2016, മേയ് 23, തിങ്കളാഴ്‌ച

പ്ലാൻ

അതിരാവിലെ കുളിച്ചു കുറിയും തൊട്ട് പുത്തൻ പാന്റും ഷർട്ടും ഇട്ട് കുട്ടപ്പൻ പുറത്തിറങ്ങി. സ്ഥിരമായി കാണാറുള്ള നാഗവല്ലിയെ ഇന്ന് ശരിക്കും ഇമ്പ്രസ്സ് ചെയ്യണം എന്നായിരുന്നു പ്ലാൻ. ബസ്സ്‌ സ്റ്റോപ്പിൽ ചെന്നപ്പോൾ നല്ല തിരക്ക്. ഇതേ പ്ലാൻ ഉള്ള അനവധി കോന്തന്മാർ അവിടെ. ബസ്സ്‌ സ്റ്റോപ്പിൽ സ്ഥലം ഇല്ലാത്ത കാരണം പുറത്ത് മരത്തണലിൽ നിൽക്കേണ്ടി വന്നു. പെട്ടെന്ന്, ഐ എസ് ആർ ഒ യുടെ റോക്കറ്റ് പണ്ടൊക്കെ താഴെ വീഴാറുള്ള പോലെ എന്തോ ഷർട്ടിൽ വന്നു വീണു. നീലക്കളറുള്ള പോളിയെസ്റെർ ഷർട്ടിൽ  ഷോൾഡറിൽ നിന്ന് താഴേക്ക്‌ ഒരു കറുത്ത വര ഒലിച്ചിറങ്ങി.  വേദനക്ക് പകരം ഷോൾഡറിൽ ഒരു തണവ് അനുഭവപ്പെട്ടപ്പോഴാണ് മുകളിലേക്ക് നോക്കിയത്. കാക്കയുടെ പ്ലാൻ ഇതായിരുന്നെന്ന് മനസ്സിലായിരുന്നില്ല.

അങ്ങനെ എന്ത് ചെയ്യണം എന്ന പാരവശ്യത്തിൽ നിൽക്കുമ്പോൾ, അതാ നാഗവല്ലി വരുന്നു. ആരും ആദ്യം നാഗവല്ലിയെ അല്ല നോക്കുക. വഴിയിൽ കിടക്കുന്ന ഉടമസ്ഥനില്ലാത്ത 100 രൂപ നോട്ട് കണ്ടാൽ, 100 രൂപ നോട്ടിനെ ആദ്യം ഒന്ന് നോക്കി, ചുറ്റുപാടും ആരെങ്കിലും ഉണ്ടോ, കാണുന്നുണ്ടോ എന്ന് നോക്കിയിട്ടേ, അതെടുക്കൂ. അത് പോലെ, നാഗവല്ലിയുടെ ചുറ്റും നോക്കി. മുന്നിലും നോക്കി, പിന്നിലും നോക്കി, സൈഡിലും നോക്കി.... സ്ഥിരമായി അവളുടെ കൂടെ വരുന്ന അവളുടെ ചേട്ടൻ, 6 പാക്ക് കിലോക്കട്ടി ദിനേശൻ കൂടെ ഉണ്ടോന്ന്.

ഇല്ലെന്ന് ഉറപ്പായപ്പോൾ ആണ് കാക്കയുടെ പ്ലാനിന്റെ കാര്യം ഓർത്തത്. അപ്പോഴേക്കും കറുത്ത വര ഷോൾഡറിൽ നിന്നും പാന്റിനെ ബെൽറ്റ്‌ വരെ എത്തിയിരുന്നു. നാഗവല്ലി എത്തുന്നതിനു മുമ്പ് ഇത് വൃത്തിയാക്കാൻ പറ്റില്ല. തൊട്ടാൽ ആകെ പ്രശ്നമാകും.

ആരെങ്കിലും ഒരു ചെവിക്ക് അടിച്ചാൽ മറ്റേ ചെവിയും കാണിച്ചു കൊടുക്കണം എന്ന മഹദ് തത്വം അപ്പോൾ ഓർമ്മ വന്നു.അതുപോലെ, ഒരു ഷോൾഡറിൽ പറ്റിയാൽ മറ്റേ ഷോൾഡർ കൂടി കാണിച്ചു കൊടുക്കുക. മുകളിലേക്ക് നോക്കിയപ്പോൾ കാക്കയെ കാൺമാനില്ല. കാക്ക വേറെ ഒരു സ്ഥലത്ത് മാറിയിരിക്കുന്നു. കാക്ക ഇരിക്കുന്നിടത്ത് പോയി അതിന്റെ അടിയിൽ നിന്നു. രണ്ടു വശത്തും കറുത്ത ലൈൻ വരുത്തുക എന്നതായിരുന്നു പ്ലാൻ. അങ്ങിനെ വന്നാൽ വൃത്തികേട് അറിയില്ലായിരിക്കും എന്നൊരു തോന്നൽ.

കാക്കക്കറിയുമോ നമ്മുടെ പ്ലാൻ. നമുക്കറിയുമോ കാക്കയുടെ പ്ലാൻ?

കാക്ക കാക്കേടെ വഴിക്ക് പറന്ന് പോയി.

നാഗവല്ലി അതിനിടയിൽ ബസ്സിൽ കയറി പോയി..

കാക്കക്കും എന്നെ വേണ്ട നാഗവല്ലിക്കും എന്നെ വേണ്ട എന്നോർത്ത് വിഷമിച്ച് കുട്ടപ്പൻ വീട്ടിലും പോയി.

വീടിന്റെ മുറ്റത്ത് എത്തിയപ്പോൾ അവിടെ അച്ഛൻ ...

"എന്താടാ ഇന്ന് നേരത്തെ എത്തിയല്ലോ. ഇങ്ങനെ തെക്ക് വടക്ക് നടന്നാൽ മതിയോ... ജീവിതത്തിന് ഒരു അടുക്കും ചിട്ടയും ഒരു പ്ലാനും ഒക്കെ വേണ്ടേ"

ഉണ്ടാക്കിയ പ്ലാനുകൾ ഒന്നും നടക്കുന്നില്ല...

അച്ഛനോട് ചോദിച്ചു...

"ക്യോംപ്ലാൻ" (Complan അല്ല. അതായത് "क्यों പ്ലാൻ?" "എന്തിനാ പ്ലാൻ?" )

പുറത്തു നിന്ന് "കാ കാ" ശബ്ദം....

നോക്കിയപ്പോൾ ബസ് സ്റ്റോപ്പിൽ  ഉണ്ടായിരുന്ന കാക്ക മുറ്റത്തെ മാവിൻ കൊമ്പിൽ...

"കാക്കേ നീ വീണ്ടും പ്ലാൻ ചെയ്യാൻ വന്നതാണോ?"

വേഗം വീടിനുള്ളിലേക്ക് ഓടിക്കയറി.

എങ്കിലും പ്ലാനുകൾ വേണ്ട പോലെ വർക്ക് ചെയ്യിപ്പിക്കുന്ന കാക്കയോടു ഒരു ബഹുമാനം തോന്നാതിരുന്നില്ല.

====

ജാമ്യം: ജീവതത്തിൽ പ്ലാനിംഗ് വേണ്ടതിന്റെ ആവശ്യകതയെ പറ്റി കുറച്ചു സുഹൃത്തുക്കൾ ചെയ്തിരുന്ന ഒരു ചർച്ച ആണ് ഇതെഴുതിപ്പിക്കാൻ തോന്നിയത്. ഇത് ഒരു കഥ മാത്രം. ജീവിതത്തിൽ കുറച്ചൊക്കെ ഒരു പ്ലാനിംഗ് വേണം എന്ന അഭിപ്രായം തന്നെയാണ് എനിക്കുള്ളത്.




2016, മേയ് 8, ഞായറാഴ്‌ച

ഫോൺവിളി


രാവിലെ അഞ്ചരക്ക് തന്നെ ആദ്യത്തെ ഫോൺ വന്നു...

"ട്ര്ർ ട്ര്ർ"

അത് കേട്ട്

"അയ്യോ... എന്റെ കാശ് പോയേ.. എന്റെ കാശ് പോയേ..." എന്ന് ഓളിയിട്ട് ഞെട്ടി എഴുന്നേറ്റു.

പണ്ട് ആന ചവിട്ടാൻ വരുന്നതും പാമ്പ് കടിക്കാൻ വരുന്നതും കള്ളൻ കയറുന്നതും ഒക്കെ ആയിരുന്നു പേടി സ്വപ്‌നങ്ങൾ. കാലത്തിനൊത്ത് നമ്മുടെ സ്വപ്നങ്ങളും മാറണ്ടേ? ആരോ ബാങ്ക് അക്കൌണ്ട് ഹാക്ക് ചെയ്ത് കാശൊക്കെ അടിച്ചോണ്ട് പോകുന്ന ഒരു ന്യൂ ജെനെറേഷൻ സ്വപ്നത്തിൽ നിന്ന് ഞെട്ടി എഴുന്നേറ്റു.  അപ്പുറത്ത് കിടക്കുന്ന സഹധർമിണിയെ നോക്കി... ആകാശത്തേക്ക് നോക്കി ഇരിക്കുന്ന ഡിഷ് ആന്റീന പോലെ വായ തുറന്നു വച്ച്, ഷഡ്ജത്തിലും  ഋഷഭത്തിലും നല്ല കൂർക്കം വലി... ഫോൺ അടിക്കണതു പോയിട്ട് കരണക്കുറ്റിക്ക് അടിച്ചാൽ പോലും അറിയാത്ത ഗാഡനിദ്ര.

കൈ നീട്ടി ഫോൺ എടുത്ത് പാതി മയക്കത്തിൽ  സംസാരിച്ചു.

"ഹലോ... ഇത് ഞാനാ.."

"നിനക്കെന്നെ മനസ്സിലായില്ലേ?"

"അയ്യോ... അമ്മേ... സോറി.. ഉറക്കത്തിലായിരുന്നു.. എണീറ്റിട്ടില്ല"

"എനിക്കറിയാം.. നീ എണീറ്റിട്ടുണ്ടാവില്ല എന്ന്. ഇക്കൊല്ലം ഞാൻ തന്നെ ആദ്യം വിളിക്കും എന്ന് കഴിഞ്ഞ കൊല്ലം ഒരു നേർച്ച ഇണ്ടായിരുന്നു. അതുകൊണ്ടാ നേരത്തെ തന്നെ വിളിച്ചത് "

"ങേ.. നേർച്ചയോ? എവിടെ?".

"അതൊക്കെ പോട്ടെ, മോനേ, കൺഗ്രാജൂലേഷൻസ്"

"നന്ദി അമ്മേ.. ഞാൻ പിന്നെ വിളിക്കാം. ഉറക്കം കഴിഞ്ഞിട്ടില്ല്യാ"

"ഡാ, അവള് എണീറ്റില്ലേ?"

ആ ചോദ്യത്തിൽ ഒരു അമ്മായി അമ്മ ഒളിഞ്ഞു കിടന്നിരുന്നോ എന്നൊരു സംശയം..

"ഇത്ര നേരായിട്ടും ഇവൾക്ക് എന്താ ഇത്ര ഉറക്കം. ഞാനൊക്കെ മൂന്ന് മൂന്നരക്ക് എണീക്കാറുണ്ടായിരുന്നു"  എന്ന് കേട്ടുവോ കേട്ടില്ലേ എന്നൊരു സംശയം ഇല്ലാതില്ല.

"ഇല്ലമ്മേ... സമയം അഞ്ചര അല്ലെ ആയിട്ടുള്ളൂ.. അവളുറങ്ങട്ടെ"

"എന്നാ എന്റെ പുന്നാര മോൻ പോയി അവൾക്ക് ചായ ഉണ്ടാക്കി കൊടുക്ക്‌"

"ശരി അമ്മേ" എന്നും പറഞ്ഞ് വീണ്ടും മൂടി പുതച്ച് കിടന്നു.

അഞ്ചു മിനിട്ട് പോലും ആയിട്ടുണ്ടാകില്ല... അടുത്ത ഫോൺ...

ഷഡ്ജവും ഋഷഭവും ഇങ്ങനെ ആരോഹണവും അവരോഹണവും ആയി മൂർധന്യത്തിൽ എത്താറായി.. അവൾ  ഇപ്പോൾ എണീക്കും എണീക്കില്ല എന്ന ഒരവസ്ഥ.

ഫോൺ നോക്കിയപ്പോൾ പണ്ട് ഒരുമിച്ച് പഠിച്ച ഒരു കൂട്ടുകാരി.... കോളേജ് കഴിഞ്ഞ് വളരെ വർഷങ്ങൾക്ക് ശേഷം ഈയടുത്താണ് വീണ്ടും കണ്ടുമുട്ടിയത്‌.

"എന്റമ്മേ.. ഇവളും ഈ രാവിലെ തന്നെ...?"

സഹധർമിണി രാവിലെ ഉറക്കം എണീറ്റ്‌ വരുമ്പോൾ വേറെ വല്ല പെണ്ണുങ്ങളുമായി സംസാരിക്കുന്നത് കണ്ടാൽ ഉണ്ടാകുന്ന പുകിൽ ഓർത്ത് വേഗം തന്നെ കിടക്കയിൽ നിന്ന് എണീറ്റ് അടുത്ത മുറിയിലേക്ക് നടന്നു.

"ഹലോ... "

"അപ്പോഴേ.. കൺഗ്രാജുലേഷൻസ്. ചെലവ് വേണം കേട്ടോ"

"ശരി..ശരി.. ഒക്കെ തരാം. എന്റെ ഉറക്കം കഴിഞ്ഞിട്ടില്ല.. ഞാൻ പിന്നെ വിളിക്കാം"

"സഹധർമിണി എണീറ്റില്ലേ?"

"ഇല്ല... നീ ഇപ്പൊ ഫോൺ വക്ക്"

അങ്ങനെ അതും കഴിഞ്ഞു. ഇനി ഉറങ്ങാൻ പറ്റില്ല.

അന്നും പതിവ് പോലെ പല്ല് തേക്കാൻ തുടങ്ങി...

അപ്പോൾ അതാ അടുത്ത ഫോൺ...

അത് അമ്മായിഅമ്മയുടെ ഫോൺ..

"മോനെ.. കൺഗ്രാജുലേഷൻസ്... വിളിക്കാൻ ഇത്തിരി വൈകിപ്പോയി..സോറി"

"താങ്ക് യു... ഇല്ലില്ല.. വേറെ ആരും ഇത് വരെ വിളിച്ചിട്ടില്ല. അമ്മ തന്നെ ആണ് ഇന്ന് ആദ്യം വിളിച്ചത്".  വേണ്ട കാര്യങ്ങൾ വേണ്ട രീതിയിൽ മാറ്റി  പറഞ്ഞില്ലെങ്കിൽ ചിലപ്പോൾ കാര്യം നിസ്സാരമായി തോന്നുമെങ്കിലും പ്രശ്നം ഗുരുതരം ആകും

ഇങ്ങനെ, രാവിലെ തീന്മേശക്ക് മുമ്പിൽ എത്തുന്നതിന് മുമ്പ് തന്നെ ഇരുപത് ഫോൺ കാൾ എങ്കിലും വന്നു കാണും.

"താങ്ക്യൂ താങ്ക്യൂ താങ്ക്യൂ" എന്ന് പറഞ്ഞ് പറഞ്ഞ് നാവ് വളഞ്ഞു കുഴഞ്ഞു.

സാധാരണ ദിവസങ്ങളിൽ "മണിച്ചിത്രത്താഴ്" സ്റ്റൈലിൽ കാണുന്ന സഹധർമിണി ഇന്ന് "പൂമുഖ വാതിൽക്കൽ സ്നേഹം തുളുമ്പുന്ന പൂന്തിങ്കൾ" പോലെ കാണപ്പെട്ടു.

എല്ലാ വെള്ളിയാഴ്ചയും രാവിലെ, ആരോഗ്യത്തിന്റെ പര്യായം ആയ "ഓട്സ്" ആണ് ഭക്ഷണം... ഇന്നാണെങ്കിൽ ദോശ, ഇഡ്ഡലി, പൂരി ഒക്കെ ഉണ്ട് ബ്രേക്ക്‌ഫാസ്റ്റിന്.

ചട്ണി കൂട്ടി ഇഡ്ഡലി തിന്നുമ്പോൾ ജനലിലൂടെ പുറത്തേക്ക് നോക്കി...

കിളികളുടെ കളകളാരവം കാതുകളിൽ നിറഞ്ഞു. അണ്ണാൻ കുഞ്ഞുങ്ങൾ ഒരു ചില്ലയിൽ നിന്ന് മറ്റേ ചില്ലയിലേക്ക് ചാടുന്നതിന് തന്നെ എന്തൊരു ഭംഗി. കുരുവികൾ കൊക്കൊരുമ്മുന്നു. പ്രകൃതി തന്നെ സന്തോഷം കൊണ്ട് നൃത്തം ചെയ്യുന്നത് പോലെ തോന്നി.

ഭാര്യയും, അമ്മയും, അച്ഛനും, അമ്മായി അമ്മയും/അച്ഛനും, ചേട്ടനും ചേച്ചിയും, കൂട്ടുക്കാരികളും, കിളികളും, പ്രകൃതിയും, കാരി കൂരി കുഞ്ഞുങ്ങളും ഒക്കെ സന്തോഷത്തിലാണ്... ഈ അവസ്ഥ കണ്ടിട്ട്.. കൺഗ്രാജൂലേഷൻസ് പറഞ്ഞ് പറഞ്ഞ് അവർക്ക് മതിയാകുന്നില്ല... അവനവന്റെ വിഷമം അവനവനു മാത്രമേ അറിയൂ എന്ന് സ്വയം ആലോചിച്ചു...

സ്വയം കരിദിനം ആയി ആചരിക്കുന്ന ഈ ദിനം...ബാക്കി എല്ലാവർക്കും സന്തോഷത്തിന്റെ ദിവസം

അപ്പോഴതാ വീണ്ടും ഫോൺ.... അതൊരു സുഹൃത്തായിരുന്നു...

"ഹലോ"

"ഡാ സ്പീക്കറിൽ ഇടടാ. നിന്റെ സഹധർമ്മിണിയും കൂടി കേൾക്കട്ടെ"

കരിദിനത്തെ പറ്റി ആലോചിച്ചിരിക്കുമ്പോഴാണ് ഇവന്റെ ഒരു ഫോൺ. ആദ്യം ഓർമ്മ വന്നത് താളവട്ടത്തില് സോമനോട് ചൂടായി ജഗതി മുണ്ടും പൊക്കി വളച്ചു കുത്തി "അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ... താനാരുവാ" എന്ന് ചോദിക്കുന്നതാണ്. ഫോൺ വിളിച്ചവനോട് ചോദിക്കാൻ തോന്നി.... "ഡാ അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ.... നീയാരുവാ... വേറെ പണിയൊന്നുമില്ലേ ഇങ്ങനെ വിളിക്കാൻ"

അപ്പോഴേക്കും സഹധർമ്മിണി സ്പീക്കർ ഫോൺ ഓൺ ചെയ്തു.

"അപ്പൊ... 15 കൊല്ലം പരസ്പരം സഹിച്ച്  ഒരുമിച്ച് കഴിഞ്ഞ നിങ്ങളെ രണ്ടു പേരെയും സമ്മതിക്കണം... ഹാപ്പി ആനിവേഴ്സറി... കൺഗ്രാജുലേഷൻസ്... "

പെട്ടെന്ന്... "അവനവൻ കുരുക്കുന്ന കുരുക്കഴിച്ചെടുക്കുമ്പോ ഗുലുമാൽ" എന്ന ഒരു അശരീരി കേട്ട പോലെ തോന്നി...

പിൻ‌കൂർ ജാമ്യം: ഇതിലെ കഥാപാത്രങ്ങളും സംഭവങ്ങളും എല്ലാം ഭാവന മാത്രം. ഇതിനെ നിങ്ങളുടെ ജീവിതവുമായി സാമ്യം തോന്നിയാൽ നിങ്ങടെ കഷ്ടകാലം. നിങ്ങളുടെ  ദുഃഖത്തിൽ ഞാനും പങ്ക് ചേരുന്നു. എങ്ങാനും എന്റെ ജീവിതവുമായി സാമ്യം തോന്നിയാൽ അത് വെറും യാദൃശ്ചികം മാത്രം.