വീട്ടിലെ രണ്ട് പിള്ളാരും വളർന്ന് വലുതായി. കുഞ്ഞുപ്രായത്തിൽ "അച്ഛനെ എനിക്ക് ഭയങ്കരിഷ്ഠാ" എന്നും പറഞ്ഞ് കാലിൽ തൂങ്ങി അള്ളിപ്പിടിച്ച് വിടാതെ നിലത്ത് നിരങ്ങി നീങ്ങിയിരുന്ന പിള്ളേരിപ്പോ, തോളത്തൊക്കെ കയ്യിട്ടു "ഹായ് ബ്രോ", "വാട്ട് സ് അപ്പ് ഡൂഡ്" എന്നൊക്കെ ചോദിക്കുന്ന നിലയിലെത്തി...
രണ്ട് പേരെയും അവരുടെ ഏതോ ക്‌ളാസ് കഴിഞ്ഞ് വീട്ടിലേക്ക് പിക്ക് അപ്പ് ചെയ്തു വീട്ടിലേക്ക് കൊണ്ടുവരുന്ന ഒരു ദിവസം. വണ്ടിയോടിച്ച് 5 മിനിറ്റ് ആയിട്ടുണ്ടാകും. ആരും മിണ്ടാട്ടമില്ല... അടൂർ ഗോപാലകൃഷ്ണന്റെ സിനിമയിലെ വണ്ടികളിലുള്ള യാത്ര പോലെ.. സാധാരണ, വണ്ടിയിൽ കയറിയാൽ ഉടനെ തന്നെ ഫോൺ എടുത്ത് ചുണ്ണാന്പ് തേക്കലാണ് പണി. അതും ചെയ്യുന്നില്ല. അവരവരുടെ ക്ലാസ്സുകളിൽ എന്തോ നടന്നിട്ടുണ്ട്..
എന്തായാലും ഈ ഐസ് ബ്രേക്ക് ചെയ്യണം എന്ന് തീരുമാനിച്ച സമയം തന്നെ, വേറൊരുത്തൻ അവന്റെ വണ്ടിയെ മുന്നിലേക്ക് ചാടിച്ച കാരണം, ഒരു സഡൻ ബ്രേക്കിട്ടു.
"എന്ത് പറ്റി പിള്ളാരെ?"
"നത്തിങ് ഡൂഡ്"
"ചിൽ girls"
"നിർത്ത് ബ്രോ. അച്ഛൻ ഒന്ന് മിണ്ടാണ്ടിരിക്ക്യോ"
"മക്കളേ, ഇങ്ങനെ മിണ്ടാണ്ടെ വണ്ടിയോടിക്കാൻ ഒരു രസവുമില്ല. ഞാൻ ഒരു moral story പറയാം"
"അച്ഛാ... നിർത്തൂ.. ആ പാത്രം മോറലിന്റെ സ്റ്റോറി ആണോ? അത് കേട്ട് കേട്ട് മടുത്തു"
"അല്ലാന്നേ.. ആ ജോക്കൊക്കെ അച്ഛൻ പണ്ടേ നിർത്തിയില്ലേ? ഇത് പുതിയത്.. ഒരു പേരിന്റെ കഥ"
"അച്ഛൻ എന്ത് കഥ വേണമെങ്കിലും പറഞ്ഞോളൂ.. ഞാൻ കേൾക്കുന്നില്ല." രണ്ട് പേരും തങ്ങളുടെ നിലപാട് വെളിപ്പെടുത്തി..
'കൈവിട്ട ആയുധവും വാ വിട്ട വാക്കും തിരിച്ചെടുക്കാൻ പറ്റില്ലാ ന്ന ല്ലേ? കേട്ടാലും കേട്ടിലെങ്കിലും കഥ പറഞ്ഞിട്ട് തന്നെ കാര്യം..
പണ്ട് പണ്ട് ചൈനയിലെ ഒരു കൊച്ചു ഗ്രാമം. എല്ലാവരും വളരെ സന്തോഷത്തോടെ ജീവിച്ചിരുന്ന ആ ഗ്രാമത്തിലേക്ക് ഒരു ദിവസം ലിങ് എന്ന പേരുള്ള ഒരു ചെറുപ്പക്കാരൻ എത്തിച്ചേർന്നു. അവിടെയുള്ള ഒരു ആൽമരത്തിന്റെ കീഴെയായിരുന്നു അവന്റെ താമസം. തുടക്കത്തിൽ ഒരു പാവത്താനെ പോലെ തോന്നിയെങ്കിലും... കുറച്ച് നാൾ കഴിഞ്ഞപ്പോൾ അവൻ ആളത്ര ശരിയല്ല എന്ന് എല്ലാവർക്കും തോന്നിത്തുടങ്ങി. ഗ്രാമത്തിലെ പൂച്ച പട്ടി എന്നീ ജീവികളെ കാണാതായി തുടങ്ങി. കമല ഹാരിസുമായുള്ള ഡിബേറ്റിൽ അമേരിക്കയിൽ സ്പ്രിംഗ് ഫീൽഡ് എന്ന പട്ടണത്തിൽ ഹെയ്തിയിൽ നിന്നുള്ള immigrants പട്ടിയെയും പൂച്ചയേയും തിന്നുന്നുണ്ട് എന്ന് ട്രംപ് പറഞ്ഞതുമായി സാദൃശ്യം തോന്നിയാൽ അത് വെറും യാദൃശ്ചികം മാത്രം.
ഇടത്തോട്ടും വലത്തോട്ടും തിരിഞ്ഞ് നിൽക്കുന്ന സൂര്യകാന്തിപ്പൂവിന്റെ ഇതളുകൾ പോലെ ഒരാൾ റോഡിന്റെ ഇടത് വശത്തോട്ടും മറ്റെയാൾ വലത് വശത്തോട്ടും നോക്കിയിരിക്കുകയായിരുന്നു. "അച്ഛൻ ബ്രോ.. എന്ത് വേണമെങ്കിലും പറഞ്ഞോ.. we dont care" എന്ന പോലെ. പക്ഷെ, "പട്ടിയെയും പൂച്ചയേയും കാണാനില്ല... ട്രംപ്.. കമല ഹാരിസ്" എന്നൊക്കെ കേട്ടപ്പോൾ, രണ്ട് പേരും മുഖാമുഖം ഒന്ന് നോക്കി... "what..?" എന്നൊരു ചോദ്യം ഉറക്കെ ചോദിച്ച്.. ഒരു താല്പര്യവും ഇല്ലാതെ..വീണ്ടും ഇടത്തോട്ടും വലത്തോട്ടും നോക്കിയിരുന്നു.
തുടങ്ങിയതല്ലേ.. ഇനി നിർത്താൻ പറ്റില്ലല്ലോ.. കഥ തുടർന്നു..
'ഗ്രാമീണർ എല്ലാവരും ലിങ്ങിനെ അവിടന്ന് തുരത്താൻ തീരുമാനിച്ചു. അവരെല്ലാവരും, ലിങ് താമസിച്ചിരുന്ന ആലിൻ ചുവട്ടിലെത്തി ഉച്ചത്തിൽ അലറാൻ തുടങ്ങി.. "ഇവിടന്ന് കടന്ന് പോകൂ", "ലിങ്ങിനെ ചവിട്ടി പുറത്താക്കൂ" എന്നൊക്കെ അലറി വിളിച്ചു. ഇംഗ്ളീഷുകാർ ചൈനയിൽ എത്തിച്ചേർന്ന കാലമായിരുന്നു അത്. കുറച്ച് പേർക്കൊക്കെ മുറി ഇംഗ്ളീഷ് അറിയാമായിരുന്നു. കൊഴുക്കട്ട തിന്നുകൊണ്ടിരുന്ന ആ ഗ്രാമീണരിൽ ചിലർ Dump എന്നൊരു വാക്ക് കേട്ടിരുന്നു.. അതിന്റെ അർത്ഥവും അറിയാമായിരുന്നു... ഡംപ് ലിങ്, ഡംപ് ലിങ് എന്ന പറഞ്ഞ് അവർ തങ്ങളുടെ കയ്യിലെ കൊഴുക്കട്ട ലിങ്ങിന്റെ നേരെ എറിഞ്ഞു. ഗ്രാമീണർ മുഴുവൻ "ഡംപ് ലിങ്, ഡംപ് ലിങ്, dumbling, dumpling" എന്നതേറ്റു പിടിച്ചു.. അങ്ങനെ അവരെറിഞ്ഞ കൊഴുക്കട്ടയാണ് മക്കളെ, പിന്നീട് dumpling എന്ന പേരിൽ അറിഞ്ഞ് തുടങ്ങിയത്.
'ഇത്രയും പറഞ്ഞ്, എപ്പോഴാണ് അടി വീഴുക എന്നറിയാത്തത് കൊണ്ട്.. വണ്ടിയുടെ ഡ്രൈവർ സീറ്റിൽ ഒന്ന് പതുങ്ങിയിരുന്നു'
കഥയൊട്ടും ശ്രദ്ധിച്ചിരുന്നില്ല എന്ന ഭാവത്തിൽ ഇരുന്നിരുന്ന രണ്ട് പേരും, ഒരേ സ്വരത്തിൽ അലറി...
"അച്ഛാ..ആ..ആ..ആ.."
അത്രയും ഉച്ചത്തിലായിരുന്നതിനാൽ തൊട്ടടുത്ത കാറിൽ ഉണ്ടായിരുന്ന സർദാർജി.. ഞങ്ങളെ നോക്കി... അയ്യാളുടെ വണ്ടിയിലെ ചില്ല് താഴ്‌ത്തി
"ബഹുത്തച്ഛാ" എന്നും ഞാൻ തിരിച്ച്
"പെരുന്തച്ചാ" എന്നും പറഞ്ഞു...
"അച്ഛാ... ഇനിയെങ്കിലും ഈ ഡാഡ് ജോക്ക്സ് നിർത്താമോ... this is one of the worst jokes I have ever heard" (ഇതെല്ലാ പ്രാവശ്യവും കേൾക്കുന്നത് കൊണ്ട്.. തൊലിക്കട്ടി ഇത്തിരി കൂടിയിട്ടുണ്ട്... )
എന്തായാലും പിന്നെയങ്ങോട്ട് ചേച്ചിയും അനിയത്തിയും എന്റെ മെക്കട്ട് കയറി, അടൂർ ഗോപാലകൃഷ്ണന്റെ സിനിമ വിട്ട് സിദ്ദിക്ക് ലാലിന്റ സിനിമയിൽ ഉള്ള പോലെ രസകരമായി വീട്ടിലെത്തി...
പിള്ളേരെയും കൊണ്ട് വരുന്പോൾ, വഴിയിൽ ഒരു junction ൽ, Bing's Dumpling എന്നൊരു restaurant കണ്ടപ്പോൾ ഉണ്ടായ ഈ ഡാഡ് ജോക്ക് കാരണം.. ആ junction നിനെ ഇപ്പോൾ ഡമ്പ്ലിങ് മൂല എന്നാണ് വിളിക്കുന്നത്...
ആരെങ്കിലും ഇത് വരെ വായിച്ചെത്തിയാൽ എന്നെ പഞ്ഞിക്കിടരുത്..