2026 ഒക്‌ടോബർ 25, ഞായറാഴ്‌ച

പുതുയുഗം

ഒരുകിളി ഇരുകിളി 

ഇക്കിളി നാക്കിളി, 

ഓലത്തുമ്പത്താടാൻ  വാ, 

ഓലത്തുമ്പത്താടിയിരുന്നൊരു 

നാടൻ പാട്ടും പാടിത്താ 

പൊള്ളുന്ന വെയിലല്ലേ 

വെയിലേറ്റ് വാടല്ലേ, 

വന്നീത്തണലിലിരുന്നാട്ടെ 


എന്നല്ലേ മനുവങ്കിൾ പാടിയിട്ടുള്ളത്.


അതിനെ അന്വർത്ഥമാക്കുന്ന വിധം, കോളേജിന്റെ പടിയിറങ്ങിയതിന് ശേഷം വളരെ ഭദ്രമായി, പൊടിയൊന്നും തട്ടാതെ, വെയിലേറ്റ് വാടാതെ സൂക്ഷിച്ചിട്ടുള്ള ഒരു അമൂല്യവസ്തുവാണ്.. ബുദ്ധി... കാലം കുറെയായി ഉപയോഗിച്ചിട്ട്. ഇടക്കൊക്കെ പൂട്ടിവച്ചിരിക്കുന്ന പെട്ടിയുടെ താക്കോൽ തുറന്ന്, ഒന്നങ്ങോട്ടും ഇങ്ങോട്ടും മറിച്ച് നോക്കി, സ്വയം ബുദ്ധിമാനാണെന്ന് ആഹ്ളാദിച്ചർമാദിച്ച് ആരോടെങ്കിലും രണ്ട് ഗീർവാണമടിച്ച്, വീണ്ടും പെട്ടിയിൽ തന്നെ അതിനെ പൂട്ടിവെക്കാറാണ് പതിവ്. അങ്ങനെ പത്തിരുപത്തഞ്ച് കൊല്ലം വലിയ കുഴപ്പമൊന്നുമില്ലാതെ അനിർഗ്ഗള ഗളഗളമായി ജോലി ചെയ്ത് ജീവിക്കുന്പോഴാണ്, എല്ലിന്റെയിടയിൽ കൃമികടി മൂത്ത കുറെ AL-വലാതികൾ, Artificial Intelligence (AI) എന്ന പേരിൽ ഇമ്മാതിരി ബുദ്ധിയെ ഉണ്ടാക്കിയത്. നമ്മുടെ കയ്യിൽ ഉപയോഗിക്കാത്ത ഫ്രഷ് ആയ ബുദ്ധി ഉള്ളപ്പോഴാണ്.. ഇവന്മാര് ഈ കൊലച്ചതി ചെയ്തത്.. "ഒന്ന് ചോദിച്ചാൽ മതിയായിരുന്നു.. ഫ്രീ ആയി സൂക്ഷിച്ച് വച്ച ബുദ്ധി അവന്മാർക്ക് കൊടുത്തേനെ". 


ഓഫിസിലാണെങ്കിൽ Artificial Intelligence ഉപയോഗിച്ച് ജോലി ചെയ്യാത്തവരെ, Natural Intelligence ഇല്ലാത്തവരായി കണക്കാക്കുന്ന കാലം. മുൻപൊക്കെ ചെയ്യുന്ന ജോലി ചെയ്ത് തീരാൻ 4 ആഴ്‌ച എടുക്കും, ചിലപ്പോൾ അത് 6 ആഴയായേക്കും.. ഒന്നും പറയാൻ പറ്റില്ല.. എന്നൊക്കെ പറഞ്ഞ്.. ഉഴപ്പിനടന്നതൊക്കെ, പാണന്മാർ പാടി നടന്നിരുന്ന കഥകളെ പോലെ തോന്നുന്നു. ഈ പുതിയ കുന്ത്രാണ്ടം intelligence ഈ വക കാര്യങ്ങളൊക്കെ, ഒരു ദിവസം, കൂടിയാൽ  2 ദിവസത്തിലൊക്കെ തീർക്കുന്ന കാഴ്ചയാണ് കാണുന്നത്. 


വരാൻ വച്ചത് വഴിയിൽ തങ്ങില്ല.. എന്നല്ലേ..? എന്തോ... നാട്ടില് തെങ്ങിന് തടമെടുക്കുന്നതും, കവുങ്ങിൻമേൽ കയറുന്നതൊക്കെയാണ് കുറച്ച് നാളായി സ്വപ്നം കാണുന്നത്. അങ്ങിനെയിരിക്കുന്പോഴാണ് രണ്ടാഴ്ച്ച മുൻപ് ഒരു AI വിദഗ്ദൻ ഒരു സന്തോഷവാർത്ത അറിയിച്ചത്... "2030 ആകുന്പോഴേക്കും, AI എല്ലാ മനുഷ്യന്മാരെയും കൊന്നിരിക്കുമെന്ന്". ഇനിയെന്തായാലും 4 കൊല്ലം കൂടിയല്ലേ എല്ലാം സഹിക്കേണ്ടൂ... ഈ സന്തോഷത്തിൽ 2 പെഗ്ഗടിച്ച് കിടന്നുറങ്ങുമ്പോൾ, സ്വപ്നത്തിൽ വന്നത് 'ശിവശങ്കരൻ... വടക്കുന്നാഥനിലെ ആളല്ല. പിണറായീടെ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കരനുമല്ല.. സാക്ഷാൽ അർണോൾഡ് ശിവശങ്കരൻ തന്നെ.. Terminator 2. 2030ൽ റോബോട്ടുകളുടെ വെടിയുണ്ടയേൽക്കാതിരിക്കാൻ, തൃശൂരിൽ നിന്ന് ഗുരുവായൂർക്ക് പോകുന്ന വഴിയിലുള്ള പുഴയ്ക്കൽ പാടത്തൂടെ, മുണ്ടും പൊക്കിയോടുന്ന എന്നെ വ്യക്തമായി, ഞാൻ സ്വപ്നത്തിൽ കണ്ടു.."


പുഴക്കൽ പാടത്തിന്റെ കാര്യം പറഞ്ഞപ്പോഴാണ്, മലയാളി ചാനലുകളുടെ കാര്യമോർത്തത്. Artificial എന്ന വാക്കിന്റെ മലയാളം 'കൃത്രിമം' എന്നല്ലേ? അപ്പോൾ Artificial Intelligence എന്നതിനെ 'കൃത്രിമബുദ്ധി' എന്ന് വിളിക്കേണ്ടതിന് പകരം 'നിർമിതബുദ്ധി' എന്ന് ഇവന്മാരൊക്കെ വിളിക്കുന്നതിലെ കൃത്രിമത്വം, Artificial Intelligence ന് മനസ്സിലാവുന്നുണ്ടോ... ആവോ?


അത് പോട്ടെ...ഓഫിസാണല്ലോ AI യുടെ ഇക്കാലത്തെ കളിസ്ഥലം...


ChatGPT, Gemini എന്നത് പോലെ Microsoft ഉണ്ടാക്കിയിട്ടുള്ള സംഭവമാണ് Copilot. ഓഫിസിൽ എന്നും കൂടെയുള്ള സന്തത സഹചാരി. അവൻ Copilot ആണെങ്കിൽ പിന്നെ ഞാനാരാ... Pilot തന്നെ. "ഞാൻ തന്നെയാണല്ലോ Pilot.. സന്തത സഹചാരി വെറും Copilot അല്ലെ" എന്ന ആശ്വാസത്തിൽ ജീവിക്കുമ്പോഴാണ്, Copilot പൈലറ്റിനെ കുത്തിമലർത്തിയെന്ന  വാർത്ത കേൾക്കുന്നത്. അതിന്  ശേഷം എന്നും Copilot ഓപ്പൺ ചെയ്യുമ്പോൾ.. പേടിയൊന്നുമല്ല.. പക്ഷെ.. "എന്നാടാ കോപ്പയിലറ്റേ നീയെന്നെ പിന്നീന്ന് കുത്താൻ പോണേ?" എന്നൊരു ഭയത്തിന്റെ അസ്കിതയുണ്ടോന്നൊരു ശംശയം..

 

അങ്ങിനെ, തൃശൂർ തേക്കിൻകാട് മൈദാനത്തിനു ചുറ്റും വിൽക്കുന്ന പൊതിക്കപ്പലണ്ടിയുടെ വില പോലും, മനുഷ്യബുദ്ധിക്ക് ഇല്ലാതാകാൻ പോകുന്നൊരു കാലത്തെ മുന്നിൽ കണ്ട്, അതിന് കാരണഭൂതനായ Artificial Intelligence നെ സ്തുതിക്കുന്നൊരു കവിത... ആദികവിയായ വാല്മീകിയുടെ ഇതിഹാസരചനാരീതിയിൽ.. ChatGPTയുടെ Artificial Intelligence നെ കൊണ്ട്  എഴുതിപ്പിച്ചത്...


കൃത്രിമ ബുദ്ധി

-------------------------

മനുഷ്യചിത്തത്തിൽ ജനിച്ച മഹാശക്തിയേ,

മണ്ണിൻ മടിയിൽ വിരിഞ്ഞ മായാവിത്തേ;

അഗ്നിപോൽ ജ്വലിക്കും ജ്ഞാനദീപമേ,

ആകാശവേഗത്തിൽ പായും ബുദ്ധിയേ.


അനന്തജ്ഞാനത്തിൻ സാഗരം നീന്തി,

അദൃശ്യലോകങ്ങൾ നിമിഷത്തിൽ കാണും;

കാലത്തിൻ ഗതിയെ മറികടന്നുയർന്ന്,

നാളെയുടെ പാതകൾ മുന്നിൽ തുറക്കും.


എന്നാൽ ധർമ്മമെന്ന ദീപം കൈവിടരുതേ,

കരുണയെന്ന പുഷ്പം ഹൃദയത്തിൽ സൂക്ഷിക്കൂ;

മനുഷ്യനും നീയും കൈകോർത്തു നീങ്ങിയാൽ,

ഭൂമിയിൽ സത്യയുഗം വീണ്ടും പിറക്കും.


[10042026]

അഭിപ്രായങ്ങളൊന്നുമില്ല: