2016, നവംബർ 29, ചൊവ്വാഴ്ച

കല്യാണ സദ്യ

മനസ്സിൽ അനവധി സ്വപ്നങ്ങളുമായാണ് അവിടെയെത്തിയത്. വളരെ കാലമായി പൂക്കാത്ത മാവ് പൂത്ത പോലെ... കായ്ക്കാത്ത തെങ്ങ് കായ്ച്ച പോലെ... മനസ്സിലെ ആ മോഹം പൂത്തുലഞ്ഞു... ഒരു ഗ്ളാസ് പാലട...  സദ്യക്ക് കിട്ടുന്ന പാലട.. വർഷങ്ങളായി ഒരു സദ്യക്ക് പോയിട്ട്. ആ പാലട കുടിച്ചതിനു ശേഷം മരിച്ചാലും കുഴപ്പമില്ല എന്ന രീതിയിൽ ആണ് ആ കല്യാണത്തിന് പോയത്.

കല്യാണം തകൃതിയായി നടക്കുന്നു.. അതൊക്കെ ആര് ഗൗനിക്കാൻ. ഒന്ന് കെട്ടിയതിന്റെ ക്ഷീണം ഇത് വരെ മാറിയിട്ടില്ല. നോട്ടം മുഴുവൻ പന്തലിലേക്കല്ല... ഡൈനിങ് ഹാളിലേക്കായിരുന്നു.

ആദ്യ പന്തിക്ക് ഇരിക്കാൻ നോക്കിയപ്പോൾ അവിടെ പൂരത്തിന്റെ തിരക്ക്. പണ്ടൊക്കെ വരിയിൽ ഇടിച്ചു കയറി ശീലം ഉണ്ടെങ്കിലും അമേരിക്കയിൽ പോയി വരി നിന്ന് ശീലിച്ച കാരണം, ആദ്യ പന്തിക്ക് തിക്കി തിരക്കി ഉണ്ണണ്ട എന്ന് കരുതി പതിയെ പിന്നിലോട്ടു വലിഞ്ഞു. രണ്ടാമത്തെ പന്തിക്കും ഇത് തന്നെ ഗതി.

വിശപ്പിന്റെ വിളി, വരി നിൽക്കേണ്ട സംസ്കാരത്തെ കീഴടക്കി. മൂന്നാം പന്തി ആയപ്പോഴേക്കും തിക്കി തിരക്കി ഡൈനിങ് ഹാളിന്റെ വാതിൽ വരെ എത്തി. അങ്ങനെ നാലാം പന്തിക്ക് ഡൈനിങ് ഹാളിൽ കയറി.. മനസ്സിൽ പാലട നിറഞ്ഞു... ലഡ്ഡു പൊട്ടി... വയറ്റിൽ സാമ്പാറും പപ്പടവും അവിയലും കാളനും രസവും കൂട്ടുകറിയും പുളിയിഞ്ചിയും ഓലനും നിറയുന്നതോർത്ത് വായിൽ കപ്പലോടി..

ഡൈനിങ് ഹാളിൽ കടന്നാൽ പിന്നെ എല്ലാം ഓക്കേ ആണെന്നാണ് കരുതിയത്.  ഓടി ഒരു കസേരയുടെ അടുത്തെത്തി ഇരിക്കാൻ നോക്കിയപ്പോൾ...

"ഇവ് ടെ ആള് ണ്ട് ട്ടാ" എന്നൊരു ശബ്ദം.

ഉടനെ മറ്റൊരു കസേരയുടെ അടുത്തെത്തി.. അവിടെയും ആള് ണ്ടാ യിരുന്നൂ ട്ടാ. അങ്ങനെ രണ്ടു മൂന്നു കസേരകളി കൂടി കഴിഞ്ഞപ്പോഴാണ് മനസ്സിലായത്... ഡൈനിങ് ഹാളിൽ കയറുന്നതു കല്യാണ സദ്യ കഴിക്കാനുള്ള ശ്രമത്തിന്റെ "Phase 1" മാത്രം ആയിരുന്നെന്ന്.

സ്‌കൂളിൽ പഠിക്കുന്ന കാലത്ത്, ഓടിയോടി അടുത്തെത്തുമെങ്കിലും ചാടികേറാൻ പറ്റാത്തത് കൊണ്ട് പലതവണ ഞങ്ങളെ പെരുവഴിക്കാക്കി പോയിട്ടുള്ള അമ്പിളി എന്ന പ്രൈവറ്റ് ബസ് പോലെ..... നാലാം പന്തി എനിക്കൊരിടം തരാതെ അവസാനിച്ചു.

വിഷാദയോഗത്തിലെ അർജുനനെ പോലെ അങ്ങനെ നിൽക്കുമ്പോഴാണ് അടുത്ത് നിന്നിരുന്ന ആൾ ഒരുപദേശം തന്നത്.

"ഒരെത്തും പിടിയുമില്ലാതോടുന്ന മർത്ത്യാ..
 പിടിക്കണം പിടിക്കണം... കയറി പിടിക്കണം...
 പിടിക്കണം പിടിക്കണം... കസേരയിൽ പിടിക്കണം
 സദ്യ ഉണ്ണണോ... എങ്കിൽ പിടിക്കണം
 കസേരയിൽ കയറി പിടിക്കണം.."

അതെന്റെ ഉള്ള് തുറന്നു...

"പ്രഭോ, അങ്ങയുടെ പേരെന്താണ്?"

"പാർത്ഥസാരഥി..."

ഞാൻ പാർത്ഥൻ അല്ലെങ്കിലും ഇതെന്റെ സാരഥി തന്നെ... ഇത്രയും നല്ലൊരു ഉപദേശം കൃഷ്ണന്റെ രൂപത്തിൽ വന്നു തന്നത്  ഗീതോപദേശം തന്ന പോലെ തന്നെ തോന്നി..

വിശദാശംങ്ങൾ ചോദിച്ചു മനസ്സിലാക്കി. ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്ന ആളുടെ സീറ്റ് കൈ കൊണ്ട് പിടിച്ചു വച്ചാൽ മാത്രമേ ആ സീറ്റ് നിങ്ങൾക്കുള്ളതാകുന്നുള്ളു എന്ന പ്രപഞ്ച സത്യത്തിന്റെ പൊരുൾ മനസ്സിലാക്കി. 

ഉടനെ തന്നെ നാലാം പന്തിയിൽ ഊണ് കഴിക്കുന്ന ഒരാളുടെ കസേരയിൽ കയറി പിടിച്ചു. അയാൾ കസേര മുന്നോട്ടു നീക്കുന്നു... നമ്മൾ കസേര പിന്നോട്ട് വലിക്കുന്നു... മേലാകെ തൊലിക്കൊക്കെ എന്തോ ആകുന്നത് പോലെ. കയ്യിലെ തൊലിയെ നോക്കി. മുൻപത്തെ പോലെ അല്ല.. തൊലിക്കട്ടി കൂടിയിരിക്കുന്നു...

ആ വരിയിലെ എല്ലാ ചേട്ടന്മാരും ചേച്ചിമാരും ഊണ് കഴിഞ്ഞെഴുന്നേറ്റു... പൂർവികർ സ്ഥലം വിട്ടപ്പോൾ പുതു തലമുറക്കാർ ആ സ്ഥാനം ഏറ്റെടുത്തു. എന്റെ കസേരയിലെ വ്യക്തി പാലടയിൽ മുങ്ങിത്തോർത്തി ധനുമാസ ചന്ദ്രികയെ ആലോചിച്ച്, അവിടെ തന്നെ ഇരിപ്പാണ്.

ഇത്രയും നേരം കസേര വലി കഴിഞ്ഞ്, പുതുതായി ഇരുന്നവരൊക്കെ തിരിഞ്ഞ്  എന്റെ മുഖത്തേക്ക് നോക്കി... അവരുടെ മുഖ ഭാവം  ഭാവം കണ്ടാലറിയാം... "നാണമില്ലേ ഇങ്ങനെ കസേര പിടിച്ചു വലിക്കാൻ"... എന്ന്

കാത്തിരുന്ന സമയം എത്തി... കൈപ്പത്തി തൊട്ട് കൈ മുട്ട് വരെ ഒലിച്ചിറങ്ങിയ പായസം നക്കിത്തുടച്ചു കൊണ്ട് എന്റെ കസേരാ പൂർവികൻ  എഴുന്നേറ്റു... അയാളുടെ നോട്ടം ദഹിപ്പിക്കുന്നതായിരുന്നു. അതെന്റെ  വിശപ്പ് വർധിപ്പിച്ചു...

കറികളും മറ്റും വിളമ്പി തുടങ്ങി...

മേം കരിമ്പ് തോട്ടം കാ ഹാഥി ബൻ ഗയാ...

പിന്നെ കുറെ നേരത്തിന് ശേഷം ആരോ കസേര പിന്നിലോട്ട്  വലിച്ചപ്പോഴാണ് എണീക്കണ്ട സമയം ആയീ എന്ന്  മനസ്സിലായത്...

"ചേട്ടാ... ഒരു ഗ്ലാസ് പാലട കൂടി കഴിച്ചിട്ട് എണീക്കാം... ട്ടാ"

അത് കേട്ട ഉടനെ എന്റെ പിൻഗാമി ഒന്ന് ഞെട്ടി.. തറപ്പിച്ചു നോക്കി.. ആ  നോട്ടം അതുവരെ കഴിച്ചതെല്ലാം ദഹിപ്പിച്ചു കളഞ്ഞു...

2016, നവംബർ 3, വ്യാഴാഴ്‌ച

ബാലികേറാമല

തണുപ്പ് അസ്ഥികൾക്കുള്ളിലേക്കു തുളഞ്ഞു കയറുന്നു. ഉയരം  കൂടും തോറും ശ്വാസകോശത്തിന്റെ അദ്ധ്വാനവും കൂടുന്നുണ്ട്. മൂക്കിൽ നിന്നും പൊടി പൊടിയായി രക്തം വരുന്നു.  ചുണ്ടുകൾ വരണ്ടുണങ്ങി വിണ്ടുകീറിക്കഴിഞ്ഞിരിക്കുന്നു.

മഞ്ഞ് കൊണ്ടുള്ള വെള്ളപ്പരവതാനി വിരിച്ച പാറകൾ മാത്രമാണ് ചുറ്റിലും ഉള്ളത്. സമയം പോലും മരവിച്ചിക്കുന്ന പ്രതീതി. അതുപോലത്തെ ചെങ്കുത്തായ നാല് പാറകൾ കൂടി കയറിയാൽ അത്യുന്നതത്തിലെത്താം.

സമയം ഉച്ച കഴിഞ്ഞ് നാലര മണി. കയ്യിനും കാലിനും ഉള്ള ശക്തിയൊക്കെ ചോർന്ന് വെറും ചണ്ടി പോലെ ആയിക്കഴിഞ്ഞിരുന്നു. ഇന്നിനി 30 മിനിറ്റ് കൂടി മാത്രമേ കയറാനുള്ളൂ. അത് കഴിഞ്ഞാൽ രാത്രി മുഴുവൻ വിശ്രമം. പക്ഷെ ഓരോ മിനിറ്റും ഓരോ യുഗം പോലെ തോന്നി

അവസാനം ബേസ് കാമ്പിൽ എത്തി. സ്ലീപ്പിങ് ബാഗിൽ കയറി കിടന്നപ്പോൾ ആണ് നടുവിന് ഒരാശ്വാസം തോന്നിയത്. ഒന്ന് മയങ്ങി എണീറ്റപ്പോൾ സമയം രാത്രി എട്ടു മണി.

"പതിനായിരക്കണക്കിന് അടി താഴെ അങ്ങകലെ ഉള്ള കൊച്ചുകുടിലിൽ.." അതോർത്തപ്പോൾ ഉള്ളൊന്ന് നടുങ്ങി. കണ്ണു നിറഞ്ഞു. ശരീരത്തെ വരിഞ്ഞു മുറുക്കുന്നുണ്ടെങ്കിലും, തണുപ്പിന് മനസ്സിനെയും ബുദ്ധിയെയും കീഴ്‌പ്പെടുത്താൻ പറ്റിയിട്ടില്ലെന്നോർത്തപ്പോൾ, ചെറിയ സന്തോഷം തോന്നി. ഇപ്പോൾ കുട്ടിശ്ശങ്കരൻ ഓലപ്പീപ്പി ഊതി കളിക്കുന്നുണ്ടാകും. ദാക്ഷായണി അടുക്കളയിൽ ചമ്മന്തിയോ കൂട്ടാനോ ഉണ്ടാക്കാനുള്ള തത്രപ്പാടിൽ ആയിരിക്കും. അല്ല... കുറുമ്പ് കാട്ടുന്ന കുട്ടിശ്ശങ്കരനെ സ്നേഹത്തോടെ ശകാരിക്കുന്നുണ്ടാകും. അല്ല... അവൾ എനിക്ക് വേണ്ടി, സുരക്ഷിതമായി തിരിച്ചെത്താൻ പ്രാർത്ഥിക്കുന്നുണ്ടായിരിക്കും. വീട് വിട്ടു മല കയറാൻ ഇറങ്ങുന്ന നേരത്തുണ്ടായ അവളുടെ കരച്ചിൽ മനസ്സിൽ സങ്കടത്തിന്റെ തിരമാലകൾ തുറന്നു വിട്ടു. ഈ മലകയറ്റത്തിന് വല്ല സമ്മാനപ്പണവും കിട്ടിയാൽ അത് കൊണ്ട് വേണം, ഒന്ന് ഓട് മേയാൻ... തുലാവർഷത്തിൽ മഴ കുടിലിന് അകത്താണോ അതോ പുറത്താണോ എന്നതിനൊരു അറുതി വരുത്തണ്ടേ?  തിരിച്ചെത്തിയിട്ടുവേണം കുട്ടിശ്ശങ്കരനെ സ്‌കൂളിൽ ചേർക്കാൻ.

കണ്ണുകൾ അടഞ്ഞു... കൂടെ ചിന്തകളും ഉറങ്ങി. ഉറക്കം ഒരു മാലാഖയെ പോലെ എങ്ങോട്ടോ കൊണ്ടുപോയി... പ്രതീക്ഷകളുടെ ഒരു മായാലോകത്തിലേക്ക്.

------

രാവിലെ ഉറക്കമെഴുന്നേറ്റു. ബാക്കി എല്ലാവരും ഒട്ടുമുക്കാലും തയ്യാറായികഴിഞ്ഞിരുന്നു. പുട്ടും കടലയും തിന്നാനായിരുന്നു ആഗ്രഹം എങ്കിലും കഴിക്കാൻ കിട്ടിയത് ഉണക്കമുന്തിരിയും ബദാമും ആയിരുന്നു. ഓരോ ഉണക്കമുന്തിരിയും, ദാക്ഷായണി ഉണ്ടാക്കിത്തരുന്ന പുട്ടിന്റെ ഉരുള പോലെ സങ്കൽപ്പിച്ചു കഴിച്ചു.

തലേന്ന് ഉണ്ടായ ഉന്മേഷക്കുറവൊക്കെ മാറി. "ഇന്ന് കൊടുമുടി കീഴടക്കണം.. കീഴടക്കും.." എന്നൊരു തോന്നൽ മനസ്സിനെ കീഴടക്കി.

ഗ്രാവിറ്റിയിയും മനുഷ്യമനസ്സും തമ്മിലുള്ള പോരാട്ടം.... ആദ്യത്തെ മൂന്നു പാറകൾ അതികഠിനം ആയിരുന്നു. "മേലോട്ട് കയറുന്നതിനിടയിൽ ഒരു പിടി പാളിയാൽ..." ഇത് പോലത്തെ ചിന്തകൾ വരേണ്ട സമയമല്ലിത്. ദാക്ഷായണിയേയും കുട്ടിശങ്കരനെയും ഓർത്തു. "പിടി പാളരുത്... അവർക്കു വേണ്ടി പിടി പാളരുത്..." എന്ന് പറഞ്ഞ്  മനസ്സിനെ ശാന്തമാക്കി.

ഉച്ചക്ക് രണ്ടു മണി ആയിക്കാണും... കൊടുമുടിയുടെ ഉയരത്തിലെത്താൻ ഇനി ഏതാനും അടികൾ മാത്രം... . കയ്യും കാലും ഒക്കെ തളർന്നെങ്കിലും ലക്ഷ്യത്തിലെത്താനുള്ള അതിയായ ആഗ്രഹം ഒരു ഇന്ധനമായി മാറി. അവസാനത്തെ കാൽവെയ്‌പിന്റെ സമയം ആയി... കൊടുമുടിയിൽ കാൽ വച്ചതും...അതാ അവിടെ മറ്റ് നാല് കാലുകൾ കൂടി ഒരുമിച്ചു വച്ചു...

ഞാൻ ആദ്യം എത്തേണ്ടതായിരുന്നു... എന്റെയൊപ്പം രണ്ടാളും കൂടിയോ... കൊടുമുടിയിൽ ആദ്യം കയറിയ ആൾ എന്ന് എനിക്ക് മാത്രം കിട്ടേണ്ട ബഹുമതി ഒരു കാലടിക്കുള്ളിൽ നഷ്ടപ്പെട്ടെന്നോ....?  മനസ്സൊരു നിമിഷം പതറി...

ലോകത്തിന്റെ ഏറ്റവും നെറുകയിൽ നിൽക്കുമ്പോഴും, ആദ്യം എത്താത്തതിനാൽ വീട് നന്നാക്കാനുള്ള സമ്മാനപ്പണം നഷ്ടപ്പെടുമോ എന്ന ചിന്തയായിരുന്നു മനസ്സിൽ. കഷ്ടിച്ച് ഒരാൾക്ക് നിൽക്കാനുള്ള സ്ഥലമേ അവിടുള്ളൂ. അവിടെയാണ് മൂന്നു പേരും കൂടി നിൽക്കുന്നത്. മറ്റു രണ്ടു പേരും എന്തോ കുശുകുശുക്കുന്നുണ്ടായിരുന്നു. പെട്ടെന്ന്, അതിൽ ഒരുത്തൻ തിരിഞ്ഞു ബൂട്ട്സ് കൊണ്ട് ഒറ്റ ചവിട്ട് ... അതും നെഞ്ചിൽ.... 29000 അടി താഴത്തേക്ക്... ചവിട്ടിന്റെ ഞെട്ടലിൽ നിന്ന് വിട്ടു മാറാത്ത കാരണം ഒരപ്പൂപ്പൻ താടി വീഴുന്ന പോലെ ആണ് ആദ്യം തോന്നിയത്. സുമാർ 10000 അടി താഴേക്ക് വീണിരിക്കും... അപ്പോഴാണ് മരണത്തിലേക്കുള്ള ദൂരം വളരെ കുറവാണെന്ന് ബോധം വന്നത്... അതോ ഞാൻ മരിച്ചുവോ....?

ജീവിതമെന്ന വെളിച്ചത്തിൽ നിന്നും മരണമെന്ന ഇരുട്ടിലേക്കുള്ള യാത്ര. ആ ഇരുട്ട് കണ്ണുകളിലേക്കു തുളച്ചു കയറി... പറ്റാവുന്നത്ര ശബ്ദത്തിൽ ഉറക്കെ അലറി...

"അയ്യോ... അമ്മേ.... എന്നെ രക്ഷിക്കണേ... അയ്യോ.... അയ്യോ...ആ..ആ...."

താഴത്തെത്താൻ ഇനി വെറും 100 അടി മാത്രം. തലച്ചോറും ശരീരവും താഴെയിടിച്ചു ഒരു തണ്ണിമത്തൻ നിലത്തിട്ടാൽ പൊട്ടിച്ചിതറുന്ന പോലെ ചിതറാൻ ഇനി സെക്കൻഡുകൾ മാത്രം...

"പ് ധും"

ആ വീഴ്ചയുടെ ശബ്ദവും ഞാൻ അറിഞ്ഞു. ഇപ്പോൾ ചിന്തിക്കുന്നത് എന്റെ മനസ്സോ അതോ മനസ്സിന്റെ കൂടെ ശരീരവും ഉണ്ടോ? ഒന്നും മനസ്സിലാകുന്നില്ല. കൂറ്റാക്കൂറ്റിരുട്ട്..

---

പെട്ടെന്ന് ശക്തമായ ഒരു പ്രകാശം കണ്ണുകളിൽ പതിച്ചു... സംഹാരരുദ്രയായ ഒരു സ്ത്രീ മുന്നിൽ... ഇത് കാളിയാണോ? ഞാൻ നരകത്തിലാണോ എത്തിയിരിക്കുന്നത്?

പ്രകൃതിയെ പ്രകമ്പനം കൊള്ളിക്കുമാറ് ഒരു ശബ്‍ദം...

"ഹേ മനുഷ്യാ.. എന്താണിത്? എന്തിനിവിടെ വീണു?"

"കാളീ ദേവി... കനിവുണ്ടാകണം... എന്നെ ആ എഡ്‌മണ്ട് എവറസ്റ്റിന്റെ മുകളിൽ നിന്ന് ചവിട്ടി താഴെയിട്ടു. ഞാനാണ് അവിടെ ആദ്യം കയറിയത്. "

"ഏത് എഡ്‌മണ്ട് ?" കാളീ ദേവിയുടെ ശബ്ദം കനത്തു.... ഗാംഭീര്യം കൂടി...

"എഡ്‌മണ്ട്  ഹിലാരി. കൂടെ ആ കള്ളൻ ടെൻസിങ് നോർഗെയും ഉണ്ടായിരുന്നു"

പെട്ടെന്നാണ് അതിരപ്പിള്ളി വെള്ളച്ചാട്ടം വന്നു വീണ പോലെ കുറെ വെള്ളം മുഖത്തേക്ക് വീണു... കണ്ണ് തുറന്നപ്പോഴാണ്,  അത് ദേവി മുഖത്തേക്ക് ഒഴിച്ച വെള്ളം ആണെന്ന് മനസ്സിലായത്.

"മനുഷ്യാ... എഡ്‌മണ്ട്  ഹിലാരി അല്ല... ഹിലാരി ക്ലിന്റനാണ്  നിങ്ങളെ ചവിട്ടി താഴെ ഇട്ടത്.  ഉള്ള സമയം മുഴുവൻ ഇലക്ഷൻ ഇലക്ഷൻ എന്ന് പറഞ്ഞ്  പറഞ്ഞ്  എല്ലാ ഡിബേറ്റ്സും കണ്ട് ഹിലാരിയേയും ട്രമ്പിനെയും സ്വപ്നം കണ്ടോണ്ടു കിടന്നാൽ കട്ടിലീന്ന് വീണു നടുവൊടിയും... പറഞ്ഞേക്കാം..."

"അപ്പൊ എവറസ്റ്റിൽ കയറിയില്ലേ? ദാക്ഷായണി..? കുട്ടിശ്ശങ്കരൻ? ഓല മേഞ്ഞ കുടിൽ... ങേ... ഇതൊക്കെ വെറും സ്വപ്നം ആയിരുന്നോ?" എന്ന്  പതുക്കെ  മനസ്സിൽ പറഞ്ഞു.

"ദാ... തോർത്ത്... മുഖം തുടച്ച് കയറിക്കിടക്ക്.. മനുഷ്യന്റെ ഉറക്കം ശല്യപ്പെടുത്താൻ... ഒരു എവറസ്റ്റും.. എഡ്മണ്ടും... ഹിലാരിയും..  ക്ലിന്റണും....

അങ്ങനെ പർവതാവരോഹണം കഴിഞ്ഞ്  താഴെ എത്തി, എന്ന് ബോധം വന്ന് മുഖം തുടച്ച് ലൈറ്റ് ഓഫ് ചെയ്ത് കട്ടിലിൽ കിടന്നു...

"പണ്ടേ പറഞ്ഞതാ ഹിലാരി ക്ലിന്റനെ ഓർത്ത് കാട് കയറണ്ടാ ന്ന്. എന്നിട്ടിപ്പോ ഇതാ ഇപ്പൊ കാടും കയറി, അതിന്റെ മേലെ എവറസ്റ്റും കയറി വന്നിരിക്കുന്നു"

"നീ ക്ഷമിക്ക്...ഞാനൊന്ന് പറയട്ടെ..."

"ഒന്നും പറയണ്ട.... കുറെ നേരായി പറഞ്ഞതൊക്കെ ഞാൻ കേട്ടു.  ആരാ ഈ ദാക്ഷായണീ.... പിന്നെ കുട്ടിശ്ശങ്കരനും? നിങ്ങളെ നാളെ ഞാൻ ശരി ആക്കുന്നുണ്ട്... "

"അയ്യോ..ഇതിലും ഭേദം പാതാളത്തിൽ പോയി വീണാൽ മതിയായിരുന്നു.."

2016, ജൂൺ 27, തിങ്കളാഴ്‌ച

ആറാം തമ്പുരാന്റെ ദോശ

ദോശ...

ആഗ്രഹിക്കും തോറും കിട്ടാതെ പോകുന്ന മഹാഭക്ഷണം.

അലഞ്ഞിട്ടുണ്ട്... അതും തേടി...

സ്വപ്നത്തിൽ പല പലഹാരങ്ങളും  കഴിക്കുന്നതോർത്തു കിടന്നവന് പെട്ടെന്നൊരു വെളിപാടുണ്ടാകുന്നു..

എന്താ ?

അടുക്കളയിലേക്ക് വച്ചുപിടിക്കാൻ...

എന്തിനാ?

മസാലദോശ തിന്നണം..

അടുക്കള... അവിടെ ചെന്നു പെട്ടത് പഴയ ഒരു സിംഹിയുടെ മടയിലായിരുന്നു...

അവിടെ ഒരു കയ്യിൽ ഫോണും മറുകയ്യിൽ ചട്ടുകവുമായി ഭാര്യ നിൽക്കുന്നു...

ആവശ്യം അറിയിച്ചു...

ദക്ഷിണ വക്കാൻ പറഞ്ഞു..

സ്വപ്നം കണ്ടു കിടന്നവന്റെ ഓട്ടക്കീശയിൽഎന്താ ഉള്ളത്?

ങേ.. ഒന്നുമില്ല

വട്ടത്തിലുള്ള ദോശ ആദ്യം ഉണ്ടാക്കിത്തന്ന അമ്മയെ മനസ്സിൽ  ധ്യാനിച്ചുകൊണ്ട്, "വിശപ്പ്‌" രാഗത്തിൽ ഒരു സാധനം അങ്ങട് അലക്കി...

"ദോശ ഇണ്ടാക്കി തരുവോ? വിശന്നിട്ടു വയ്യ.... പ്ലീസ്...പ്ലീസ്..."

പാടി മുഴുമിക്കാൻ വിട്ടില്ല...

ഭാര്യ ഫ്ലാറ്റ്...

ചട്ടുകം ആഞ്ഞു വീശി അലറി....

"മനുഷ്യാ.... അരമണിക്കൂറാകും. വിളിക്കാം ആവുമ്പൊ "

പിന്നെ ഹൃദയത്തിൽ മസാലദോശയും ചമ്മന്തിയുമായി പത്ത് മിനിറ്റ്...

വീട്ടിലാകെ കരിഞ്ഞ മണം...

ഫോണിൽ ആരോടോ കരഞ്ഞുകൊണ്ടിരുന്നപ്പോൾ ദോശ കരിഞ്ഞതറിഞ്ഞില്ല.

വിശപ്പ് സഹിക്കവയ്യാതെ പേപ്പർ വായിക്കുമ്പോൾ ആണ്  അതിൽ  കാണുന്നത്

Brexit

കരിഞ്ഞ ദോശയുള്ള ആ കരിഞ്ഞ ദോശക്കല്ലിൽ ഒരു തുള്ളി പച്ചവെള്ളം തളിച്ച് ഭാര്യയോട് പറഞ്ഞു....

"BRexit... ഞാൻ പോകുവാണ്...."

ഫോൺ ചെവിയിൽ നിന്നെടുത്ത് ഭാര്യ ചോദിച്ചു

"എന്ത്... BRexit? അതെന്താ സാധനം?"

"BhaRthaav exit. ഞാൻ പുറത്തു  പോയി ബ്രേക്ക്ഫാസ്റ് കഴിക്കാൻ പോകുവാണ്. ഫോണിൽ ചിലച്ചോണ്ടു നിക്കുമ്പോൾ ദോശക്കല്ല് കരിഞ്ഞത് കണ്ടുവോ? "

"അയ്യോ....എന്റെ  ദോശക്കല്ല്...  എന്റെ ദോശ..... മനുഷ്യാ നിങ്ങൾക്കു ഒന്നു പറഞ്ഞൂടെ... ദോശ കരിയ്ണ് ണ്ട് ന്ന്"

അന്നവർ പുറമെ നിന്ന് Bagel വാങ്ങി കഴിച്ചു...

[Brexit: Britain European Union ൽ നിന്നും പുറത്തു പോയ സ്ഥിതി]

2016, ജൂൺ 17, വെള്ളിയാഴ്‌ച

പുഷ്പാന്ജലി

ദാക്ഷായണി രാവിലെ അമ്പലത്തിൽ പോയി...  പൂജാരിയെ കണ്ടു.

"എന്താ ഇന്ന് പ്രത്യേകിച്ച് നേരത്തെ തന്നെ?"

"ഒരു പുഷ്പാന്ജലി കഴിക്കണം"

"പിറന്നാളാണോ വിശേഷം?"

"അതെ"

"മോന്റെയാണോ അതോ ഭർത്താവിന്റെ ആണോ?"

"ഛെ... അവരുടെയൊന്നും അല്ല...വേറെ ആളിന്റെയാ.."  നാണം മൂത്ത് കാൽ വിരലുകൾ കൊണ്ട് വട്ടം വരച്ചു..

അത് കേട്ടപ്പോൾ, പിന്നെ പൂജാരി കൂടുതൽ ഒന്നും ചോദിച്ചില്ല... പേരില്ലാതെ തന്നെ പുഷ്പാഞ്ജലി കഴിച്ചു. എങ്കിലും ഇത് ആരുടെ ആയിരിക്കും എന്നൊരു ജിജ്ഞാസ ആ മുഖത്ത് ഉണ്ടായിരുന്നു.

"നാള് ഏതാ"

"ചിത്തിര"

പൂജാരി പുഷ്പാഞ്ജലി കഴിച്ച് ശ്രീകോവിലിൽ നിന്ന് പുറത്തു വന്നു...  പ്രസാദം കൊടുക്കലും ദക്ഷിണ കൊടുക്കലും ഒക്കെ കഴിഞ്ഞു... പൂജാരി ചോദിച്ചു...

"കുട്ടീ, ചോദിക്കാണ്ടിരിക്കാൻ പറ്റണില്ല... ഇത് ആര് ടെയാ.. പേരെന്താ ആൾടെ"

അത് കേട്ട ഉടനെ, ദാക്ഷായണി ധൃതിയിൽ അമ്പലത്തിനു പുറത്തേക്കു നടന്നു....

"ഛെ...കാലത്തിന്റെ ഒരു പോക്കേയ്... ഇങ്ങനെ ഒക്കെ പോയാൽ കുടുംബങ്ങൾ ഒക്കെ തകർന്നു പോകുമല്ലോ" എന്നോർത്ത് പൂജാരി നടന്നു പോകുന്ന ദാക്ഷായണിയെ നോക്കി നിന്നു."

ദാക്ഷായണി അമ്പലത്തിനു പുറത്തെത്തി. ഒന്ന് കൂടി തൊഴാൻ തിരിഞ്ഞു നിന്നപ്പോൾ കണ്ടത്, ശ്രീകോവിലിന്റെ അടുത്ത്  അവിടെ തന്നെ നില്ക്കുന്ന പൂജാരിയെ...

"എന്താ കുട്ടീ ആൾടെ പേര്?"

ഇത്രയും ചോദിച്ച സ്ഥിതിക്ക് ദാക്ഷായണി ആൾടെ പേര് പറയാൻ തീരുമാനിച്ചു...

"വേറാരോടും ഇത് പറയരുത്"

"ഇല്ല പറയില്ല... സത്യം"

"ഡൊണാൾഡ് ട്രംപ്"

പേര് പറഞ്ഞതും, ദാക്ഷായണി റോക്കറ്റ് വിട്ട പോലെ വേഗം വീട്ടിലേക്ക് ഓടി...

"ങ്ഹെ... ഇതാരാടപ്പാ...? ഈ പേരുള്ള ഒരാള് ഈ ഗ്രാമത്തിൽ ഇത് വരെ ഉണ്ടായിട്ടില്ലല്ലോ...?" പൂജാരി മൂക്കത്ത്  വിരൽ   വച്ച് ആലോചിച്ചു...

"നാളെ ആ കുട്ടിയെ ശരിക്കും ഒന്ന് ഉപദേശിക്കണം..."

[ജാമ്യം: സത്യമാണോ നുണയാണോ എന്നറിയില്ല.... ഈ ലിങ്കിൽ ഉള്ളത് കണ്ടപ്പോൾ തോന്നിയത്...  http://qz.com/706357/at-donald-trumps-birthday-party-in-india-the-journalists-outnumbered-fans/]

2016, ജൂൺ 12, ഞായറാഴ്‌ച

അഡോബിന്റെ തകർച്ച

മാന്യപ്രേക്ഷകർക്ക് വായാടിയിലേക്ക് സ്വാഗതം... (കണ്ണാടി ക്ലോസ്ഡ്, ഇപ്പോൾ വായാടി)

അമേരിക്കയിലെ കാലിഫോർണിയൻ കന്പനി ആയ അഡോബ് സിസ്റ്റംസ് തകർച്ചയിൽ...

കന്പനിയിലുള്ള 5600 പേരിൽ, 40% ആൾക്കാരെ പിരിച്ചുവിടും എന്ന് കന്പനി സി ഇ ഓ ഇന്നലത്തെ പ്രസ് മീറ്റിങ്ങിൽ അറിയിച്ചു. കഴിഞ്ഞ മൂന്ന് ആഴ്ചകളിൽ കന്പനിയുടെ വരുമാനം ഗണ്യമായി കുറഞ്ഞതാണ് ഈ കടുത്ത തീരുമാനത്തിന് കാരണം എന്ന്  സി ഇ ഓ ഊന്നി ഊന്നി പറഞ്ഞു.

കാലിഫോർണിയയിലെ San Jose ഹെഡ് ക്വാർട്ടെർസ് ആയിട്ടുള്ള അഡോബ് കഴിഞ്ഞ 2 കൊല്ലമായി വളരെ വളരെ നല്ല ലാഭത്തിൽ ആയിരുന്നു പോയിക്കൊണ്ടിരുന്നത്. പക്ഷെ കഴിഞ്ഞ മൂന്ന് ആഴ്ചകൾക്കുള്ളിൽ ഉണ്ടായിട്ടുള്ള തകർച്ച കാരണം, കന്പനിയിലെ വളരെ അധികം ഇന്ത്യാക്കാരുടെ, പ്രത്യേകിച്ച് കുറെ മലയാളികളുടെ ജോലി പോകും എന്നാണ്, സ്ഥിരീകരിക്കാൻ കഴിയാത്ത ചില കേന്ദ്രങ്ങളിൽ നിന്നും അറിഞ്ഞിട്ടുള്ളത്. San Jose ഭാഗത്തുള്ള വീടുകളുടെ വില ഇടിയാനും അതൊരു റിയൽ എസ്റേറ്റ് ക്രാഷ് ഉണ്ടാക്കാനും സാദ്ധ്യത ഉള്ളതായി അഭിപ്രായം ഉണ്ട്.

കഴിഞ്ഞ 10 കൊല്ലമായി അഡോബ് സിസ്ടംസിൽ ജോലി ചെയ്യുന്ന തൃശ്ശൂർ പട്ടിക്കാട് സ്വദേശി കുട്ടപ്പൻ മാനസികമായി തകർന്നിരിക്കുകയാണ്‌. "അധ്വാനിച്ചുണ്ടാക്കിയ വീടും കുടീം പോകും.. വീട് പോയാലും കുഴപ്പല്ല്യ. പക്ഷെ കുടി... അതില്ലാതെയുള്ള ഒരു ദിവസം ആലോചിക്കാൻ പറ്റണില്ല". കുട്ടപ്പൻ വിതുന്പിക്കൊണ്ട് തന്റെ കാറിൽ കയറി. മലയാളികളെ കൂടുതൽ പിരിച്ചുവിടുന്നുണ്ടോ എന്ന് ചോദിച്ചപ്പോൾ "ഉണ്ട്" എന്ന് തന്നെയാണ് കുട്ടപ്പൻ പറഞ്ഞത്. കണ്ണൂർ, തൃശ്ശൂർ ഭാഗത്തുള്ള ആൾക്കാരെ ആണ് കൂടുതൽ ഈ പ്രശ്നം ബാധിച്ചിരിക്കുന്നതത്രേ.

വളരെ കാലമായി ലാഭമുണ്ടാക്കാൻ ബുദ്ധിമുട്ടിയിരുന്ന ഒരു കമ്പനി ആയിരുന്നു അഡോബ് സിസ്റ്റംസ്. അഡോബിന്റെ നല്ല കാലം തുടങ്ങിയത്  ഇന്ത്യയിലെ 2014 ലെ ലോകസഭ തിരഞ്ഞെടുപ്പിന് ഏകദേശം ആറ് മാസം മുന്പ് തൊട്ടാണ്. അഡോബിന്റെ പ്രശസ്തമായ ഫോട്ടോഷോപ്പ് എന്ന ഉല്പന്നം വളരെ അധികമായി ഉപയോഗിച്ച് തുടങ്ങിയ ആ ആറ് മാസക്കാലം കന്പനിയുടെ വളർച്ച എല്ലാ മാസവും മിതമായ 2% എന്ന തോതിൽ  ആയിരുന്നു. പിന്നീട് നരേന്ദ്ര മോഡി അധികാരത്തിൽ വന്ന ദിവസം തൊട്ട് ആ വളർച്ച 10% ആയി ഉയർന്നു.

രണ്ടു വർഷമായി ഉണ്ടായിക്കൊണ്ടിരുന്ന വളർച്ചക്ക് ഒരു വിരാമമിട്ടത് ഇക്കൊല്ലം മെയ് 19 നായിരുന്നു. അന്ന് മുതൽ ഫോട്ടോഷോപ്പ് ഉല്പന്നത്തിന്റെ ഉപഭോഗം 80% ത്തോളം ഇടിഞ്ഞതായി കാണപ്പെട്ടു. അതിനു 2 മാസം മുന്പ് മാർച്ച് 2016 മുതൽ തന്നെ, ഫോട്ടോഷോപ്പ് ഉപഭോഗത്തിൽ ഗണ്യമായ കുറവ് കണ്ടു തുടങ്ങിയിരുന്നു. ഇത്തരത്തിൽ ഉള്ള ഒരു വ്യതിയാനം എന്ത് കൊണ്ടാണെന്ന് പരിശോധിച്ച കന്പനി ഫൈനാൻഷ്യൽ ഓഫീസർ കണ്ടെത്തിയ വളരെ വലിയ അദ്ഭുതം "കേരളത്തിൽ ഒരു ഭരണമാറ്റം വന്നത് 2016 മെയ്‌ 19 നാണ്" എന്നതാണ്.

എന്താണ് ഭരണമാറ്റവും ഫോട്ടോഷോപ്പ് ഉപഭോഗവും തമ്മിലുള്ള ബന്ധം എന്ന് ചോദിച്ചപ്പോൾ, "ഞങ്ങൾ പരിശോധിച്ച് കൊണ്ടിരിക്കുകയാണ്,  അതിനിപ്പോൾ ഉത്തരം പറയാൻ പറ്റില്ല." എന്ന്  പറഞ്ഞു ഒഴിഞ്ഞുമാറുകയാണ് ഉണ്ടായത്.

എന്ത് കൊണ്ടാണ് കണ്ണൂർ, തൃശ്ശൂർ സ്വദേശികളെ പിരിച്ചുവിടുന്നത് എന്ന് ചോദിച്ചതിനും അദ്ദേഹം വ്യക്തമായ മറുപടി തന്നില്ല. "കഴിഞ്ഞ 3 ആഴ്ചയിൽ ഈ ലോകത്തിൽ, കേരളത്തിൽ മുഴുവനും പ്രത്യേകിച്ച് കണ്ണൂരും തൃശ്ശൂരും ആണ് ഫോട്ടോഷോപ്പിന്റെ ഉപയോഗം ഏറ്റവും കുറഞ്ഞിരിക്കുന്നത്. ഇത് അഡോബിനെ അട്ടിമറിക്കാൻ തദ്ദേശവാസികളുടെ ശ്രമം ആണോ എന്ന ഒരു സംശയം ഉണ്ട്. പക്ഷെ അതൊന്നും കണ്ണൂരുകാരേയോ തൃശ്ശൂരുകാരേയോ പിരിച്ചുവിടുന്നതിനുള്ള ഒരു മാനദണ്ഡം അല്ലേയല്ല"

പക്ഷെ ശശി തരൂരിന് പറയാനുള്ളത് തികച്ചും വ്യത്യസ്തമായിരുന്നു...   "നാം സോഫ്റ്റ്‌ വെയർ അധികം ഉപയോഗിച്ചിരുന്നത് പെട്ടെന്ന്  നിർത്തിയത് ആണ് അഡോബിനു പ്രശ്നം  ആയത്. അതാണ്‌ ഇന്ത്യയുടെ സോഫ്റ്റ്‌ പവർ. സോഫ്റ്റ്‌ പവർ ഫ്രം സോഫ്റ്റ്‌ വെയർ"

"അഡോബിന്റെ തകർച്ച" യെ പറ്റി രണ്ടു വാക്ക് പറയുമോ എന്ന് ചോദിച്ചപ്പോൾ ഏതോ ഒരു സംസ്ഥാനത്തിലെ ഏതോ ഒരു മന്ത്രിക്ക് പറയാനുള്ളത് മറ്റൊന്നായിരുന്നു. "ഇയ്യോബിന്റെ പുസ്തകം എന്ന സിനിമ കണ്ടപ്പോഴാണ് ഞാൻ ആദ്യമായി അഡോബിനെ പറ്റി അറിഞ്ഞത്. എന്തൊരു നല്ല കെട്ടിടം ആയിരുന്നു. അതിന്റെ ഇരുപതാമത്തെ നിലയിൽ നിന്നാൽ കൊച്ചി മുഴുവൻ കാണാമായിരുന്നു"

[ജാമ്യം: അഡോബ് എനിക്ക് പണി തരരുത്... അവിടെ ആൾക്കാരെ പിരിച്ചു വിടുന്നുണ്ടോ ഇല്ലയോ എന്നൊന്നും എനിക്കറിയില്ല. 2016 കേരള നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം സോഷ്യൽ മീഡിയയിൽ കാണുന്ന ശാന്തത... ഫോട്ടോഷോപ്പ് പോസ്റ്റുകളിലെ ഗണ്യമായ കുറവ്... പലർക്കും വന്നിരിക്കുന്ന പക്വത...  കഴിഞ്ഞ 2 കൊല്ലത്തിൽ മോഡിയെ തെറി പറഞ്ഞുള്ള പോസ്റ്റുകളിൽ ഏറ്റവും കുറവ് ഈ കഴിഞ്ഞ 3 ആഴ്ചകളിൽ ആണെന്ന് തോന്നുന്നു. ഇനി കുറച്ചു കോണ്ഗ്രസ്കാര് കൂടി ദിവസേന ശർദ്ദിച്ചു കൊണ്ടിരിക്കുന്നുണ്ട്‌... അവർക്കും ഏതെങ്കിലും ഒരു സംസ്ഥാനത്തിൽ അധികാരം കിട്ടട്ടെ... പക്വത കൈ വരിക്കട്ടെ.. എന്നാശംസിക്കുന്നു.]

2016, ജൂൺ 9, വ്യാഴാഴ്‌ച

ലൈബ്രറി

"ചേട്ടാ, ഇപ്പൊൾ എവിടെയാ?"

"ഞാൻ ലൈബ്രറീല്.. എന്താ?"

"നമ്മടെ ലോക്കൽ കമ്മിറ്റി പ്രസിഡണ്ട്‌ വന്നിട്ടുണ്ട്... നിങ്ങളെവിടെയാ എന്ന് ചോദിച്ചു..."

"നീയെന്ത് പറഞ്ഞു?"

"ഞാനെന്ത് പറയാൻ? നിങ്ങള് രാവിലെ തന്നെ ചാടി ഓടി പോണ കണ്ടപ്പോൾ ഇന്ന് വല്ല പാർട്ടി പ്രകടനവും ഉണ്ടാകും എന്ന് കരുതി... പിന്നെ ഞാൻ ഒരു കാര്യം പറയാം... ഈ ജാതി മനുഷ്യന്മാരെ ഒക്കെ വീട്ടിൽ കയറ്റിയാ എന്റെ സ്വഭാവം മാറും.."

"അതിനെന്തു പറ്റി... പ്രസിഡണ്ട് ആള് ഡീസന്റ് അല്ലേ?"

"അതെയതെ.. അങ്ങനെ ഒക്കെയായിരുന്നു വിചാരിച്ചിരുന്നത്"

"എന്നിട്ട് ഇപ്പോൾ എന്ത് പറ്റി?"

"ചിരവ മുട്ടി എടുത്തു ഒരെണ്ണം കൊടുക്കാൻ തോന്നി... നശൂലം.. എന്നോട് ചോദിക്ക്യാ സാധനം കയ്യിലിണ്ടോന്നു? അതും താഴേക്ക് നോക്കാൻ പാടില്ലാത്ത സ്ഥലങ്ങളിലേക്ക് നോക്കീട്ട്"

"ഞാനിപ്പോൾ തന്നെ വരാം"

"ഞാൻ ചോദിച്ചു..എന്ത് സാധനാന്ന്.. ചേട്ടൻ ഇവിടെ എന്തെങ്കിലും സാധനം തന്നു വച്ചിട്ടുണ്ടോ എന്ന് ചോദിച്ചു? അതോണ്ടാ ഞാൻ വിളിച്ചേ.."

"ശരി.. ഞാനിതാ ഇറങ്ങി കഴിഞ്ഞു.. ലൈബ്രറീന്ന്"

"എന്താ നിങ്ങള് തമ്മിലുള്ള കച്ചവടം? കുപ്പിയാ? സാധാരണ അതല്ലേ പതിവ്?"

അഞ്ചു മിനിട്ട് കഴിഞ്ഞിട്ടുണ്ടാകും.. മേലാകെ മാറാലയും നിറച്ചു പൊടിയും ആയി ഒരാള് വീട്ടിലെത്തി... സൈക്കിൾ നല്ല പരിചയം... ഭാര്യ സൈക്കിൾകാരനെ തുറിച്ചു നോക്കി...

ജില്ലറ്റ് ബ്ലേഡുകൊണ്ട് ഷേവ് ചെയ്യുന്ന പോലെ ചൂണ്ടു വിരൽ  കൊണ്ട് കണ്ണിലും കവിളിലും ഉള്ള  മാറാലയും പൊടിയും ഒക്കെ വടിച്ച്‌ കളഞ്ഞു...

"ഓ, നിങ്ങളായിരുന്നോ? ഇതെന്ത്  പറ്റി? ലൈബ്രറീല് മാറാല കളയണ പണി ഏറ്റെടുത്തോ? മനുഷ്യന്റെ ഓരോ പുകിലുകള്" എന്നും പറഞ്ഞ് ഭാര്യ വടക്കോട്ട്‌ തിരിഞ്ഞു നിന്നു.

ഭർത്താവ് പ്രസിഡന്റിന്റെ അടുക്കലെത്തി

"ഇതെന്തു കോലമാണെടോ?

"സാറ് വന്നിട്ട് കുറെ നേരായോ?"

"അതൊക്കെ പോട്ടെ... എടോ.. സാധനം കയ്യിലുണ്ടോ?"

"ഇല്ല സാറെ നമുക്ക് വേണ്ടത് കിട്ടിയില്ല.. എന്നാലും കിട്ടി" എന്ന് പറഞ്ഞ് ഒരു വലിയ കടലാസ് പ്രസിഡന്ടിനു കാണിച്ചു കൊടുത്തു

"ഇതില് കാര്യല്ല്യ. ഇത് നമുക്ക് കിട്ടിയതാണല്ലോ.. സംഭവം നടന്നതിന്റെ കാര്യങ്ങൾ ഇന്റർനെറ്റിലും ഇണ്ട് "

"കുറെ നേരം നോക്കി സാറേ.. പൊടി കാരണം തുമ്മി തുമ്മി ഒരു പരുവം ആയി"

"അപ്പൊ... അറുപത്തി ആറിലും മേലെ ചെയ്തതായി എഴുതിയ ഒന്നും കിട്ടീല്ല്യ.. ല്ലേ"

"ഇല്ല്യ സാറേ... കിട്ടീല്ല്യാ"

പ്രസിഡണ്ട് നിരാശനായി അവിടെ നിന്ന് യാത്രയായി...

ഭർത്താവ് വീടിനുള്ളിലേക്ക് കയറാൻ തുടങ്ങി..

ഒരു കൈ കൊണ്ട് ഭാര്യ തടഞ്ഞു..

"എന്താണീ സാധനം? എന്ത് സാധനാണ് നിങ്ങള് രണ്ടു പേരും നോക്കണത്?"

"ഞാനൊന്നു കുളിച്ചു വരട്ടെ.. എന്നിട്ട് പറയാം..."

"കുളീം തേവാരോക്കെ ഉത്തരം പറഞ്ഞിട്ട് മതി"

"ശരി പറയാം.. ഇത്തിരി വെള്ളം താ കുടിക്കാൻ"

"എന്താണീ അറുപത്തി ആറിന്റെ കളി?" പുതിയ കുപ്പി ബ്രാണ്ടാ?"

"നീ എന്നെ കൊണ്ട് പറയിപ്പിച്ചേ അടങ്ങൂ അല്ലേ?"

"അതെ"

"മോഡി അമേരിക്കയിൽ പോയി അവിടുത്തെ കോണ്ഗ്രസ്സിൽ പ്രസംഗിച്ചു. അറുപത്തി ആറ് പ്രാവശ്യം കയ്യടി കിട്ടീന്നാ പ്രസിഡണ്ട് പറഞ്ഞത്. പ്രസിഡന്ടിനു അറിയാം നെഹ്രുവും പണ്ട് അവിടുത്തെ കോണ്ഗ്രസ്സിൽ പോയി പ്രസംഗിച്ചിട്ടുണ്ടെന്ന്. പണ്ട് വീഡിയോയും ടി വി യും ഒന്നും ഇല്ലല്ലോ.. പണ്ടത്തെ പത്രത്തിലെങ്ങാനും നെഹ്രുവിന് അറുപത്തി ആറിൽ കൂടുതൽ കയ്യടി കിട്ടിയ വല്ല ലേഖനവും ഉണ്ടോ എന്ന് അന്വേഷിക്കാൻ എന്നെയാണ് ഏൽപ്പിച്ചത്‌. ഞാൻ ലൈബ്രറിയിൽ ആയിരത്തി തൊള്ളായിരത്തി നാല്പത്തി ഒന്പതിലെ ന്യൂസ് പേപ്പേർസിൽ തപ്പി കൊണ്ടിരിക്കുകയായിരുന്നു"

"എന്നിട്ട് അത് കിട്ടീട്ട് എന്തിനാ?"

"കിട്ടിയാൽ, ഫോട്ടോ എടുത്തു അത് പ്രസിഡന്റിന്റെ ഫേസ്ബുക്കിൽ പോസ്റ്റ്‌ ചെയ്യാനാ?"

"നിങ്ങളും നിങ്ങടെ ഒരു പ്രസിഡന്റും... വെറുതെയല്ല നിങ്ങടെ പാർട്ടി ഗുണം പിടിക്കാത്തത്"

"അത്... പിന്നെ...."

"ഇനി ഞാൻ ഒരു കാര്യം ചോദിക്കട്ടെ? ഇവിടെ ഈ ഇന്ത്യാ മഹാരാജ്യത്ത് കോണ്ഗ്രസ് ഉള്ളപ്പോ ഈ മോഡിക്ക് അമേരിക്കയിലെ കോണ്ഗ്രസ്സിന്റെ മുന്നിൽ പോയി പ്രസംഗിക്കണ്ട വല്ല കാര്യം ഉണ്ടോ?"

കേട്ട പാതി കേൾക്കാത്ത പാതി ഭർത്താവ് സൈക്കിളും എടുത്തു പുറത്തിറങ്ങി...

"മനുഷ്യാ നിങ്ങൾക്ക് കുടിക്കാൻ വെള്ളം വേണ്ടേ?"

"ഞാൻ ഇപ്പൊ വരാം...  നീ പറഞ്ഞതിലും ഒരു പോയന്റ് ഇണ്ട്.. അല്ലേലും ഇവിടെ കോണ്ഗ്രസ്സുള്ളപ്പോ മോഡിക്ക് എന്തിനാ അമേരിക്കയിലെ കോണ്ഗ്രസ്സിന്റെ മുമ്പിൽ പോണ്ട കാര്യം. എന്തായാലും ഇത് പ്രസിഡന്റിന്റെ അടുത്ത് ഇപ്പൊ ചോദിച്ചിട്ടന്നെ കാര്യം..."

"വെള്ളം വേണ്ടെങ്കി വേണ്ട..."

"ഞാനിപ്പോ എത്തും,.... കുളിക്കാൻ ഇത്തിരി വെള്ളം ചൂടാക്കിക്കോ..."

2016, മേയ് 23, തിങ്കളാഴ്‌ച

പ്ലാൻ

അതിരാവിലെ കുളിച്ചു കുറിയും തൊട്ട് പുത്തൻ പാന്റും ഷർട്ടും ഇട്ട് കുട്ടപ്പൻ പുറത്തിറങ്ങി. സ്ഥിരമായി കാണാറുള്ള നാഗവല്ലിയെ ഇന്ന് ശരിക്കും ഇമ്പ്രസ്സ് ചെയ്യണം എന്നായിരുന്നു പ്ലാൻ. ബസ്സ്‌ സ്റ്റോപ്പിൽ ചെന്നപ്പോൾ നല്ല തിരക്ക്. ഇതേ പ്ലാൻ ഉള്ള അനവധി കോന്തന്മാർ അവിടെ. ബസ്സ്‌ സ്റ്റോപ്പിൽ സ്ഥലം ഇല്ലാത്ത കാരണം പുറത്ത് മരത്തണലിൽ നിൽക്കേണ്ടി വന്നു. പെട്ടെന്ന്, ഐ എസ് ആർ ഒ യുടെ റോക്കറ്റ് പണ്ടൊക്കെ താഴെ വീഴാറുള്ള പോലെ എന്തോ ഷർട്ടിൽ വന്നു വീണു. നീലക്കളറുള്ള പോളിയെസ്റെർ ഷർട്ടിൽ  ഷോൾഡറിൽ നിന്ന് താഴേക്ക്‌ ഒരു കറുത്ത വര ഒലിച്ചിറങ്ങി.  വേദനക്ക് പകരം ഷോൾഡറിൽ ഒരു തണവ് അനുഭവപ്പെട്ടപ്പോഴാണ് മുകളിലേക്ക് നോക്കിയത്. കാക്കയുടെ പ്ലാൻ ഇതായിരുന്നെന്ന് മനസ്സിലായിരുന്നില്ല.

അങ്ങനെ എന്ത് ചെയ്യണം എന്ന പാരവശ്യത്തിൽ നിൽക്കുമ്പോൾ, അതാ നാഗവല്ലി വരുന്നു. ആരും ആദ്യം നാഗവല്ലിയെ അല്ല നോക്കുക. വഴിയിൽ കിടക്കുന്ന ഉടമസ്ഥനില്ലാത്ത 100 രൂപ നോട്ട് കണ്ടാൽ, 100 രൂപ നോട്ടിനെ ആദ്യം ഒന്ന് നോക്കി, ചുറ്റുപാടും ആരെങ്കിലും ഉണ്ടോ, കാണുന്നുണ്ടോ എന്ന് നോക്കിയിട്ടേ, അതെടുക്കൂ. അത് പോലെ, നാഗവല്ലിയുടെ ചുറ്റും നോക്കി. മുന്നിലും നോക്കി, പിന്നിലും നോക്കി, സൈഡിലും നോക്കി.... സ്ഥിരമായി അവളുടെ കൂടെ വരുന്ന അവളുടെ ചേട്ടൻ, 6 പാക്ക് കിലോക്കട്ടി ദിനേശൻ കൂടെ ഉണ്ടോന്ന്.

ഇല്ലെന്ന് ഉറപ്പായപ്പോൾ ആണ് കാക്കയുടെ പ്ലാനിന്റെ കാര്യം ഓർത്തത്. അപ്പോഴേക്കും കറുത്ത വര ഷോൾഡറിൽ നിന്നും പാന്റിനെ ബെൽറ്റ്‌ വരെ എത്തിയിരുന്നു. നാഗവല്ലി എത്തുന്നതിനു മുമ്പ് ഇത് വൃത്തിയാക്കാൻ പറ്റില്ല. തൊട്ടാൽ ആകെ പ്രശ്നമാകും.

ആരെങ്കിലും ഒരു ചെവിക്ക് അടിച്ചാൽ മറ്റേ ചെവിയും കാണിച്ചു കൊടുക്കണം എന്ന മഹദ് തത്വം അപ്പോൾ ഓർമ്മ വന്നു.അതുപോലെ, ഒരു ഷോൾഡറിൽ പറ്റിയാൽ മറ്റേ ഷോൾഡർ കൂടി കാണിച്ചു കൊടുക്കുക. മുകളിലേക്ക് നോക്കിയപ്പോൾ കാക്കയെ കാൺമാനില്ല. കാക്ക വേറെ ഒരു സ്ഥലത്ത് മാറിയിരിക്കുന്നു. കാക്ക ഇരിക്കുന്നിടത്ത് പോയി അതിന്റെ അടിയിൽ നിന്നു. രണ്ടു വശത്തും കറുത്ത ലൈൻ വരുത്തുക എന്നതായിരുന്നു പ്ലാൻ. അങ്ങിനെ വന്നാൽ വൃത്തികേട് അറിയില്ലായിരിക്കും എന്നൊരു തോന്നൽ.

കാക്കക്കറിയുമോ നമ്മുടെ പ്ലാൻ. നമുക്കറിയുമോ കാക്കയുടെ പ്ലാൻ?

കാക്ക കാക്കേടെ വഴിക്ക് പറന്ന് പോയി.

നാഗവല്ലി അതിനിടയിൽ ബസ്സിൽ കയറി പോയി..

കാക്കക്കും എന്നെ വേണ്ട നാഗവല്ലിക്കും എന്നെ വേണ്ട എന്നോർത്ത് വിഷമിച്ച് കുട്ടപ്പൻ വീട്ടിലും പോയി.

വീടിന്റെ മുറ്റത്ത് എത്തിയപ്പോൾ അവിടെ അച്ഛൻ ...

"എന്താടാ ഇന്ന് നേരത്തെ എത്തിയല്ലോ. ഇങ്ങനെ തെക്ക് വടക്ക് നടന്നാൽ മതിയോ... ജീവിതത്തിന് ഒരു അടുക്കും ചിട്ടയും ഒരു പ്ലാനും ഒക്കെ വേണ്ടേ"

ഉണ്ടാക്കിയ പ്ലാനുകൾ ഒന്നും നടക്കുന്നില്ല...

അച്ഛനോട് ചോദിച്ചു...

"ക്യോംപ്ലാൻ" (Complan അല്ല. അതായത് "क्यों പ്ലാൻ?" "എന്തിനാ പ്ലാൻ?" )

പുറത്തു നിന്ന് "കാ കാ" ശബ്ദം....

നോക്കിയപ്പോൾ ബസ് സ്റ്റോപ്പിൽ  ഉണ്ടായിരുന്ന കാക്ക മുറ്റത്തെ മാവിൻ കൊമ്പിൽ...

"കാക്കേ നീ വീണ്ടും പ്ലാൻ ചെയ്യാൻ വന്നതാണോ?"

വേഗം വീടിനുള്ളിലേക്ക് ഓടിക്കയറി.

എങ്കിലും പ്ലാനുകൾ വേണ്ട പോലെ വർക്ക് ചെയ്യിപ്പിക്കുന്ന കാക്കയോടു ഒരു ബഹുമാനം തോന്നാതിരുന്നില്ല.

====

ജാമ്യം: ജീവതത്തിൽ പ്ലാനിംഗ് വേണ്ടതിന്റെ ആവശ്യകതയെ പറ്റി കുറച്ചു സുഹൃത്തുക്കൾ ചെയ്തിരുന്ന ഒരു ചർച്ച ആണ് ഇതെഴുതിപ്പിക്കാൻ തോന്നിയത്. ഇത് ഒരു കഥ മാത്രം. ജീവിതത്തിൽ കുറച്ചൊക്കെ ഒരു പ്ലാനിംഗ് വേണം എന്ന അഭിപ്രായം തന്നെയാണ് എനിക്കുള്ളത്.




2016, മേയ് 8, ഞായറാഴ്‌ച

ഫോൺവിളി


രാവിലെ അഞ്ചരക്ക് തന്നെ ആദ്യത്തെ ഫോൺ വന്നു...

"ട്ര്ർ ട്ര്ർ"

അത് കേട്ട്

"അയ്യോ... എന്റെ കാശ് പോയേ.. എന്റെ കാശ് പോയേ..." എന്ന് ഓളിയിട്ട് ഞെട്ടി എഴുന്നേറ്റു.

പണ്ട് ആന ചവിട്ടാൻ വരുന്നതും പാമ്പ് കടിക്കാൻ വരുന്നതും കള്ളൻ കയറുന്നതും ഒക്കെ ആയിരുന്നു പേടി സ്വപ്‌നങ്ങൾ. കാലത്തിനൊത്ത് നമ്മുടെ സ്വപ്നങ്ങളും മാറണ്ടേ? ആരോ ബാങ്ക് അക്കൌണ്ട് ഹാക്ക് ചെയ്ത് കാശൊക്കെ അടിച്ചോണ്ട് പോകുന്ന ഒരു ന്യൂ ജെനെറേഷൻ സ്വപ്നത്തിൽ നിന്ന് ഞെട്ടി എഴുന്നേറ്റു.  അപ്പുറത്ത് കിടക്കുന്ന സഹധർമിണിയെ നോക്കി... ആകാശത്തേക്ക് നോക്കി ഇരിക്കുന്ന ഡിഷ് ആന്റീന പോലെ വായ തുറന്നു വച്ച്, ഷഡ്ജത്തിലും  ഋഷഭത്തിലും നല്ല കൂർക്കം വലി... ഫോൺ അടിക്കണതു പോയിട്ട് കരണക്കുറ്റിക്ക് അടിച്ചാൽ പോലും അറിയാത്ത ഗാഡനിദ്ര.

കൈ നീട്ടി ഫോൺ എടുത്ത് പാതി മയക്കത്തിൽ  സംസാരിച്ചു.

"ഹലോ... ഇത് ഞാനാ.."

"നിനക്കെന്നെ മനസ്സിലായില്ലേ?"

"അയ്യോ... അമ്മേ... സോറി.. ഉറക്കത്തിലായിരുന്നു.. എണീറ്റിട്ടില്ല"

"എനിക്കറിയാം.. നീ എണീറ്റിട്ടുണ്ടാവില്ല എന്ന്. ഇക്കൊല്ലം ഞാൻ തന്നെ ആദ്യം വിളിക്കും എന്ന് കഴിഞ്ഞ കൊല്ലം ഒരു നേർച്ച ഇണ്ടായിരുന്നു. അതുകൊണ്ടാ നേരത്തെ തന്നെ വിളിച്ചത് "

"ങേ.. നേർച്ചയോ? എവിടെ?".

"അതൊക്കെ പോട്ടെ, മോനേ, കൺഗ്രാജൂലേഷൻസ്"

"നന്ദി അമ്മേ.. ഞാൻ പിന്നെ വിളിക്കാം. ഉറക്കം കഴിഞ്ഞിട്ടില്ല്യാ"

"ഡാ, അവള് എണീറ്റില്ലേ?"

ആ ചോദ്യത്തിൽ ഒരു അമ്മായി അമ്മ ഒളിഞ്ഞു കിടന്നിരുന്നോ എന്നൊരു സംശയം..

"ഇത്ര നേരായിട്ടും ഇവൾക്ക് എന്താ ഇത്ര ഉറക്കം. ഞാനൊക്കെ മൂന്ന് മൂന്നരക്ക് എണീക്കാറുണ്ടായിരുന്നു"  എന്ന് കേട്ടുവോ കേട്ടില്ലേ എന്നൊരു സംശയം ഇല്ലാതില്ല.

"ഇല്ലമ്മേ... സമയം അഞ്ചര അല്ലെ ആയിട്ടുള്ളൂ.. അവളുറങ്ങട്ടെ"

"എന്നാ എന്റെ പുന്നാര മോൻ പോയി അവൾക്ക് ചായ ഉണ്ടാക്കി കൊടുക്ക്‌"

"ശരി അമ്മേ" എന്നും പറഞ്ഞ് വീണ്ടും മൂടി പുതച്ച് കിടന്നു.

അഞ്ചു മിനിട്ട് പോലും ആയിട്ടുണ്ടാകില്ല... അടുത്ത ഫോൺ...

ഷഡ്ജവും ഋഷഭവും ഇങ്ങനെ ആരോഹണവും അവരോഹണവും ആയി മൂർധന്യത്തിൽ എത്താറായി.. അവൾ  ഇപ്പോൾ എണീക്കും എണീക്കില്ല എന്ന ഒരവസ്ഥ.

ഫോൺ നോക്കിയപ്പോൾ പണ്ട് ഒരുമിച്ച് പഠിച്ച ഒരു കൂട്ടുകാരി.... കോളേജ് കഴിഞ്ഞ് വളരെ വർഷങ്ങൾക്ക് ശേഷം ഈയടുത്താണ് വീണ്ടും കണ്ടുമുട്ടിയത്‌.

"എന്റമ്മേ.. ഇവളും ഈ രാവിലെ തന്നെ...?"

സഹധർമിണി രാവിലെ ഉറക്കം എണീറ്റ്‌ വരുമ്പോൾ വേറെ വല്ല പെണ്ണുങ്ങളുമായി സംസാരിക്കുന്നത് കണ്ടാൽ ഉണ്ടാകുന്ന പുകിൽ ഓർത്ത് വേഗം തന്നെ കിടക്കയിൽ നിന്ന് എണീറ്റ് അടുത്ത മുറിയിലേക്ക് നടന്നു.

"ഹലോ... "

"അപ്പോഴേ.. കൺഗ്രാജുലേഷൻസ്. ചെലവ് വേണം കേട്ടോ"

"ശരി..ശരി.. ഒക്കെ തരാം. എന്റെ ഉറക്കം കഴിഞ്ഞിട്ടില്ല.. ഞാൻ പിന്നെ വിളിക്കാം"

"സഹധർമിണി എണീറ്റില്ലേ?"

"ഇല്ല... നീ ഇപ്പൊ ഫോൺ വക്ക്"

അങ്ങനെ അതും കഴിഞ്ഞു. ഇനി ഉറങ്ങാൻ പറ്റില്ല.

അന്നും പതിവ് പോലെ പല്ല് തേക്കാൻ തുടങ്ങി...

അപ്പോൾ അതാ അടുത്ത ഫോൺ...

അത് അമ്മായിഅമ്മയുടെ ഫോൺ..

"മോനെ.. കൺഗ്രാജുലേഷൻസ്... വിളിക്കാൻ ഇത്തിരി വൈകിപ്പോയി..സോറി"

"താങ്ക് യു... ഇല്ലില്ല.. വേറെ ആരും ഇത് വരെ വിളിച്ചിട്ടില്ല. അമ്മ തന്നെ ആണ് ഇന്ന് ആദ്യം വിളിച്ചത്".  വേണ്ട കാര്യങ്ങൾ വേണ്ട രീതിയിൽ മാറ്റി  പറഞ്ഞില്ലെങ്കിൽ ചിലപ്പോൾ കാര്യം നിസ്സാരമായി തോന്നുമെങ്കിലും പ്രശ്നം ഗുരുതരം ആകും

ഇങ്ങനെ, രാവിലെ തീന്മേശക്ക് മുമ്പിൽ എത്തുന്നതിന് മുമ്പ് തന്നെ ഇരുപത് ഫോൺ കാൾ എങ്കിലും വന്നു കാണും.

"താങ്ക്യൂ താങ്ക്യൂ താങ്ക്യൂ" എന്ന് പറഞ്ഞ് പറഞ്ഞ് നാവ് വളഞ്ഞു കുഴഞ്ഞു.

സാധാരണ ദിവസങ്ങളിൽ "മണിച്ചിത്രത്താഴ്" സ്റ്റൈലിൽ കാണുന്ന സഹധർമിണി ഇന്ന് "പൂമുഖ വാതിൽക്കൽ സ്നേഹം തുളുമ്പുന്ന പൂന്തിങ്കൾ" പോലെ കാണപ്പെട്ടു.

എല്ലാ വെള്ളിയാഴ്ചയും രാവിലെ, ആരോഗ്യത്തിന്റെ പര്യായം ആയ "ഓട്സ്" ആണ് ഭക്ഷണം... ഇന്നാണെങ്കിൽ ദോശ, ഇഡ്ഡലി, പൂരി ഒക്കെ ഉണ്ട് ബ്രേക്ക്‌ഫാസ്റ്റിന്.

ചട്ണി കൂട്ടി ഇഡ്ഡലി തിന്നുമ്പോൾ ജനലിലൂടെ പുറത്തേക്ക് നോക്കി...

കിളികളുടെ കളകളാരവം കാതുകളിൽ നിറഞ്ഞു. അണ്ണാൻ കുഞ്ഞുങ്ങൾ ഒരു ചില്ലയിൽ നിന്ന് മറ്റേ ചില്ലയിലേക്ക് ചാടുന്നതിന് തന്നെ എന്തൊരു ഭംഗി. കുരുവികൾ കൊക്കൊരുമ്മുന്നു. പ്രകൃതി തന്നെ സന്തോഷം കൊണ്ട് നൃത്തം ചെയ്യുന്നത് പോലെ തോന്നി.

ഭാര്യയും, അമ്മയും, അച്ഛനും, അമ്മായി അമ്മയും/അച്ഛനും, ചേട്ടനും ചേച്ചിയും, കൂട്ടുക്കാരികളും, കിളികളും, പ്രകൃതിയും, കാരി കൂരി കുഞ്ഞുങ്ങളും ഒക്കെ സന്തോഷത്തിലാണ്... ഈ അവസ്ഥ കണ്ടിട്ട്.. കൺഗ്രാജൂലേഷൻസ് പറഞ്ഞ് പറഞ്ഞ് അവർക്ക് മതിയാകുന്നില്ല... അവനവന്റെ വിഷമം അവനവനു മാത്രമേ അറിയൂ എന്ന് സ്വയം ആലോചിച്ചു...

സ്വയം കരിദിനം ആയി ആചരിക്കുന്ന ഈ ദിനം...ബാക്കി എല്ലാവർക്കും സന്തോഷത്തിന്റെ ദിവസം

അപ്പോഴതാ വീണ്ടും ഫോൺ.... അതൊരു സുഹൃത്തായിരുന്നു...

"ഹലോ"

"ഡാ സ്പീക്കറിൽ ഇടടാ. നിന്റെ സഹധർമ്മിണിയും കൂടി കേൾക്കട്ടെ"

കരിദിനത്തെ പറ്റി ആലോചിച്ചിരിക്കുമ്പോഴാണ് ഇവന്റെ ഒരു ഫോൺ. ആദ്യം ഓർമ്മ വന്നത് താളവട്ടത്തില് സോമനോട് ചൂടായി ജഗതി മുണ്ടും പൊക്കി വളച്ചു കുത്തി "അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ... താനാരുവാ" എന്ന് ചോദിക്കുന്നതാണ്. ഫോൺ വിളിച്ചവനോട് ചോദിക്കാൻ തോന്നി.... "ഡാ അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ.... നീയാരുവാ... വേറെ പണിയൊന്നുമില്ലേ ഇങ്ങനെ വിളിക്കാൻ"

അപ്പോഴേക്കും സഹധർമ്മിണി സ്പീക്കർ ഫോൺ ഓൺ ചെയ്തു.

"അപ്പൊ... 15 കൊല്ലം പരസ്പരം സഹിച്ച്  ഒരുമിച്ച് കഴിഞ്ഞ നിങ്ങളെ രണ്ടു പേരെയും സമ്മതിക്കണം... ഹാപ്പി ആനിവേഴ്സറി... കൺഗ്രാജുലേഷൻസ്... "

പെട്ടെന്ന്... "അവനവൻ കുരുക്കുന്ന കുരുക്കഴിച്ചെടുക്കുമ്പോ ഗുലുമാൽ" എന്ന ഒരു അശരീരി കേട്ട പോലെ തോന്നി...

പിൻ‌കൂർ ജാമ്യം: ഇതിലെ കഥാപാത്രങ്ങളും സംഭവങ്ങളും എല്ലാം ഭാവന മാത്രം. ഇതിനെ നിങ്ങളുടെ ജീവിതവുമായി സാമ്യം തോന്നിയാൽ നിങ്ങടെ കഷ്ടകാലം. നിങ്ങളുടെ  ദുഃഖത്തിൽ ഞാനും പങ്ക് ചേരുന്നു. എങ്ങാനും എന്റെ ജീവിതവുമായി സാമ്യം തോന്നിയാൽ അത് വെറും യാദൃശ്ചികം മാത്രം.