2015, ജൂലൈ 18, ശനിയാഴ്‌ച

ഓർമ്മകൾ
===========

"ഓർമ്മകളോടിക്കളിക്കുവാനെത്തുന്നു 
മുറ്റത്തെ ചക്കരമാവിൻ ചുവട്ടിൽ..."

----

ഇന്നലെ രാമു കാര്യാട്ടിനെ ഓർമ്മ വന്നു. 

വെറുതെ ഇരിക്കുമ്പോൾ രാമു കര്യാട്ടിനെ ഓർക്കാൻ കാരണം വേറൊന്നുമല്ല..  ചെമ്മീൻ സിനിമ ഓർമ്മ വന്നത് കൊണ്ട് തന്നെ.

അപ്പോൾ പിന്നെ കറുത്തമ്മയെയും, ചെമ്പൻകുഞ്ഞിനേയും ഓർമ്മ വരാതിരിക്കുമോ? 

ഇവരെ ഒക്കെ ഓർത്ത സമയം നല്ല സമയം തന്നെ...  അപ്പോൾ 

"കടലിനക്കരെ പോണോരെ കാണാപ്പൊന്നിനു പോണോരെ
  പോയ്‌ വരുമ്പോൾ എന്ത് കൊണ്ട് വരും" 

എന്ന പാട്ടും, പിന്നെ 

"ചാകര കടപ്പുറത്തിനി ഉത്സവമായ്" 

എന്ന സന്തോഷത്തിന്റെ പാട്ടുകൾ ഓർത്ത് നിൽക്കുമ്പോൾ ആണ്, നമ്മുടെ കൊച്ചു മുതലാളി പരീക്കുട്ടി നടന്നു വരുന്നത് കണ്ടത്... കണ്ണ് കൊണ്ട് കണ്ടതല്ല... ഐ മീൻ ഓർമ്മയിൽ വന്നത്..

പരീക്കുട്ടി വന്നതും, മ്യൂസിക്‌ മാറി മൂഡ്‌ ഓഫ്‌ ആയി...

"മാനസ മൈനേ വരൂ...മധുരം നുള്ളിത്തരൂ"

------

വെറുതെ ഇരിക്കുമ്പോൾ ഇങ്ങനെ ചെമ്മീൻ സിനിമ ഓർമ്മ വരാൻ കാരണം എന്താണെന്ന് ചോദിച്ചാൽ, ഒരു ആടിനെ ഓർമ്മ വന്നതാണ്. മുട്ടനാടിനെയല്ല ഓർത്തത്‌... ഓർത്തത്‌ കുട്ടനാടിനെയാണ്. 

കുട്ടനാട്ടിൽ  പരീക്കുട്ടി ഉള്ളതുകൊണ്ടാണോ ചെമ്മീൻ ഓർത്തത്‌?

അല്ല....

പണ്ടൊരു കാലത്ത് കേരളം മുഴുവൻ പരീക്കുട്ടികൾ ആയിരുന്നു. പക്ഷേ ഇക്കാലത്ത് പരീക്കുട്ടികളെ കാണാൻ ബുദ്ധിമുട്ടാണ്. ഒരു പ്രേമം പൊട്ടിയാൽ സെന്റി പാട്ടൊന്നും പാടാതെ ഉടനെ അടുത്തത് എന്ന രീതിയിലാണ് യുവമിഥുനങ്ങൾ.

കുട്ടനാട്ടിൽ ചെമ്മീൻ കൃഷി ഉണ്ടോ? അതും അറിയില്ല...

------

ഒരു പിള്ളയെ ഓർത്തതു കൊണ്ടാണ് കുട്ടനാടും ചെമ്മീനും  ഒക്കെ ഓർമ്മ വന്നത്.  ചെമ്മീൻ എഴുതിയ തകഴി ശിവശങ്കരപ്പിള്ള എന്ന പിള്ള. തകഴി കുട്ടനാട്ടിൽ ഉണ്ടായിരുന്നത് കൊണ്ട് കുട്ടനാടും പിന്നെ തകഴി എഴുതിയ  ചെമ്മീനും ഒക്കെ ഓർമ്മകളിൽ ഒരുമിച്ചവതരിച്ചു. 

മിക്കവാറും എല്ലാ സമയത്തും എന്തെങ്കിലും ഓർക്കാൻ നോക്കിയാൽ ഒന്നും ഓർമ്മ വരില്ല. മറ്റു ചില സമയങ്ങളിൽ ഓർക്കാൻ തുടങ്ങിയാൽ പിന്നെ നിർത്താനും പറ്റില്ല. അങ്ങനെ നിർത്താൻ പറ്റാതെ, തകഴിയുടെ രണ്ടിടങ്ങഴി, ഏണിപ്പടികൾ, കയർ, അനുഭവങ്ങൾ പാളിച്ചകൾ എന്നീ കൃതികളും ഓർത്തു.  

പിന്നെ മുളക്, ഇഞ്ചി, കറിവേപ്പില  ...... തെറ്റിപ്പോയി.. (പെട്ടെന്നാണ് പച്ചക്കറികൾ വാങ്ങേണ്ട ഹോം മിനിസ്റ്ററുടെ ഒരു തുണ്ട് കടലാസ് കണ്ണിൽ വന്നത്) അതൊന്നുമല്ല.. തകഴിയുടെ ചുക്ക് എന്ന സൃഷ്ടിയും കൂടി ഓർത്തു..

ഇതൊന്നും വായിച്ചിട്ടില്ലെങ്കിലും പെട്ടെന്ന് ഓർത്തപ്പോൾ വളരെ നല്ല ഒരു സുഖം....

-----

വെറുതെ ഇരിക്കുമ്പോൾ തകഴിയെ ഓർക്കാൻ...? കാരണം, തകഴിയുടെ സഹധർമ്മിണി കാത്തയെ ഓർത്തത്‌ കൊണ്ട് മാത്രം.

തകഴി അവരെ 

"കാത്തേ.. കാത്തേ" 

എന്ന് വിളിക്കുന്നത്‌ പോലെ ഒരു തോന്നൽ... 

ആ ഒരു തോന്നലിൽ നിന്നാണ് മേൽ പറഞ്ഞ മുളകും, ഇഞ്ചിയും, കറിവേപ്പിലയും, ചുക്കും, ചെമ്മീനും, കറുത്തമ്മയും പരീക്കുട്ടിയും ഒക്കെ ചിന്തകളിൽ പൊട്ടിമുളച്ചത്... സത്യം പറഞ്ഞാൽ മുളകും ഇഞ്ചിയും കറിവേപ്പിലയും ഒക്കെ കൂട്ടി തിരുമ്മി ഉണ്ടാക്കുന്ന സംഭാരം വരെ ഓർത്തു. 

ചിന്തകൾ പ്രകാശത്തിനേക്കാൾ വേഗത്തിൽ സഞ്ചരിക്കുന്നു എന്നത് സത്യം..

----- 

വെറുതെ ഇരിക്കുമ്പോൾ തകഴിയുടെ സഹധർമിണി കാത്തയെ ഓർക്കാൻ...? 

വളരെ അധികം ജോലിത്തിരക്കുള്ള ഇന്നലെ ആയിരുന്നു എന്റെ സഹധർമിണി നാട്ടിൽ പൊയത്. എയർപോർട്ടിൽ കൊണ്ട് വിട്ട് വേഗം തന്നെ ഓഫീസിൽ തിരിച്ചെത്താനായിരുന്നു പരിപാടി. എയർപോർട്ടിൽ എത്തിയപ്പോൾ ആണ് അറിയുന്നത് ഹോംഗ്കൊംഗിൽ ടൈഫൂണ്‍.. അവൾ പോകാനിരുന്ന വിമാനം വൈകും എന്നറിഞ്ഞു...വിമാന അധികൃതർ, ടൈഫൂണ്‍ കാരണം ഉള്ള പ്രശ്നങ്ങളും, ഹോംഗ്കൊംഗിൽ നിന്ന് ബംഗ്ലൂരിലേക്ക് ഉള്ള കണക്ഷൻ ഫ്ലൈറ്റ് ചിലപ്പോൾ കിട്ടില്ല എന്നുമൊക്കെ പറഞ്ഞു ഞങ്ങളെ പേടിപ്പിച്ചു. 

എന്റെ ഭാര്യ പോകാനിരുന്നത് കാത്തേ പസിഫിക് വിമാനത്തിലായിരുന്നതിനാൽ, 

"എന്റെ  കാത്തേ.. കാത്തേ.. എന്റെ ഭാര്യയെ കാത്തോളണേ" എന്ന് ശക്തമായി പ്രാർഥിച്ചു.

പ്രാർഥനയുടെ  ശക്തി കൂടിയത് കൊണ്ടാണോ എന്നറിയില്ല... സംഭവം കൈവിട്ട് കുട്ടനാട്ടിലെ തകഴിയുടെ കാത്തയിലെത്തി....


അഭിപ്രായങ്ങളൊന്നുമില്ല: