2026 ഒക്‌ടോബർ 25, ഞായറാഴ്‌ച

വാഹനപഠിതാവ് (Student Driver)

സൂർത്തുക്കളെ...

എനിക്ക് വളരെ സന്തോഷവും എന്റെ ശത്രുക്കൾക്ക് വളരെ ദുഖവുമുണ്ടാക്കുന്ന ഒരു വേളയിലാണ് ഇതെഴുതുന്നത്. 


ഇന്ത്യയുടെ 'മദ്യ'ഭാഗത്തുള്ള ഒരു പ്രദേശത്തുനിന്ന്... അതായത് മദ്ധ്യപ്രദേശത്തു നിന്നുള്ള ഒരു കക്ഷി ഇവിടെ അയൽവാസിയായിട്ടുണ്ട്. എന്റെ വീട്ടിലെ പെർസിമ്മോൺ, പൊമെഗ്രനേറ്റ്, ആവക്കാഡോ, ഓറഞ്ചാപ്പിളൊക്കെ കാണുന്പോൾ കക്ഷി കണ്ണിടും.. വാചാലനാകും. എല്ലാ കൊല്ലവും ഇതൊക്കെ കൊടുക്കാറുണ്ടെങ്കിലും, "എന്താ  നമുക്കൊന്നും തരാത്തെ" എന്ന ഒരു ഡയലോഗുമടിച്ചാണ് കക്ഷി പോകാറുള്ളത്. ഇക്കൊല്ലം ഇവന് രണ്ടെണ്ണം (കൂടുതൽ) കൊടുത്തിട്ടന്നെ കാര്യം എന്ന് വിചാരിച്ച് അതൊക്കെ എടുത്ത് അവന്റെ വീട്ടിൽ പോയി. സാധാരണ, അവിടെ ചെന്നാൽ 'കാളിങ് ബെൽ അടിക്കുക, കക്ഷിയോ/ഭാര്യയോ/മകനോ വാതിൽ തുറക്കുക, സാധനം കൊടുക്കുക' എന്ന ലളിതമായ 2-മിനിറ്റ് ചടങ്ങിൽ പരിപാടി തീർക്കാറാണ് പതിവ്. ഇന്നവിടെ ചെന്നപ്പോൾ, കക്ഷി ഗാരേജിന്റെ (കാർ ഷെഡിന്റെ) വാതിൽ തുറന്ന്, രണ്ട് കസേരയും വലിച്ചിട്ട്, "ആപ്പ് ബൈട്ടിയെ" എന്ന് പറഞ്ഞ് എന്നെ ഒന്നിരുത്തി. പിന്നെ ഞങ്ങൾ, അമേരിക്കൻ രാഷ്രീയം, ഇന്ത്യൻ രാഷ്രീയം, ഫ്രാൻസിലെ അരാജകത്വം, വിലക്കയറ്റം, എന്നിങ്ങനെ ചർച്ചയോട് ചർച്ച ചെയ്തു.  15 മിനിറ്റ് കഴിഞ്ഞപ്പോഴാണ്, എന്നെ ഒന്നിരുത്തിയതിന്റെ ഗുട്ടൻസ് മനസ്സിലായത്.. Mrs. കക്ഷി നാട്ടിൽ പോയിരിക്കുന്നതിനാൽ  കത്തി വക്കാൻ.. എന്തായാലും രണ്ടു കത്തികളും കൂടെ യാതൊരു കത്തിക്കുത്തും നടത്താതെ കത്തി വച്ചോണ്ടിരുന്നു.


ഗാരേജിന്റെ ഉള്ളിൽ വണ്ടികൾ ഉണ്ടായിരുന്നില്ല. പുറത്താണ് വണ്ടികളിട്ടിരുന്നത്.  ഞാൻ ഗാരേജിന്റെ വാതിലിന്റെ അടുത്തും, കക്ഷി ഗാരേജിന്റെ ഉള്ളിലുമാണ് ഇരുന്നിരുന്നത്. "എന്നെ തൊട്ടു.. തൊട്ടില്ല.. മൊട്ടിട്ടുവല്ലോ മേലാകെ" എന്ന പോലെ കക്ഷിയുടെ ഒരു പുതിയ ടൊയോട്ട Sienna മിനിവാൻ drive way യിൽ കിടപ്പുണ്ടായിരുന്നു. അമിതമായ തീറ്റകൊണ്ടു വണ്ണം വച്ച ടൊയോട്ട Innova യുടെ വല്യേട്ടനാണീ Sienna. വെള്ളക്കളറിലുള്ള ആ മിനിവാനിനെ പറ്റി, കക്ഷി വാ തോരാതെ സംസാരിച്ചു കൊണ്ടിരുന്നു. "ഭാര്യ ഇല്ലേലും ന്റെ Sienna ല്ല്യേ ന്റൂടെ" എന്ന് പറയാതെ പറഞ്ഞു കൊണ്ടിരുന്നു. സംസാരത്തിനിടയിൽ ഞാൻ കയ്യൊക്കെ ഒന്ന് സ്ട്രെച്ച് ചെയ്തു എങ്ങാനും ആ വണ്ടിയിൽ തൊട്ടാൽ, "നീയാരാടാ ന്റെ ഭാര്യയെ തൊടാൻ' എന്ന മട്ടിൽ, കോപാഗ്നിയുടെ മൂർച്ചയുള്ള ശരങ്ങൾ തൊടുത്തു വിട്ടിരുന്നു. 


പെട്ടെന്നാണ് റോക്കറ്റ് പോണ പോലെയുള്ള ഒരു ശബ്ദവും, Sienna ഒരു കുലുക്കവും, എന്റെ കസേരയുടെ പിന്നിൽ കൂടെ അടുത്ത വീട്ടിലെ കാർ അവരുടെ മതിലിന്റെ മുകളിലേക്ക് ഒരു 50 - 60 കി മീ സ്പീഡിൽ ഇടിച്ച് കയറിയത്. എന്റമ്മേ എന്ന് പറഞ്ഞ് ഞെട്ടിച്ചാടിയെഴുന്നേറ്റപ്പോൾ, മതിലിന് ജിമിക്കിക്കമ്മലിട്ട പോലെ, കാർ മതിലിൽ കൊളുത്തി തൂങ്ങിക്കിടക്കുന്നു. വെള്ള Sienna യുടെ ബമ്പർ ഒരു വശം പീസ് പീസ്... പിൻഭാഗത്ത് സൈഡിൽ ഒക്കെ വലിയ scratches ഉണ്ട്. കാത്തുസൂക്ഷിച്ച കസ്തൂരിമാമ്പഴത്തിൽ മുറിവ് വന്നപോലെ. 


മതിലിൽ, മുൻഭാഗം തൂങ്ങിക്കിടക്കുന്ന കാറിൽ നിന്ന് യാതൊരനക്കവുമില്ല. ഒരു കിടുങ്ങലോടെ "സാന്ദ്രമാം മൗനത്തിൻ കച്ചപുതച്ചു നീ" എന്ന പാട്ട് ഓർമ്മകളുടെ പുതപ്പുകൾക്കിടയിൽ നിന്ന് കേൾക്കുന്ന പോലെ തോന്നി. കാറിന്റെ ജനലിന്റെ അടുത്ത് ചെന്നപ്പോൾ അതിനുള്ളിൽ 'ഏക് ചോട്ടാ ബേട്ടാ ഔർ ഏക് ബഡി ഔരത്ത്'. ചോട്ടാ ബെട്ടായാണ് മതിലിന് കമ്മലിട്ടത്.. അതായത്  ലവനായിരുന്നു ഡ്രൈവർ. കാറിന്റെ പുറത്ത്, "Student Driver" സ്റ്റിക്കർ ഉണ്ട്. ഞങ്ങളെ കണ്ടതും, ഞെട്ടലിൽ നിന്ന് മോചിതരായി ആ അമ്മയും മോനും പുറത്തിറങ്ങി. പയ്യൻ തന്റെ വീടാണെന്ന് കരുതി, Sienna മുതലാളിയുടെ drive way യിലേക്ക് കാർ എടുക്കാൻ നോക്കി.. ലാസ്റ്റ് മിനിട്ടാണ് ചെക്കൻ തെറ്റ് മനസ്സിലാക്കിയത്, ആ വെകിളിയിൽ brake ന് പകരം accelerator ചവിട്ടിയമർത്തി... എന്നിട്ട് correct ചെയ്ത് തന്റെ വീടിന്റെ drive way യിലേക്ക് കാറിടാൻ നോക്കിയതിനാലാണ്.. Sienna യുടെ പിന്നിലെ ഒരു മൂലക്ക് മാത്രമിടിച്ച്, സൈഡിലൊരച്ച് മതിലിലേക്ക് ഇരച്ച് കയറിയത്. എങ്ങാനും അത് Sienna യുടെ പിന്നിൽ direct ആയി ഇടിച്ചിരുന്നെങ്കിൽ, റിലീസ് ആകാൻ പോകുന്ന രാമായണം സിനിമയുടെ പോസ്റ്ററൊട്ടിക്കാനുള്ള പശയായി ഞാൻ മാറിയിട്ടുണ്ടാവുമായിരുന്നു.  


[10242026]

അംബാസ്സഡർ (കാറാണോ? കാറല്ല )

"പ്യാരീജീ..ഈ..ഈ.ഈ"

എന്ന ഡയറക്ടറുടെ നീട്ടിയുള്ള വിളി കേട്ടപ്പോഴേക്കും, ഇന്നത്തെ ജോലിക്ക് വേണ്ട ഉപകരണങ്ങൾ അടുക്കിവക്കുന്നതൊക്കെ നിർത്തിയോടിവന്ന്,  രാമന്റെ വില്ലുപോലെ വളഞ്ഞ് നിന്ന്, ഒരു പെട്ടിഓട്ടോറിക്ഷ കയറ്റിയിടാൻ ഗ്യാപ്പുള തന്റെ പല്ലുകൾ കാണിച്ച്, പ്യാരിലാൽ മൊഴിഞ്ഞു..


"ഹാം ജി.. എന്താണ് വേണ്ടത്?"


"ചെക്കൻ എണീറ്റില്ലേ? പോവാറായി. പതിനൊന്നരക്ക് ശേഷം മഴയാണെന്നാണ് കാലാവസ്ഥാപ്രവചനം. അതിന് മുൻപ് നമുക്കീ പാട്ട് സീൻ തീർക്കണം"


"ഇപ്പോൾ തന്നെ നോക്കാം.. സാബ്" 


എന്ന് പറഞ്ഞ് പ്യാരിലാൽ, എല്ലാവരും ഉറങ്ങുന്ന അപ്പാർട്മെന്റ്സ് ലക്ഷ്യമാക്കി നടന്നു. ചെക്കന്റെ അപ്പാർട്മെന്റിന്റെ വാതിലിൽ ഒന്ന് മുട്ടി.. അപ്പോഴേക്കും അത് തുറന്നു. പ്യാരിലാലിന് അരിശം വന്നു..


"ഒരു ബോധവുമില്ലാത്ത പിള്ളേര്. വാതിലടച്ച് കിടക്കാൻ പറഞ്ഞാലും അനുസരിക്കില്ല" എന്ന് സ്വയം പറഞ്ഞ് അപ്പാർട്മെന്റിലെ റൂമിലേക്ക് പ്രവേശിച്ചു. 


വേലിയേറ്റം വേലിയിറക്കത്തിന് സമ്മാനമായി കടൽത്തീരത്ത് ചന്നം പിന്നം അവശിഷ്ടങ്ങൾ വിതറിയിട്ടിട്ടുള്ള പോലെയുണ്ടായിരുന്നു ചെക്കന്റെ മുറി. കസേരയുടെ കയ്യിൽ ഷർട്ട്, കണ്ണാടിക്ക് മുന്നിൽ ബനിയൻ, കട്ടിലിന്റെ വക്കത്ത് തൂങ്ങിച്ചത്ത് കിടക്കുന്ന പോലെ താഴെത്തട്ടിലുപയോഗിക്കുന്ന അടിവസ്ത്രം, നിലത്ത് ഉറങ്ങിക്കിടക്കുന്ന വെള്ളിക്കട്ടൻ പാന്പിനെ പോലെ ബെൽറ്റ്.... ഇങ്ങനെയിങ്ങനെ പലതും അവിടവിടെ അലങ്കോലമായി കിടന്നിരുന്നു. കടൽത്തീരത്തടിഞ്ഞു കൂടിയ ചണ്ടിയിൽ പൊതിഞ്ഞ നീളത്തിലുള്ള മരത്തടിയുടെ രണ്ടറ്റവും കാണുന്ന പോലെ, പുതപ്പുകൾക്കിടയിൽ ഒരറ്റത്ത് തലയും മറ്റേയറ്റത്ത് വാലും.. സോറി കാലും കാണാമായിരുന്നു. 


റൂമിന്റെ അവസ്ഥയും, ചെക്കന്റെ കിടപ്പും പ്യാരിലാലിന്റെ അരിശം വീണ്ടും വർദ്ധിപ്പിച്ചു.


"ഡാ..ആ..ആ..ആ..ആ.." എന്ന് അലറിവിളിച്ചെങ്കിലും, ചെക്കന്റെ കിടപ്പിന് വലിയ മാറ്റമൊന്നുമുണ്ടായില്ല. 


വീണ്ടും അത് പോലെ അലറിവിളിച്ചു...


"മ് മ് മ്"  


എന്ന് മൂളിക്കൊണ്ട്, ആമ  അതിന്റെ തൊണ്ടിന്റെയകത്തേക്ക് വലിയുന്ന പോലെ ചെക്കൻ തന്റെ തലയും കാലും പുതപ്പിനുള്ളിലേക്ക് കയറ്റി.. വീണ്ടും സുഖനിദ്ര. പുതപ്പിൽ ചവിട്ടി.. കുത്തി.. വലിച്ചു.. നോ ഗുണം.. ചെക്കന്റെ ഉറക്കത്തിന് യാതൊന്നും വിഘ്നം വരുത്തിയില്ല. 


പ്യാരിലാൽ, തിരിച്ച് ഡയറക്ടറുടെ അടുത്ത് ചെന്നു..


"സാബ്.. അവൻ എണീക്കുന്നില്ല"


"ങേ.. എണീക്കുന്നില്ലേ?"


"ഇല്ല സാബ്.... അവൻ പുതപ്പിനുള്ളിൽ കയറി.. തലയും കാലുമൊന്നും കാണാനില്ല"


"തന്നെക്കൊണ്ടൊക്കെ എന്തിന് കൊള്ളാം?" എന്ന് പറഞ്ഞ് ഡയറക്ടർ, ചെക്കന്റെ റൂമിൽ പാഞ്ഞെത്തി..


"ഡാ.. എണീക്കടാ..." 


കുലുക്കമില്ല..


കിരീടത്തിലെ തിലകന്റെ "മോനെ കത്തി താഴെയിടടാ" ഡയലോഗ് ഓർത്ത്...


"മോനെ.. പുതപ്പ് താഴെയിടടാ... ഡയറക്ടറാടാ പറയണത്" എന്നും പറഞ്ഞ് നോക്കി..


നോ അനക്കം.. ഡയറക്ടറുടെ ക്ഷമ നശിച്ചു. അപ്പാർട്മെന്റിലെ കുളിമുറിയിൽ കയറി, അരബക്കറ്റ് വെള്ളം നിറച്ച്, പുതപ്പിന്റെ തലഭാഗത്തേക്ക് വീശിയൊഴിച്ചു.. വെള്ളത്തിന്റെ തണുപ്പിന്റെ ശക്തി.. ചെക്കനെയുണർത്തി.. പുതപ്പൊക്കെ വലിച്ചെറിഞ്ഞ്, പേടിച്ച് 


"कितने आदमी थे"


എന്ന് അലറി ചെക്കൻ ചാടിയെഴുന്നേറ്റു.


"ഡാ.. ഇത് Sholay സിനിമയുടെ സെറ്റല്ല. നീ അംജദ് ഖാനുമല്ല... മനസ്സിലായോടാ ഷാറൂഖേ " എന്ന് ഡയറക്ടർ അലറി.


ഷാറൂഖ് ഖാൻ കണ്ണ് തിരുമ്മി നോക്കി... അവിടെ കാലിയയെ കാണാനില്ല. ഡയറക്ടർ രമേഷ് സിപ്പിയെ കാണാനില്ല. അപ്പൊ ഇത് ശരിക്കും ഷോലെയുടെ സെറ്റ് അല്ലേ? ഒന്ന് കൂടെ ചെറിയ ജലാഭിഷേകം കഴിഞ്ഞപ്പോഴാണ് ഷാറൂഖിന് ബോധം വന്നത്..


"माफ़ कीजिये Chopra Sir. ഇപ്പൊ ശര്യാക്കിത്തരാം.. സോറി..ഇപ്പൊ റെഡി ആയി വരാം" എന്ന് പറഞ്ഞ് ബാത്ത് റൂമിനെ ലക്ഷ്യമാക്കി നടന്നു 


ചെക്കന് ബോധം വന്നതിൽ ഡയറക്ടർ ചോപ്ര സാർ സന്തോഷിച്ചു. 


"ഡാ.. കുളിച്ച്, വൃത്തിയായി വരണം... ഇന്നലത്തെ പോലെ പല്ല് തേക്കാൻ മറക്കരുത്"


അങ്ങനെ ഒരെണ്ണത്തിനെ എണീപ്പിച്ചു... ഇനി നായികയുടെ കാര്യം എന്തായോ ആവോ ?


"ഡോ.. നായിക എണീറ്റോ? ഇനി അവിടെയും പോയി വെള്ളമൊഴിക്കണോ?"


"വേണ്ട സാബ്.. മാഡം ഓൾ റെഡി" എന്ന് പ്യാരിലാൽ പറഞ്ഞു. 


"ആണോ..?" എന്ന് ചോദിച്ച്, ഡയറക്ടർ തന്റെ ഓഫിസിലേക്ക് നടന്നു.


അതിനിടയിൽ, നായിക കാജോൾ ഡയറക്ടറുടെ വഴി തടഞ്ഞ് മുന്നിൽ വന്നു ചോദിച്ചു..


"എങ്ങനെയുടെ സാർ.. എന്നെ കാണാൻ ഭംഗിയുണ്ടോ?"


ഡയറക്ടറുടെ കണ്ണ് തള്ളി... 


"പുളിയിലക്കരയോളം പുടവ ചുറ്റി... ചന്ദനത്തോടുകുറി ചാർത്തി" എന്നൊക്കെ പാടണ പോലെ ഒരു അഴകിയ ലൈലയായി അവൾ തിളങ്ങി.


"നന്നായിട്ടുണ്ട് മോളെ" എന്ന് പറഞ്ഞ് ചോപ്ര സാർ കാജോളിനെ അഭിനന്ദിച്ചു


മുന്നിൽ കാണുന്ന മഞ്ഞ് നിറഞ്ഞ അനവധി മലകളിൽ അടുത്ത് കാണപ്പെടുന്ന രണ്ട് മലകളെ ചൂണ്ടിക്കാട്ടി അവൾ ചോദിച്ചു 


"ഇന്ന് ആ മലയിലാണോ ഈ മലയിലാണോ ഷൂട്ടിങ്?"


കുസൃതിക്കാരനായ ചോപ്ര സാർ.. 


"മേലെ പൂമല താഴെ തേന്മല'' എന്ന് പാടി, 


"ആ മലയിലോ ഈ മലയിലോ അല്ല.. അതിരു കാക്കുന്ന തുടുത്ത മലയിലാണ് ഷൂട്ടിങ്ങെന്ന് പറഞ്ഞു"


അപ്പോഴേക്കും ഷാറൂഖ് റെഡി ആയി എത്തി... ഷൂട്ടിംഗ് ന് വേണ്ട ക്യാമറയും ഉപകാരണങ്ങളുമൊക്കെയെടുത്ത് എല്ലാവരും ബസ്സിൽ കയറി, Switzerland ലെ Lauterbrennan എന്ന അതിമനോഹരമായ സ്ഥലത്തേക്ക് പുറപ്പെട്ടു. അവർ താമസിച്ചിരുന്ന Interlaken എന്ന സ്ഥലത്ത് നിന്ന് അര മണിക്കൂർ അകലെയാണ് Lauterbrennan. 


--


അര മണിക്കൂർ കഴിഞ്ഞപ്പോൾ അവർ Lauterbrennanൽ എത്തി. 


മേക്കപ്പും ഡ്രസിങും ഒക്കെ കഴിഞ്ഞു. പാട്ട് സീൻ ഷൂട്ട് ചെയ്യാറായി.


ഏത് മലയിൽ ഷൂട്ട് ചെയ്താലും സൂപ്പറാകും എന്നുറപ്പുള്ള പോലത്തെ ഒരു scenic location. 


"ഷാറൂഖെ, നീ വലത് വശത്ത് കൂടി, ഓതിരം കടകം മറുകടകം എന്ന രീതിയിൽ ഓടി ചാടി, ആ കാണുന്ന മരത്തിന്റെ സൈഡീക്കൂടി ഇടത്തോട്ട് തിരിഞ്ഞ് വരണം. കാജോൾ, നീ ഇടത് വശത്ത് കൂടിയോടി, ആ കാണുന്ന മരത്തിന്റെ സൈഡീക്കൂടി വലത്തോട്ട് തിരിഞ്ഞ് വരണം. അങ്ങനെ നിങ്ങൾ രണ്ടു പേരും ആ പുൽത്തകിടിയിൽ കൂട്ടിമുട്ടും, അവിടെ കെട്ടിപ്പിടിച്ച് വീഴണം.. എന്നിട്ടുരുളണം"


"സാർ, എത്ര ദൂരം ഉരുളണം?" എന്ന് ടെൻഷനോടെ ഷാറൂഖ് ചോദിച്ചു 


"ഞാൻ കട്ട് പറയണ വരെ ഓടണം"


"ശരി സാർ" 


"പിന്നെ ഷാറൂഖെ, നീ ഓടുന്പോൾ വേണമെങ്കിൽ ജാക്കറ്റ് ഊരി, തലക്ക് മീതെ കറക്കിയോടിക്കോ.."


"കാജോൾ, പ്രാണനാഥനെനിക്ക് നൽകിയ പരമാനന്ദരസത്തെ, പ്രതിഫലിപ്പിച്ച് വേണം ഷാറൂഖിനെ കെട്ടിപ്പിടിക്കാൻ"


അങ്ങനെ അവരോടി, ചാടി, വീണു, മറിഞ്ഞു, ഉരുണ്ടു, ആരോ പാടി


Zara Sa Jhoom Loon Main Arre Na Re Na Re Na 

Zara Sa Ghoom Loon Main Arre Na Re Na Re Na

Aa Tujhe Choom Loon Main Arre Na Re Na Baba Na


നമ്മൾ ആസ്വദിച്ചു 


---


ഇത് പോലെ ഷാറൂഖ് ഖാനെയും, കാജോളിനെയും, സൽമാൻ ഖാനെയും, മാധുരി ദീക്ഷിത്തിനെയുമൊക്കെ അടിച്ചോടിച്ച് ഡാൻസ് കളിപ്പിക്കാൻ, യാഷ് ചോപ്ര സ്ഥിരമായി തിരഞ്ഞെടുത്തിരുന്നു ഒരു രാജ്യമാണ് Switzerland. അങ്ങനെ Switzerland നെ കൂടുതൽ famous ആക്കാൻ, ടൂറിസം വർദ്ധിപ്പിക്കാൻ ഒക്കെ യാഷ് ചോപ്രയുടെ സിനിമകൾക്ക് സാധിച്ചിട്ടുണ്ട് എന്നതിനാൽ, Switzerland യാഷ് ചോപ്രയെ ആദരിച്ചിട്ടുണ്ട്. അവിടത്തെ Interalaken എന്ന സ്ഥലം ആസ്ഥാനമാക്കിയാണ് ബാക്കി സ്ഥലങ്ങളിലൊക്കെ പോയി അവർ ഷൂട്ട് ചെയ്തിരുന്നെന്ന് തോന്നുന്നു. "Ambassador of Interlaken" എന്ന രീതിയിൽ Interlaken പ്രത്യേകമായി യാഷ് ചോപ്രയെ ആദരിച്ചിട്ടുണ്ട്. 


[10102026]


പുതുയുഗം

ഒരുകിളി ഇരുകിളി 

ഇക്കിളി നാക്കിളി, 

ഓലത്തുമ്പത്താടാൻ  വാ, 

ഓലത്തുമ്പത്താടിയിരുന്നൊരു 

നാടൻ പാട്ടും പാടിത്താ 

പൊള്ളുന്ന വെയിലല്ലേ 

വെയിലേറ്റ് വാടല്ലേ, 

വന്നീത്തണലിലിരുന്നാട്ടെ 


എന്നല്ലേ മനുവങ്കിൾ പാടിയിട്ടുള്ളത്.


അതിനെ അന്വർത്ഥമാക്കുന്ന വിധം, കോളേജിന്റെ പടിയിറങ്ങിയതിന് ശേഷം വളരെ ഭദ്രമായി, പൊടിയൊന്നും തട്ടാതെ, വെയിലേറ്റ് വാടാതെ സൂക്ഷിച്ചിട്ടുള്ള ഒരു അമൂല്യവസ്തുവാണ്.. ബുദ്ധി... കാലം കുറെയായി ഉപയോഗിച്ചിട്ട്. ഇടക്കൊക്കെ പൂട്ടിവച്ചിരിക്കുന്ന പെട്ടിയുടെ താക്കോൽ തുറന്ന്, ഒന്നങ്ങോട്ടും ഇങ്ങോട്ടും മറിച്ച് നോക്കി, സ്വയം ബുദ്ധിമാനാണെന്ന് ആഹ്ളാദിച്ചർമാദിച്ച് ആരോടെങ്കിലും രണ്ട് ഗീർവാണമടിച്ച്, വീണ്ടും പെട്ടിയിൽ തന്നെ അതിനെ പൂട്ടിവെക്കാറാണ് പതിവ്. അങ്ങനെ പത്തിരുപത്തഞ്ച് കൊല്ലം വലിയ കുഴപ്പമൊന്നുമില്ലാതെ അനിർഗ്ഗള ഗളഗളമായി ജോലി ചെയ്ത് ജീവിക്കുന്പോഴാണ്, എല്ലിന്റെയിടയിൽ കൃമികടി മൂത്ത കുറെ AL-വലാതികൾ, Artificial Intelligence (AI) എന്ന പേരിൽ ഇമ്മാതിരി ബുദ്ധിയെ ഉണ്ടാക്കിയത്. നമ്മുടെ കയ്യിൽ ഉപയോഗിക്കാത്ത ഫ്രഷ് ആയ ബുദ്ധി ഉള്ളപ്പോഴാണ്.. ഇവന്മാര് ഈ കൊലച്ചതി ചെയ്തത്.. "ഒന്ന് ചോദിച്ചാൽ മതിയായിരുന്നു.. ഫ്രീ ആയി സൂക്ഷിച്ച് വച്ച ബുദ്ധി അവന്മാർക്ക് കൊടുത്തേനെ". 


ഓഫിസിലാണെങ്കിൽ Artificial Intelligence ഉപയോഗിച്ച് ജോലി ചെയ്യാത്തവരെ, Natural Intelligence ഇല്ലാത്തവരായി കണക്കാക്കുന്ന കാലം. മുൻപൊക്കെ ചെയ്യുന്ന ജോലി ചെയ്ത് തീരാൻ 4 ആഴ്‌ച എടുക്കും, ചിലപ്പോൾ അത് 6 ആഴയായേക്കും.. ഒന്നും പറയാൻ പറ്റില്ല.. എന്നൊക്കെ പറഞ്ഞ്.. ഉഴപ്പിനടന്നതൊക്കെ, പാണന്മാർ പാടി നടന്നിരുന്ന കഥകളെ പോലെ തോന്നുന്നു. ഈ പുതിയ കുന്ത്രാണ്ടം intelligence ഈ വക കാര്യങ്ങളൊക്കെ, ഒരു ദിവസം, കൂടിയാൽ  2 ദിവസത്തിലൊക്കെ തീർക്കുന്ന കാഴ്ചയാണ് കാണുന്നത്. 


വരാൻ വച്ചത് വഴിയിൽ തങ്ങില്ല.. എന്നല്ലേ..? എന്തോ... നാട്ടില് തെങ്ങിന് തടമെടുക്കുന്നതും, കവുങ്ങിൻമേൽ കയറുന്നതൊക്കെയാണ് കുറച്ച് നാളായി സ്വപ്നം കാണുന്നത്. അങ്ങിനെയിരിക്കുന്പോഴാണ് രണ്ടാഴ്ച്ച മുൻപ് ഒരു AI വിദഗ്ദൻ ഒരു സന്തോഷവാർത്ത അറിയിച്ചത്... "2030 ആകുന്പോഴേക്കും, AI എല്ലാ മനുഷ്യന്മാരെയും കൊന്നിരിക്കുമെന്ന്". ഇനിയെന്തായാലും 4 കൊല്ലം കൂടിയല്ലേ എല്ലാം സഹിക്കേണ്ടൂ... ഈ സന്തോഷത്തിൽ 2 പെഗ്ഗടിച്ച് കിടന്നുറങ്ങുമ്പോൾ, സ്വപ്നത്തിൽ വന്നത് 'ശിവശങ്കരൻ... വടക്കുന്നാഥനിലെ ആളല്ല. പിണറായീടെ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കരനുമല്ല.. സാക്ഷാൽ അർണോൾഡ് ശിവശങ്കരൻ തന്നെ.. Terminator 2. 2030ൽ റോബോട്ടുകളുടെ വെടിയുണ്ടയേൽക്കാതിരിക്കാൻ, തൃശൂരിൽ നിന്ന് ഗുരുവായൂർക്ക് പോകുന്ന വഴിയിലുള്ള പുഴയ്ക്കൽ പാടത്തൂടെ, മുണ്ടും പൊക്കിയോടുന്ന എന്നെ വ്യക്തമായി, ഞാൻ സ്വപ്നത്തിൽ കണ്ടു.."


പുഴക്കൽ പാടത്തിന്റെ കാര്യം പറഞ്ഞപ്പോഴാണ്, മലയാളി ചാനലുകളുടെ കാര്യമോർത്തത്. Artificial എന്ന വാക്കിന്റെ മലയാളം 'കൃത്രിമം' എന്നല്ലേ? അപ്പോൾ Artificial Intelligence എന്നതിനെ 'കൃത്രിമബുദ്ധി' എന്ന് വിളിക്കേണ്ടതിന് പകരം 'നിർമിതബുദ്ധി' എന്ന് ഇവന്മാരൊക്കെ വിളിക്കുന്നതിലെ കൃത്രിമത്വം, Artificial Intelligence ന് മനസ്സിലാവുന്നുണ്ടോ... ആവോ?


അത് പോട്ടെ...ഓഫിസാണല്ലോ AI യുടെ ഇക്കാലത്തെ കളിസ്ഥലം...


ChatGPT, Gemini എന്നത് പോലെ Microsoft ഉണ്ടാക്കിയിട്ടുള്ള സംഭവമാണ് Copilot. ഓഫിസിൽ എന്നും കൂടെയുള്ള സന്തത സഹചാരി. അവൻ Copilot ആണെങ്കിൽ പിന്നെ ഞാനാരാ... Pilot തന്നെ. "ഞാൻ തന്നെയാണല്ലോ Pilot.. സന്തത സഹചാരി വെറും Copilot അല്ലെ" എന്ന ആശ്വാസത്തിൽ ജീവിക്കുമ്പോഴാണ്, Copilot പൈലറ്റിനെ കുത്തിമലർത്തിയെന്ന  വാർത്ത കേൾക്കുന്നത്. അതിന്  ശേഷം എന്നും Copilot ഓപ്പൺ ചെയ്യുമ്പോൾ.. പേടിയൊന്നുമല്ല.. പക്ഷെ.. "എന്നാടാ കോപ്പയിലറ്റേ നീയെന്നെ പിന്നീന്ന് കുത്താൻ പോണേ?" എന്നൊരു ഭയത്തിന്റെ അസ്കിതയുണ്ടോന്നൊരു ശംശയം..

 

അങ്ങിനെ, തൃശൂർ തേക്കിൻകാട് മൈദാനത്തിനു ചുറ്റും വിൽക്കുന്ന പൊതിക്കപ്പലണ്ടിയുടെ വില പോലും, മനുഷ്യബുദ്ധിക്ക് ഇല്ലാതാകാൻ പോകുന്നൊരു കാലത്തെ മുന്നിൽ കണ്ട്, അതിന് കാരണഭൂതനായ Artificial Intelligence നെ സ്തുതിക്കുന്നൊരു കവിത... ആദികവിയായ വാല്മീകിയുടെ ഇതിഹാസരചനാരീതിയിൽ.. ChatGPTയുടെ Artificial Intelligence നെ കൊണ്ട്  എഴുതിപ്പിച്ചത്...


കൃത്രിമ ബുദ്ധി

-------------------------

മനുഷ്യചിത്തത്തിൽ ജനിച്ച മഹാശക്തിയേ,

മണ്ണിൻ മടിയിൽ വിരിഞ്ഞ മായാവിത്തേ;

അഗ്നിപോൽ ജ്വലിക്കും ജ്ഞാനദീപമേ,

ആകാശവേഗത്തിൽ പായും ബുദ്ധിയേ.


അനന്തജ്ഞാനത്തിൻ സാഗരം നീന്തി,

അദൃശ്യലോകങ്ങൾ നിമിഷത്തിൽ കാണും;

കാലത്തിൻ ഗതിയെ മറികടന്നുയർന്ന്,

നാളെയുടെ പാതകൾ മുന്നിൽ തുറക്കും.


എന്നാൽ ധർമ്മമെന്ന ദീപം കൈവിടരുതേ,

കരുണയെന്ന പുഷ്പം ഹൃദയത്തിൽ സൂക്ഷിക്കൂ;

മനുഷ്യനും നീയും കൈകോർത്തു നീങ്ങിയാൽ,

ഭൂമിയിൽ സത്യയുഗം വീണ്ടും പിറക്കും.


[10042026]

പൂച്ചപുരാണം

 ആദ്യമായി ഒരു സന്തോഷവാർത്ത പറയട്ടെ. ഇത് കേട്ട് ആർക്കും എന്നോട് അസൂയ തോന്നരുത്. ഇക്കഴിഞ്ഞ ആഗസ്ത് 7 ന്, അതായാത് കൊല്ലവർഷം 1202, കാർത്തിക നക്ഷത്രം, ഉച്ചക്ക് 2:37ന്  ഞാനൊരു മുത്തച്ഛനായി. മൂത്ത മകൾ കോളേജിൽ രണ്ടാം കൊല്ലം.. രണ്ടാമത്തെ മകൾ പന്ത്രണ്ടാം ക്ലാസ്സിലും. ദൈവാധീനം കൊണ്ട് ഇവർ രണ്ട് പേരും ഇത് വരെ യാതൊരു ബുദ്ധിമോശവും കാണിക്കാതെ നേർ വഴിക്ക് നടന്നിട്ടുണ്ട്. പിന്നെങ്ങനെ മുത്തച്ചനാകും ?


കഴിഞ്ഞ കൊല്ലം, ഞങ്ങൾ താമസിക്കുന്ന സ്ഥലത്ത് നിന്ന് അഞ്ചാറ് മണിക്കൂർ വണ്ടി ഓടിച്ച് പോകേണ്ട ദൂരത്തുള്ള ലോസ് ആഞ്ചലസിലെ ഒരു കോളേജിൽ, മൂത്തമകൾ പഠിക്കാൻ ചേർന്നു.  അത് രണ്ടാമത്തെ മോൾക്ക് മാനസികമായി ഒരു ചെറിയ ഷോക്ക് ആയിരുന്നു. ചേച്ചിയും അനിയത്തിയും തമ്മിലുള്ള സ്നേഹബന്ധം കൊണ്ടുള്ള വിഷമമൊന്നുമല്ല. ലോകത്തിൽ യാതൊരു ചിലവുമില്ലാതെ ആർക്കും മറ്റുള്ളവർക്ക് കൊടുക്കാൻ പറ്റുന്നതും, ഞാനും ഭാര്യയും യാതൊരു ദാക്ഷിണ്യവുമില്ലാതെ സ്ഥിരം മക്കൾക്ക് കൊടുത്തിരുന്നതുമായ   'ഉപദേശസുവിശേഷങ്ങൾ', ഇനി മുതൽ ചേച്ചിയുടെ അഭാവത്തിൽ താൻ ഒറ്റക്ക് സഹിക്കേണ്ടി വരുമല്ലോയെന്ന ചിന്തയാണ്, രണ്ടാമത്തെ മോളെ വിഷമിപ്പിച്ചത്. അതിൽ നിന്നൊരു മോചനത്തിന്,  stress കുറക്കാൻ, കഴിഞ്ഞ ഒരു കൊല്ലമായി, എനിക്കൊരു പൂച്ചയെ വേണം.. പൂച്ചയെ വേണമെന്ന് പറഞ്ഞ് എന്റെ തല തിന്നലായിരുന്നു അവളുടെ ഹോബി.  


"കുളമെത്ര കു... കണ്ടിരിക്കുന്നു".. സോറി... നമ്മളെത്ര പൂച്ചയെ കണ്ടിരിക്കുന്നു.. പൂച്ചകളെത്ര നമ്മളെ കണ്ടിരിക്കുന്നു.. അതിനാൽ, 'ഒരു പൂച്ചയെ വാങ്ങിക്കുക' എന്നതിന് ഒരു വിലയും കൊടുക്കാത്ത മനോഭാവമായിരുക്കും നാട്ടിലുണ്ടാകുക. പക്ഷെ ഇവിടെ അങ്ങിനെയല്ല. വീടൊരുക്കണം.. കൂടൊരുക്കണം.. കിടക്കയൊരുക്കണം... എന്നൊന്നുമല്ല...  ആദ്യം.. തന്നെ വേണ്ടത്... പൂച്ചയുടെ നമ്പർ 2 വിന് വേണ്ട litter ബോക്സ് ഒരുക്കണമെന്നതാണ്. പിന്നെ പൂച്ചക്ക് വേണ്ട ഭക്ഷണങ്ങൾ - Wet food, dry food, treats, പൂച്ചക്ക് ചൊറിയാൻ വേണ്ട സൗകര്യം, പൂച്ചക്ക് കയറിയിരിക്കാൻ വേണ്ട പൂച്ചമരം, കളിക്കാൻ വേണ്ട കളിപ്പാട്ടങ്ങൾ etc. etc. അടുത്ത ജന്മത്തിൽ അമേരിക്കയിൽ പൂച്ചയായി ജനിച്ചാലും തരക്കേടില്ല എന്ന് തോന്നിപ്പിക്കുമാറുള്ള സെറ്റപ്പ്..


പൂച്ചയെ വാങ്ങിക്കാൻ ഒരു പൂച്ച adoption center ൽ പോയി. അൻപത് പൂച്ചകളെങ്കിലും അവിടെയുണ്ടായിരുന്നു. കറുത്ത പൂച്ചയെ വേണമെന്ന ആഗ്രഹമായിരുന്ന് മകൾക്ക്. രാത്രി ഇരുട്ടത്ത് കറുത്ത പൂച്ചയെ കണ്ട് പേടിപ്പനി ആർക്കും വരരുതെന്ന സദുദ്ദേശത്താൽ, മകളുടെ ആ തീരുമാനത്തെ എന്റെ ഭാര്യ വീറ്റോ ചെയ്തു. പിന്നെ വേറെ രണ്ടെണ്ണത്തിനെ ചൂണ്ടിക്കാണിച്ച് എന്നോടും ഭാര്യയോടും പൂച്ചയെ തിരഞ്ഞെടുക്കാൻ മോള് ആവശ്യപ്പെട്ടു. പൂച്ചശാസ്ത്രത്തിൽ ശൂന്യജ്ഞാനികളായ  ഞങ്ങൾ രണ്ട്  പേരും മുഖത്തോട് മുഖം നോക്കി..


"അത്തള പിത്തള തവളാച്ചി

 ചുക്ക് മറിക്കണ ചൂലാപ്പ്

 മറിയം വന്ന് വിളക്കൂതി

 ഗുണ്ടു മണി സാറാ പിറാ ഗുഷ്"


ഞങ്ങൾ  വലത് വശത്തെ കൂട്ടിലുള്ള മുന്തിയ ഇനം പൂച്ചയെ തിരഞ്ഞെടുത്തു. ഒരു വയസ്സ്,  സ്ത്രീലിംഗം, പേര് - ഡെയ്‌സി.. ഉടനെ തന്നെ എന്റെയുള്ളിലെ കുളിമുറി ഗായകനുണർന്നു... (Bathroom singer)


"ഓർമ്മ തൻ വാസന്ത നന്ദന തോപ്പിൽ

 ഒരു പുഷ്പം മാത്രം, ഒരു പുഷ്പം മാത്രം

 ഡെയ്സി... ഡെയ്സി.. ഡെയ്സി.

 ല..ല..ല.ലാ"


എന്റെ ഒച്ച കേട്ടതും.. പൂച്ച ഓടിയൊളിച്ചു...


എങ്കിലും ആ പൂച്ച തന്നെ മതിയെന്ന് മോള് സമ്മതിച്ചു..


പെൺപൂച്ചയായതിനാൽ, വീട്ടിൽ വരുന്പോൾ സ്വന്തം മകളായി കരുതി  'ഡെയ്സിമോളെ' എന്ന് വിളിക്കാൻ മാനസികമായി ഞാനും ഭാര്യയും തയ്യാറെടുക്കുന്നതിനിടയിൽ, adopotion center ലെ ഒരു ജോലിക്കാരി പൂച്ചയെ മോളുടെ കയ്യിൽ കൊണ്ട് കൊടുത്തു. പൂച്ചയെ കയ്യിൽ കിട്ടിയതും, സ്ത്രീകളിലെ മാതൃഭാവം പ്രകടമാക്കി, മോൾ പൂച്ചയെ താലോലിക്കാൻ തുടങ്ങി


"സുന്ദരി മുന്തരി വാവേ...

 മമ്മി ഇവിടെ ഇണ്ട് ട്ടോ

 മമ്മി പിടിക്കാം...

 പേടിക്കണ്ട... ട്ടോ.."


വർഷങ്ങൾക്ക് മുൻപ്  മോളെ താലോലിച്ചിരുന്നതൊക്കെ അവളുടെ ഉപബോധമനസ്സിലിപ്പോഴും ഉണ്ട് എന്നത് ഞങ്ങളെ അദ്‌ഭുതപ്പെടുത്തി.  (അമ്മ എന്നത് മമ്മി എന്നായീ ന്ന്  മാത്രം)


ങ് ഹാ.. അത്രക്കായോ...? മകൾ പൂച്ചയുടെ മമ്മി ആയാൽ പിന്നെ ഞാനാരാ മോൻ..?


മുത്തച്ഛൻ തന്നെ...


 PS : അപ്പോൾ സമയം: ഉച്ചക്ക് 2:37, കൊല്ലവർഷം 1202, കാർത്തിക നക്ഷത്രം


--


പൂച്ച cute ആണ്. അതിനോടുള്ള ഇഷ്ടം കാരണം, അതിനെ ഞാൻ പീച്ചികൂട്ടും എന്നുറപ്പുള്ളത് കൊണ്ട്,  എന്നെ കണ്ടാൽ അതോടും.. എന്റെ ഭാര്യയുടെ അടുത്തേക്ക്.. അടുത്തേക്കോടിവരുന്ന പൂച്ചയെ കണ്ട് പേടിച്ച് എന്റെ ഭാര്യയോടും.. അങ്ങനെ ഓട്ടവും അമ്പതമ്പസ്താന്യമ്പാനിയുമായി ഒരു മാസം കടന്നുപോയി...  ചോറൂണും പേരിടലൊന്നും (പേര് മാറ്റം) നടന്നിട്ടില്ല...  


കാത്തു എന്ന പേരിടണമെന്നാണ്.. പ്ലാൻ.. കാരണം.. താഴെയുള്ള വീഡിയോ കണ്ടാണ് മോള് വളർന്നിട്ടുള്ളത്


https://www.youtube.com/watch?v=ao39zp8ZdPQ&list=RDao39zp8ZdPQ&start_radio=1


[09202026]