാ ഗാമയുടെ പേരക്കുട്ടിയുടെ  പേരക്കുട്ടി മരുമകളായി വന്നു കയറുമോ  എന്ന പേടി വീട്ടുകാരെ ആകെ ഉലച്ചു...

എന്നും മുറുക്കാൻ വാങ്ങാൻ വീടിനു മുമ്പിലൂടെ പോകുമ്പോൾ നാണിത്തള്ള തീ ആളിക്കത്തിച്ചു
"എന്നാലും അവനെ കെട്ടിച്ചേനു ശേഷം വിട്ടാൽ മതിയായിരുന്നു. നല്ല ശമ്പളം ഉള്ള ചെക്കനല്ലേ, ആരെങ്കിലും അവിടെ അവനെ വശീകരിക്കണേനു മുമ്പ് വേഗം വിളിച്ചു കെട്ടിച്ചു വിട്ടൂടെ?"

നമ്മടെ അവസ്ഥ നാണിത്തള്ള അറിയുന്നില്ലല്ലോ...

ശരീരം മനസ്സിനേക്കാൾ വേഗം വളരും... പുര നിറഞ്ഞു അടുത്ത വീട്ടിൽ താമസിക്കുന്നു എന്ന പോലെ വയസ്സ് 30 തികഞ്ഞു..

ജീവിതകാലം മുഴുവൻ പ്രണയിക്കാൻ അംഗീകൃതമായ ഒരു കരാർ ഒപ്പുവക്കുന്നതിന്റെ ഒരുക്കങ്ങൾ തുടങ്ങി. അവസാനം പ്രണയിനിയെ കണ്ടെത്തി... മനസ്സിൽ കെട്ടിനിന്നിരുന്ന പ്രണയം ഭൂമിയിൽ മുഴുവൻ തരംഗങ്ങൾ ഉണ്ടാക്കി. പ്രണയം കടലിലൂടെയും ആകാശത്തിലൂടെയും പോസ്റ്റ്‌ മാനിലൂടെയും ഒഴുകിയൊഴുകി ഇന്ത്യയിലെത്തി.

പ്രണയം ഒഴുകുന്നതിനേക്കാൾ വേഗത്തിൽ ടെലിഫോണ്‍  കമ്പനിക്കാരുടെ കീശ വലുതായി, സ്വന്തം കീശ ചെറുതായി, ... ഒരു പ്രാവുണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാത്ത ദിവസങ്ങളില്ല... ഉണ്ടായിരുന്നെങ്കിൽ "കബൂതർ ജാ..ജാ..." എന്ന് പറഞ്ഞു വിട്ടാൽ മതിയായിരുന്നു. സൽമാൻ ഖാന്റെ ഒരു ഭാഗ്യം...

കല്യാണം കഴിഞ്ഞു. പത്തായിരം പേരുടെ മുന്നില് വച്ച് പ്രണയിനിയുമായി എന്നും പ്രണയിക്കാൻ ഉള്ള കരാർ ഒപ്പ് വച്ചു. എല്ലാ കൊല്ലവും കൃത്യമായി വാലെന്റീൻ പുണ്യാളനെ ഓർത്തു.  പ്രണയത്തിന്റെ പ്രളയത്തിൽ കാലം പോയതറിഞ്ഞില്ല.

അധികമായാൽ അമൃതും വിഷം..

"ഹാപ്പി വാലെൻടീൻസ് ഡേ" എന്ന് പറഞ്ഞാൻ തിരിച്ചു "ഹാപ്പി വാലെൻടീൻസ് ഡേ" എന്ന് പറയുന്ന കാലം കഴിഞ്ഞു... ഇപ്പോൾ "ഹാപ്പി വാലെൻടീൻസ് ഡേ"  എന്ന് പറഞ്ഞാൽ "മനുഷ്യാ, ഗ്രോസറി വാങ്ങാൻ പോയില്ലേ" എന്ന് ചോദിക്കുന്ന കാലം.

"നായര് പിടിച്ച പുലിവാല്"

കൂടുതലെഴുതിക്കുളമാക്കുന്നില്ല

-------------------------------

ഇപ്പൊ പ്രണയം എന്ന് കേൾക്കുമ്പോൾ ലാലേട്ടനെ ആണ് ഓർമ്മ വരുന്നത്. വീൽ ചെയറിൽ അനങ്ങാതെ ഇരുന്നു പ്രണയിക്കുന്ന ലാലേട്ടനെ...