2008, ഫെബ്രുവരി 17, ഞായറാഴ്‌ച

പുഴു കടിച്ച ഇല

ഒരു തണുത്ത ഞായറാഴ്ച.

ഭൂരിഭാഗവും പുഴു തിന്നു തീര്‍ത്ത ഇല നില്ക്കുന്ന മരത്തിനടിയിലൂടെ ഒരു ഒച്ച്‌ ഇഴഞ്ഞു പോകുന്നത്, ഇന്നലെ കണ്ടത് മനസ്സില്‍ ഓടിയെത്തി. ബാക്കി നിങ്ങള്‍ സഹിച്ചാലും..
[വീഡിയോയില്‍ ഞെക്കിയാല്‍, ഇലയെ കാണാനും 5.1 ഡിജിറ്റല്‍ ഡോള്‍ബി റെക്കോര്‍ഡിങ്ങില്‍ ഉള്ള ആലാപനം കേള്‍ക്കാനും സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഏതു സത്യസന്ധന്റെ ഉള്ളിലും ഒരു ചെറിയ കള്ളത്തരം ഉണ്ടാകും എന്ന് നെല്‍സന്‍ മണ്ടേലയുടെ അനിയന്‍ വല്‍സന്‍ മണ്ടേല പറഞ്ഞതു സത്യം. അതിനാല്‍ ട്യൂണ്‍ ഒന്നു മോഷ്ടിക്കേണ്ടി വന്നു. ജീവിക്കാന്‍ വേണ്ടി ക"പി" ഒരു തസ്കരന്‍ കൂടി ആയി. വീഡിയോ എന്ന് കേട്ടപ്പോഴേക്കും നാണം കൊണ്ടു തന്റെ കവചത്തിനുള്ളില്‍ കയറി ഒളിച്ചതിനാല്‍, ഒച്ചിനെ വീഡിയോയില്‍ ഉള്‍പ്പെടുത്താന്‍ പറ്റിയില്ല ]




പുഴു കടിച്ചോരിലയെ ഓര്‍ത്ത് ചെവി ചൊറിഞ്ഞു നിന്നു ഞാന്‍
മണ്ണില്‍ വീണലിയുവാന്‍ കൊതിക്കുമിലയെ കണ്ടു ഞാന്‍
ഭൂതകാലശോഭയോര്‍ത്തു തുള്ളും ഹൃദയം ഇലയുടെ
തണല്‍ കൊടുത്ത കാലമോര്‍ത്തു തുള്ളും ഹൃദയം ഇലയുടെ

ചിങ്ങമാസപ്പുലരിയില്‍ പിറന്നുവീണ ആ ഇല
പൂവുകള്‍ക്ക് തോഴനായി കൂട്ട് നിന്ന ആ ഇല
കൊച്ചുകാറ്റില്‍ മൂളിപ്പാട്ടു പാടിയാടി നില്‍ക്കവേ
ഉള്ളില്‍ ചൊല്ലി സുന്ദരം, ഈ ഭൂമിയെത്ര മോഹനം

അമ്മയാം ചെടിക്കുവേണ്ടി രാവൊഴികെ മുഴുവനും
സൂര്യനെ തുറിച്ചു നോക്കി വാടിപ്പോയി ജീവിതം
ഭംഗി മങ്ങി ശാഖയില്‍ അടിയിലായ് ഇരിക്കവേ
ഉള്ളില്‍ ചൊല്ലി സങ്കടം, ഈ വീഴ്ച്ചയെത്ര ഭീകരം

ഭാവിയെന്ന ജയിലുമോര്‍ത്തു മൂകമായി തേങ്ങവേ
ചെടിയില്‍ നിന്നും വേര്‍പ്പെടുത്താന്‍, കെഞ്ചി കാറ്റിനോടില
എന്നിലോടി ചിന്തകള്‍, ഏവരും വെറും ഇല
തള്ളി തള്ളി നീങ്ങുന്നു, ജീവിതം ഒരൊച്ചു പോല്‍.



2008, ഫെബ്രുവരി 4, തിങ്കളാഴ്‌ച

കാര്‍ത്തുവിന്റെ കത്ത്

സഹോദരീ സഹോദരങ്ങളായി 11 പേരുള്ള ഏതൊരു വ്യക്തിക്കും, അവരുടെ അമ്മയ്ക്കും എന്നും അസ്വസ്ഥത ഉണ്ടാക്കുന്ന ഒരു കവിത ആണ് "നാറാണത്തുഭ്രാന്തന്‍" .

"പന്ത്രണ്ട് മക്കളെ പെറ്റൊരമ്മേ നിന്റെ മക്കളില്‍ ഞാനാണ് ഭ്രാന്തന്‍"

എന്ന് പാടാന്‍ മക്കള്‍ക്കും, അത് കേള്‍ക്കാന്‍ അമ്മയ്ക്കും ഇച്ചിരി തൊലിക്കട്ടി തന്നെ വേണം. അങ്ങിനെ പാടാന്‍ തൊലിക്കട്ടി ഇച്ചിരി കുറഞ്ഞ ഒരു വ്യക്തിയായിരുന്നു, ഞങ്ങടെ മുറിയന്‍ അഥവാ റൂംമേറ്റ്‌ "കുട്ടികൃഷ്ണന്‍ പിള്ള" എന്ന "കുട്ടികൃഷ്ണന്‍".

വടക്കേലെ പേറ്റുവീട്ടില്‍ കാര്‍ത്ത്യായിനി ചേച്ചിക്കും അവരുടെ കെട്ടിയോന്‍ വിശ്വനാഥന്‍ പിള്ള ചേട്ടനും, വംശപരമ്പര നിലനിര്‍ത്താന്‍ ഗുരുവായൂരില്‍ മാറി മാറി ശയനപ്രദക്ഷിണം ചെയ്തും കാടാമ്പുഴയില്‍ മുട്ടിറക്കിയും, കിട്ടിയ പന്ത്രണ്ടാമത്തേതായ ഏക ആണ്‍ സന്തതി. കുട്ടികൃഷ്ണന്റെ കൂടപ്പിറപ്പുകളില്‍ അഞ്ചാമത്തെ അഞ്ജലി ചേച്ചിയും ആറാമത്തെ ആരതി ചേച്ചിയും ഒഴികെ അടുത്തടുത്ത സിബ്ലിങ്ങ്സ് എല്ലാരും തമ്മില്‍ 1 വയസ്സ് വ്യത്യാസം മാത്രം. അഞ്ജലി ചേച്ചി ജനിച്ച 1966 ല്‍ ഉണ്ടായ വെള്ളപ്പൊക്കത്തില്‍ ഒലിച്ചു പോയ വിശ്വനാഥന്‍ പിള്ള ചേട്ടന്‍ തിരിച്ചു വരാന്‍ വളരെ വൈകിയതിനാല്‍ ആരതി ചേച്ചിക്ക് 3 കൊല്ലം വേണ്ടിവന്നു ഭൂമിയിലേക്കുള്ള വിസ കിട്ടാന്‍. ജീവിതത്തിലെ എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ടു ജീവിച്ചിരുന്ന കാര്‍ത്തു ചേച്ചി, ഒലിച്ചു പോയ പിള്ള ചേട്ടന്‍ തിരിച്ചു വന്നതോടെ "പറയി പെറ്റ പന്തിരുകുലം" സാക്ഷാല്‍കരിക്കാന്‍ ഉള്ള തീരുമാനത്തിലെത്തുകയായിരുന്നു. ആറ്റുനോറ്റ് ഒരു ആണ്‍ തരി ഉണ്ടായതോണ്ടും ഒരു ഡസന്‍ തികഞ്ഞതോണ്ടും, കുട്ടികൃഷ്ണന് ശേഷം പിന്നെ ഒരു സാഹസത്തിന് അവര്‍ മുതിര്‍ന്നില്ല.

പതിനൊന്നു ചേച്ചിമാരുടെയും ഒരച്ചന്റെയും ഒരമ്മയുടെയും അമിത വാല്‍സല്യം നേടിയെടുത്തും, എല്ലാരും ഒരു ഗ്ലാസ് പായസം കുടിക്കുമ്പോള്‍ രണ്ടു ഗ്ലാസ് പായസം കുടിച്ചും, "ഗോക്കളെ മേച്ചും കളിച്ചും ചിരിച്ചും കേളികളാടി" , കുട്ടികൃഷ്ണന്‍, വീട്ടുകാരുടെ കണ്മണിയായി വളര്‍ന്നു. ശരീരം വളരുന്ന അതേ സ്പീഡില്‍ തലച്ചോറും ബുദ്ധിയും വളര്‍ന്നില്ല എന്ന് മാത്രമല്ല, ഈ ആധുനിക കൃഷ്ണന്‍ വെണ്ണക്കു പകരം കുഴലപ്പം കട്ടും, പ്രായഭേധമില്ലാതെ വീട്ടുകാരല്ലാത്ത ഏതു ഗോപികമാരുടെയും കുളിസീന്‍ നോക്കിയും, സിനിമയ്ക്കു പോകാന്‍ കാശുണ്ടാക്കാന്‍ മനക്കലെ തോപ്പിലെ തേങ്ങ കട്ടും ഒക്കെ, നാട്ടുകാരുടെ കണ്ണിലെ കരടും ഏറ്റവും പ്രിയപ്പെട്ട ഒരു തല്ലുകൊള്ളിയും ആയി മാറി.

പക്ഷെ, വെള്ളപ്പൊക്കത്തില്‍ ഒലിച്ചുപോയതിന്റെ സാങ്കേതിക തടസ്സങ്ങള്‍ വളരെ കാലത്തിനു ശേഷം പിന്നെയും നേരിടേണ്ടി വന്ന് പിള്ള ചേട്ടന്‍ കിടപ്പിലായതിനാല്‍, കുടുംബത്തിന്റെ സകല ഉത്തരവാദിത്വവും കുട്ടികൃഷ്ണന് വേഗം തന്നെ ഏറ്റെടുക്കേണ്ടി വന്നു. അന്ന് മുതല്‍ ശരീരത്തിന്റെ വളര്‍ച്ചയുടെ സ്പീഡ് കുറയുകയും, ബുദ്ധിയുടെ വളര്‍ച്ചയുടെ സ്പീഡ് കൂടുകയും ചെയ്തു. 18 വയസ്സാകുമ്പോഴേക്കും തല്ലുകൊള്ളി എന്ന ചീത്തപ്പേരോക്കെ മാറ്റിയെടുത്ത് നാട്ടുകാരുടെയും കണ്ണിലുണ്ണിയായി. നാട്ടില്‍, ഏത് കല്യാണം ഉണ്ടായാലും അതിന് പന്തല്‍ കെട്ടല്‍, സദ്യക്ക് വേണ്ടി കഷണം നുറുക്കല്‍, സാമ്പാര്‍ വിളമ്പല്‍ എന്ന് മാത്രമല്ല, ഗാന്ധി ജയന്തിയുടെ അന്ന് റോഡായ റോഡുകളുടെ ഒക്കെ രണ്ടു വശവും വൃത്തി ആക്കല്‍, വയറുകടി/മലമ്പനി/ശ്വാസം മുട്ടല്‍/ ഗ്രഹണി എന്നിങ്ങനെ എന്തസുഖം ആയാലും ആര്‍ക്കു വേണ്ടിയും 2 കിലോമീറ്റര്‍ നടന്നു പോയി കാറ് വിളിക്കല്‍, എന്ന് വേണ്ട എന്തിനും ഏതിനും കുട്ടികൃഷ്ണന്‍ എന്നും റെഡി. അഞ്ചു കൊല്ലം മുമ്പ്

"ഈ കുരുത്തം കേട്ടോന്റെ തലയില്‍ ഇടിത്തീ വീഴണം"

എന്ന് പറഞ്ഞ കാര്‍ന്നോന്മാരോക്കെ സ്വന്തം മക്കളോട്

"ഡാ, നീയൊക്കെ ആ കുട്ടികൃഷ്ണനെ കണ്ടുപടിക്ക്"

എന്ന് മാറ്റി പറഞ്ഞു തുടങ്ങി. പിള്ളചേട്ടന്റെ കിടപ്പ്‌ കുട്ടികൃഷ്ണന്റെ നല്ല കാലത്തിനു വേണ്ടി ആയി മാറി എന്ന് പറഞ്ഞാല്‍ മതി.

നാട്ടുകാര്‍ക്കു വേണ്ടി ഓടി ഓടി അവസാനം വീട്ടുകാര്യം നോക്കാന്‍ പറ്റാതാകുകയും കാര്‍ത്തു ചേച്ചി കലി തുള്ളാന്‍ തുടങ്ങുകയും ചെയ്തു എങ്കിലും കുട്ടികൃഷ്ണന്‍ വിട്ടു കൊടുത്തിരുന്നില്ല. കക്ഷി തന്റെ സമാന ചിന്താഗതി പലപ്പോഴും വ്യക്തമാക്കിയിരുന്നു.

“ഈ തള്ളേടെ ഒരു കാര്യം. വീട്ടില്‍ 11 ചേച്ചിമാരില്ലേ? അപ്പൊ പിന്നെ അയല്‍വക്കത്തെ ഒരു അഞ്ച് ചേച്ചിമാരുടെ കൂടി കാര്യങ്ങള്‍ നോക്കിയാല്‍ എന്താ? എനിക്കെല്ലാരും ഒരു പോലെയാ.”

അഭിപ്രായ വ്യത്യാസം അമ്മയേയും മകനേയും രണ്ടു ധ്രുവങ്ങളില്‍ ആക്കി. അമ്മയും മോനും തമ്മില്‍ കയ്യാങ്കളി വരെ എത്തിയെന്നും മോന്‍ അമ്മയെ 2 പൊട്ടിച്ചെന്നും ഒരു ശ്രുതി നാട്ടിലുണ്ട്.

കാലക്രമേണ, നാട്ടുകാരുടെ കല്യാണം നടത്തിയും, പ്രസവമെടുത്തും, ഗ്രഹണി മാറ്റിയൊന്നും തനിക്കും തന്റെ വീട്ടുകാര്‍ക്കും വലിയ ഗുണം ഒന്നും ഇല്ല എന്ന് മനസ്സിലാക്കി, ആഞ്ഞു പഠിച്ച കുട്ടികൃഷ്ണന്‍ അവസാനം ബാംഗ്ലൂരിലെ ഒരു കമ്പ്യൂട്ടര്‍ കമ്പനിയില്‍ ജ്വാലി വാങ്ങി. താമസം ഞങ്ങടെ കൂടെ അങ്ങ് വൈറ്റ്ഫീല്ടിലും.

കുട്ടികൃഷ്ണന്‍ വരുന്നതിനു മുമ്പ് വീട്ടില്‍ ഉണ്ടായിരുന്ന ഞങ്ങള്‍ അഞ്ചു പേരും വളരെ ലളിതമായ ജീവിതം ആണ് നയിച്ചിരുന്നത്‌. പണ്ടു തൊട്ടേ തമ്മില്‍ അറിയാമായിരുന്നതോണ്ടും, ഞങ്ങളുടെ ശരീരഘടന കണ്ടു ആകൃഷ്ടരായി പ്രേമബന്ധങ്ങളില്‍ കുടുങ്ങി പ്രേമലേഖനം എഴുതാന്‍ തരുണീമണികള്‍ ഇല്ലാതിരുന്നതോണ്ടും, അഞ്ചു പേരുടെയും ജീവിതം ഒരു തുറന്ന പുസ്തകം ആയിരുന്നു. സോപ്പ്, ചീപ്പ്, കണ്ണാടി, പൌഡര്‍, ഷര്‍ട്ട്, പാന്റ്സ് , ലുങ്കി, ബര്‍മുഡ എല്ലാം ഞങ്ങള്‍ ഒരു സഹകരണമാനോഭവത്തോടെ ഷെയര്‍ ചെയ്താണ് ജീവിച്ചിരുന്നത് (അവനവന്റെ സ്വന്തം എന്ന് പറയാന്‍ കുന്നത്തിന്റെ 2 ബനിയനും 2 അണ്ടനും മാത്രം). അതുപോലെ, ആരും ആര്‍ക്കു വരുന്ന കത്തും പൊട്ടിച്ചുവായിക്കാനുള്ള സ്വാതന്ത്ര്യം അങ്ങ് സ്വയം assume ചെയ്തിരുന്നതോണ്ട്, എന്റെ വീട്ടിലെ നന്ദിനിപ്പശു twinsine പെറ്റതും, K S കാലിതീറ്റക്ക് വിലകൂടിയതിനാല്‍ എന്റെ അച്ഛന്‍ Baby നന്ദിനികള്‍ക്ക് പുല്ല് കൊടുത്തു തുടങ്ങിയതും, എന്നേക്കാള്‍ മുമ്പ് എന്റെ മറ്റു നാല് മുറിയന്മാര്‍ അറിഞ്ഞിരുന്നു. അങ്ങിനെ ഭരണഘടന വ്യക്തമായി ഇരിക്കുന്ന കാലത്താണ് കുട്ടികൃഷ്ണന്റെ അവതരണം.

ജ്വാലി ആയി വീട്ടിലേക്ക് മാസാമാസം കാശ് അയച്ചുകൊടുത്തു തുടങ്ങിയപ്പോള്‍ കാര്‍ത്തുചേച്ചിയുടെ കലി ഒന്നടങ്ങി എങ്കിലും, പ്രായത്തിന്റെ പക്വത കുട്ടികൃഷ്ണന്റെ മനസ്സില്‍ ഒരു കുറ്റബോധം എന്നും നിറച്ചു നിര്‍ത്തിയിരുന്നു. തനിക്ക് പണി ഇല്ലാത്ത കാലത്തു, കലി തുള്ളി വന്നിരുന്ന അമ്മയുടെ നെഞ്ചത്ത് കയറിയതിന്റെ കുറ്റബോധം.

"മനസ്സില്‍ കുറ്റബോധം തോന്നിത്തുടങ്ങിയാല്‍ പിന്നെ ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കും"

എന്ന് പണ്ടു ലാലേട്ടന്‍ "രാജാവിന്റെ മകന്‍" എന്ന സിനിമയില്‍ പറഞ്ഞതനുസരിച്ച്, കുട്ടികൃഷ്ണന്‍ ഒരു യന്ത്രത്തെ പോലെ അമ്മ പറയുന്നതെന്തും ചെയ്തോണ്ടിരുന്നു. "വലത്തോട്ട് ചാടാന്‍ പറഞ്ഞാല്‍" ഇടത്തോട്ട് ചാടിയിരുന്ന പൊന്നുമോന്‍ ഇപ്പോള്‍ കൃത്യമായി വലത്തോട്ട് തന്നെ ചാടാന്‍ തുടങ്ങി. കാര്‍ത്തു ചേച്ചിയുടെ ചെറിയ ചെറിയ വിഷമവും സങ്കടവും വല്ലാതെ തളര്‍ത്തിയിരുന്ന കുട്ടികൃഷ്ണന്‍, "കണ്ണുനീര്‍ തുള്ളിയെ സ്ത്രീയോടുപമിച്ച കാവ്യഭാവനെ, അഭിനന്ദനം" എന്ന് ബ്രഹ്മാനന്ദന്‍ പാടിയത് തെറ്റാണെന്ന് തെളിയിക്കുകയും ചെയ്തു.

സീനിയേര്‍സ് ആയ ഞങ്ങളുടെ ഭരണഘടനയും ലളിത ജീവിതവും ഇഷ്ടപ്പെട്ടെങ്കിലും കത്ത് പൊട്ടിച്ചുവായിക്കുന്ന രീതിക്ക് എതിര് ആയിരുന്നു ഗഡി. പക്ഷെ, ഞങ്ങള്‍ ദുര്‍ബലര്‍, ഏതു കത്ത് കണ്ടാലും അങ്ങ് പൊട്ടിച്ചു പോകും... ആരുടെയാണ് ആര്‍ക്കാണ്‌ എന്ന് കത്ത് വായിച്ചതിനു ശേഷമേ ഞങ്ങള്‍ നോക്കാറുള്ളൂ. അമര്‍ഷത്തോടെ ആണെങ്കിലും നിവര്‍ത്തികേടുകൊണ്ട് കുട്ടികൃഷ്ണന്‍ അതങ്ങ് അഡ്ജസ്റ്റ് ചെയ്തു.

ആറ് മാസം കടന്നു പോയി. ഒരു കറുത്ത വെള്ളിയാഴ്ച. ഞങ്ങടെ ബാംഗ്ലൂര്‍ പോസ്റ്റുമാന്‍ ചൊക്ലി ബങ്കാരപ്പ ഗാരുവിന്റെ മോള്‍ പുളിങ്കുരു കുറെ വാരിതിന്നതിനു വയറ്‌ കോപിച്ച് നിലക്കാത്ത സ്വരരാഗഗംഗാപ്രവാഹം നടത്തിയ അനവധി ദിവസങ്ങളില്‍ ഒരു ദിവസം. പതിവുപോലെ, വൈകി വന്ന ചൊക്ലി ഗാരു തന്ന കത്ത് ഞങ്ങള്‍ പൊട്ടിച്ചു.

"എന്റെ പ്രിയപ്പെട്ട പൊന്നുമകാ...." എന്ന് കണ്ടപ്പോഴേ മനസ്സിലായി അത് കാര്‍ത്തുചേച്ചിയുടെ ആണെന്ന്. പതിവുപോലെ, അടുത്ത വീട്ടിലെ ഷണ്മുഖന്‍ നായര്‍ വീടിന്റെ അതിരു കയ്യേറിയതും, ജോസഫേട്ടന്റെ നിമ്മി എന്ന നായക്കുട്ടി അടുത്ത വീട്ടിലെ മജീദിക്കയുടെ കിറ്റി എന്ന പൂച്ചക്കുട്ടിയുമായി ഒളിച്ചോടിയതും, കളക്ടറേറ്റില്‍ ജ്വാലി ചെയ്യുന്ന പീതാംബരന്‍ ചേട്ടന്റെ ഭാര്യ കുട്ടിമാളുവിനു വട്ടായി ഊളന്‍പാറയില് കൊണ്ടിട്ടതും ഒക്കെ അതിലുണ്ടായിരുന്നു. പശുപട്ടിപൂച്ചക്കഥകള്‍ കഴിഞ്ഞ് ഏറ്റവും അവസാനം കത്തിന്റെ അന്ത്യം ഒരു ദുരൂഹത സൃഷ്ടിച്ചു

"മോനേ, ഇപ്രാവശ്യം നീ വരുമ്പോള്‍ കഴിഞ്ഞ പ്രാവശ്യത്തെ പോലെ എന്നെ പറഞ്ഞു പറ്റിക്കരുത്

എന്ന്
സ്വന്തം അമ്മ".

അപ്പോഴാണ്, അര മണിക്കൂര്‍ മുമ്പ് കുട്ടികൃഷ്ണന്‍ പെട്ടിയും വട്ടിയും ഒക്കെ എടുത്ത് നാട്ടിലേക്കു പോകാനുള്ള ബസ്സ് കയറാന്‍ ബാംഗ്ലൂര്‍ മേജസ്റ്റിക്കിലേക്ക് പോയ കാര്യം ഓര്‍മ വന്നത്. എന്റീശോയെ, അറിയാതെ പെറ്റമ്മയെ പറഞ്ഞു പറ്റിച്ച കാര്യം ഇവനെങ്ങാനും അറിഞ്ഞാല്‍ ഉണ്ടാകുന്ന ഭവിഷ്യത്ത് ആലോചിച്ചപ്പോള്‍ അഞ്ചു പേരും synchronized swimmers നെ പോലെ ഒരുമിച്ചു ഞെട്ടി. ഏഷ്യാനെറ്റിലെ "സ്ത്രീ" സീരിയലിനെ പോലും വെല്ലുന്ന കുട്ടികൃഷ്ണന്റെ കരച്ചിലും പിഴിച്ചിലും കാണാന്‍ ഉള്ള ശക്തി ക്ഷയിച്ച് ഒട്ടും ഇല്ലാണ്ടായിട്ട് കാലം കുറെ ആയി. അവനെ കണ്ട് കത്ത് കൊടുക്കാന്‍, ഉടനെ തന്നെ വാലിനു തീ പിടിച്ച എലികളെപോലെ അഞ്ച് പേരും അഞ്ച് വണ്ടികളില്‍ അഞ്ച് ഭാഗങ്ങളിലേക്ക് ഓടി. എന്റെ ഉദ്ദേശം "ഇപ്രാവശ്യം മകന്‍ അമ്മയെ പറഞ്ഞു പറ്റിക്കാതിരിക്കട്ടെ" എന്നാണെങ്കിലും എന്റെ മുറിയന്‍ ഷിജുവിന് "കുരിശ്, കുട്ടികൃഷ്ണന്റെ കരച്ചില്‍ എപ്പിസോട് ബസ്സില്‍ തന്നെ കഴിയുമല്ലോ" എന്നായിരുന്നു.

പക്ഷെ, എല്ലാരും പരാജിതരായി വീട്ടില്‍ തിരിച്ചെത്തി. കുട്ടികൃഷ്ണന്‍ യാത്ര ചെയ്യുന്ന കല്ലട ട്രാവല്‍സ് ബസ്സിന്റെ പൊടി പോലും കണ്ടു പിടിക്കാന്‍ കഴിഞ്ഞില്ല. കുട്ടികൃഷ്ണന്‍ കുലുങ്ങുന്ന ബസ്സിലും, ഞങ്ങള്‍ കുലുങ്ങാത്ത വീട്ടിലും ഉറക്കം വരാതെ രാത്രി തള്ളി നീക്കി. പണ്ടേ, വേണ്ടാത്ത കാര്യങ്ങള്‍ ചിന്തിക്കാനും, ഫ്രീ ആയി ഉപദേശം കൊടുക്കാനും, ഓസി കിട്ടിയാല്‍ ഓന്തുമൂത്രം ആണേലും കുടിക്കാനും, ആവശ്യം ഇല്ലാത്ത കാര്യങ്ങില്‍ ഇടപെടാനും, ചങ്കുറപ്പുള്ള ഞങ്ങള്‍ കൂലങ്കഷമായി തന്നെ ചിന്തിച്ചു.

"എങ്ങിനെ ആയിരിക്കും കുട്ടികൃഷ്ണന്‍ കാര്‍ത്തു ചേച്ചിയെ പറ്റിച്ചത്? എന്തിനായിരിക്കും കുട്ടികൃഷ്ണന്‍ കാര്‍ത്തു ചേച്ചിയെ പറ്റിച്ചത്?"

കാര്‍ത്തു ചേച്ചി കൊണ്ടു വരാന്‍ പറഞ്ഞ വല്ല വളയോ, മാലയോ, ചാന്തോ, പൊട്ടോ, തുണിയോ കൊണ്ടു പോകാന്‍ കുട്ടികൃഷ്ണന്‍ കഴിഞ്ഞ പ്രാവശ്യം മറന്നതാകുമെന്നും, കഴിഞ്ഞ പ്രാവശ്യത്തെ 2 ദിവസത്തെ ട്രിപ്പ്‌ നീട്ടിവക്കല്‍ ആയിരിക്കുമെന്നും, പെണ്ണ് കാണാന്‍ പോകാമെന്ന വാക്ക് കഴിഞ്ഞ പ്രാവശ്യം തെറ്റിച്ചതായിരിക്കുമെന്നും, പിള്ള ചേട്ടന്റെ പ്രമേഹ രോഗത്തിനുള്ള സ്പെഷ്യല്‍ ഗുളിക കൊണ്ടുപോകാന്‍ കഴിഞ്ഞ പ്രാവശ്യം മറന്നതാകുമെന്നും, ഒക്കെ ഞങ്ങള്‍ ചര്‍ച്ച ചെയ്തു. പക്ഷെ തിരിച്ചു വന്നു കത്ത് കണ്ടാല്‍ ഉണ്ടാകാന്‍ പോകുന്ന കണ്ണീര്‍പ്പുഴയും ഏഷ്യാനെറ്റ് സീരിയലും ഓര്‍ത്തപ്പോള്‍ ഉണ്ടായ ആധി ചെറുതൊന്നുമല്ല. അവസാനം വൃദ്ധസന്ന്യാസി (ഓള്‍ഡ് മങ്ക് ) റം, ഒരു കുപ്പി തന്നെ വേണ്ടി വന്നു, ഞങ്ങടെ ആധി കെടുത്താന്‍. അക്കാലത്ത് ചിക്കിലിക്കാശിനു STD വിളിക്കാന്‍ പറ്റാത്തതോണ്ടും, കുട്ടികൃഷ്ണന്റെ വീട്ടില്‍ ഫോണ്‍ ഇല്ലാത്തതോണ്ടും, അങ്ങിനെ ദുരൂഹതയുടെ ചുരുളഴിയിക്കാന്‍ പറ്റാഞ്ഞതോണ്ടും, പിന്നെ ഒരാഴ്ച ഞങ്ങടെ ആധി വീണ്ടും വീണ്ടും വന്നുകൊണ്ടിരിക്കുകയും വൃദ്ധസന്ന്യാസി അതിനെ സ്ഥിരമായി കെടുത്തിക്കൊണ്ടിരിക്കുകയും ചെയ്തു.

ഒരാഴ്ച കഴിഞ്ഞു. നാട്ടില്‍ നിന്നും കൊണ്ടു വന്ന ഉപ്പേരിയും മുറുക്കും ഒക്കെ തിന്നതിനു ശേഷമേ കത്തിന്റെ കാര്യം പറയൂ എന്ന് ഞങ്ങള്‍ പഞ്ചപാണ്ടവന്മാര്‍ മുമ്പെ തീരുമാനിച്ചിരുന്നു. അല്ലെങ്കില്‍ ഉപ്പേരിയും മുറുക്കും കണ്ണീര്‍പ്പുഴയില്‍ ഒലിച്ചു പോയാലോ? ടോം & ജെറിയില്‍, ജെറി ചീസ്‌ തിന്നുന്നതിലും സ്പീഡില്‍ ഞങ്ങള്‍ മുറുക്കും ഉപ്പേരിയും തിന്നു തീര്‍ത്തു. ഉപ്പേരിയും മുറുക്കും വന്‍കുടലിന്റെ ഏറ്റവും അടിയില്‍ എത്തി എന്ന് ഉറപ്പുവരുത്തി, കത്ത് കൊടുത്തിട്ട് ഷിജു പറഞ്ഞു,

"കൃഷ്ണാ, നിനക്കൊരു കത്തുണ്ടായിരുന്നു. ഇപ്രാവശ്യം ഞങ്ങള്‍ അത് പൊട്ടിച്ചില്ല. ഞങ്ങള്‍ മേജസ്റ്റിക്ക് വരെ വന്നിരുന്നു നിനക്കു കത്ത് തരാന്‍. പക്ഷെ അപ്പോഴേക്കും കല്ലട പോയി"

അത് കുട്ടികൃഷ്ണന്‍ വിശ്വസിച്ചില്ലെങ്കിലും, ഒരു നല്ല പാല്‍പുഞ്ചിരിയോടെ കത്ത് വാങ്ങി പൊട്ടിച്ചു. കത്തിന്റെ ആദ്യ ഭാഗമൊക്കെ വായിക്കുമ്പോള്‍, കിലുക്കത്തില്‍ ലോട്ടറി ടിക്കറ്റിന്റെ ആദ്യത്തെ അക്കങ്ങള്‍ രേവതി വായിക്കുമ്പോള്‍ "ഇതൊക്കെ ഞാന്‍ കുറെ കണ്ടിട്ടുണ്ട്" എന്ന ഭാവത്തില്‍ താഴേക്ക്‌ നോക്കി ചിരിക്കുന്ന ഇന്നസന്റിനെ പോലെ ആയിരുന്നു. ഞങ്ങള്‍ക്കുറപ്പായിരുന്നു അത് നിമ്മിപ്പട്ടിയുടെയും കിറ്റിപ്പൂച്ചയുടെയും ഒളിച്ചോട്ടം തന്നെ ആണെന്ന്. കത്തിന്റെ അവസാനഭാഗം ആയിത്തുടങ്ങിയപ്പോള്‍, പവര്‍കട്ടിന്റെ സമയത്തു വോള്‍ട്ടേജ് കുറയുന്ന പോലെ, കുട്ടികൃഷ്ണന്റെ മുഖത്തെ പ്രകാശം കുറഞ്ഞുതുടങ്ങി. അവസാനത്തെ 3 വരികള്‍ വായിച്ചതും "എന്റമ്മേ" എന്ന് കരഞ്ഞു കുട്ടികൃഷ്ണന്‍ ചന്തിയും കുത്തി നിലത്തിരുന്നതും ഒന്നിച്ചായിരുന്നു. പിന്നെ

"ഞാന്‍ എന്താണ് ചെയ്തത്? അമ്മയെ ഞാന്‍ ഇതു വരെ പറ്റിച്ചിട്ടുണ്ടോ? ഉണ്ടെങ്കില്‍ അത് മനപ്പൂര്‍വമല്ലല്ലോ"

എന്നൊക്കെ പറഞ്ഞു കണ്ണുനീരും മൂക്കുനീരും ഒക്കെ ഒഴുക്കി. നീരുകളുടെ ആദ്യത്തെ ഒഴുക്ക് ഒന്നു കഴിയട്ടെ എന്ന് കരുതി ഞങ്ങള്‍ ആശ്വസിപ്പിക്കാന്‍ റെഡി ആയി നിന്നു. പതിവു സാന്ത്വന വചനങ്ങള്‍ ഒന്നും ഫലിക്കാതായപ്പോള്‍ ഷിജു പറഞ്ഞു

"കൃഷ്ണാ, ഇതൊന്നും കാര്യാക്കണ്ട. നീ പോയി വന്നില്ലേ. അമ്മ ഒന്നും പറഞ്ഞില്ലല്ലോ. നീ ഈ ഗ്ലാസ് പിടിക്ക്. കണ്ണങ്ങട് അടച്ചിട്ടു ഒരു വലിയങ്ങട് വലിക്ക്‌. മനസ്സിനു ഒരു ധൈര്യം വന്നോളും. നമുക്കു അമ്മയോട് ചോദിക്കാലോ എന്താ പ്രശ്നം എന്ന് "

ആദ്യമൊക്കെ എതിര്‍ത്തെങ്കിലും രക്ഷക്കിനി ഓള്‍ഡ് മങ്ക് മാത്രമെ ഉള്ളൂ എന്ന് മനസ്സിലാക്കി, കുട്ടികൃഷ്ണന്‍ അതങ്ങകത്താക്കി.

Situation under control….

ഉടനെ തന്നെ നയം വ്യക്തമാക്കാന്‍ അമ്മക്ക് കത്തെഴുതി. പിന്നീടുള്ള ആറ് ദിവസങ്ങളില്‍ വീട്ടില്‍ വൃദ്ധസന്ന്യാസിക്കുള്ള സ്ഥാനം ചെറുതൊന്നുമായിരുന്നില്ല. ആറാം ദിവസം കാര്‍ത്തു ചേച്ചിയുടെ കത്ത് കിട്ടി, അതും കുട്ടികൃഷ്ണന്‍ ഇല്ലാത്തപ്പോള്‍.

"പ്രിയപ്പെട്ട മകാ,
നിന്റെ കത്ത് കിട്ടി. നീ വിഷമിച്ചു എന്നറിഞ്ഞതില്‍ ഞാന്‍ വിഷമിക്കുന്നു.
......
......"

കുട്ടികൃഷ്ണന്‍ അമ്മയെ പറ്റിച്ചതിന്റെ വിശദീകരണം തുടക്കത്തിലെ പ്രതീക്ഷിച്ച ഞങ്ങള്‍ക്കു നിരാശരാകേണ്ടി വന്നു. പതിവു പോലെ, നിമ്മിപ്പട്ടിയും കിറ്റിപ്പൂച്ചയും ഡൈവോഴ്സ് ചെയ്തെന്നും, പീതാംബരേട്ടന്റെ ഭാര്യ കുട്ടിമാളു തിരിച്ചു വന്നെന്നും ഒക്കെ എഴുതിയിരുന്നു. പിന്നെ ഞങ്ങളുടെ പ്രതീക്ഷ അവസാനത്തെ നാലഞ്ചു വരികളില്‍ ആയി. നേരെ അവസാന ഭാഗത്തേക്ക്‌ ചാടി. അതാ കിടക്കുന്നു നമുക്കു വേണ്ടത്

"മോനേ, കഴിഞ്ഞ കത്തില്‍ എന്നെ പറഞ്ഞു പറ്റിക്കരുത് എന്ന് പറഞ്ഞതു വേറൊന്നുമല്ല. അന്ന് നീ വന്നപ്പോള്‍ പോകുന്നതിനു മുമ്പു എനിക്ക് അറുപതു തേങ്ങ പൊളിച്ചു തരാമെന്നു പറഞ്ഞിരുന്നില്ലേ. ബാംഗ്ലൂര്‍ക്ക് പോകുന്ന ആ ദിവസത്തെ തിരക്കില്‍, നീ അത് പൊളിച്ചു തരാനും മറന്നു. എന്റീശ്വരാ, പിന്നെ ആ മത്തായിമാപ്ലേനെ വിളിക്കേണ്ടി വന്നു എല്ലാം ഒന്നു പൊളിച്ചു കിട്ടാന്‍. നിനക്കു ഇങ്ങനെ ഉത്തരവാദിത്വം ഇല്ലാണ്ടായാലോ? ഇപ്രാവശ്യം അങ്ങിനെ ഒന്നും ഉണ്ടാകാതിരിക്കാനും നിന്നെ ഒന്നു ഓര്‍മ്മപ്പെടുത്താനും ആണ് ഞാന്‍ അത് മുമ്പെ എഴുതിയത്. ഇത്തവണ നീ നല്ല കുട്ടനായിരുന്നു. നീ വന്ന അന്ന് തന്നെ എനിക്ക് 150 തേങ്ങ പൊളിച്ചു തന്നില്ലേ"

"അവന്റമ്മേടൊരു തേങ്ങ….." ജീവിതത്തില്‍ ഇങ്ങനെയും വടി ആകാം എന്നും കുട്ടികൃഷ്ണന്റെ കത്ത് പൊട്ടിച്ചു വായിച്ചാല്‍ മാനസിക സംഘര്‍ഷം ഉണ്ടാകുമെന്നും കാര്‍ത്തു ചേച്ചി ഞങ്ങളെ പഠിപ്പിച്ചു.